Image

ബ്രിട്ടനെ ഒറ്റപ്പെടുത്താന്‍ ശ്രമം; യൂറോപ്യന്‍ യൂണിയനില്‍ പുകച്ചില്‍

ജോസ്‌ കുമ്പിളുവേലില്‍ Published on 01 February, 2012
ബ്രിട്ടനെ ഒറ്റപ്പെടുത്താന്‍ ശ്രമം; യൂറോപ്യന്‍ യൂണിയനില്‍ പുകച്ചില്‍
ബ്രസല്‍സ്‌: യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടിക്കിടെ ബ്രിട്ടനുനേരേ ഫ്രാന്‍സിന്റെ കടന്നാക്രമണം. ബ്രിട്ടനില്‍ വ്യവസായങ്ങളില്ലെന്ന ഫ്രഞ്ച്‌ പ്രസിഡന്റ്‌ നിക്കോളാസ്‌ സര്‍ക്കോസിയുടെ പ്രസ്‌താവന ബ്രിട്ടീഷ്‌ പ്രതിനിധികള്‍ക്കിടയില്‍ അലോരസമുണ്‌ടാക്കി.

പുതിയ ഫിസ്‌കല്‍ യൂണിയനുള്ള യൂറോപ്യന്‍ യൂണിയന്‍ തീരുമാനത്തെ ബ്രിട്ടീഷ്‌ പ്രധാനമന്ത്രി ഡേവിഡ്‌ കാമറൂണ്‍ നേരത്തേ വീറ്റോ ചെയ്‌തിരുന്നു. ഇതോടെയാണ്‌ യൂറോ സ്വീകരിച്ച രാജ്യങ്ങളും സ്വീകരിക്കാത്ത ബ്രിട്ടനും തമ്മിലുള്ള അഭിപ്രായഭിന്നതകള്‍ രൂക്ഷമായത്‌.

വര്‍ധിച്ചുവരുന്ന യൂറോ പ്രതിസന്ധി പരിഹരിക്കാനുള്ള മാര്‍ഗങ്ങള്‍ ആരായാനാണ്‌ ഇപ്പോള്‍ യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടി ചേര്‍ന്നിരിക്കുന്നത്‌. എന്നാല്‍, ഇതിലേക്കായി ഫലപ്രദമായ നിര്‍ദേശങ്ങളൊന്നും ഉയര്‍ന്നുവരാതെ വിവാദങ്ങളില്‍പ്പെട്ട്‌ പുകയുകയായിരുന്നു ആദ്യ ദിനം.

യൂറോപ്യന്‍ യൂണിയന്റെ സ്ഥിതി മെച്ചപ്പെടണമെങ്കില്‍ കൂടുതല്‍ തൊഴിലുകളും വളര്‍ച്ചയുമാണ്‌ ഉണ്‌ടാകേണ്‌ടതെന്ന്‌ ബ്രിട്ടീഷ്‌ പ്രധാനമന്ത്രി ഡേവിഡ്‌ കാമറൂണ്‍ അഭിപ്രായപ്പെട്ടു. ഇതിനിടെ, 11.3 ബില്യന്‍ യൂറോ വെട്ടിക്കുറയ്‌ക്കലില്‍ പ്രതിഷേധിച്ച്‌ ബല്‍ജിയത്തില്‍ തുറമുഖങ്ങളും കടകളും സ്‌കൂളുകളും അടച്ചിട്ടിരിക്കുകയാണ്‌. ഇവിടെ രണ്‌ടു പതിറ്റാണ്‌ടിനിടെ ആദ്യത്തെ പൊതു പണിമുടക്കാണിത്‌.

എന്നാല്‍, കടക്കെണിയില്‍ നിന്നു മേഖലയെ മോചിപ്പിക്കാനുള്ള മാര്‍ഗങ്ങള്‍ കണ്‌ടെത്താമെന്ന പ്രതീക്ഷ നേതാക്കള്‍ ഉപേക്ഷിച്ചിട്ടില്ല. യൂറോസോണിനു വേണ്‌ടി സ്ഥിരം രക്ഷാ ഫണ്‌ട്‌ രൂപീകരിക്കാനുള്ള നിര്‍ദേശത്തിന്‌ അംഗീകാരം ലഭിക്കുമെന്നും കരുതുന്നു.
ബ്രിട്ടനെ ഒറ്റപ്പെടുത്താന്‍ ശ്രമം; യൂറോപ്യന്‍ യൂണിയനില്‍ പുകച്ചില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക