Image

ഒരു വടക്ക്-കിഴക്ക്-തെക്കന്‍ വീരഗാഥ (ഡല്‍ഹികത്ത്: പി.വി.തോമസ്)

പി.വി.തോമസ് Published on 24 May, 2016
ഒരു വടക്ക്-കിഴക്ക്-തെക്കന്‍ വീരഗാഥ (ഡല്‍ഹികത്ത്: പി.വി.തോമസ്)
ഇന്‍ഡ്യയുടെ ഭരണ-രാഷ്ട്രീയ ഭൂപടം മാറുകയാണ്. 2014-ല്‍ ലോകസഭ തെരഞ്ഞെടുപ്പില്‍ ആരംഭിച്ച ഈമാറ്റം 2015-ലും 2016-ലും തുടരുകയാണ്. ഈ കാലയളവില്‍ മഹാരാഷ്ട്ര, ഹരിയാന, ഝാര്‍ഖണ്ഡ്, ജമ്മു-കാശ്മീര്‍ എന്നീ സംസ്ഥാനങ്ങളില്‍ അധികാരത്തില്‍ വരുവാന്‍ ബി.ജെ.പി.ക്ക് സാധിച്ചു. കോണ്‍ഗ്രസിനായിരുന്നു നഷ്ടം. ദല്‍ഹിയിലും ബീഹാറിലും ബി.ജെ.പി.ക്ക് കനത്ത തിരിച്ചടിയുണ്ടായി. പക്ഷേ, പ്രാദേശിക പാര്‍ട്ടികള്‍ക്കായിരുന്നു നേട്ടം(ആം ആദ്മി പാര്‍ഡി, ജെ.ഡി.യു.). ബീഹാറില്‍ ജെ.ഡി.യു.വിന്റെ സഖ്യകക്ഷി ആയതു വഴി കോണ്‍ഗ്രസിന് ചെറിയ ഒരു നേട്ടം ഉണ്ടായി. എന്നാല്‍ ഈയിടെ തെരഞ്ഞെടുപ്പ് നടന്ന നാലു സംസ്ഥാനങ്ങളില്‍ ആസാമില്‍ ബി.ജെ.പി.അധികാരം പിടിച്ചത് ചരിത്രസംഭവം ആയി. അവിടെ കോണ്‍ഗ്രസിനാണ് അധികാരം നഷ്ടപ്പെട്ടത്. 15 വര്‍ഷത്തെ തുടര്‍ച്ചയായ ഭരണത്തിനു ശേഷം! കേരളത്തിലും കോണ്‍ഗ്രസിന് ഭരണം നഷ്ടം ആയി. എന്നാല്‍ ഇവിടെ ബി.ജെ.പി. ഒരു സീറ്റ് വിജയിച്ചു കൊണ്ട് അക്കൗണ്ട് തുറന്നു. അത് ആസാം പോലെ ബി.ജെ.പി.ക്ക് വലിയ ഒരു നേട്ടം ആയി. ബംഗാളിലും, തമിഴ്‌നാട്ടിലും രണ്ട് പ്രാദേശിക പാര്‍ട്ടികള്‍ ആണ് വിജയിച്ചത്(ത്രിണമൂല്‍ കോണ്‍ഗ്രസും അണ്ണാഡി.എം.കെ.യും). ബംഗാളില്‍ ഇടതുപക്ഷവുമായി ധാരണയുണ്ടായിരുന്ന കോണ്‍ഗ്രസിന് അതുമൂലം പ്രധാന പ്രതിപക്ഷം ആകുവാന്‍ സാധിച്ചു. ബി.ജെ.പി.ക്ക് സീറ്റുകളില്‍ നേരിയ വര്‍ദ്ധന ഉണ്ടായി. തമിഴ്‌നാട്ടില്‍ ബി.ജെ.പി.ക്കും കോണ്‍ഗ്രസിനും കാര്യമായ നേട്ടം ഉണ്ടായില്ല. ആകെ മൊത്തത്ില്‍ കോണ്‍ഗ്രസിന് ഈ നാലു സംസ്ഥാന തെരഞ്ഞെടുപ്പുകളിലും പരാജയം ആയിരുന്നു ഫലം. ആസാമിലും കേരളത്തിലും ഭരണം നഷ്ടപ്പെട്ടു. അഞ്ചാമത്തെ ഇടമായ പുതുച്ചേരി യൂണിയന്‍ ടെറിട്ടറിയിലാണ് കോണ്‍ഗ്രസിന് ഡി.എം.കെ.യുടെ സഹായത്തോടെ കഷ്ടിച്ച് അധികാരത്തില്‍ വരുവാന്‍ സാധിച്ചത്. ചുരുക്കത്തില്‍ ബി.ജെ.പി.യും ഒരു ഡസനോളം വരുന്ന പ്രാദേശിക പാര്‍ട്ടികളും കോണ്‍ഗ്രസ് എന്ന വടവൃക്ഷത്തെ ഇന്‍ഡ്യന്‍ രാഷ്ട്രീയത്തില്‍ നിന്നും കടപുഴകിയെറിഞ്ഞു. അപ്രസക്തമാക്കി ഇടതുപക്ഷം രണ്ട് സംസ്ഥാനങ്ങളില്‍ ഒതുങ്ങുന്നു(ത്രിപുര, കേരളം). മുപ്പത് വര്‍ഷത്തിലേറെ തുടര്‍ച്ചയായി ഭരിച്ച ബംഗാളില്‍ ഇന്ന് അത് മൂന്നാം സ്ഥാനത്താണ്. അടുത്തെങ്ങും അധികാരത്തിന്റെ അയലത്ത് എത്തുവാനുള്ള സാദ്ധ്യതയും ഇല്ല.
 എന്താണ് ഇന്‍ഡ്യന്‍ രാഷ്ട്രീയത്തിന്റെ ഗതി? കോണ്‍ഗ്രസ് അപ്രത്യക്ഷമായി കൊണ്ടിരിക്കുകയാണോ? ബി.ജെ.പി.യും പ്രാദേശിക പാര്‍ട്ടികളും വളര്‍ന്നു വ്യാപിച്ചുകൊണ്ടിരിക്കുകയാണോ? സ്വതന്ത്ര ഇന്‍ഡ്യയില്‍ ചിന്തിക്കുവാന്‍ ആകാത്ത ഒരു കാര്യം ആണ് ഇത് കോണ്‍ഗ്രസിന്റെ തളര്‍ച്ച. ഇത് താല്‍ക്കാലികമായ ഒരു പ്രതിഭാസം ആണോ? അതോ ചിത്രം എന്നന്നേക്കുമായി മാറ്റുകയാണോ? മോഡിയുടെ സ്വപ്‌നമായ കോണ്‍ഗ്രസ് മുക്തഭാരതം ഒരു യാഥാര്‍ത്ഥ്യം ആവുകയാണോ?
കോണ്‍ഗ്രസ് ഇപ്പോള്‍ ഭരിക്കുന്നത് ആറ് സംസ്ഥാനങ്ങളില്‍ മാത്രം ആണ്. ഇതില്‍ കര്‍ണ്ണാടക മാത്രമെ വലുതെന്ന് പറയാവുന്ന ഒരു സംസ്ഥാനം ആയിട്ടുള്ളൂ. അവിടെ ബി.ജെ.പി. തുല്യ ശക്തിയുമാണ്. മറ്റു സംസ്ഥാനങ്ങള്‍ അഞ്ച് ചെറിയ പര്‍വ്വത സംസ്ഥാനങ്ങള്‍ ആണ്. വടക്ക് കിഴക്കന്‍ ഹിമാലയന്‍ മലമ്പ്രദേശത്തെ മിസോറോം, മേഘാലയ, അരുണാചല്‍പ്രദേശ്. ഇതില്‍ അരുണാചല്‍ പ്രദേശില്‍ കേന്ദ്രഭരണം ഏര്‍പ്പെടുത്തി. പിന്നീടുള്ളത് രണ്ട് ഹിമാലയന്‍ സംസ്ഥാനങ്ങളായ ഹിമാചല്‍ പ്രദേശത്തും ഉത്തരാഖണ്ഡും ആണ്. ഇവിടെയും ബി.ജെ.പി. തുല്യ ശക്തിയുമാണ്.

ബി.ജെ.പി.യും സഖ്യകക്ഷികളും ഭരിക്കുന്നത് 13 സംസ്ഥാനങ്ങളിലാണ്. ഇതില്‍ ബി.ജെ.പി. സഖ്യമില്ലാതെ ഒമ്പത് സംസ്ഥാനങ്ങളില്‍ ഭരിക്കുന്നു. ഇവയെല്ലാം താരതമ്യേന വലിയ സംസ്ഥാനങ്ങളും ആണ്. മധ്യപ്രദേശും മഹാരാഷ്ട്രയും ഗുജറാത്തും ഇവയില്‍പ്പെടുന്നു. ഒമ്പത് സംസ്ഥാനങ്ങളിലാണ് പ്രാദേശിക പാര്‍ട്ടികള്‍ ഭരിക്കുന്നത്. ഇതെല്ലാം തന്നെ വലിയ സംസ്ഥാനങ്ങളും ആണ്. ബംഗാളും ബീഹാറും തമിഴ്‌നാടും ഇതില്‍പെടുന്നു. രണ്ട് സംസ്ഥാനങ്ങള്‍-കേരളവും ത്രിപുരയും-ഇടതുപക്ഷം ഭരിക്കുന്നു. ഈ കണക്കുകളുടെ അടിസ്ഥാനത്തില്‍ ഒന്ന് മനസിലാക്കാം ബി.ജെ.പി.യും പ്രാദേശിക പാര്‍ട്ടികളുമാണ് ഇന്ന് ഇന്‍ഡ്യയിലെ പ്രധാന രാഷ്ട്രീയ ശക്തികള്‍. കോണ്‍ഗ്രസ് മിക്ക സംസ്ഥാനങ്ങളിലും മൂന്നാം സ്ഥാനത്തോ നാലാം സ്ഥാനത്തോ ആണ്. നാലാം സ്ഥാനത്തു നിന്ന് ഒന്നാം സ്ഥാനത്തേക്കുള്ള തിരിച്ചു വരവ് അത്ര എളുപ്പം അല്ല.
ഇപ്പേഴത്തെ അവസ്ഥ ഇതാണെങ്കില്‍ 2017-0 2018-0 കോണ്‍ഗ്രസിന് എന്തെങ്കിലും പ്രതീക്ഷ നല്‍കുന്നുണ്ടോ? ഏഴ് സംസ്ഥാനങ്ങള്‍ ആണ് 2017 ല്‍ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത്. 2018-ല്‍ എട്ട് സംസ്ഥാനങ്ങളും തെരഞ്ഞെടുപ്പിനെ നേരിടുന്നു. അതിന് അടുത്ത വര്‍ഷം(2019) ലോകസഭ തെരഞ്ഞെടുപ്പായതിനാല്‍ ഇതൊന്ന് പരിശോധിക്കാം.

2017-ലെ നിയമസഭ തെരഞ്ഞെടുപ്പുകളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത് ഉത്തര്‍പ്രദേശ് ആണ്. ഈ ഉത്തരേന്ത്യന്‍ സംസ്ഥാനം പ്രധാനമായും രണ്ട് പ്രാദേശിക പാര്‍ട്ടികളുടെ തട്ടകം ആണ്. അതായത് സമാജ് വാദി പാര്‍ട്ടി, ബഹുജന്‍ സമാജ് പാര്‍ട്ടി. ഇതില്‍ രണ്ടാമത്തേതാണ് ഇപ്പോഴത്തെ ഭരണകക്ഷി. 2014-ലെ ലോകസഭ തെരഞ്ഞെടുപ്പില്‍ ഇവിടെ 80 സീറ്റുകളില്‍ 71 സീറ്റുകളും ബി.ജെ.പി. നേടി. ഇന്‍ഡ്യ ആര് ഭരിക്കണമെന്ന് തീരുമാനിക്കുന്ന ഒരു സംസ്ഥാനം ആണ് ഉത്തര്‍പ്രദേശ്. ഇവിടെയും കോണ്‍ഗ്രസ് ഒരു ശക്തിയെ അല്ല. ബി.ജെ.പി.ക്ക് അടുത്ത വര്‍ഷം ഉത്തര്‍പ്രദേശില്‍ 2014 ആവര്‍ത്തിക്കുവാന്‍ സാധിച്ചാല്‍ അത് യു.പി.ഭരിക്കും, ആസാം പോലെ. ആസാമില്‍ 2014-ല്‍ 14-ല്‍ ഏഴ് സീറ്റും നേടിയാണ് ബി.ജെ.പി. ഇപ്പോള്‍ അധികാരത്തില്‍ വന്നത്. പക്ഷേ, ആസാം അല്ല യു.പി.അവിടെ എസ്.പി.ക്കോ ബി.എസ്.പി.ക്കോ എതിരെ 15 വര്‍ഷത്തെ ഭരണ വിരുദ്ധവികാരം ഇല്ല. ആസാമിലെ പോലെ ഒരു വര്‍ഗ്ഗീയ ധ്രൂവീകരണം യു.പി.യിലും സാധിച്ചാല്‍  ബി.ജെ.പി.ക്ക് അധികാരത്തില്‍ വരുവാന്‍ സാധിച്ചേക്കും. ആസാമില്‍ ബി.ജെ.പി.ക്ക് ഹിന്ദുവോട്ട് ധ്രൂവീകരണം സാധിച്ചുവെന്ന് മാത്രമല്ല മുസ്ലീം വോട്ട് കോണ്‍ഗ്രസിനും ഒരു മുസ്ലീം നേതൃപ്രാദേശിക കക്ഷിക്കും ഇടയില്‍  ഭിന്നിച്ചും പോയി. അനധികൃത ബംഗ്ലാദേശ് മുസ്ലീം കുടിയേറ്റം ബി.ജെ.പി. ആസാമില്‍ ശരിക്കും മുതലെടുത്തു. അതിനൊന്നും കോണ്‍ഗ്രസിന് ഉചിതമായ മറുപടിയോ നയപരിപാടിയോ ഉണ്ടായിരുന്നില്ല. ഇതൊക്കെയായിരുന്നു ബി.ജെ.പി.യുടെ വടക്ക്-കിഴക്കന്‍ വീരഗാഥയുടെ പൊരുള്‍. പക്ഷേ, യു.പി. കുറച്ച് കൂടെ വിഭിന്നം ആണ്. അവിടെ ജാതി രാഷ്ട്രീയം നല്ല സ്വാധീനം ചെലുത്തും. ഏതായാലും 2017-ല്‍ ബി.ജെ.പി.ക്ക് യു.പി.യില്‍ പ്രതീക്ഷക്ക് വകയുണ്ട്. മായാവതിക്കും. പക്ഷേ, കോണ്‍ഗ്രസിന് തല്‍ക്കാലം യാതൊരു പ്രതീക്ഷക്കും വകയില്ല. അതുകൊണ്ടു യു.പി.യും കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം 'മുക്തം.' അല്ലെങ്കില്‍ മായാവതിയുടെ സഖ്യം വേണം.

അടുത്ത സംസ്ഥാനം ഗുജറാത്ത് ആണ്. മോഡിയുടെ സ്വന്തം സംസ്ഥാനം. അവിടെ ബി.ജെ.പി.യും കോണ്‍ഗ്രസും മുഖാഭിമുഖമായിട്ടുള്ള ദ്വന്ദയുദ്ധം ആണ്. കോണ്‍ഗ്രസിന് ബി.ജെ.പി.യുടെ 18 വര്‍ഷമായിട്ടുള്ള ഭരണത്തിന് അറുതിവരുത്തുവാന്‍ സാധിക്കുമോ? സംശയമാണ്. ഒരു ഭരണവിരുദ്ധവികാരവും അവിടെ ഫലിക്കുവാന്‍ സാദ്ധ്യതയില്ല. എങ്കില്‍ ഗുജറാത്തും കോണ്‍ഗ്രസ് മുക്തം. ഗോവയും പഞ്ചാബും ഉത്തരാഖണ്ഡും മണിപ്പൂറും ഹിമാചല്‍ പ്രദേശും ആണ് 2017 ല്‍ തെരഞ്ഞെടുപ്പിന് പോകുന്ന മറ്റു സംസ്ഥാനങ്ങള്‍. ഇവയില്‍ ഹിമാചല്‍ പ്രദേശിലും ഉത്തരാഖണ്ഡിലും ഗോവയിലും കോണ്‍ഗ്രസും ബി.ജെ.പി.യും തമ്മിലുള്ള ബൈ പോളാര്‍ മത്സരം ആണ്. നേരിട്ടുള്ള മത്സരത്തില്‍ പലപ്പോഴും തന്നെ ബി.ജെ.പി.ക്ക് ആണ് വിജയം. ഹിമാചലും ഉത്തരാഖണ്ഡും കോണ്‍ഗ്രസാണ് ഭരിക്കുന്നത്. ഹിമാചല്‍ മുഖ്യമന്ത്രി വീരഭദ്രസിംങ്ങ് അഴിമതി ആരോപണ വിധേയനാണ്. ഉത്തരാഖണ്ഡില്‍ പരിച്ചുവിടുകപ്പെടുക വഴി ഒരു പക്ഷേ ഹരീഷ് റാവത്തിന് സഹതാപവോട്ട് തരംഗ സൃഷ്ടിക്കുവാന്‍  സാധിച്ചേക്കാം. കണ്ടറിയണം. ഇതാണ് കോണ്‍ഗ്രസിന് ഏറെ പ്രതീക്ഷിക്കുവാന്‍ ഇടയില്ലാത്ത 2017-ന്റെ കഥ. 

ഇനി 2018-ന്റെ ചിത്രം നോക്കാം. മധ്യപ്രദേശത്തും കര്‍ണ്ണാടകയും ആണ് രണ്ട് പ്രധാന സംസ്ഥാനങ്ങള്‍. കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണ്ണാടക നിലനിര്‍ത്തുകയെന്നത് അതിന് അത്ര എളുപ്പം അല്ല. മധ്യപ്രദേശിലും ഇരുപാര്‍ട്ടി സമരം ആണ്. 15 വര്‍ഷമായി സംസ്ഥാനം ഭരിക്കുന്ന ശിവരാജ് സിംങ്ങ് ചൗഹാനെ തുരത്തുവാനുള്ള ശക്തി കോണ്‍ഗ്രസിനില്ല ഇപ്പോള്‍. അതുകൊണ്ട് മധ്യപ്രദേശത്തും കോണ്‍ഗ്രസ് മുക്തമായി തുടരുവാനാണ് സാദ്ധ്യത. നാഗാലാന്റും മേഘാലയയും മിസോറാമും ആണ് മറ്റ് ചില സംസ്ഥാനങ്ങള്‍. നാഗാലാന്റില്‍ ബി.ജെ.പി. സഖ്യകക്ഷിയായിട്ടുള്ള ഭരണം ആണ്. കാര്യമായ എതിര്‍പ്പില്ല. ഭരണതുടര്‍ച്ചക്കാണ് സാദ്ധ്യത. മേഘാലയയില്‍ കോണ്‍ഗ്രസ് ഭരണം തുടര്‍ന്നേക്കാം. മിസോറാമില്‍ കോണ്‍ഗ്രസിന് പ്രാദേശിക പാര്‍ട്ടികളുടെ ശക്തമായ വെല്ലുവിളിയുണ്ട്. രാജസ്ഥാനില്‍ ബി.ജെ.പി. ഭരണം നിലനിര്‍ത്തുവാന്‍ ക്ലേശിക്കും. സച്ചില്‍ പൈലട്ടിലൂടെ പാര്‍ട്ടിയുടെ പുനരുജ്ജീവനത്തിനായി കോണ്‍ഗ്രസ് ശ്രമിക്കുകയാണ്. വിജയിക്കുകയോ വിജയിക്കാതിരിക്കുകയോ ചെയ്‌തേക്കാം. ഛത്തീസ്ഘട്ടില്‍ ബി.ജെ.പി. ഭരണമാണ് ഇപ്പോള്‍. കോണ്‍ഗ്രസ് ഭരണം തിരിച്ചു പിടിക്കുവാന്‍ ശ്രമിക്കും. പക്ഷേ, പാര്‍ട്ടി അവിടെ വിഘടിതവും ദുര്‍ബ്ബലവും ആണ്. ബി.ജെ.പി. മുഖ്യമന്ത്രി രമണ്‍ സിംങ്ങ് ഒട്ടേറെ വിവാദങ്ങളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അതുകൊണ്ട് ഒരു പക്ഷേ ഛത്തീസ്ഘട്ട് കോണ്‍ഗ്രസിന് മുക്തി നല്‍കിയേക്കാം. ത്രിപുരയില്‍ കോണ്‍ഗ്രസ്സും, ഇടതും തമ്മിലാണ് മത്സരം. ഇടതിന്റെ മാണിക്ക് സര്‍ക്കാര്‍ 23 വര്‍ഷമായിട്ടുള്ള ഭരണം നിലനിര്‍ത്തുവാനാണ് സാദ്ധ്യത.
അപ്പോള്‍ 2017-18- ലെ 15 സംസ്ഥാന തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന് പ്രതീക്ഷിക്കുവാന്‍ അധികം ഇല്ലെന്ന് സാരം. ബി.ജെ.പി.ക്കാണ് വിജയ സാദ്ധ്യത. പിന്നെ പ്രാദേശീക പാര്‍ട്ടികള്‍ക്കും.

കോണ്‍ഗ്രസിന്റെ ഈ തകര്‍ച്ചയുടെ പ്രധാന കാരണം അതിന്റെ നേതൃപരാജയവും ആശയ-നയപരിപാടി തകര്‍ച്ചയും ആണ്. ദേശീയ-സംസ്ഥാന തലങ്ങളില്‍ കോണ്‍ഗ്രസിന്റെ നേതൃത്വം അമ്പേ പരാജയപ്പെട്ടിരിക്കുന്നു. അധര- പാദസേവകര്‍ക്ക് മാത്രമാണ് പാര്‍ട്ടിയില്‍ സ്ഥാനം. യുവനേതൃത്വത്തെ വളരുവാന്‍ അനുവദിക്കുന്നില്ല. സ്തുതിപാഠകര്‍ക്കു മാത്രമാണ് പാര്‍ട്ടിയില്‍ സ്ഥാനം. നേതാക്കന്മാര്‍ മാത്രമെ പാര്‍ട്ടിയില്‍ ഉള്ളൂ. അനുയായികള്‍ ഇല്ല. കക്കാനും കവരാനുമായിട്ടാണ് പലരും ഖദര്‍ ഇടുന്നത്. സ്വതന്ത്ര്യാനന്തരം കോണ്‍ഗ്രസിനെ ജനങ്ങളോടടുപ്പിച്ചത് ഇന്‍ഡ്യക്ക് സ്വാതന്ത്ര്യം  നേടിത്തന്ന പാര്‍ട്ടി എന്ന സ്ഥാനം ആണ്. അതിന്റെ കാലം കഴിഞ്ഞു. അതിനുശേഷം മതനിരപേക്ഷത എന്ന പേരില്‍ പാര്‍ട്ടിവോട്ട് ചോദിച്ചു. അത് ഇപ്പോള്‍ ഫലിക്കുന്നില്ല എന്നതിന്റെ സൂചനയാണ് 2014 മുതലുള്ള തെരഞ്ഞെടുപ്പു ഫലങ്ങള്‍. മതനിരപേക്ഷതക്ക് ഇപ്പോഴും പ്രസക്തിയുണ്ട്. പക്ഷേ, കോണ്‍ഗ്രസ്സിന് പ്രസക്തിയില്ലാതായി കൊണ്ടിരിക്കുന്നു. അഴിമതിയും കുടുംബവാഴ്ചയും അതിനെ തകര്‍ത്തിരിക്കുന്നു. അതിന് ഇനി ഒരു ഭാവിയുണ്ടോ? ഇല്ലെങ്കില്‍ അത് സൃഷ്ടിക്കുന്ന ശൂന്യതയെ ഇന്‍ഡ്യ എങ്ങനെ നേരിടും?

ബി.ജെ.പി.യുടെ തെക്കന്‍ വീരഗാഥ കേരളത്തിലെ ഒറ്റ സീറ്റില്‍ ഒതുങ്ങുന്നതല്ല. ഓ. രാജഗോപാലിന്റെ വിജയം(നേമം) അദ്ദേഹത്തിന്റെ വ്യക്തി പ്രഭാവത്തിന്റെ വിജയം ആണെന്ന് വിമര്‍ശകര്‍ വാദിച്ചേക്കാം. അല്ലെങ്കില്‍ പലകുറി മത്സരിച്ചു തോറ്റ അദ്ദേഹത്തോടുള്ള സഹതാപം കൊണ്ടോ അദ്ദേഹത്തിന്റെ പ്രായത്തോടുള്ള ആദരവ് കൊണ്ടോ ആണെന്നോ എല്ലാം സമര്‍ത്ഥിച്ചേക്കാം. പക്ഷേ, തെരഞ്ഞെടുപ്പ് ഫലം സൂക്ഷമമായി പരിശോധിച്ചാല്‍ മനസിലാകും ബി.ജെ.പി.യുടെ സജീവ സാന്നിദ്ധ്യം കേരളമാകെ. പാര്‍ട്ടിയുടെ വോട്ട് ശതമാനം കാര്യമായി വര്‍ദ്ധിച്ചിട്ടില്ലെന്നത് ശരി തന്നെ പക്ഷേ, പാര്‍ട്ടി മഞ്ചേശ്വരത്ത് തോറ്റത് വെറും 89 വോട്ടുകള്‍ക്ക് ആണ് (കെ.സുരേന്ദ്രന്‍). പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ പരജായപ്പെട്ടെങ്കിലും(വട്ടിയൂര്‍ക്കാവ്) അദ്ദേഹം കെ.മുരളീധരനോട് ഇഞ്ചോടിഞ്ച് പോരാട്ടത്തിലായിരുന്നു അവസാനത്തെ റൗണ്ട് വരെ. അഞ്ച് സീറ്റുകളില്‍ ബി.ജെ.പി. രണ്ടാം സ്ഥാനത്തായിരുന്നു. 3 സ്ഥാനാര്‍ത്ഥികള്‍ 50,000 വോട്ടിലേറെ പിടിച്ചു 24 സ്ഥാനാര്‍ത്ഥികള്‍(എന്‍.ഡി.എ.) 30000 വോട്ടിലേറെ പിടിച്ചു.

ബി.ജെ.പി.യുടെ വടക്ക്-കിഴക്ക്-തെക്കന്‍ വീരഗാഥയും കോണ്‍ഗ്രസിന്റെ പരാജയങ്ങളും വരുവാനിരിക്കുന്ന പരാജയങ്ങളും പ്രാദേശീക പാര്‍ട്ടികളുടെ കരുത്താര്‍ജ്ജിക്കലും ഇന്‍ഡ്യന്‍ രാഷ്ട്രീയത്തിലെ ചിലവഴിത്തിരിവുകളാണ്. ശക്തമായ ചൂണ്ടു പലകകളാണ്. ആഴത്തിലുള്ള അടിയൊഴുക്കുകളെയാണ് അവ പ്രതിഫലിപ്പിക്കുന്നത്.

ഒരു വടക്ക്-കിഴക്ക്-തെക്കന്‍ വീരഗാഥ (ഡല്‍ഹികത്ത്: പി.വി.തോമസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക