Image

സപ്തതി നിറവില്‍ മാര്‍ ബോസ്‌കോ പുത്തൂര്‍

Published on 24 May, 2016
സപ്തതി നിറവില്‍ മാര്‍ ബോസ്‌കോ പുത്തൂര്‍

 മെല്‍ബണ്‍: സെന്റ് തോമസ് സീറോ മലബാര്‍ മെല്‍ബണ്‍ രൂപതാധ്യക്ഷന്‍ മാര്‍ ബോസ്‌കോ പുത്തൂര്‍ സപ്തതിയിലേക്ക്. ഇടവക വൈദികന്‍, സെമിനാരി പ്രഫസര്‍, തൃശൂര്‍ അതിരൂപത വികാരി ജനറാള്‍, കത്തീഡ്രല്‍ വികാരി, സീറോ മലബാര്‍ സഭയുടെ ലിറ്റര്‍ജിക്കല്‍ റിസര്‍ച്ച് സെന്റര്‍ ഡയറക്ടര്‍, മംഗലപ്പുഴ മേജര്‍ സെമിനാരി റെക്ടര്‍, സീറോ മലബാര്‍ സഭയുടെ ആദ്യത്തെ കൂരിയ ബിഷപ്, 

സീറോ മലബാര്‍ ഓസ്‌ട്രേലിയ രൂപതയുടെ പ്രഥമ ബിഷപ് എന്നിങ്ങനെ നടന്നു കയറിയ വഴിത്താരകളെല്ലാം ശോഭിതമാക്കുകയും കര്‍മനൈപുണ്യവും നേതൃത്വസിദ്ധിയും ആസൂത്രണപാടവും കൊണ്ട് സീറോ മലബാര്‍ സഭ വിശ്വാസി സമൂഹത്തിനും സഭാപിതാക്കന്മാര്‍ക്കും പ്രിയങ്കരമായിത്തീര്‍ന്ന വ്യക്തിത്വത്തിന് ഉടമയുമാണ് മാര്‍ ബോസ്‌കോ പുത്തൂര്‍. 

വിവേകവും ലാളിത്യവും സൗഹൃദവും എല്ലാറ്റിനും ഉപരിയായി ദൈവഹിതം തിരിച്ചറിയാനുള്ള പാടവവും വിശുദ്ധിയും തീക്ഷണതയും പിതാവുമായി ഇടപഴകുന്നവര്‍ക്ക് അനുഭവഭേദ്യമാകും. സഭാ സേവനത്തിന്റെ വിവിധതലങ്ങളില്‍ അനുഭവസമ്പന്നനായ മാര്‍ ബോസ്‌കോ, തന്റെ കര്‍മരംഗങ്ങള്‍ ഏതായാലും നേരിടേണ്ടി വരുന്ന വൈതരണികള്‍ എത്ര സങ്കീര്‍ണമായാലും സ്വതസിദ്ധമായ പ്രസന്നത കൊണ്ടും ലളിതശൈലി കൊണ്ടും അവയെല്ലാം സമുചിതമായി കൈകാര്യം ചെയ്യുവാനുള്ള മാര്‍ ബോസ്‌കോ പുത്തൂരിന്റെ നയചാതുര്യത ശ്രദ്ധേയമാണ്.

തൃശൂര്‍ അതിരൂപതക്ക് വൈദികരെയും സമര്‍പ്പിതരെയും സംഭാവന ചെയ്യുന്നതില്‍ സമ്പന്നമായ പറപ്പൂര്‍ ഇടവകയിലെ, പുത്തൂര്‍ അന്തോണി-കുഞ്ഞിലകുട്ടി ദമ്പതികളുടെ ഏഴു മക്കളില്‍ ഏറ്റവും ഇളയ മകനായി 1946 മേയ് 28 നാണു ബോസ്‌കോ പുത്തൂരിന്റെ ജനനം. പറപ്പൂര്‍ സെന്റ് ജോണ്‍സ് സ്‌കൂളില്‍നിന്നു പത്താം ക്ലാസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയതിനുശേഷം തൃശൂര്‍ തോപ്പ് മൈനര്‍ സെമിനാരിയില്‍ വൈദിക വിദ്യാര്‍ഥിയായി ചേര്‍ന്നു. രണ്ടു വര്‍ഷത്തെ മൈനര്‍ സെമിനാരി പഠനത്തിനുശേഷം ദൈവശാസ്ത്ര പഠനത്തിനായി ആലുവ മംഗലപ്പുഴ സെമിനാരിയിലെത്തി. മംഗലപ്പുഴ സെമിനാരിയില്‍ രണ്ടു വര്‍ഷത്തെ പഠനം പിന്നിട്ടപ്പോഴാണ് വത്തിക്കാനിലെ പ്രൊപ്പഗാന്ത കോളജില്‍ തുടര്‍ന്നു പഠിക്കുവാന്‍ നിര്‍ദേശം ലഭിക്കുന്നത്. 

1971 മാര്‍ച്ച് 27നു പ്രൊപ്പഗാന്ത കോളജ് ചാപ്പലില്‍ കര്‍ദ്ദിനാള്‍ ആഗ്‌നലോ റോസിയില്‍നിന്ന് വൈദികപട്ടം സ്വീകരിച്ചു. തുടര്‍ന്നു ബെല്‍ജിയത്തിലെ ലുവൈന്‍ സര്‍വകലാശാലയില്‍നിന്നു ഡോഗ്മാറ്റിക് തിയോളജിയില്‍ ഡോക്ടറേറ്റു ലഭിച്ചു. 1975 ല്‍ തൃശൂര്‍ രൂപതയിലെ ഒല്ലൂര്‍ ഇടവകയില്‍ സഹവികാരിയായി വൈദീകജീവിതം ആരംഭിച്ചു. തുടര്‍ന്നു തോപ്പ് മൈനര്‍ സെമിനാരിയില്‍ ഒരു വര്‍ഷം ഫാ. പ്രീഫെക്റ്റായി സേവനമനുഷ്ഠിക്കുകയും ചെയ്തു. 

1977 മുതല്‍ 16 വര്‍ഷത്തോളം മംഗലപ്പുഴ സെമിനാരിയില്‍ ദൈവശാസ്ത്ര അധ്യാപകനായിരുന്നു. ഇതിനിടയില്‍ രണ്ടു മാസത്തോളം തൃശൂര്‍ ബസിലിക്കായില്‍ വികാരിയായും സേവനമനുഷ്ഠിച്ചു. 1992 മുതല്‍ മൂന്നു വര്‍ഷക്കാലം തൃശൂര്‍ രൂപത മൈനര്‍ സെമിനാരി റെക്ടറായി പ്രവര്‍ത്തിച്ചു. തുടര്‍ന്നു തൃശൂര്‍ അതിരൂപതയുടെ വികാരി ജനറാളായി ചുമതലയേറ്റു. 

തൃശൂര്‍ അതിരൂപത അധ്യക്ഷന്മാരായിരുന്ന മാര്‍ ജോസഫ് കൂണ്ടുകുളത്തിന്റെയും മാര്‍ ജേക്കബ് തൂങ്കൂഴിയുടെയും സേവനകാലത്ത് രൂപത വികാരി ജനറാളായി പ്രവര്‍ത്തിക്കാന്‍ ബിഷപ് ബോസ്‌കോയ്ക്ക് ഭാഗ്യം ലഭിച്ചു. വികാരി ജനറാള്‍ സ്ഥാനത്തു നിന്നും തൃശൂര്‍ ലൂര്‍ദ് കത്തീഡ്രല്‍ വികാരിയായി മൂന്നുമാസത്തോളം സേവനം ചെയ്തു. തുടര്‍ന്നു സീറോ മലബാര്‍ സഭയുടെ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിലെ സീറോ മലബാര്‍ ലിറ്റര്‍ജിക്കല്‍ റിസര്‍ച്ച് സെന്ററിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറായി സ്ഥാനമേറ്റു. സുറിയാനി ക്രിസ്ത്യാനികളുടെ ചരിത്രപരവും സംസ്‌കാരികവുമായ പൈതൃകസമ്പത്ത് സ്വരുകൂട്ടി സെന്റ് തോമസ് ക്രിസ്ത്യന്‍ മ്യൂസിയം കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ യാഥാര്‍ഥ്യമാക്കി. സെന്റ് തോമസ് ക്രിസ്ത്യന്‍ മ്യൂസിയത്തെ ഗവേഷണപ്രവര്‍ത്തനങ്ങള്‍ക്കുള്ള കേന്ദ്രമാക്കി മാറ്റാനും മാര്‍ ബോസ്‌കോയ്ക്ക് കഴിഞ്ഞു. ആറു വര്‍ഷത്തോളം റിസര്‍ച്ച് സെന്ററിന്റെ ഡയറക്ടറായിരുന്ന ബോസ്‌കോ പുത്തൂര്‍ 2005ല്‍ ആലുവ മംഗലപ്പുഴ സെമിനാരിയുടെ റെക്ടറായി നിയമിതനായി. 2010 ഫെബ്രുവരിയില്‍ സീറോ മലബാര്‍ സഭയുടെ പ്രഥമ കൂരിയാ ബിഷപ്പായി അഭിഷിക്തനായി. മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തിലിന്റെ ആകസ്മിക വിയോഗത്തെത്തുടര്‍ന്നു സീറോ മലബാര്‍ സഭയുടെ അഡ്മിനിസ്‌ട്രേറ്ററായും സേവനമനുഷ്ഠിച്ചു. 

മെല്‍ബണ്‍ കേന്ദ്രമായി സ്ഥാപിക്കപ്പെട്ട ഓസ്‌ട്രേലിയയിലെ സീറോ മലബാര്‍ രൂപതയുടെ പ്രഥമ അധ്യക്ഷനായും ന്യൂസിലാന്‍ഡിന്റെ അപ്പസ്‌തോലിക് വിസിറ്റേറ്ററായും 2014 മാര്‍ച്ച് 25നു മാര്‍ ബോസ്‌കോ പുത്തൂര്‍ ചുമതലയേറ്റു.

ഓസ്‌ട്രേലിയയുടെ വിവിധ ഗ്രാമങ്ങളിലും നഗരങ്ങളിലും കുടിയേറി പാര്‍ത്തിരിക്കുന്ന സീറോ മലബാര്‍ വിശ്വാസികളെ ഒരുമിപ്പിച്ച് സഭാസമൂഹങ്ങള്‍ക്ക് രൂപം കൊടുക്കുവാന്‍ മാര്‍ ബോസ്‌കോ പുത്തൂര്‍ അക്ഷീണം പ്രയത്‌നിച്ചുകൊണ്ടിരിക്കുന്നു. 

മെല്‍ബണ്‍ സീറോ മലബാര്‍ രൂപതയുടെ കീഴില്‍ ഓസ്‌ട്രേലിയയുടെ വിവിധ ഭാഗങ്ങളില്‍ 30ഓളം ഇടവകകള്‍ എല്ലാ ഞായറാഴ്ചയും ദിവ്യബലിയര്‍പ്പണവും വിശ്വാസപരിശീലന ക്ലാസുകളുമായി സജീവമായി പ്രവര്‍ത്തിക്കുന്നു. ബോസ്‌കോ പുത്തൂരിന്റെ നേതൃത്വത്തില്‍ 25ഓളം വൈദികരെ രൂപതയിലെ വിവിധ ഇടവകകളില്‍ അജപാലന സൗകര്യാര്‍ഥം നിയമിച്ചു കഴിഞ്ഞു. ഓസ്‌ട്രേലിയയിലെ സീറോ മലബാര്‍ രൂപതയുടെ ഭാവി പ്രതീക്ഷകളായ യുവതലമുറയെ സീറോ മലബാര്‍ സഭാ വിശ്വാസത്തില്‍ ആഴപ്പെടുത്തുന്നതിനു സഹായകരമായ വിവിധങ്ങളായ പദ്ധതികള്‍ നടപ്പിലാക്കിയിട്ടുണ്ട്. തനിക്ക് ഏറെ പ്രിയപ്പെട്ടവരായ യുവജനങ്ങളെ ഒരുമിപ്പിച്ചു കൂട്ടുവാന്‍ മാര്‍ ബോസ്‌കോ പുത്തൂര്‍ മുന്‍കൈ എടുത്ത് രൂപതയിലെ യുവജന വിഭാഗത്തിന്റെ സഹായത്തോടെ യുവജന കണ്‍വന്‍ഷനുകള്‍ ഭംഗിയായി സംഘടിപ്പിക്കുകയുണ്ടായി. അധ്യാപകനായും റെക്ടറായും ഏറെക്കാലം സെമിനാരിയില്‍ ചെലവഴിച്ച മാര്‍ ബോസ്‌കോയുടെ ചിരകാലാഭിലാഷമായിരുന്നു മെല്‍ബണ്‍ സീറോ മലബാര്‍ രൂപതയ്ക്ക് സ്വന്തമായി ഒരു മൈനര്‍ സെമിനാരി. ഈ അടുത്ത കാലത്ത് കേരളത്തിലെ തൃശൂര്‍ ജില്ലയിലുള്ള പഴയന്നൂരില്‍ ആരംഭിച്ച മൈനര്‍ സെമിനാരിയിലൂടെ, രൂപതയില്‍ സേവനം ചെയ്യാന്‍ രൂപതയുടെ സ്വന്തമായ വൈദികര്‍ എന്ന, പിതാവിന്റെ സ്വപ്നമാണ് ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ പൂവണിയുന്നത്. വിശുദ്ധ അല്‍ഫോന്‍സമ്മയുടെ നാമധേയത്തിലുള്ള കത്തീഡ്രലിന്റെയും രൂപത കാര്യാലയത്തിന്റെയും ബിഷപ് റസിഡന്‍സിന്റെയും നിര്‍മാണ പ്രവര്‍ത്തനങ്ങളും രൂപത പാസ്റ്ററല്‍ സെന്ററും ഏറെ താമസിയാതെ ആരംഭിക്കുവാന്‍ സാധിക്കുമെന്നുള്ള ശുഭപ്രതീക്ഷയിലാണ് അദ്ദേഹം. 

ബിഷപ്പ് ബോസ്‌കോ പുത്തൂരിന്റെ സപ്തതി ആഘോഷങ്ങള്‍ മേയ് 29നു (ഞായര്‍) മെല്‍ബണിലെ ഫോക്‌നാര്‍ സെന്റ് മാത്യൂസ് ദേവാലയത്തില്‍ നടക്കും. മാര്‍ ബോസ്‌കോ പുത്തൂരിന്റെ മുഖ്യ കാര്‍മികത്വത്തില്‍ നടക്കുന്ന 

ആഘോഷമാ ദിവ്യബലിയില്‍ രൂപതയില്‍ സേവനം ചെയ്യുന്ന വൈദികരും സഹകാര്‍മികരായിരിക്കും. തുടര്‍ന്നു നടക്കുന്ന പൊതുസമ്മേളനത്തില്‍ മെല്‍ബണ്‍ സീറോ മലബാര്‍ രൂപത വികാരി ജനറാള്‍ ഫാ. ഫ്രാന്‍സിസ് കോലഞ്ചേരി, ചാന്‍സിലര്‍ ഫാ. മാത്യു കൊച്ചുപുരയ്ക്കല്‍, വൈദിക സമിതി സെക്രട്ടറി ഫാ. എബ്രഹാം കുന്നത്തോളി, പാസ്റ്ററല്‍ കൗണ്‍സില്‍ പ്രതിനിധികള്‍, വിവിധ ഇടവക പ്രതിനിധികള്‍ എന്നിവര്‍ ആശംസകള്‍ നേരും. സ്‌നേഹവിരുന്നോടെ ആഘോഷങ്ങള്‍ സമാപിക്കും. 

ഓസ്‌ട്രേലിയയില്‍ സേവനം ചെയ്യുന്ന മലയാളി വൈദികരുടെ നേതൃത്വത്തില്‍ സപ്തതി ആഘോഷങ്ങള്‍ മേയ് 30നു മെല്‍ബണില്‍ നടക്കും. ഓസ്‌ട്രേലിയയിലെ വിവിധ രൂപതകളില്‍ പ്രവര്‍ത്തിക്കുന്ന നിരവധി വൈദീകര്‍ പിതാവിന് ആശംസകള്‍ നേരാനായി ഒരുമിച്ചു കൂടും.

റിപ്പോര്‍ട്ട്: പോള്‍ സെബാസ്റ്റ്യന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക