Image

അമേരിക്ക(നോവല്‍-12) മണ്ണിക്കരോട്ട്

Published on 23 May, 2016
അമേരിക്ക(നോവല്‍-12) മണ്ണിക്കരോട്ട്
അമ്മിണിയും കൂട്ടരും അമേരിക്കയില്‍ വന്നിട്ട് ഒരു വര്‍ഷത്തോളമായിരിക്കുന്നു. 

അമേരിക്കയില്‍ മററു രാജ്യങ്ങളില്‍ നിന്നുള്ള നേഴ്‌സുമാരുടെ പ്രവാഹം കുറഞ്ഞില്ല. പോളിന്റെ ശുക്രന്‍ പൂത്തുലഞ്ഞു. കൊയ്ത്തായിരുന്നു. സാമ്പത്തികമായും ശാരീരികമായും അയാളുടെ ബ്ലൂഹെവന് തിരക്കേറി. ബ്ലൂഫിലിം കണ്ടും അഭിനയിച്ചും അയാള്‍ സുഖസൗകര്യങ്ങളുടെ കൊടുമുടി കയറി. 

അപ്പോഴും മോനിക്ക് പോള്‍, പോളച്ചായന്‍ തന്നെ. അയാള്‍ ആ ഭാഗവും അഭിനയിച്ചു. 
ന്യൂയോര്‍ക്ക് പട്ടണം വിട്ട്, ന്യൂയോര്‍ക്ക് സംസ്ഥാനത്തിന്റെ പല ഭാഗത്തും നമ്മുടെ നേഴ്‌സുമാരായി. ന്യൂജേഴ്‌സി, ഫിലാഡല്‍ഫിയാ മുതലായ സ്ഥലങ്ങളിലേക്കും അതു പടര്‍ന്നു. 

ജോലിക്കൊപ്പം പഠിത്തവും ത്വരിതഗതിയില്‍ നടക്കുന്നു. സ്റ്റെയിറ്റ് ബോര്‍ഡെന്ന കടമ്പ കടന്ന് കിട്ടണം. അതിന് ഒന്ന് രണ്ടു പ്രാവശ്യം പോയവരുണ്ട്. ആരും പാസ്സായില്ലെന്നു മാത്രം. 

നാട്ടിലെ രീതിയിലുള്ള ചോദ്യങ്ങള്‍ കാണുന്നില്ല. എന്തെങ്കിലും എഴുതിവെച്ച് കുറച്ചെങ്കിലും മാര്‍ക്ക് വാങ്ങിക്കാമെന്ന രീതിയും നടക്കുന്നില്ല. ഉത്തരക്കടലാസ് കമ്പ്യൂട്ടറില്‍ നോക്കിയാണ് മാര്‍ക്ക് ഇടുന്നത്. 

ചോദ്യങ്ങള്‍ക്ക് ശരിയായ ഉത്തരം അറിഞ്ഞിരിക്കണം. അതിന്റെ നമ്പര്‍ ഉത്തരകടലാസിലെ നമ്പരില്‍ വരയ്ക്കണം. സംഗതി നിസാരം. പക്ഷെ, ഒരു വര തെറ്റിയാല്‍ ഉത്തരം തെറ്റി. ഒപ്പം തലയിലെ വരയും.
ചോദ്യങ്ങളെല്ലാം അമേരിക്കയിലെ സാമ്പത്തിക സാംസ്‌കാരിക സാമൂഹ്യ രീതികളെ അടിസ്ഥാനമാക്കിയുള്ളതാണ്. രോഗികളുടെ മാനസിക നില മനസ്സിലാക്കി പെരുമാറാനുള്ള മനഃശാസ്ത്ര പാണ്ഢിത്യമുണ്ടോ എന്നുള്ള പരിശോധന വേറെ. 

അമേരിക്കയില്‍ അത്ര വട്ടില്ലാത്ത ആരുമില്ലെന്ന് ആരോ പറഞ്ഞു. കേട്ടിട്ടുള്ളത് ശരിയാണെന്ന് തോന്നി. മുക്കാല്‍ വട്ടുകാരാണ് മുക്കാലുമെന്ന് തോന്നാത്തവരുമില്ല. മുഴുവട്ടുകാരുടെ കൂട്ടം വേറെ. അവരോട് പെരുമാറാനുള്ള രീതികള്‍ അറിഞ്ഞിരിക്കണം.

നമ്മുടെ നേഴ്‌സുമാര്‍ക്ക് ചോദ്യങ്ങള്‍ വായിച്ചു മനസ്സിലാക്കുന്നതായിരുന്നു പ്രയാസവും സമയതാമസവും. അന്നമ്മ ഒന്നു വായിച്ചു തീരമ്പോഴേക്കും അടുത്തിരിക്കുന്ന മദാമ്മ പത്തെണ്ണത്തില്‍ കുത്തി കഴിയും. മദാമ്മ പരിപാടി പാസ്സാക്കി പുറത്തു കടക്കാന്‍ തിടുക്കം കൂട്ടുമ്പോള്‍ 'അന്നമ്മ' പകുതി വരെ ആയിട്ടില്ല. മദാമ്മ നിസാരമട്ടില്‍ കടന്നുപോകുമ്പോള്‍ അന്നമ്മയുടെ കണ്ണ് തള്ളുന്നു. വിരലുകള്‍ വിയര്‍ക്കുന്നു. ഉള്ളില്‍ താളമേളം.

അമേരിക്കയില്‍ ശ്രീമതിമാര്‍ ഹോസ്പിറ്റലുകളും സ്റ്റെയിറ്റുബോര്‍ഡുമായി മല്ലിടുമ്പോള്‍, നാട്ടില്‍ ശ്രീമാ•ാര്‍ പാസ്‌പോര്‍ട്ട് ഓഫീസിലും അമേരിക്കന്‍ കോണ്‍സുലേറ്റിലും കയറി ഇറങ്ങുന്നു.
അവിവാഹിതയായ ലില്ലിക്കുട്ടിക്ക് വയസ്സ് മുപ്പതിനോടടുത്തു. കുടുംബത്തെ സഹായിച്ചും 
ഇളയവരുടെ വിവാഹം നടത്തിയും സ്വന്തം കാര്യം തള്ളപ്പെട്ടു. ഇപ്പോള്‍ ആലോചനകള്‍ വരുന്നുണ്ട്. 

പക്ഷേ, അവള്‍ക്കിപ്പോള്‍ വിവാഹം വേണ്ടെന്നാണ് മാതാപിതാക്കളുടെ അഭിപ്രായം.

റോസിയുടെ ഭര്‍ത്താവ് ഫിലിപ്പ് പട്ടാളത്തില്‍ സിഗ്നല്‍ മാന്‍ ആയിരുന്നു. റോസി അമേരിക്കയില്‍ പോയ ശേഷം അയാള്‍ ആളാകെ മാറി. സായിപ്പ് കളിച്ച് നോക്കി. ജോലയിലൊന്നും ശ്രദ്ധിച്ചില്ല. 
നിയമങ്ങള്‍ പാലിച്ചില്ല. മുതിര്‍ന്ന ഓഫീസേഴ്‌സിനോടുപോലും കയര്‍ത്തു പറഞ്ഞു.

ഫിലിപ്പിന് വട്ടുപിടിച്ചെന്ന് സംശയിച്ച് സൈക്യാട്രിക് ഹോസ്പിറ്റലിലാക്കി. കിട്ടിയ അവസരം തക്കത്തില്‍ ഉപയോഗിച്ച് തനിഭ്രാന്തനായി അഭിനയിച്ച് അയാള്‍ പട്ടാളത്തില്‍ നിന്ന് ഡിസ്ചാര്‍ജ് നേടിയെടുത്തു. 

ഇപ്പോള്‍ പാസ്‌പോര്‍ട്ട് ഓഫീസിലും കോണ്‍സുലേറ്റിലും കറങ്ങുന്നവരുടെ കൂട്ടത്തില്‍ ഫിലിപ്പുമുണ്ട്. 
കടല്‍ കടക്കാന്‍ കാലമായ ശ്രീമാ•ാരുടെ ശ്രീമതികള്‍ സ്വന്തമായ അപ്പാര്‍ട്ടുമെന്റുകള്‍ അന്വേഷിച്ചു. വേണ്ട ചില്ലറ സാധനങ്ങളും സമ്പാദിച്ചു. 

റോസി വളരെ നേരത്തെതന്നെ സ്വന്തമായ അപ്പാര്‍ട്ട്‌മെന്റിലേക്ക് മാറിക്കഴിഞ്ഞിരിക്കുന്നു. ഓരോ ടേപ്പ് റിക്കാര്‍ഡര്‍ വാങ്ങിക്കാത്ത ആരുമില്ല. നാട്ടില്‍ വെച്ചേ ഉള്ള ആഗ്രഹമായിരുന്നു ടേപ്പ് വെച്ച് പാട്ട് കേള്‍ക്കാന്‍. ആ ചിരകാലാഭിലാഷം ഇപ്പോള്‍ സഫലമായി.

നാട്ടില്‍ ഭര്‍ത്താക്ക•ാര്‍ അക്കരെ കടക്കാനുള്ള ഒരുക്കങ്ങളായി. താമസിച്ചിരുന്ന കുഗ്രാമം വിട്ടുപോലും പുറത്തുകടന്നിട്ടില്ലാത്ത പൂവന്‍കോഴികളാണെന്ന് ഭാവിക്കുന്ന അടക്കോഴികളായ പൂവാല•ാര്‍ എന്തിനു കുറയ്ക്കണം...? അവള്‍ അയച്ചുകൊടുത്ത പണം കയ്യിലുണ്ടല്ലോ.

നാട്ടില്‍ കിട്ടാവുന്നതിലും ഏറ്റവും മുന്തിയ സൂട്ടിന്റെ തുണിയെടുത്ത് എറണാകുളത്തോ കോട്ടയത്തോ കൊടുത്ത് തയ്പിച്ചു. സൂട്ടിലും ഷൂസിലും കയറിപ്പറ്റി കോണകവാലുകള്‍ മുറുക്കി. ആരോ തൊണ്ട പിടിച്ച് ഞെരിക്കുന്നതുപോലെ. കാലുകള്‍ ആമത്തിലിട്ടപോലെ.

പട്ടാളക്കൂട്ടില്‍ നിന്നും കെട്ടുപൊട്ടിച്ച് പുറത്തു ചാടിവരുമുണ്ട്. പട്ടാളത്തിനുപുറത്ത് ജീവിതം കണ്ടിട്ടില്ലെങ്കിലും ഈ ലോകമെല്ലാം കണ്ട മട്ടുള്ള അവരും കോട്ട് സ്യൂട്ട് കോണകവാലുകളില്‍ കയറി. 

ബോംബെ, ഡല്‍ഹി എയര്‍പോര്‍ട്ടുകളില്‍ പുതുപ്പുള്ളികളെ കണ്ടു തുടങ്ങി. കേരളത്തില്‍ നിന്ന് വന്നവര്‍ക്ക് മറ്റുള്ളവരെ കണ്ടപ്പോള്‍ ഒരു ചെറിയ പരുങ്ങല്‍. തങ്ങള്‍ കയറികൂടിയിരിക്കുന്ന കുന്ത്രാണ്ടങ്ങള്‍ ശരിയോ?

വിദ്യാഭ്യാസവും സംസ്‌കാരവും ഉള്ള ചിലര്‍ സാമാന്യവേഷത്തില്‍ അങ്ങിങ്ങായി ഒഴിഞ്ഞു നിന്നു. കളകളുടെ ഇടയില്‍ കുരുത്ത വിത്തുപോലെ അവര്‍ ഞെരുങ്ങിപ്പോയി.

നാട്ടില്‍ ബസ്സുകളില്‍ തള്ളിക്കയറുന്ന പരാക്രമത്തോടെ ഇടിച്ചും ഉന്തിയും തള്ളിയും പ്ലെയിനില്‍ കയറി. എയര്‍ഹോസ്റ്റസിനോട് വിളിച്ചു പറയുന്നു. 

എടോ, എടെ ഇച്ചിരി പാലിഞ്ഞെട്, കൊച്ച് കരയുന്നു.

ന്യൂയോര്‍ക്കിലെ കെന്നഡി എയര്‍പോര്‍ട്ട്-കൊമ്പ•ാര്‍ ഭാണ്ഡങ്ങള്‍ തൂക്കിപ്പുറത്തിറങ്ങി. 

ഇമ്മിഗ്രേഷന്റെ ഓരോ ലൈനിലും നീണ്ട ക്യൂ. നമ്മുടെ കൊമ്പ•ാര്‍ക്ക് ലൈനില്‍ നിന്നിട്ട് കാലുറക്കുന്നില്ല. 

ഒരു നിമിഷം കൊണ്ട് കാര്യം തീര്‍ത്ത് വെളിയില്‍ കടക്കാന്‍ കൊമ്പന്‍ തോമ്മായ്ക്ക് ധൃതിയായി. പണ്ട് തറടിക്കറ്റെടുത്ത് സിനിമയ്ക്ക് കയറി വേലി ചാടി കസേരയിലിരുന്ന് സിനിമ കണ്ട വീരനാണ് കൊമ്പന്‍ തോമ്മാ. ആ മിടുക്കൊന്നു കളിച്ചു നോക്കി. ലൈന്‍ വിട്ട് മുന്‍പോട്ട് കടന്നതും യൂണിഫോം ഇട്ട് തോക്കും ധരിച്ച ഒരു സെക്യൂരിററി ഗാര്‍ഡ് മുന്‍പില്‍. കാണ്ടാമൃഗത്തെ പോലെ അവന്‍ ഒരു നോട്ടം. കൊമ്പന്‍ തോമ്മാ മുള്ളിപ്പോയി.

ഇമ്മിഗ്രേഷന്‍ കഴിഞ്ഞ് പെട്ടികളെടുത്ത് കസ്റ്റംസിലായി.

ഒരു മഹാന്റെ പെട്ടി തുറന്ന് സായിപ്പ് വലിച്ചെടുത്തത് കുടംപുളിയാണ്. അയാള്‍ നോക്കിയപ്പോള്‍ എന്തോ കറുത്തു കരുവാളിച്ച സാധനം. 

ഇതെന്താണ്...? സായിപ്പ് ചോദിച്ചു.

അഹാന് കുടംപുളിയുടെ ഇംഗ്ലീഷറിയില്ല. പക്ഷെ,. ആള് ബുദ്ധിമാനാണ്. ഒരല്പം മംഗ്ലീഷ് തന്നെ പ്രയോഗിക്കാമെന്ന് കരുതി.

കുരം പുലി, കുരം പുലി

വാട്ട്? സായിപ്പ് എടുത്തു ചോദിച്ചു.

അയാളുടെ ഭാവം കണ്ടപ്പോള്‍ മഹാന്റെ നാവു താണു. 
ട്ടാളത്തിലായിരുന്ന പണ്ഡിതനായ ഒരു മലയാളി അടുത്തു നില്‍പുണ്ട്. പ്ലെയിനില്‍ വെച്ച് പരിചയപ്പെട്ടതാണ്.

എടോ കുടംപുളിക്ക് എന്തുവാ പറേന്നത്?

പണ്ഡിതന്റെ വില്ലൊടിക്കുന്ന ചോദ്യം. എന്തെങ്കിലും പറഞ്ഞു കൊടുക്കാതിരുന്നാല്‍ മോശം.

ഇമലി ഫോര്‍ ഫിഷ് കറി എന്നു പറഞ്ഞേരെ.

ഇമലി ഫോര്‍ ഫിഷ് കറി. അഹാന്‍ വെച്ചുകാച്ചി.

ഷിറ്റ്... സായ്പിപ്പിന് അരിശം വന്നു. 

കുരം പുലി ചവറ്റുകൊട്ടയില്‍ പറന്നു വീണു.

സായിപ്പ് അടുത്തയാളിന്റെ പെട്ടി തുറന്നു. ഉണ്ടയാണ് കയ്യില്‍ കിട്ടിയത്.

ഇതെന്താണ്...?

ഉണ്ടെയ്

ബുള്‍ഷിറ്റ്.

അരിശം കൊണ്ടിരുന്ന സായിപ്പ് വിശദീകരണത്തിന് പോയില്ല. അയാളുടെ ഉണ്ടെയും ചവറ്റുകൊട്ടയില്‍ കിടന്നു. ഉണ്ടക്കാരന്‍ ആശ്വസിച്ചു. ഇവനൊന്നും ഗ്രാമര്‍ ചേര്‍ത്ത നല്ല ഇംഗ്ലീഷ് അറിയില്ലെന്നേ.

പുറത്ത് ശ്രീമതിമാരെ കണ്ടതോടെ ശ്രീമാന്‍മാരുടെ കൊമ്പുയര്‍ന്നു. അവരവര്‍ക്ക് ചേരാത്ത സൂട്ടും. സൂട്ടിന് ചേരാത്ത ടൈയ്യും. മൂടല്‍ മഞ്ഞുള്ളപ്പോള്‍ കറുത്ത കണ്ണടയും ഒക്കെ ധരിച്ച മനുഷ്യരെ കണ്ടപ്പോള്‍ ഇവനൊക്കെ ഏത് പട്ടിക്കാട്ടില്‍ നിന്ന് വന്നരെന്ന് മറ്റുള്ളവര്‍ക്ക് തോന്നി.

കറുത്ത കണ്ണട ചൂടി മേലോട്ടും ചുറ്റും നോക്കി കറങ്ങി വന്ന ഒരു മഹാന് ചെറിയ ഒരബദ്ധം പിണഞ്ഞു. അടുത്തുനിന്ന മദാമ്മയ്ക്കിട്ടൊരു മുട്ട്. കണ്ണാടി പൊക്കി നോക്കിയപ്പോഴാണ് അത് മദാമ്മയാണെന്ന് മനസ്സിലാകുന്നത്. എന്നിട്ട് ക്ഷമ പോലും പറയാതെ ആള്‍ മുമ്പോട്ട്.
സ്റ്റുപിഡ്. മദാമ്മ ദേഷ്യപ്പെട്ടു കടന്നുപോയി.

ഈ അമേരിക്കിലെങ്ങും കണ്ണാടി കിട്ടത്തില്ലേ? 

ഭാര്യയെ കണ്ടപ്പോള്‍ ആദ്യം ചോദിക്കുന്നതാണ്. ഇതു കേട്ടപ്പോള്‍ അവള്‍ക്കു നാക്കു ചൊറിഞ്ഞു വന്നു. 

അതെന്താ....?

ഈ കണ്ണ് കാണാത്ത മദാമ്മമാര്‍ക്കൊക്കെ ഓരോ കണ്ണാടി വാങ്ങിച്ചുകൂടെ.

അതുകൂടി ആയപ്പോള്‍ അവള്‍ക്ക് ശരീരം മുഴുവനും ചൊറിയുന്നതുപോലെ തോന്നി. ഒരക്ഷരം പറയാതെ അയാളുടെ മുഖത്തിരിക്കുന്ന കറുത്ത സാധനം വലിച്ചെടുത്ത് അവള്‍ ബാഗിലിട്ടു.

ഓരോരുത്തരും കാറില്‍ കയറി. പാവം പെണ്ണുങ്ങള്‍ ആരുടെയൊക്കെയോ കാലുപിടിച്ചു കൊണ്ടുവന്ന കാര്‍. അതിലിലുന്നപ്പോള്‍ താനൊരു വി.ഐ.പി.യോ എന്നൊരു തോന്നല്‍. കുറച്ചു കഴിയട്ടെ ഇവനെപ്പോലൊന്നിന്റെ ചക്രം എന്റെ കയ്യിലും കിടന്ന് കളിക്കും എന്നൊരു ഭാവം. ഹൈവേയില്‍ കാര്‍ പറന്നുപോയപ്പോള്‍ പ്ലെയിനിലിരുന്നതിലും സുഖം.

അപ്പാര്‍ട്ട്‌മെന്റിലെത്തി. എന്തൊരു സുന്ദരമായ ഭവനം. ഭിത്തി മുതല്‍ ഭിത്തിവരെ പരവതാനി. മനോഹരമായ ഫര്‍ണിച്ചര്‍, ടെലിവിഷന്‍, ടെലിഫോണ്‍. ഇവിടെ എന്താണൊരു കുറവ്. എങ്ങനെ കുറയും? ഡോളര്‍ കൊയ്യുന്ന അരിവാളല്ലെ അടുത്തു നില്‍ക്കുന്നത്.

തന്നെ കാണാന്‍ പലരും വന്നിരിക്കുന്നു. പ്രാധാന്യമുള്ള ആളാണ്. ഊണിനിരുന്നു. വിഭവസമൃദ്ധരായ തനി നാടന്‍ ഊണ്. ഊണ് കഴിഞ്ഞപ്പോള്‍ കാണാന്‍ വന്നവര്‍ കള്ളച്ചിരിയും കാണിച്ച് കടന്നുപോയി. പിന്നെ താമസിച്ചില്ല. 

ഇങ്ങോട്ടൊന്നു വാടീ. എത്ര നാളായെടീ....

എങ്കിലും ഒരല്പം സായിപ്പിന്റെ കള്ളും കൂടി ഉണ്ടായിരുന്നെങ്കില്‍! അമ്മിണിയുടെ കൂട്ടുകാരില്‍ 
റോസിയുടെ ഭര്‍ത്താവ് ഫിലിപ്പിനാണ് ആദ്യം അമേരിക്കയിലെത്താന്‍ കഴിഞ്ഞത്. മക്കള്‍ ലജുവും ലിജിയും കൂടെയുണ്ട്. 

ആദ്യ ദിവസത്തെ സ്വീകരണങ്ങള്‍ കഴിഞ്ഞപ്പോള്‍ ഫിലിപ്പ് മനസ്സില്‍ കണ്ടു. ഇനി ഞാനിവിടൊരു കളിയുണ്ട്.

**************************


അമേരിക്ക(നോവല്‍-12) മണ്ണിക്കരോട്ട്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക