Image

ഇന്നസെന്റ് എംപി ഷൂട്ടിംഗിനിടെ കുഴഞ്ഞു വീണ് മരിച്ചതായി വ്യാജ വാര്‍ത്ത

Published on 25 May, 2016
ഇന്നസെന്റ് എംപി  ഷൂട്ടിംഗിനിടെ  കുഴഞ്ഞു വീണ് മരിച്ചതായി  വ്യാജ വാര്‍ത്ത
തൊടുപുഴ: നടനും ലോക്‌സഭാംഗവുമായ ഇന്നസെന്റ് എംപി തൊടുപുഴയില്‍ ഷൂട്ടിംഗിനിടെ കുഴഞ്ഞ് വീണു മരിച്ചുവെന്ന് സോഷ്യല്‍ മീഡിയയില്‍ വ്യാജ വാര്‍ത്തകള്‍.

കുഴഞ്ഞു വീണ താരത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചപ്പോഴേയ്ക്കും മരിച്ചുവെന്നായിരുന്നു വ്യാജ പ്രചാരണം. വാര്‍ത്ത കാട്ടുതീ പോലെ പരന്നത് അഭ്യൂഹങ്ങള്‍ക്കിടയാക്കി.

രാവിലെ 10 ഓടെ ഫോണിലൂടെയും വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലുമാണ് വ്യാജ വാര്‍ത്ത പരന്നത്. കേട്ടവര്‍, കേട്ടവര്‍ ഇത് മറ്റുള്ളവരിലേയ്ക്ക് പകര്‍ന്നതോടെ വാര്‍ത്ത വേഗം പ്രചരിച്ചു. 

തൊടുപുഴയിലെ പ്രധാന സ്വകാര്യ ആശുപത്രികളിലേക്ക് ഈ വാര്‍ത്ത അന്വേഷിച്ച് നൂറോളം ഫോണ്‍ വിളികള്‍ വന്നതായും ആശുപത്രി അധികൃതര്‍ പറയുന്നു.

പോലീസ് അധികാരികളോടും പത്ര ഓഫീസുകളിലേക്കും മാധ്യമ പ്രവര്‍ത്തകരുടെ മൊബൈല്‍ നമ്പരിലേക്കും ഇതു സംബന്ധിച്ച് നിരവധി കോളുകള്‍ എത്തി. നഗരത്തിലെ ആശുപത്രികളില്‍ ചിലര്‍ വിവരം അറിയാന്‍ നേരിട്ട് എത്തുകയും ചെയ്തു.

ഒടുവില്‍ 11.30 ഓടെ മാധ്യമ പ്രവര്‍ത്തകര്‍ ഇന്നസെന്റ് എംപിയുടെ ഫോണില്‍ അന്വേഷിച്ചപ്പോള്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാന്‍ തിരുവനന്തപുരത്തേക്ക് പോകുന്നതായി വിവരം ലഭിച്ചതോടെയാണ് കഥയും തിരക്കഥയും അജ്ഞാതര്‍ രചിച്ച വ്യാജ വാര്‍ത്തയ്ക്ക് തിരശീല വീണത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക