Image

നീ....(കവിത: സോയ നായര്‍)

Published on 25 May, 2016
നീ....(കവിത: സോയ നായര്‍)
ഒറ്റയ്ക്കിരിക്കുമ്പോള്‍
മനസ്സില്‍
മഴവില്ലിന്‍ നിറമായ്­
അണയാറുണ്ട്­..

ആ നിറങ്ങള്‍
ചാലിച്ചു ചേര്‍ത്തൊരു
കനവിന്റെ തോണി
തുഴയാറുണ്ട്­..

തോണി തുഴഞ്ഞൊരു
യാത്ര പോകുംനേരം
കുറുമ്പുകള്‍ കാട്ടി
രസിക്കാറുണ്ട്­.

ആ രസനിമിഷങ്ങളില്‍
അനുരാഗതാളം
തുടിക്കാറുണ്ട്­..

ആ താളത്തിനീണം
പകര്‍ന്നൊരു
കവിത കുറിച്ച്­
വെയ്ക്കാറുണ്ട്­..

കുറിച്ചുവെച്ച
കവിതകള്‍ക്കുള്ളില്‍
മിണ്ടാത്ത മോഹങ്ങള്‍
മൗനമായി
ഒളിക്കാറുണ്ട്­..

മോഹങ്ങള്‍ക്കുള്ളില്‍
പിടഞ്ഞു വീണു
കുറെ മയില്‍പ്പീലിതാളുകള്‍
വിതുമ്പാറുണ്ട്­..

ആ താളുകള്‍ക്കുള്ളില്‍
പെറ്റിട്ടുകൂട്ടാന്‍
കഴിയാത്ത
കുഞ്ഞ്­ മുഖങ്ങള്‍
ഒളിക്കാറുണ്ട്­..

മിണ്ടാതെ,
ഒന്നും പറയാതെ
ഓടിയൊളിച്ച
ഏകാന്തതകളില്‍
ഓര്‍മ്മകള്‍
എന്നും വിരുന്നു
വരാറുണ്ട്­..

ഓര്‍മ്മവ്യക്ഷങ്ങളിലെ
ചിരാതുകള്‍ക്കുള്ളില്‍
വെളിച്ചമായ്­
കത്തിനില്‍ക്കാറുണ്ട്­..

എങ്കിലും,
ഇതിനൊക്കെയപ്പുറം
തീരാനൊമ്പരമെന്നില്‍
ചാലിച്ചെഴുതി
തനിച്ചാക്കി
വിടചൊല്ലി
പിരിഞ്ഞൊരാ
ദുര്‍ന്നിമിഷങ്ങളെ
ശപിക്കാറുമുണ്ട്­ !!

സോയ നായര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക