Image

ബി.ജെ.പിയോടുള്ള മൃദുസമീപനം തിരിച്ചടിയായെന്ന് യു.ഡി.എഫ്‌

Published on 25 May, 2016
ബി.ജെ.പിയോടുള്ള മൃദുസമീപനം തിരിച്ചടിയായെന്ന് യു.ഡി.എഫ്‌
തിരുവനന്തപുരം: ബി.ജെ.പിയോട് കോണ്‍ഗ്രസ് മൃദുസമീപനം സ്വീകരിക്കുന്നതായി ന്യൂനപക്ഷങ്ങള്‍ക്കുണ്ടായ തോന്നലാണ് മുന്നണിക്കേറ്റ കനത്ത തിരിച്ചടിക്കു കാരണമെന്ന് യു.ഡി.എഫ് വിലയിരുത്തല്‍. ബി.ജെ.പിയുടെ വളര്‍ച്ചയില്‍ ന്യൂനപക്ഷങ്ങള്‍ക്കുണ്ടായ ആശങ്ക മുതലെടുക്കുന്നതില്‍ എല്‍.ഡി.എഫ് വിജയിച്ചു. തങ്ങള്‍ക്ക് മാത്രമേ സംഘപരിവാരത്തെ പ്രതിരോധിക്കാന്‍ സാധിക്കൂവെന്ന സി.പി.എം പ്രചാരണത്തെ ചെറുക്കാന്‍ മുന്നണിക്കു കഴിഞ്ഞില്ലെന്നും യു.ഡി.എഫ് യോഗം വിലയിരുത്തി.

ന്യൂനപക്ഷ വോട്ടുകള്‍ സി.പി.എം സ്വന്തമാക്കിയപ്പോള്‍ പരമ്പരാഗതമായി ലഭിച്ചിരുന്ന ഭൂരിപക്ഷ സമുദായ വോട്ടുകള്‍ ബി.ജെ.പി അടര്‍ത്തിമാറ്റി. യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ക്കെതിരേ പലയിടത്തും അടിയൊഴുക്കുകളും കാലുവാരലും ഉണ്ടായതായി യോഗത്തില്‍ പങ്കെടുത്ത ഘടകകക്ഷിനേതാക്കള്‍ അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഭാഗത്തുനിന്നു കാര്യമായ പിന്തുണ ലഭിച്ചില്ലെന്ന് ആര്‍.എസ്.പി കുറ്റപ്പെടുത്തി. താനൂരില്‍ അബ്ദുറഹ്മാന്‍ രണ്ടത്താണിക്കെതിരേ മുന്നണിക്കുള്ളില്‍ തന്നെ അടിയൊഴുക്കുകള്‍ ഉണ്ടായതായി മുസ്‌ലിം ലീഗ് പരാതിപ്പെട്ടു. ഘടകകക്ഷികളുടെ പരാതി രൂക്ഷമായതിനെ തുടര്‍ന്ന് ഇതുസംബന്ധിച്ച് വിശദമായി ചര്‍ച്ചചെയ്യാന്‍ അടുത്തമാസം എട്ടിന് വീണ്ടും യോഗം ചേരും.

യു.ഡി.എഫിന്റെ തോല്‍വി അപ്രതീക്ഷിതമായിരുന്നുവെന്ന് കണ്‍വീനര്‍ പി.പി തങ്കച്ചന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വര്‍ഗീയ ധ്രുവീകരണം ശക്തമായ തിരഞ്ഞെടുപ്പായിരുന്നു ഇക്കുറി നടന്നത്. സി.പി.എം പല മണ്ഡലങ്ങളിലും മുസ്‌ലിം വിഭാഗക്കാരെ മാത്രം ഉള്‍പ്പെടുത്തി കുടുംബയോഗങ്ങള്‍ സംഘടിപ്പിച്ചു. സമാനരീതിയില്‍ ബി.ജെ.പിയും യോഗങ്ങള്‍ വിളിച്ചുകൂട്ടി. ഇരുപാര്‍ട്ടികള്‍ക്കുമായി വോട്ടുകള്‍ ധ്രുവീകരിക്കുന്നതിന് ഇത് ഇടയാക്കി. ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാന്‍ കോണ്‍ഗ്രസ്സിന് കെല്‍പ്പില്ലെന്ന് സി.പി.എം വ്യാപകമായി പ്രചരിപ്പിച്ചത് പാര്‍ട്ടിക്ക് ദോഷംചെയ്തതായും പി.പി തങ്കച്ചന്‍ കൂട്ടിച്ചേര്‍ത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക