Image

കവിത്വത്തിലേയ്ക്ക്...കഥയരങ്ങിലേയ്ക്ക്...നടന രസത്തിലേയ്ക്ക്... (എ.എസ് ശ്രീകുമാര്‍)

Published on 22 May, 2016
കവിത്വത്തിലേയ്ക്ക്...കഥയരങ്ങിലേയ്ക്ക്...നടന രസത്തിലേയ്ക്ക്... (എ.എസ് ശ്രീകുമാര്‍)
കല ജനങ്ങള്‍ക്കുള്ളതാണ്. വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളെ കല അതിജീവിക്കുമെന്നത് രാപ്പകല്‍ സത്യമാണ്. പ്രപഞ്ചത്തിന്റെ മൊത്തത്തിലുള്ള വികാരമായാണ് കല എക്കാലവും പ്രദര്‍ശിപ്പിക്കപ്പെടുന്നത്. എല്ലാത്തരത്തിലുള്ള കലകളും അതിന്റെ പേര് അന്വര്‍ത്ഥമാക്കും വിധം വിദ്യാദായകങ്ങളാണ്. അത് വികാരങ്ങളെ മഹത്വവല്‍ക്കരിക്കുകയും സംസ്‌കരിച്ചെടുക്കുകയും ചെയ്യുന്നതോടൊപ്പം ഭാവുകത്വത്തെയും ചിന്താശേഷിയെയും കൂടുതല്‍ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. കലയുടെ നന്മയ്ക്കായി കലയെ ഹൃദയപൂര്‍വം പിന്തുണയ്ക്കുന്നവര്‍ ഒരു നിമിഷം പോലും അതിന്റെ സാമൂഹിക മൂല്യത്തെ തള്ളിപ്പറയുകയില്ല. കടന്നുപോകുന്ന എല്ലാവരുടെയും ചിന്തകളെയും ചപലതകളെയും സമ്പുഷ്ടമാക്കുന്ന ഒന്നാണ് കലയെന്ന്, അതായത് കല വ്യക്തിപരമായ സന്തുഷ്ടിക്കുവേണ്ടിയാണെന്ന ചിന്ത കടന്നുവരുന്നതോടെ ആ തത്വത്തിന്റെ മഹത്വം നഷ്ടപ്പെടുകയും തെറ്റിദ്ധരിക്കപ്പെട്ട പ്രമാണമായത് മാറുകയും ചെയ്യുന്നു...

ഇവിടെ ദൈവദത്തമായ, ജന്‍മസിദ്ധമായ കലയെ, അതിന്റെ മഹത്വത്തിന്റെ പാതയിലൂടെ കൂട്ടിക്കൊണ്ടുപോവുകയാണ് തമ്പി ആന്റണി. ഈ പേര് മലയാളികള്‍ക്കു മാത്രമല്ല, അങ്ങ് ഹോളിവുഡ് വരെ എത്തിയ അമേരിക്കന്‍ മലയാളിയും കവിയും കഥാകാരനും നടനും നിര്‍മാതാവുമായ ഒരു പൊന്‍കുന്നംകാരന്റെ പേരാണ്. മലയാള സിനിമയിലെ ആക്ഷന്‍ ഹീറോ ബാബു ആന്റണിയുടെ ജ്യേഷ്ഠനായ തമ്പി ആന്റണി ഒരു സ്വപ്നത്തിന്റെ രഥത്തിലേറിയാണ് അമേരിക്കയിലെത്തിയത്. വായനാശീലം അകമ്പടിയാക്കിയ കുട്ടിക്കാലം തൊട്ട് അമേരിക്കയെ പറ്റി ലഭിച്ച അറിവുകളാണ് അമേരിക്ക എന്ന സ്വപ്നസമാനമായ വിശാല ഭൂമികയിലേക്ക് തമ്പി ആന്റണിയെ നയിച്ചത്. പൊന്‍കുന്നം തെക്കേത്ത് ആന്റണിയുടെയും മറിയാമ്മയുടെയും പുത്രനായ ഇദ്ദേഹം കാലിഫോര്‍ണിയയില്‍ തന്റെ ഹെല്‍ത്ത് കെയര്‍ ബിസിനസുമായി ബന്ധപ്പെട്ട തിരക്കുകള്‍ക്കിടയിലും കഥയെഴുതാനും കവിത കുറിക്കാനും പിന്നെ തന്റെ മറ്റൊരു സ്വപ്നമായ സിനിമ അഭിനയത്തിന് സമയം കണ്ടെത്താനും ശ്രമിക്കുന്നത് കലയോടുള്ള സന്ധിയില്ലാത്ത ആ സ്‌നേഹം കൊണ്ടു തന്നെയാണ്. 

ഇക്കൊല്ലത്തെ ഇ-മലയാളി സാഹിത്യ പുരസ്‌കാരത്തില്‍ കവിതാ വിഭാഗത്തില്‍ അംഗീകാരം ലഭിച്ച തമ്പി ആന്റണി ജന്മനാടിന്റെ നന്മയും കര്‍മഭൂമിയുടെ സാദ്ധ്യതകളും ജീവിതത്തിന്റെ നിയോഗപുസ്തകത്തില്‍ അടയാളപ്പെടുത്തിക്കൊണ്ടാണ് സര്‍ഗസപര്യയുടെ പുത്തന്‍ അദ്ധ്യായങ്ങള്‍ രചിക്കുന്നത്. നാട്ടില്‍ നിന്ന് സിവില്‍ എഞ്ചിനീയറിംഗ് ബിരുദം നേടി ഔദ്യോഗിക ജീവിതത്തില്‍ ആര്‍ക്കിടെക്ടായി ഹ്രസ്വകാലം സേവനം അനുഷ്ടിച്ച ശേഷമാണ് 1984 ല്‍ അമേരിക്കയില്‍ എത്തുന്നത്. അതായത് തന്റെ സ്വപ്ന ഭൂമികയില്‍. അവിടെ ജീവിതത്തിന്റെ അസ്ഥിവാരം കെട്ടിപ്പടുക്കുന്നതിനോടൊപ്പം അക്ഷരങ്ങളെ, മലയാള അക്ഷരങ്ങളെ തന്റെ സര്‍ഗവാസനയുടെ മേമ്പൊടിയില്‍ സുഗന്ധമുള്ള വാക്കുകളായി കൂട്ടിച്ചേര്‍ത്തുകൊണ്ട് കഥയും കവിതയും നാടകങ്ങളും ഒക്കെയായി അരങ്ങിലും അണിയറയിലും പ്രവര്‍ത്തിച്ച് ഏവരുടെയും അംഗീകാരത്തിനും ആദരവിനും പാത്രീഭൂതനായിരിക്കുന്നു ഇദ്ദേഹം.

ഇ-മലയാളിയുടെ സാഹിത്യപുരസ്‌കാരം താന്‍ ഹൃദയപൂര്‍വം ഏറ്റുവാങ്ങുന്നുവെന്ന് തമ്പി ആന്റണി പറഞ്ഞു. നാട്ടിലെയും മറുനാട്ടിലെയും പല അവാര്‍ഡുകളും സ്‌നേഹപൂര്‍വം നിരസിച്ചിട്ടുള്ള ഇദ്ദേഹത്തിന് അക്ഷരപ്പൊലിമയുള്ള ഇ-മലയാളിയുടെ അവാര്‍ഡ് അര്‍ഹതയ്ക്ക് കിട്ടിയ അംഗീകാരപത്രമാണെന്ന് അദ്ദേഹത്തിന്റെ വിനയപൂര്‍വമുള്ള വാക്കുകള്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. 'പച്ച' എന്ന കവിതയ്ക്കാണ് ഈ പുരസ്‌കാരം. 'സൗത്ത് സെന്‍ട്രല്‍', 'ഡെഡ് മാന്‍ കാണ്ട് ഡാന്‍സ്' തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ സ്റ്റീവ് ആന്‍ഡേഴ്‌സണ്‍ സംവിധാനം ചെയ്ത ഹോളിവുഡ് ചിത്രമായ 'റൂട്ട് ഓഫ് ഈവിള്‍സ്'ല്‍ സുപ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് ഹോളിവുഡിന്റെ തിരശീലയില്‍ ഭാവങ്ങളുടെ കൈയൊപ്പു ചാര്‍ത്തിയ തമ്പി ആന്റണി, 'തമ്പി ആന്റണി തെക്കേത്ത്' എന്ന പേരിലാണ് അവിടെ അറിയപ്പെടുന്നത്. രാജീവ് അഞ്ചല്‍ സംവിധാനം ചെയ്ത 'ബിയോണ്ട് ദി സോള്‍' എന്ന മറ്റൊരു ഹോളിവുഡ് ചിത്രത്തിലൂടെ മികച്ച നടനുള്ള അന്താരാഷ്ട്ര അവാര്‍ഡ് കരസ്ഥമാക്കി മലയാളത്തിന്റെ സിനിമ മാഹാത്മ്യം ലോക പ്രേക്ഷകരിലേയ്ക്ക് സന്നിവേശിപ്പിച്ച ഈ നടന്‍ 'പളുങ്ക്', 'മെയ്ഡ് ഇന്‍ യു.എസ്.എ', 'സൂഫി പറഞ്ഞ കഥ', 'ജാനകി', 'ആദാമിന്റെ മകന്‍ അബു', 'ഡാം 999', 'പറുദീസ', 'യാത്ര തുടരുന്നു', 'കളിമണ്ണ'്, 'സെല്ലുലോയ്ഡ'്, 'പാപ്പിലോ ബുദ്ധ', 'അപ്പോത്തിക്കിരി', 'കല്‍ക്കട്ട ന്യൂസ്' തുടങ്ങി ഒട്ടേറെ മലയാള സിനിമകളിലൂടെ അഭിനയത്തിന്റെയും നിര്‍മാതാവിന്റെയും വേഷവിധാനങ്ങളില്‍ നമ്മെ രസിപ്പിച്ചിട്ടുണ്ട്.

ഇ-മലയാളിയുടെ മാന്യവായനക്കാര്‍ക്കും അഭ്യുദയകാംക്ഷികള്‍ക്കുമായി തമ്പി ആന്റണി തന്റെ ജീവിതാനുഭവങ്ങളും സര്‍ഗസൃഷ്ടികളുടെ രചനാ പാഠങ്ങളും പങ്കുവയ്ക്കുകയാണ്. അഭിമുഖ സംഭാഷണത്തിന്റെ പ്രസക്തഭാഗങ്ങളിലേയ്ക്ക്.

? അമേരിക്ക സ്വപ്നഭൂമിയായിരുന്നല്ലോ. അവിടേയ്ക്കുള്ള യാത്ര പോലെ എഴുത്തിലേക്കുള്ള സഞ്ചാരം എത്രമേല്‍ വേഗത്തിലായിരുന്നു...
* എന്നില്‍ ഒരു എഴുത്തുകാരനുണ്ടെന്ന് ഞാന്‍ തിരിച്ചറിഞ്ഞത് വളരെ താമസിച്ചായിരുന്നു. കോതമംഗലം എം.എ കോളേജ് ഓഫ് എഞ്ചിനീയറിംഗില്‍ പഠിക്കുന്ന കാലം. അന്ന് സാഹിത്യ ചര്‍ച്ചകളില്‍ സജീവമായിരുന്നു. സഹപാഠികളും അധ്യാപകരും എന്നെ പിടിച്ച് കോളേജ് മാഗസിന്‍ എഡിറ്ററാക്കി. അങ്ങനെ അന്ന് ഏറ്റെടുത്ത ദൗത്യത്തെ സാധൂകരിക്കാന്‍ 'സ്വപ്നങ്ങള്‍' എന്ന കവിത എഴുതി. എന്റെ ജീവിതത്തില്‍ ആദ്യമായി അച്ചടിച്ചു വന്ന കവിത ആയിരുന്നു അത്. പിന്നെ എഞ്ചിനീയറിംഗ് വിദ്യാഭ്യാസത്തിന്റെ അവസാന വര്‍ഷം 'സെമസ്റ്റര്‍' എന്നൊരു കവിതയും എഴുതുകയുണ്ടായി.

? അതിന്റെ പശ്ചാത്തലം എന്തായിരുന്നു...
* ഒരു പെണ്‍കുട്ടിയുമായിട്ടുള്ള സ്‌നേഹമായിരുന്നു. തെറ്റിദ്ധരിക്കരുത്, അത് ഒരിക്കലും പ്രേമം ആയിരുന്നില്ല. നല്ലൊരു സുഹൃത്ത് എന്ന നിലയിലായിരുന്നു ഞാന്‍ അവളെ കണ്ടത്. അന്നൊക്കെ സീനിയേഴ്‌സ് ജൂനിയേഴ്‌സിനെ കൊണ്ട് ചില അസൈന്‍മെന്റുകളൊക്കെ ചെയ്യിക്കുമായിരുന്നു. അത്തരത്തില്‍ ഒരുപാട് വര്‍ക്കുകള്‍ ഈ പെണ്‍കുട്ടി എനിക്ക് ചെയ്ത് തന്നിട്ടുണ്ട്. അതിന്റെ നന്ദി സൂചകമായിട്ട്, ജൂനിയേഴ്‌സിനോടുള്ള യാത്ര ചോദിക്കലായിരുന്നു ആ കവിതയുടെ പ്രമേയവും പശ്ചാത്തലവും.

? സ്വപ്നഭൂമിയിലേക്കുള്ള യാത്രയും സര്‍ഗ സൃഷ്ടികളും...
* അമേരിക്കയില്‍ കാല് കുത്തിയ ശേഷം ജോലിയില്‍ പ്രവേശിക്കുകയും സ്വാഭാവികമായും മലയാളി കൂട്ടായ്മയില്‍ പ്രവര്‍ത്തിക്കണമെന്ന ആഗ്രഹത്തെ തുടര്‍ന്ന് മലയാളി അസേസിയേഷന്‍ ഓഫ് നോര്‍ത്ത് കാലിഫോര്‍ണിയയില്‍ (മങ്ക) സജീവമാവുകയും ചെയ്തു. അന്നവിടെ ഒരു നാടക സമിതിയുണ്ടായിരുന്നു. ശ്യാം ദാസ്, പോള്‍ പഴയാറ്റില്‍ തുടങ്ങിയവരായിരുന്നു ഡയറക്ടര്‍മാര്‍. അവരുടെ നാടകങ്ങളില്‍ മുഖ്യവേഷത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയും ചെയ്തു. ഹാസ്യരസ പ്രധാനങ്ങളായ വേഷങ്ങളാണ് കൈകാര്യം ചെയ്തിരുന്നത്. കോമഡി നാടകങ്ങള്‍ ഇല്ലാതെ വന്നപ്പോള്‍ അസോസിയേഷന്‍ ഭാരവാഹികള്‍ എന്നോട് നാടകം എഴുതാന്‍ ആവശ്യപ്പെടുകയായിരുന്നു. എനിക്ക് നാടകം എഴുതാനുള്ള കഴിവ് ഉണ്ടെന്ന് അവര്‍ എങ്ങനെയോ മനസ്സിലാക്കിയിരുന്നു.

? ആദ്യ നാടകവും അവതരണവും വിജയവും...
* അതൊരു ഫുള്‍ ലെങ്ത് കോമഡി നാടകമായിരുന്നു...'ഇടിച്ചക്ക പ്ലാമൂട് പോലീസ് സ്റ്റേഷന്‍'. പണ്ട് സ്‌കൂളില്‍ നിന്ന് എസ്‌കര്‍ഷന്‍ പോയപ്പോള്‍ കണ്ട, നെയ്യാറ്റിന്‍കരയ്ക്കു സമീപമുള്ള സ്ഥലമാണ് ഇടിച്ചക്ക പ്ലാമൂട്. ആ പേര് എന്റെ മനസ്സില്‍ പച്ചപിടിച്ച് കിടക്കുന്നുണ്ടായിരുന്നു. ഏറെക്കാലത്തിനു ശേഷം ഒരു പത്രവാര്‍ത്ത വായിച്ചു. അതായത് നാട്ടില്‍ കേസില്ലാതെ വന്നതിനാല്‍ ഒരു പോലീസ് സ്റ്റേഷന്‍ അടച്ചുപൂട്ടി എന്നത്. നാടകത്തിന്റെ സ്പാര്‍ക്കായിരുന്നു ആ വാര്‍ത്ത. കേസുണ്ടാക്കാന്‍ കഷ്ടപ്പെടുന്നതും അവസാനം മന്ത്രിയെത്തി പോലീസ് സ്റ്റേഷന്‍ അടയ്ക്കാന്‍ ഉത്തരവിടുന്നതുമെല്ലാം കോമഡി ട്രാക്കില്‍ എഴുതുകയായിരുന്നു. അത് ഹിറ്റാവുകയും അമേരിക്കയില്‍ പലയിടത്തും അവതരിപ്പിക്കുകയും ചെയ്തു.

? രചനയുടെ അടുത്ത രംഗങ്ങളിലേയ്ക്ക്...
* ആദ്യ നാടകം ആസ്വാദകര്‍ സ്വീകരിച്ചതോടെ ഇനിയുമെഴുതാം എന്ന ആത്മവിശ്വാസമുണ്ടായി. അങ്ങനെയാണ് 'ഡോക്ടര്‍ ദൈവസഹായം' എന്ന നാടകം എഴുതിയത്. അതും ഒരു സറ്റയര്‍ ആയിരുന്നു. ഈ നാടകവും ഇടിച്ചക്ക പ്ലാമൂട് പോലീസ് സ്റ്റേഷനും കലാ കൗമുദിയില്‍ ചെറുകഥയായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. മൂന്നാമത്തെ നാടകമാണ് 'മേരിക്കുട്ടി ഇത് അമേരിക്ക'. അത് അമേരിക്കന്‍ പശ്ചാത്തലത്തില്‍ എഴുതിയതാണ്. അരങ്ങിനു വേണ്ടി എഴുതിയ നാടകങ്ങള്‍ പിന്നീട് പുസ്തകമാക്കി.

? കവിതയിലേക്കുള്ള ചുവട് വയ്പ്പുകള്‍...
* സ്വാഭാവികമായി എഴുതിപ്പോയതാണ്. ഒരു കവി ആകാനുള്ള ബോധപൂര്‍വമായ ശ്രമമൊന്നും കവിതാ രചനയില്‍ നിഴലിച്ചിട്ടില്ല. ഏറ്റവും കൂടുതല്‍ കവിത എഴുതിയിട്ടുള്ളത് മലയാളം പത്രത്തിനു വേണ്ടിയാണ്. ഒരിക്കല്‍ മലയാള മനോരമയിലെ സുഹൃത്ത് ഇവിടെ വരികയും നോട്ടുബുക്കില്‍ കുത്തിക്കുറിച്ചിട്ടിരിക്കുന്ന എന്റെ കവിതകള്‍ കാണുകയും ചെയ്തു. അദ്ദേഹം ആവശ്യപ്പെട്ടതനുസരിച്ച് ഒരു കവിത എഴുതി. 'സ്വര്‍ണച്ചിറകുള്ള പക്ഷി' എന്ന ആ കവിത മലയാള മനോരമ ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിക്കപ്പെടുകയും ചെയ്തു. നാട്ടിലെ ഒരു ആനുകാലിക പ്രസിദ്ധീകരണത്തില്‍ വരുന്ന എന്റെ ആദ്യ കവിതയാണത്. അതിന് നല്ല പ്രതികരണങ്ങളും കിട്ടി. അതേ കവിത ഇംഗ്ലീഷിലാക്കി ഇവിടുത്തെ ആനുകാലികത്തിലും പ്രസിദ്ധീകരിച്ചു. അതിനും തദ്ദേശീയരുടെ പ്രശംസകള്‍ ലഭിച്ചു. ഇത് ഒരു കാല്‍പ്പനിക കവിതയാണ്.

? കവിതാ രചനയുടെ പ്രചോദനം...
* ചില വാക്കുകളും സംഭവങ്ങളുമാണ് എനിക്ക് പ്രചോദനമാകുന്നത്. ഉദാഹരണത്തിന് 'പച്ച' എന്ന കവിതയെ പറ്റി പറയാം. പച്ച, മുസ്ലീമിന്റെ നിറമായി പറയപ്പെടുന്നു. ഞാന്‍ ആ നിറത്തെ കേരളത്തിന്റെ പച്ചപ്പായാണ് കാണുന്നത്. ആ പച്ചപ്പിന്റെ വെളിച്ചത്തില്‍ അങ്ങനെയൊരു കവിത എഴുതി. ഇ-മലയാളിയിലാണ് ഈ കവിത ആദ്യം പ്രസിദ്ധീകരിച്ചത്. പിന്നീട് മാധ്യമത്തിലും വന്നു.

? കഥയിലേയ്ക്ക് കയറി എഴുത്തിന്റെ മറ്റൊരു മേഖല കീഴടക്കിയതിനെ പറ്റി...
* 2013 ലാണ് കഥയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അതിനു മുമ്പ് കഥയെഴുതാനുള്ള ചില ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്. എഴുത്തിന്റെ കാര്യത്തില്‍ ഞാനൊരു അലസനാണ്. 'ചില പെണ്‍കുട്ടികള്‍ അങ്ങനെയാണ്' എന്ന കഥയാണ് കേരളത്തില്‍ പ്രസിദ്ധീകരിച്ച എന്റെ ആദ്യത്തെ കഥ. 'മിസ് കേരളയും പുണ്യാളനും', 'ആള്‍ ദൈവം ആനന്ദ കല്യാണി', 'ക്യാപ്റ്റന്‍ ഇത്താക്ക് ചാക്കോ മലയാളം ബി.എ' തുടങ്ങിയ കഥകള്‍ നാട്ടിലും അമേരിക്കയിലും ഒരുപാടു പേര്‍ വായിക്കുകയും അഭിപ്രായങ്ങള്‍ പറയുകയും ചെയ്തു. ഈ വരുന്ന ഓണം കഴിഞ്ഞ് എന്റെ ഒരു കഥാ സമാഹാരം പ്രസിദ്ധീകരിക്കുന്ന സന്തോഷ വിവരം ഏവരേയും ഈ സംഭാഷണത്തിലൂടെ അറിയിക്കുകയാണ്.

? വാസ്‌കോ ഡി ഗാമ എന്ന കഥയെ പറ്റി...
* എന്റെ കഥാ രചനയുടെ ഒരു ടേണിംഗ് പോയിന്റാണ് ഇത്. മലയാളത്തിലെ ഏറ്റവും വലിയ സംസ്‌കാരിക നായകന്മാരും എഴുത്തുകാരും ഒക്കെ തങ്ങളുടെ കഥകളും കവിതകളും വീക്ഷണങ്ങളും പങ്കു വയ്ക്കുന്ന മാതൃഭൂമി വീക്കിലിയില്‍ വാസ്‌കോ ഡി ഗാമ എന്ന കഥ അച്ചടിച്ചു വന്നത് വലിയ നേട്ടമായി തന്നെ ഞാന്‍ കരുതുന്നു. പേര് സൂചിപ്പിക്കുന്നതു പോലെ ഇത് ഒരു ചരിത്രകഥയല്ല, ഒരു പട്ടിയുടെ കഥയാണ്. ഫെയ്‌സ് ബുക്കില്‍ ഇത് അനുവാചകര്‍ക്ക് വായിക്കാനാവും.

? ഇ-മലയാളിയുടെ അവാര്‍ഡ് ലഭിച്ചപ്പോള്‍ തമ്പി ആന്റണി എന്ന സാഹിത്യകാരന്‍ അംഗീകരിക്കപ്പെട്ടു എന്നു ചിന്തിക്കാമോ...
* ഞാനൊരു എഴുത്തുകാരനാണോ എന്ന് അമേരിക്കന്‍ മലയാളികള്‍ മൊത്തത്തില്‍ അറിഞ്ഞിട്ടുണ്ടോ എന്നതിനെ കുറിച്ച് എനിക്ക് സംശയം ഉണ്ട്. എന്നില്‍ കുടികൊള്ളുന്ന എഴുത്തുകാരനെ സമൂഹ മധ്യത്തില്‍ വെളിപ്പെടുത്താനുള്ള തുടക്കമായിരിക്കും ഈ പുരസ്‌കാരലബ്ധി എന്ന് വിശ്വസിക്കുന്നു.

? അമേരിക്കയിലെ സാഹിത്യ സംഘടനകളുമായി എപ്രകാരമാണ് പൊരുത്തപ്പെട്ടു പ്രവര്‍ത്തിക്കുന്നത്...
* അങ്ങനെ വലിയ പ്രവര്‍ത്തനം ഒന്നുമില്ല. പക്ഷെ എഴുത്തില്‍ സജീവമാണിപ്പോള്‍. പിന്നെ ലാനയുടെ ഇത്തവണത്തെ റീജണല്‍ കണ്‍വന്‍ഷന്‍ വരുന്ന ജൂണ്‍ 17,18 തീയതികളില്‍ കാലിഫോര്‍ണിയയിലാണ് നടക്കുന്നത്. ഈ കണ്‍വന്‍ഷന്റെ ചെയര്‍മാനായി എന്നെ നിയോഗിച്ചിട്ടുണ്ട്. സേതുവും പാറക്കടവുമാണ് കണ്‍വന്‍ഷന്റെ ശ്രദ്ധാ കേന്ദ്രം. നാട്ടിലെ എഴുത്തുകാര്‍ക്കെല്ലാം എന്നെ അറിയാമെന്നുള്ളത് ഒരു സ്വകാര്യ അഹങ്കാരമായി മനസ്സില്‍ സൂക്ഷിക്കുകയും ചെയ്യുന്നു.

? സിനിമയിലേക്കുള്ള സഞ്ചാരം...
* മൂന്നാലു വര്‍ഷമായി ഞാന്‍ മലയാള സിനിമയില്‍ സജീവമാണ്. കൂടുതല്‍ ഓഫറുകള്‍ വരുന്നുമുണ്ട്. സിനിമാ സ്വപ്നം എനിക്ക് ഇല്ലായിരുന്നു. അമേരിക്കയിലെത്തുന്നതിനു മുമ്പ് കോളേജ് നാടകങ്ങളില്‍ നല്ല കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. എന്റെ അനുജന്‍ ബാബു ആന്റണി സിനിമയില്‍ എത്തിയ ശേഷം പുള്ളി അഭിനയിച്ച 'അറേബ്യ' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കാണാന്‍ ഞാനും പോയി. അന്ന് സംവിധായകന്‍ ജയരാജ്, ബാബുവിന്റെ അച്ഛനായി അഭിനയിക്കാമോ എന്ന് ചോദിച്ചു. അങ്ങനെയാണ് വെള്ളിത്തിരയില്‍ ചമയമിടുന്നത്. പിന്നീടുള്ളതെല്ലാം സമീപകാല ചരിത്രം. ബിയോണ്ട് ദി സോളിലെ അഭിനയത്തിന് ലഭിച്ച അന്തര്‍ദേശീയ അവാര്‍ഡ് ഇത്തരത്തില്‍ ഇന്ത്യയില്‍ നിന്ന് ഒരാള്‍ക്ക് ലഭിക്കുന്ന ആദ്യത്തെ പുരസ്‌കാരമാണ്. പുതിയ പ്രോജക്ടിനെ പറ്റി പറയുകയാണെങ്കില്‍, 'പത്തു കല്‍പ്പനകള്‍' എന്ന സിനിമയാണത്. അനൂപ് മേനോന്‍, പ്രശാന്ത് നാരായണന്‍, മീരാ ജാസ്മിന്‍ എന്നിവരോടൊപ്പം ഞാനും ഒരു നല്ല കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ആദ്യമായാണ് ഞാന്‍ ഈ സിനിമയിലൂടെ ഒരു പോലീസ് ഓഫീസറുടെ വേഷം കൈകാര്യം ചെയ്യുന്നത്.

? അമേരിക്കന്‍ സിനിമ പ്രേമികളുടെ മനസ്സില്‍ തമ്പി ആന്റണിയെന്ന മലയാളിയുടെ സ്ഥാനം എന്താണ്...
* ഹോളിവുഡ് സിനിമയിലൂടെ ഇവിടെ അറിയപ്പെടുന്നതില്‍ ചാരിതാര്‍ത്ഥ്യമുണ്ട്. സ്‌ക്രീന്‍ ആക്‌ടേഴ്‌സ് ഗ്രിഡ് എന്ന സംഘടനയിലൂടെ അമേരിക്കന്‍ മീഡിയയിലും ശ്രദ്ധേയനാകാന്‍ കഴിഞ്ഞുവെന്ന് എളിമയോടെ പറയട്ടെ.

? മലയാള സിനിമയുടെ ന്യൂ ജനറേഷന്‍ ട്രെന്‍ഡിനെ താങ്കള്‍ ഉള്‍ക്കൊള്ളുന്നതെങ്ങിനെ...
* തീര്‍ച്ചയായും ന്യൂജനറേഷന്‍ സിനിമകള്‍ക്ക് ചിന്താപരമായ പുതുമ ഉണ്ട്. മിനിട്ടുകളോളം ദീര്‍ഘിക്കുന്ന നെടുങ്കന്‍ ഡയലോഗുകള്‍ക്ക് പകരം വിഷ്വലുകള്‍ക്ക് പ്രാധാന്യം നല്‍കുന്ന ഈ ട്രെന്‍ഡ് നല്ല സിനിമാ അനുഭവം പ്രദാനം ചെയ്യുന്നു. ഉദാഹരണത്തിന് 'പ്രേമം' തൊട്ടുള്ള സിനിമകള്‍ കൂടുതല്‍ ജനകീയമായി വരുന്നു.

? മനസ്സില്‍ ഇനിയുള്ള മറ്റൊരു സിനിമാ മോഹം...
* ഒരു തിരക്കഥാകൃത്താവുക എന്നതാണ് ആ മോഹം. സമീപ ഭാവിയില്‍ ഞാന്‍ ആ മേഖലയിലേക്ക് എത്തിപ്പെടും എന്ന് പ്രതീക്ഷിക്കുന്നു. നല്ല സിനിമയെ സ്‌നേഹിക്കുന്ന, കാമ്പുള്ള അനുവാചകരുടെ പിന്തുണയും പ്രോത്സാഹനവും എനിക്ക് വേണമെന്ന് പ്രാര്‍ത്ഥിക്കുകയാണ്.
***
തമ്പി ആന്റണി തന്റെ പുതിയ പ്രോജക്ടുകളുമായി ഹോളിവുഡില്‍ നിന്ന് കോളിവുഡിലേക്ക് നിരന്തരം പറക്കുകയാണ്. നീണ്ട കാത്തിരിപ്പിനും പ്രയത്‌നത്തിനും ഒടുവില്‍ ഹോളിവുഡിലെ നടന്‍ എന്ന താരപദവി നേടിയ ഇദ്ദേഹത്തെ 'റൂട്ട് ഓഫ് ഓള്‍ ഈവിള്‍സ്'ന്റെ ഡയറക്ടര്‍ സ്റ്റീവ് ആന്‍ഡേഴ്‌സണ്‍ വിശേഷിപ്പിച്ചത് 'മാജിക് മുഖമുള്ള മനുഷ്യന്‍' എന്നായിരുന്നു. കാരണം, ഏത് കഥാപാത്രത്തിന്റെയും ഏത് രാജ്യക്കാരന്റെയും മുഖമായി മാറ്റാന്‍ കഴിയുന്നതാണ് തമ്പി ആന്റണിയുടെ മുഖം എന്നായിരുന്നു ആന്‍ഡേഴ്‌സന്റെ പ്രശംസാ വാക്കുകള്‍. ഈ മുഖം നമ്മുടെ സിനിമാ സങ്കല്‍പ്പങ്ങളെ കൂടുതല്‍ സുന്ദരമാക്കുന്നു.
പ്രേമയാണ് തമ്പി ആന്റണിയുടെ ഭാര്യ. തമ്പി ആന്റണി-പ്രേമ ദമ്പതികളുടെ മൂന്ന് മക്കളുടെ പേരുകള്‍ ഏഷ്യാനെറ്റിലെ ബഡായി ബംഗ്ലാവില്‍ രസകരമായ ചര്‍ച്ചയ്ക്ക് വഴി തുറന്നിട്ടുണ്ട്. മലയാള മനോരമയിലെ വിഖ്യാതനായ തോമസ് ജേക്കബ് സാര്‍ തന്റെ 'കഥക്കൂട്ടി'ലും ഈ പേരുകള്‍ കൗതുകത്തോടെ പരാമര്‍ശിച്ചിട്ടുണ്ട്. തമ്പി ആന്റണിയുടെ മനസില്‍ കവിതയുള്ളതുകൊണ്ടാണ് തന്റെ മക്കള്‍ക്ക് അദ്ദേഹം നദി, സന്ധ്യ, കായല്‍ എന്ന് പേരിട്ടത്.
''പ്രശസ്തിക്കു വേണ്ടി ഒരിക്കലും കലയെ ഉപയോഗിക്കരുത്, വിപണനം ചെയ്യരുത്. ജന്മസിദ്ധമായ കഴിവിനെ ഊനം തട്ടാതെ പരിപോഷിപ്പിക്കുക. അത് ആത്യന്തിക വിജയത്തില്‍ കലാശിക്കും...'' മലയാളത്തെ ആനന്ദിപ്പിക്കുന്ന ഈ ബഹുമുഖ കലാകാരന്‍ പറയുന്നു...
(ഇ-മലയാളി സാഹിത്യ അവാര്‍ഡില്‍ കവിതക്കു സമ്മാനം ലഭിച്ച തമ്പി ആന്റണിയുമായുള അഭിമുഖം. സ്മരണികയില്‍ പ്രസിദ്ധീകരിച്ച അഭിമുഖം പി.ഡി.എഫില്‍ കാണുക)
കവിത്വത്തിലേയ്ക്ക്...കഥയരങ്ങിലേയ്ക്ക്...നടന രസത്തിലേയ്ക്ക്... (എ.എസ് ശ്രീകുമാര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക