Image

മാലിനിയുടെ 'നീയും ഞാനും പിന്നെ നമ്മളും': ഡോ.നന്ദകുമാര്‍ ചാണയില്‍

ഡോ.നന്ദകുമാര്‍ ചാണയില്‍ Published on 26 May, 2016
മാലിനിയുടെ 'നീയും ഞാനും പിന്നെ നമ്മളും': ഡോ.നന്ദകുമാര്‍ ചാണയില്‍

ഒരു ലഘു ആസ്വാദനം- നന്ദകുമാര്‍ ചാണയില്‍

വിദേശ മലയാളികളുടെ സാംസ്‌കാരിക മാസികയായ 'ജനനി' യുടെ താളുകളിലൂടെ നമുക്കെല്ലാം സുപരിചിതയാണല്ലോ, മാലിനി എന്നതു തൂലികാ നാമത്തില്‍ എഴുതുന്ന ശ്രീമതി. നിര്‍മ്മല ജോസഫ് തടം. 'പാപനാശിനിയുടെ തീരത്ത് പ്രാര്‍ത്ഥനയോടെ' എന്ന ചെറുകഥാ സമാഹാരം 2012 ല്‍ ഇവര്‍ പ്രകാശനം ചെയ്തിരുന്നു. ആ പുസ്തകത്തെക്കുറിച്ച് ഒരു ഹ്രസ്വപഠനം നടത്താനുള്ള ഭാഗ്യം എനിക്കുണ്ടായി. ആ പുസ്തകത്തിന്റെ പുറച്ചിത്രം ദൃഷ്ടാക്കള്‍ക്കു നല്‍കുന്ന മാതൃവാത്സല്യം കരകവിഞ്ഞൊഴുകുന്ന സന്ദേശം പ്രമേയമാക്കിയുള്ള പല സുന്ദരകഥകളും ആ സമാഹാരത്തിലുണ്ട്. ഒരു മാതൃഹൃദയത്തിന്റെ തുടിപ്പുകളും സ്‌നേഹദുഗ്ദത്തിന്റെ നറുമണവും അനുവാചകഹൃദയങ്ങളിലേക്ക് പകര്‍ന്നു നല്‍കുന്നതില്‍ കഥാകാരി വിജയിക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ, 2015 ല്‍ 'നീയും ഞാനും പിന്നെ നമ്മളും'എന്ന മറ്റൊരു സമാഹാരവും പ്രസിദ്ധീകരിച്ചിരിക്കുന്നു. തൂലികാനാമമായാലും ശരിക്കുള്ള പേരായാലും രണ്ടുപേരുകളിലുള്ള(മാലിനി/നിര്‍മ്മല) വിശുദ്ധിയും നെര്‍മ്മല്യവും തന്റെ കൃതികളിലും കാത്തു സൂക്ഷിക്കുന്നതില്‍ ദത്താവധാനയാണെന്നും വായനക്കാര്‍ക്ക് മനസ്സിലാകും. മൊത്തത്തില്‍, ഋജുവും, സരളലളിതവുമാണ് ശ്രീമതി.നിര്‍മ്മലയുടേത്. വാക്‌ധോരണിയുടെ ചമയങ്ങളില്ലാതെ, മിതമായഭാഷയില്‍, മിതമായ വാക്കുകള്‍ ഉപയോഗിച്ച്, എന്നാല്‍ കുറിക്കുകൊള്ളുംവിധമുള്ള പദവിന്യാസത്തിലൂടെ സൂചകങ്ങളുപയോഗിച്ച്, എല്ലാം വെട്ടിത്തുറങ്ങുപറയാതെ, പ്രമേയോംഗിതങ്ങളുടെ സാരസ്യം അനുവാചകന്റെ അനുമാനത്തിന് വിട്ടുകൊടുക്കുന്ന രീതിയാണ് കഥാകൃത്തിന്റേത്.

ഇനി, ഇന്നത്തെ പ്രതിപാദിത പ്രമേയങ്ങളിലേക്ക് കടക്കട്ടെ. ശ്രേഷ്ഠഭാഷയായ നമ്മുടെ മലയാളത്തിന്റെ തനിമ ഒന്നുവേറെ തന്നെയാണ്. ഇതരഭാഷകളില്‍ ഇല്ലാത്ത, മലയാളത്തിനുമാത്രം തനതായ, അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വവുമായ ഒരു പദമാണ്. 'നമ്മള്‍'  ആദിയില്‍, ദൈവം ആണിനെ സൃഷ്ടിച്ച്, ആണിന്റെ എല്ലില്‍ നിന്നും ഒന്നെടുത്ത് പെണ്ണിനെ സൃഷ്ടിച്ച്, അവരെ പറുദീസയില്‍ വാഴിച്ച അന്നുതുടങ്ങി ആണും പെണ്ണും തമ്മിലുള്ള കിറുകിറുപ്പ്. നീയോ കേമന്‍, ഞാനോ കേമി? അല്ലെങ്കില്‍, കാഥികയുടെ തന്നെ വരികളില്‍ മൊഴിയട്ടെ: ശാക്തീകരണത്തിന്റെ വേദിയില്‍ അലറിപ്പറഞ്ഞു, തെരുവുകളില്‍ അണി നിരന്നും തമ്മില്‍ത്തല്ലി തര്‍ക്കിച്ച് തളര്‍ന്ന്, പകലിനെ അവര്‍ പുറത്തുപേക്ഷിച്ചു'; എന്നിട്ടോ, ഭൂമിയെ ഇരുട്ടുതൊട്ടു തുടങ്ങിയപ്പോള്‍ അവനും അവളും വീടിന്റെ പടികടന്ന് കതകടച്ചു'. അങ്ങിനെ പകല്‍ വെളിച്ചത്തില്‍ മുറുമുറുപ്പു നാടകം കളിച്ച 'നീയും ഞാനും' രാത്രിയുടെ ഇരുട്ടില്‍ ഒട്ടിച്ചേര്‍ന്നപ്പോള്‍ 'നമ്മളായ' രസരാസപ്പരിവര്‍ത്തനവും, തുടര്‍ന്നു സര്‍വ്വജ്ഞാനിയായ ഉടയോന്റെ ചുണ്ടിലും പുഞ്ചിരി വിരിയിപ്പിച്ചു അനുരാഗക്കഥയുടെ തമ്പുരാട്ടി. അന്നും ഇന്നും നമുക്കു ചുറ്റും കാണുന്ന 'മാച്ചോമാന്റെ' പൊങ്ങച്ചങ്ങളും, പരിഭവങ്ങളാലും ആവലാതികളാലും ബലഹീനമായ ചില കിന്നാരപ്രിയരായ നാരിമാരുടെ കിന്നാരങ്ങളും കാച്ചിക്കുറുക്കി തന്മയത്വത്തോടെ ചിത്രീകരിച്ചിട്ടുണ്ട്. പറഞ്ഞു, പറഞ്ഞില്ല എന്ന മട്ടിലോ ഒരു അശരീരിപോലെയോ, സ്ത്രീയും പുരുഷനും പരസ്പര പൂരകങ്ങളാണെന്നും, ഒന്നില്ലാതെ, മറ്റൊന്നിന്റെ നിലനില്‍പ് ഇല്ലെന്നുള്ള സന്ദേശം, 'ഞാനും നീയും' 'നമ്മള്‍' ആയി പരിണമിച്ച വിസ്മയം, വരികള്‍ക്കിടയില്‍ കൂട്ടിവായിക്കാന്‍ വായനക്കാരനായിവിടുന്നു.
   


'ചില സ്ത്രീപക്ഷചിന്താഗതികള്‍' എന്ന കഥയിലൂടെ വിഹരിക്കുന്ന ഒരാള്‍ക്ക് തുടക്കത്തില്‍, അതൊരു മൈതാന പ്രസംഗമായി തോന്നിയിട്ടുണ്ടെങ്കില്‍, വായനക്കാരാ, മുന്‍വിധികള്‍ക്കൊരുങ്ങരുതേ എന്നേ പറയാനുള്ളൂ. ആരോ പറഞ്ഞതുപോലെ, ശരിക്കും മുങ്ങിത്തപ്പൂ, മുത്തുകള്‍ക്കിട്ടിയേക്കും. ഈ കഥയിലെ കഥാനായികയായ ശശികല സ്ത്രീ പുരുഷ മേധാവിത്വത്തില്‍നിന്നും മോചനം നേടുന്നതിനെപ്പറ്റിതീപ്പൊരു പ്രസംഗം നടത്തി വീട്ടില്‍ തിരിച്ചുവന്നപ്പോഴുണ്ട് ഭര്‍ത്താവില്‍ നിന്നുള്ള പീഡനം സഹിക്കവയ്യാതെ, സഹോദരഗൃഹം ഒരു രക്ഷാസങ്കേതമായി കരുതിവന്നിരിക്കുന്നു നാത്തൂന്‍. നാത്തൂനെകണ്ട് അമ്പരന്ന ശശിയോട് അമ്പരപ്പൊന്നൊതുക്കാന്‍ വേണ്ടി ഭര്‍ത്താവ് പറഞ്ഞു.

'അവന്‍ അവളെ വല്ലാതെ ഉപദ്രവിക്കുന്നു, അടിച്ച് ദേഹത്തൊക്കെ പാടുണ്ട്. സഹികെട്ട് അവളിങ്ങുപോന്നു.' സ്ത്രീപക്ഷവാദിയും പുരുഷ മേധാവിത്വത്തില്‍ അസ്വാതന്ത്ര്യചങ്ങല പൊട്ടിച്ചെറിയാന്‍ ആഹ്വാനം നടത്തിക്കൊണ്ടിരിക്കുന്ന ശശികല, നാത്തൂന്റെ സഹവാഹം തനിക്കു ഭാരമാവുമെന്ന മുന്നറിവിന്റെ സൂചനയായി തല്‍ക്ഷണം ഉത്തരം മുട്ടിക്കുന്ന മറുചോദ്യം തൊടുത്തുവിട്ടു. 'അടിക്കുന്നുണ്ടെങ്കില്‍ ആഹാരത്തിന് അരി വാങ്ങിക്കൊടുക്കുന്നില്ലേ?' എന്ന്. രാഷ്ട്രീയ സാമുദായിക പ്രവര്‍ത്തകരുടെ ഇരട്ടത്താപ്പുനയവും ഓന്തിനെപോലെ നിറം മാറാനുള്ള കഴിവും നയപരമായി ശ്രീമതി. നിര്‍മ്മല അനാവരണം ചെയ്തിട്ടുണ്ട്. തീര്‍ന്നില്ല, ഈ കഥയുടെ കലാശം ശ്രദ്ധിക്കൂ: നിര്‍മ്മല അനാവരണം ചെയ്തിട്ടുണ്ട്. തീര്‍ന്നില്ല, ഈ കഥയുടെ കലാശം ശ്രദ്ധിക്കൂ: ഭാര്യതൊടുത്തു വിട്ടചോദ്യത്തിന്റെ ധ്വനിയും കൂര്‍ത്ത ശരത്തിന്റെ മൂര്‍ച്ചയും തിരിച്ചറിഞ്ഞ ഭര്‍ത്താവ്  മൗനിയായിരിക്കെ, ഭാവി ജീവിതം സഹനത്തോടെ കഴിച്ചുകൂട്ടേണ്ടതിന്റെ തയ്യാറെടുപ്പുമായി, കനിഞ്ഞുകിട്ടുന്ന അരി വേവിച്ച കഞ്ഞിയുടെ പശഇറ്റിച്ച് മുറിവുണക്കാന്‍ ശ്രമിക്കുന്ന കഥാന്ത്യം കെങ്കേമം തന്നെ. ആഹാരത്തിന് അരിവാങ്ങിക്കൊടുക്കകൊണ്ട് എല്ലാമായല്ലോ.  തല്ലാനുതൊഴിക്കാനുമുള്ള അവകാശമായില്ലേ. അരിയല്ലേ വാങ്ങിത്തരുന്നുള്ളൂ. മരുന്നോ? അടിയുടെ മുറിപ്പാടുകള്‍  കഞ്ഞിപ്പശ ഇറ്റിച്ച് മുറിവുണക്കുകയേ നിര്‍വ്വാഹമുള്ളൂ. അതുകൊണ്ടുമായില്ലെങ്കില്‍ ദൈവദത്തമായ ദേഹപ്രതിരോധശക്തിതന്നെ ആശ്വാസം, ജാതകപ്പൊരുത്തവും മനസ്സമ്മതവും ഒത്തുകിട്ടി പ്രതാപവും, കുടുംബമഹിമയും നോക്കി അഗ്നിസാക്ഷിയായി വിവാഹിതരായ അനേകം ദമ്പതികള്‍ ചെന്നുപെടുന്നതും, കുടുങ്ങുന്നതുമായ ഊരാക്കുടക്കുകളുടേയും യാഥാര്‍ത്ഥ്യം സരസമായി ശ്രീമതി. നിര്‍മ്മല വരച്ചുകാട്ടുന്നു.

(തുടരും...)

മാലിനിയുടെ 'നീയും ഞാനും പിന്നെ നമ്മളും': ഡോ.നന്ദകുമാര്‍ ചാണയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക