Image

പ്രതീക്ഷയുടെ പ്രതിജ്ഞാ പഥത്തില്‍ പിണറായി സര്‍ക്കാര്‍ (എ.എസ് ശ്രീകുമാര്‍)

Published on 25 May, 2016
പ്രതീക്ഷയുടെ പ്രതിജ്ഞാ പഥത്തില്‍ പിണറായി സര്‍ക്കാര്‍ (എ.എസ് ശ്രീകുമാര്‍)
അഴിമതിവിമുക്ത, മതനിരപേക്ഷ, വികസിതകേരളം എന്ന മോഹമുദ്രവാക്യം ഹൃദയമന്ത്രമാക്കി, കമ്മ്യൂണിസ്റ്റ് കരുത്തന്‍ പിണറായി വിജയന്റെ 19 അംഗ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിരിക്കുന്നു. കേരള ജനതയുടെ പ്രതീക്ഷകള്‍ സഫലമാക്കാന്‍, ആ പ്രതീക്ഷകളെ നെഞ്ചേറ്റിയ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ വിജയഭേരി ആകാശംമുട്ടെ മുഴങ്ങിയ മുഹൂര്‍ത്തത്തിലായിരുന്നു പിണറായി ചരിത്രപരമായ മറ്റൊരു ദൗത്യം ഏറ്റെടുത്തിരിക്കുന്നത്. കേരളത്തിന്റെ പന്ത്രണ്ടാമത്തെ മുഖ്യമന്ത്രിയാണ് വിപ്ലവത്തിന്റെ കനല്‍വഴികളിലൂടെ സധൈര്യം തേരുതെളിച്ചെത്തിയ ഈ കണ്ണൂര്‍ സഖാവ്. 

ഇ.എം.എസ്, പട്ടം താണുപിള്ള, ആര്‍ ശങ്കര്‍, സി അച്യുതമേനോന്‍, പി.കെ വാസുദേവന്‍ നായര്‍, സി.എച്ച് മുഹമ്മദ് കോയ, ഇ കെ നായനാര്‍, കെ കരുണാകരന്‍, എ.കെ ആന്റണി, ഉമ്മന്‍ ചാണ്ടി, വി.എസ് അച്യുതാനന്ദന്‍ എന്നിവരാണ് പിണറായിക്ക് മുമ്പേ കേരളത്തിന്റെ ഭരണചക്രം തിരിച്ചത്. ഇവരുടെയെല്ലാം ആകെത്തുകയോ, അതോ ഇവരിലാരെങ്കിലുമായിരിക്കുമോ ഭരണമികവിന്റെ കാര്യത്തില്‍ പിണറായി വിജയന്‍ എന്ന് നമുക്ക് ബോധ്യപ്പെടാന്‍ അല്‍പം സമയമെടുക്കും. ജനഹൃദയങ്ങളില്‍ നായകരായ പിണറായിയുടെ മുന്‍ഗാമികളെപ്പറ്റിയുള്ള ലഘു വാങ്മയ ചിത്രങ്ങളിലൂടെ പുതു സര്‍ക്കാരിന്റെ വെല്ലുവിളികളെയും ജപക്ഷ അഭിലാഷങ്ങളെയും വികസന ചിന്തകളെയും പറ്റി വിചിന്തനം ചെയ്യാം.

ഇ.എം.എസ്* എന്നും ചരിത്രത്തിന്റെ സഹയാത്രികനായിരുന്നു ഇ.എം.എസ്. ചരിത്രത്തെ വല്ലാതെ ഇഷ്ടപ്പെടുകയും ചരിത്ര രചനതന്നെ നടത്തുകയും ഒടുവില്‍ ചരിത്രത്തിന്റെ ഭാഗമാവുകയും ചെയ്ത അപൂര്‍വ വ്യക്തിത്വമാണ് അദ്ദേഹത്തിന്റേത്. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ശില്‍പികളിലൊരാളായ ഇ.എം.എസ് ബാലറ്റു പെട്ടിയിലൂടെ ഏഷ്യയിലാദ്യമായി അധികാരത്തില്‍ വന്ന കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി എന്ന അപൂര്‍വതയിലൂടെ ലോകശ്രദ്ധ പിടിച്ചുപറ്റി.

പട്ടം എ താണുപിള്ള* സ്വാതന്ത്ര്യത്തിന്റെ പൊന്‍പുലരി വിദൂരതയില്‍ ദര്‍ശിച്ച് ദേശീയപ്രസ്ഥാനത്തിലേക്കു പ്രവേശിക്കുകയും ഉത്തരവാദ ഭരണപ്രക്ഷോഭണത്തിന്റെ മുന്‍നിരയിലേക്ക് കടന്നു വന്ന് സത്യസന്ധതയിലും ആദര്‍ശത്തിലും അധിഷ്ഠിതമായ നേതൃപാടവത്തിലൂടെ കേരള ചരിത്രത്തില്‍ അതുല്യമായ സ്ഥാനം നേടുകയും ചെയ്ത നിര്‍ഭയനായ രാഷ്ട്രതന്ത്രജ്ഞനാണ് പട്ടം താണുപിള്ള. ഒരു പ്രാവശ്യം (തിരുവിതാംകൂര്‍) പ്രധാനമന്ത്രിയും രണ്ടു പ്രാവശ്യം മുഖ്യമന്ത്രിയും രണ്ടു സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍ പദവിയും സ്തുത്യര്‍ഹമായി അലങ്കരിച്ച അദ്ദേഹത്തിന് തിരുവിതാംകൂര്‍, തിരു-കൊച്ചി, കേരളം എന്നീ  മൂന്നു വ്യത്യസ്ത ഭരണഘടകങ്ങളുടെ സാരഥ്യം വഹിച്ച ഏക വ്യക്തി എന്ന വിശേഷണവും സ്വന്തമാണ്.

ആര്‍. ശങ്കര്‍* തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസിന്റെ ആവിര്‍ഭാവത്തോടു കൂടി സ്വാതന്ത്ര്യ സമരരംഗത്ത് കടന്നു വന്ന് കര്‍മവീര്യമാര്‍ന്ന പ്രവര്‍ത്തന ശൈലിയിലൂടെ കേരള രാഷ്ട്രീയത്തിലെ മഹാമേരുവായിത്തീര്‍ന്ന വ്യക്തിത്വത്തിനുടമയാണ് ആര്‍. ശങ്കര്‍. കേരള മുഖ്യമന്ത്രി, ധന-വിദ്യാഭ്യാസ വകുപ്പുമന്ത്രി എന്നീ നിലകളില്‍ തിളങ്ങിയ അദ്ദേഹം വിദ്യാഭ്യാസ വിചക്ഷണന്‍, പത്രപ്രവര്‍ത്തകന്‍, എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി, കെ.പി.സി.സി പ്രസിഡന്റ് തുടങ്ങിയ മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.

സി. അച്യുതമേനോന്‍* ആത്മാര്‍ത്ഥതയും ആര്‍ജവവും കൈമുതലായുള്ള രാഷ്ട്രീയ നേതാവ്. അഴിമതിയും സ്വാര്‍ത്ഥ താത്പര്യവും തൊട്ടുതീണ്ടാത്ത ഭരണകര്‍ത്താവ്, പ്രതിഭാധനനായ സാഹിത്യകാരന്‍ എന്നീ നിലകളില്‍ ബഹുജന പ്രീതിക്കു പാത്രമായ വ്യക്തിയാണ് സി. അച്യുതമേനോന്‍.

പി.കെ വാസുദേവന്‍ നായര്‍* നിര്‍ഭയനായ പൊതുപ്രവര്‍ത്തകന്‍, കരുത്തുറ്റ സംഘാടകന്‍, പ്രഗത്ഭനായ വാഗ്മി എന്നീ നിലകളില്‍ ചെറുപ്പത്തില്‍ തന്നെ ശ്രദ്ധേയനായ പി.കെ വാസുദേവന്‍ നായര്‍ വിദ്യാര്‍ത്ഥി-യുവജന പ്രസ്ഥാനങ്ങളിലൂടെയാണ് വളര്‍ന്നുയര്‍ന്നത്. കമ്യൂണിസ്റ്റ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി, നിയമസഭാംഗം, പാര്‍ലമെന്റംഗം, കേരള മുഖ്യമന്ത്രി എന്നീ നിലകളില്‍ പ്രശംസനീയമായ പ്രകടനമാണ് പി.കെ.വി കാഴ്ച വച്ചത്.

സി.എച്ച് മുഹമ്മദ് കോയ* നിയമസഭാംഗം, ലോക്‌സഭാംഗം, സ്പീക്കര്‍, മന്ത്രി, ഉപമുഖ്യമന്ത്രി എന്നീ സ്ഥാനങ്ങള്‍ വഹിച്ച ഏക കേരളീയനാണ് സി.എച്ച് മുഹമ്മദ് കോയ. കഴിവുറ്റ ഭരണാധികാരിയെന്നതിലുപരി പത്ര പ്രവര്‍ത്തകനായും ഗ്രന്ഥകാരനായും അദ്ദേഹം ഖ്യാതിയാര്‍ജിച്ചു.

ഇ.കെ നായനാര്‍* ലളിതമായ ജീവിതം, നിസ്വാര്‍ത്ഥവും നിഷ്‌കളങ്കവുമായ പ്രവര്‍ത്തന ശൈലി, സാധാരണക്കാരന്റെ മനംകവരുന്ന അതി പ്രഗത്ഭമായ പ്രഭാഷണ ചാതുരി, ഏതു പ്രതികൂലാവസ്ഥയെയും അതിജീവിക്കുന്ന മനോബലം, അസാധാരണമായ നര്‍മബോധം ഇത്രയും ചേര്‍ന്നാല്‍ ഏറമ്പാല കൃഷ്ണന്‍ നായനാര്‍ എന്ന ഇ.കെ നായനാരായി. ഏറ്റവും കൂടുതല്‍ കാലം കേരളം ഭരിച്ച മുഖ്യമന്ത്രിയെന്ന നിലയിലും ശക്തനായ പ്രതിപക്ഷ നേതാവ്, സദാ കര്‍മനിരതനായ പാര്‍ട്ടി സംസഥാന സെക്രട്ടറി, പത്രപ്രവര്‍ത്തകന്‍ എന്നീ മേഖലകളിലും അദ്ദേഹം അതുല്യമായ പ്രവര്‍ത്തനം കാഴ്ചവച്ചു.

കെ കരുണാകരന്‍* ദേശീയ പ്രസ്ഥാനത്തിന്റെ ദീപശിഖാ വാഹകനായി കടന്നുവന്ന് പതിറ്റാണ്ടുകളുടെ അവിശ്രമവും അക്ഷീണവുമായ പ്രവര്‍ത്തനത്തിലൂടെ ഉന്നതശീര്‍ഷനായി മാറിയ കര്‍മയോഗിയാണ് കെ കരുണാകരന്‍. ഏതുപ്രതിസന്ധിയെയും അതിജീവിക്കുവാനുള്ള മനസാന്നിധ്യവും അചഞ്ചലമായ ഈശ്വരഭക്തിയും അദ്ദേഹത്തിന്റെ നേതൃവൈഭവത്തിന്റെ മാറ്റുകൂട്ടുന്നു.

എ.കെ ആന്റണി* ലാളിത്യം, വിനയം, ആത്മാര്‍ത്ഥത, സത്യസന്ധത എന്നിവയ്‌ക്കൊപ്പം ഒരു ഭരണതന്ത്രജ്ഞനുവേണ്ട ദീര്‍ഘവീക്ഷണവും കര്‍മധീരതയും സമ്മേളിച്ച അതുല്യ വ്യക്തിത്വമാണ് എ.കെ ആന്റണിയുടേത്. പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയായും സാധാരണക്കാരന്റെ പ്രതീക്ഷയായും എന്നും നിലകൊണ്ട അദ്ദേഹത്തെ അധികാര സ്ഥാനങ്ങളുടെ അത്യുന്നതങ്ങളിലെത്തിച്ചതും ആ വ്യക്തിഗുണങ്ങള്‍ തന്നെയാണ്.

ഉമ്മന്‍ ചാണ്ടി* രണ്ടുവട്ടം കേരളത്തിന്റെ മുഖ്യമന്ത്രി പദമലങ്കരിച്ച ഉമ്മന്‍ ചാണ്ടി പ്രായോഗിക രാഷ്ട്രീയത്തിന്റെ അതിശക്തനായ വക്താവാണ്. കഠിനാധ്വാനവും കാര്യശേഷിയും കൈമുതലായ ഇദ്ദേഹത്തിന്റെ കൈയൊപ്പ് പതിഞ്ഞ പരിപാടിയാണ് ഏറെ അംഗീകാരവും ആദരവും പിടിച്ചുപറ്റിയ ജനസമ്പര്‍ക്ക പരിപാടി. ആവശ്യങ്ങളുമായി തന്റെ പടിവാതില്‍ക്കലെത്തുന്നവരെ ഏതു പാതിരായ്ക്കാണെങ്കിലും സ്വീകരിച്ചിരുത്തി പരിഹാരം കാണുന്ന ഉമ്മന്‍ ചാണ്ടി കോണ്‍ഗ്രസിലെ ജനകീയനാണ്.

വി.എസ് അച്യുതാനന്ദന്‍* കക്ഷിരാഷ്ട്രീയത്തിനതീതമായി കേരള ജനതയുടെ ഹൃദയവികാരം നെഞ്ചേറ്റിയ ജനപ്രിയ കമ്മ്യൂണിസ്റ്റാണ് വേലിക്കകത്ത് ശങ്കരന്‍ അച്യുതാനന്ദന്‍ എന്ന വി.എസ് അച്യുതാനന്ദന്‍. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും പാര്‍ട്ടി സെക്രട്ടറിയുമൊക്കെ ആയിരുന്ന കാലത്ത് എപ്രകാരം പ്രവര്‍ത്തിച്ചുവോ അതേ നാണയത്തില്‍ തന്നെ ജനകീയ പ്രശ്‌നങ്ങളിലും കോഴ കുംഭകോണങ്ങളിലും രാഷ്ട്രീയ അഴിമതികളിലും തിരുത്തല്‍ ശക്തിയായി തുടര്‍ന്നും ഇടപെടാനാണ് പ്രതിപക്ഷ നേതൃപദമൊഴിഞ്ഞെങ്കിലും 93 കാരനായ അദ്ദേഹത്തിന്റെ ഉറച്ച നിലപാട്. ജനകീയ ജാഗ്രതയാണ് വി.എസിന്റെ എക്കാലത്തെയും കരുത്ത്.
***
അമിത വാഗ്ദാനങ്ങളുടെ അണക്കെട്ട് തുറന്നുവിട്ട് ജനങ്ങളെ മോഹിപ്പിച്ച് ആ മോഹം വോട്ടാക്കിമാറ്റി അധികാരത്തില്‍ വന്ന ഒരു സര്‍ക്കാര്‍ ജനപക്ഷത്തുനിന്ന് ഉത്തരവാദിത്തം മറന്ന് അവനവനിലേയ്ക്ക് മാറിയതിന്റെ ഫലമായി ഭരണത്തില്‍ നിന്ന് നിഷ്‌കാസിതരാവുന്നത് നാം കണ്ടു. പുതിയ സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ഇതൊരു ഉത്തമ പാഠമാണ്. ജോപ്പനും ജിക്കുമാരും കയറി നിരങ്ങി മുഖ്യമന്ത്രിയുടെ ഓഫീസ് അഴിമതിയുടെ ബുക്കിങ് കേന്ദ്രമാക്കി മാറ്റിയതിന്റെ ജനകീയ ശിക്ഷ എത്ര കടുപ്പമായിരുന്നു. സര്‍ക്കാര്‍ ഭൂമി വര്‍കിടക്കാര്‍ക്ക് പതിച്ചുനല്‍കാന്‍ തീരുമാനിച്ചതം ഹിമാലയന്‍ ബാര്‍ കോഴയും ഇക്കിളിപ്പെടുത്തുന്ന സോളാര്‍ ഇടപാടുകളും സിലീംരാജിന്റെ ഗുണ്ടാ വിളയാട്ടവുമൊക്കെയായി ഭരണവര്‍ഗം വച്ചുവാണിഭം നടത്തിയപ്പോള്‍ മാപ്പര്‍ഹിക്കാത്ത ആ ക്രമക്കേടുകളുടെ നിഴല്‍പ്പാടുകളില്‍ മൂടപ്പെട്ടുപോയി മുന്‍ സര്‍ക്കാരിന്റെ വികസന നേട്ടങ്ങളും ഉമ്മന്‍ ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടിയുടെ ഗുണാംശങ്ങളും.

ഇനിയൊരു പോസ്റ്റ്‌മോര്‍ട്ടത്തിന് ഇവിടെ പ്രസക്തിയില്ലാത്തതിനാല്‍ പിണറായി സര്‍ക്കാര്‍ അഭിമുഖീകരിക്കുന്ന അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങളെ സമീപിക്കുകയാണുചിതം...ദേശീയ തലത്തില്‍ തന്നെ വലിയ ചര്‍ച്ചയായ വിഷയമാണ് ജിഷയെന്ന നിര്‍ധന വിദ്യാര്‍ത്ഥിനിയുടെ ഞെട്ടിപ്പിക്കുന്ന കൊലപാതകം. ഇടതുമുന്നണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ വിഷയങ്ങളില്‍ സുപ്രധാനമായിരുന്നു ഇത്. കൊലപാതകിയുടെ ഡി.എന്‍.എ തിരിച്ചറിഞ്ഞതുവരെയെത്തി സ്തംഭിച്ചു നില്‍ക്കുകയാണ് പോലീസ് അന്വേഷണം. ആ നിഷ്ഠൂര കൊലപാതകിയെ എത്രയും വേഗം നിയമത്തിനു മുന്നില്‍ കൊണ്ടുവരണം. ഇല്ലെങ്കില്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ കേട്ട പഴി പിണറായി വിജയനിലേയ്ക്ക് സംക്രമിക്കും.

ബാര്‍ കോഴ ഉള്‍പ്പെടെയുള്ള അഴിമതികള്‍ പൊതുജന സമക്ഷം വിചാരണയ്ക്കിട്ടുകൊടുത്തുകൊണ്ട് പ്രചാരണം നടത്തിയ ഇടതുപക്ഷത്തിന് ഇത്തരത്തിലുള്ള കൊടിയ അഴിമതി എങ്ങനെ അവസാനിപ്പിക്കാമെന്ന് വ്യക്തമാക്കാന്‍ ബാധ്യതയുണ്ട്. മുമ്പ് പിണറായി വിജയന് രണ്ടുവര്‍ഷക്കാലമാണ് മന്ത്രിയായി പ്രവര്‍ത്തിക്കാന്‍ അവസരം കിട്ടിയത്. ആ കാലത്ത് പല കാര്യങ്ങളും ജനക്ഷേമം മുന്‍നിര്‍ത്തി അദ്ദേഹത്തിന് ഭംഗിയായി നിര്‍വഹിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ആ പാരമ്പര്യത്തിന്റെ കരുത്തില്‍ ജനങ്ങള്‍ക്ക് ശുഭപ്രതീക്ഷയുമുണ്ട്. യു.ഡി.എഫ് സര്‍ക്കാര്‍ അവതരിപ്പിച്ച ബജറ്റിന്റെ പൊളിച്ചെഴുത്താണ് ഉടന്‍ വേണ്ടത്. പ്ലാന്‍ സൈസ് ഒക്കെ കുറച്ച് ബജറ്റിന്റെ ദുര്‍മേദസ് പാടേ മാറ്റേണ്ടിയിരിക്കുന്നു. സംശയരഹിതവും പരാതികള്‍ ഇല്ലാത്തതും വ്യക്തത ഉള്ളതുമായ ഒരു മദ്യ നയം താമസിയാതെ രൂപപ്പെടുത്തണം. യുവാക്കള്‍ക്ക് വാഗ്ദാനം ചെയ്ത തൊഴിലവസരം സൃഷ്ടിച്ചില്ലെങ്കില്‍ പറഞ്ഞ് പറ്റിച്ചു എന്ന ദുഷ്‌പേര് കേള്‍ക്കേണ്ടി വരും. പ്രകടന പത്രികയില്‍ പറഞ്ഞിട്ടുള്ള അടിസ്ഥാന സൗകര്യവികസന പദ്ധതികള്‍ കൃത്യമായി നടപ്പാക്കണം.

പരിസ്ഥിതി, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളില്‍ പരക്കെ സ്വീകാര്യമായ നയമുണ്ടാക്കണം. ഇടതുമുന്നണിക്ക്  വന്‍ ഭൂരിപക്ഷം നല്‍കിയതോടെ വലിയതോതിലുള്ള വികസനമുന്നേറ്റമാണ് ജനങ്ങള്‍ പ്രതീക്ഷിക്കുന്നത്. അതിന് ഖജനാവിന്റെ ശോചനീയാവസ്ഥ മാറ്റുകയാണ് ആദ്യം വേണ്ടത്. ഗതാഗത-യാത്രാ സൗകര്യ വികസനം, പൊതുമേഖലാ സ്ഥാപനങ്ങളുടെ ശാക്തീകരണം, പുതിയ വ്യവസായ സംരംഭങ്ങളുടെ തുടക്കം കുറിക്കല്‍, ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വം അവസാനിപ്പിക്കല്‍, കറയറ്റ, കളങ്കമറ്റ വിദ്യാഭ്യാസ നയരൂപീകരണം, ടൂറിസം മേഖലയുടെ സാധ്യതകള്‍ അന്താരാഷ്ട്ര നിലവാരത്തിലെത്തിക്കുക തുടങ്ങി ഒട്ടേറെ കര്‍മ പദ്ധതികള്‍ ശാപമോക്ഷം കാത്ത് പിണറായി വിജയന്റെ മേശപ്പുറത്ത് ഫയലുകളിലുറങ്ങിക്കിടപ്പുണ്ട്. നാടിന്റെ വികസനത്തിന് സദാ സന്നദ്ധരായ വിദേശ മലയാളികളുടെ സഹകരണത്തോടെ കൂടുതല്‍ പദ്ധതികള്‍ നടപ്പാക്കേണ്ടതുണ്ട്. 

സമൂഹത്തിലെ നാനാതുറയിലും പെട്ട ജനവിഭാഗങ്ങളുടെ കരഘോഷത്തോടെ അധികാരമേറ്റ പിണറായി വിജയന്‍ സര്‍ക്കാര്‍ ജനങ്ങളുടെ വലിയ പ്രതീക്ഷ തന്നെയാണ്. ആ പ്രതീക്ഷ നിറവേറ്റാന്‍ പ്രതിജ്ഞാബദ്ധരാണ് തങ്ങളെന്ന് പിണറായി വിജയന്‍ പറയുകയും ചെയ്തു. മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ കാലോചിതവും സമയബദ്ധിതവുമായി നടപ്പാക്കേണ്ട ജനപക്ഷ അജണ്ടകളാണ്. അതോടൊപ്പം അഞ്ചു വര്‍ഷം ഭരിച്ച ഐക്യജനാധിപത്യ മുന്നണി അധികരാത്തില്‍ നിന്ന് തൂത്തെറിയപ്പെട്ടതിന്റെ പാഠങ്ങള്‍ ഇടതു മുന്നണിയും ആത്മാര്‍ത്ഥമായി ഉള്‍ക്കൊള്ളേണ്ടതുണ്ട്. 

പ്രതീക്ഷയുടെ പ്രതിജ്ഞാ പഥത്തില്‍ പിണറായി സര്‍ക്കാര്‍ (എ.എസ് ശ്രീകുമാര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക