Image

കാന്‍സറിനെതിരേ സൗജന്യ ക്യാമ്പ് ന്യൂഹൈഡ് പാര്‍ക്കില്‍ നാളെ (ഞായര്‍)

Published on 20 May, 2016
കാന്‍സറിനെതിരേ സൗജന്യ ക്യാമ്പ്  ന്യൂഹൈഡ് പാര്‍ക്കില്‍ നാളെ (ഞായര്‍)
ന്യൂഹൈഡ് പാര്‍ക്ക്, ന്യൂയോര്‍ക്ക്: രണ്ടു പുരുഷന്മാരില്‍ ഒരാള്‍ക്കും, മൂന്നു വനിതകളില്‍ ഒരാള്‍ക്കും കാന്‍സര്‍ വരുന്നുവെന്ന് സ്ഥിതിവിവര കണക്ക്. ഒന്നര മില്യന്‍ പേരാണ് അമേരിക്കയില്‍ പ്രതിവര്‍ഷം രോഗബാധിതരാകുന്നത്. അമേരിക്കയിലെ മരണകാരണങ്ങളില്‍ രണ്ടാമത്തേതാണ് കാന്‍സര്‍. 

ചികിത്സാരീതികള്‍ മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും കാന്‍സര്‍ നേരത്തെ കണ്ടെത്തുന്നവരിലാണ് രോഗമുക്തി നേടാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം. നിര്‍ഭാഗ്യവശാല്‍ കുടിയേറ്റ സമൂഹം രോഗലക്ഷണം  കാണുന്നതുവരെ പരിശോധനകള്‍ക്ക് പോകാന്‍ മടിക്കുന്നു. രോഗം വന്നാല്‍ അതേപ്പറ്റി സംസാരിക്കാന്‍ മടിക്കുന്നു. ഈ പശ്ചാത്തലത്തിലാണ് "എക്കോ'യുടെ 
(Enhance Community Through Harmonious Outreach) ആഭിമുഖ്യത്തില്‍ മെയ് 22-ന് ഞായറാഴ്ച ന്യൂഹൈഡ് പാര്‍ക്കില്‍ സംഘടിപ്പിക്കുന്ന സൗജന്യ കാന്‍സര്‍ ബോധവത്കരണ ക്യാമ്പിന്റെ പ്രസക്തി- എക്കോയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. തോമസ് പി. മാത്യു ചൂണ്ടിക്കാട്ടി. 

ബ്രസ്റ്റ് കാന്‍സര്‍, ലംഗ് കാന്‍സര്‍, കോളന്‍ കാന്‍സര്‍, ബ്ലഡ് കാന്‍സര്‍, പ്രോസ്റ്റേറ്റ് കാന്‍സര്‍ എന്നിവയ്ക്ക് സ്ക്രീനിംഗ് നടത്തും. ആവശ്യമുള്ളവര്‍ക്ക് തുടര്‍ പരിശോധനയും ചികിത്സയും നല്‍കും. 

പുകവലി നിര്‍ത്താനുള്ള കൗണ്‍സലിംഗ്, പ്രാണിക് ഹീലിംഗ്, യോഗ, മെഡിറ്റേഷന്‍ എന്നിവയും ക്യാമ്പിന്റെ ഭാഗമാണ്. പതിനഞ്ചില്‍പ്പരം വിദഗ്ധ ഡോക്ടര്‍മാരും ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ന്യൂയോര്‍ക്കിന്റെ അംഗങ്ങളായ നഴ്‌സുമാരും മറ്റു വിദഗ്ധരും ക്യാമ്പില്‍ പങ്കെടുക്കും. 

എത്രപേര്‍ക്ക് വേണമെങ്കിലും ക്യാമ്പിനെത്താമെന്ന് ഡോ. തോമസ് മാത്യു പറഞ്ഞു. അവിടെ വന്ന ശേഷം  രജിസ്റ്റര്‍ ചെയ്താല്‍ മതി. ഇന്ത്യക്കാര്‍ക്ക് മാത്രമല്ല സമീപ സ്ഥലങ്ങളിലെ മറ്റുള്ളവര്‍ക്കും ക്യാമ്പില്‍ പങ്കെടുക്കാം. വിദഗ്ധ ഡോക്ടര്‍മാരുമായി തനിയെയുള്ള കണ്‍സള്‍ട്ടേഷനും സൗകര്യമുണ്ട്. കോളനോസ്‌കോപ്പി തുടങ്ങിയവ ആവശ്യമുള്ളവര്‍ക്കും അതു സംബന്ധിച്ച നിര്‍ദേശങ്ങള്‍ ലഭിക്കും. 

ഇന്ത്യാ പ്രസ്ക്ലബ് ന്യൂയോര്‍ക്ക് ചാപ്റ്ററുമായി സഹകരിച്ച് നടത്തിയ പത്രസമ്മേളനത്തില്‍ കാന്‍സര്‍ നേരത്തെ കണ്ടെത്തുന്നതിന്റെ പ്രധാന്യം ഡോ. തോമസ് മാത്യു ഊന്നിപ്പറഞ്ഞു. ഒരേതരം കാന്‍സര്‍ ബാധിച്ച രണ്ടുപേരുടെ രോഗവിമുക്തി ഒരുപോലായിരിക്കില്ല. നേരത്തെ കണ്ടെത്തുന്നവര്‍ക്ക് രക്ഷാസാധ്യത കൂടുന്നു. അമ്പതില്‍പ്പരം കാന്‍സറുകളുണ്ട്. ഒരൊറ്റ ടെസ്റ്റിലൂടെ കാന്‍സര്‍ കണ്ടെത്താന്‍ ഇപ്പോള്‍ കഴിയുന്നില്ല. ബ്രസ്റ്റ് കാന്‍സര്‍, കോളന്‍ കാന്‍സര്‍ തുടങ്ങിയവയൊക്കെ പതിയെ വളരുന്നതാണെന്ന് ഡോ. നീലേഷ് മേത്ത ചൂണ്ടിക്കാട്ടി. അവയൊക്കെ ചികിത്സിച്ച് മാറ്റാന്‍ കഴിയും. 

ക്യാമ്പില്‍ സെമിനാറുകളും വിദഗ്ധ ചര്‍ച്ചകളുമുണ്ട്. അമേരിക്കന്‍ കാന്‍സര്‍ സൊസൈറ്റിയും വിവിധ മെഡിക്കല്‍ സ്ഥാപനങ്ങളും ക്യാമ്പില്‍ പങ്കാളികളാണ്. 

ആറ് ഡയറക്ടര്‍മാരുമായി സ്ഥാപിതമായ എക്കോ വിവിധ സേവന പ്രവര്‍ത്തനങ്ങള്‍ നടത്തുകയുണ്ടായി. അവര്‍ തന്നെയാണ് പണം കണ്ടെത്തുന്നത്. പ്രോഗ്രാം ഡയറക്ടറായ സാബു ലൂക്കോസാണ് ആണ് ഇത്തരമൊരു ആശയത്തിന്റെ  ഉപജ്ഞാതാവെന്ന് ഡോ. തോമസ് മാത്യു പറഞ്ഞു. നാട്ടില്‍ സേവനം നല്‍കുമ്പോള്‍ തന്നെ ഇവിടെയുള്ള നമ്മുടെ സമൂഹത്തെ നമുക്ക് അവഗണിക്കാനാവില്ല. പാവങ്ങളും സഹായം ആവശ്യമുള്ളവരും 
ഇവിടെ ധാരാളമുണ്ട്. അതു കണക്കിലെടുത്താണ് എക്കോയുടെ പ്രവര്‍ത്തനം.
കാന്‍സറിനെതിരേ സൗജന്യ ക്യാമ്പ്  ന്യൂഹൈഡ് പാര്‍ക്കില്‍ നാളെ (ഞായര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക