Image

ഫൊക്കാനാ കണ്‍വന്‍ഷന് താരത്തിളക്കം: മുഖ്യാതിഥി ആയി ദിലീപ്

exclusive Published on 04 June, 2016
ഫൊക്കാനാ കണ്‍വന്‍ഷന് താരത്തിളക്കം: മുഖ്യാതിഥി ആയി ദിലീപ്
ഫൊക്കാനാ ദേശീയ കണ്‍വന്‍ഷന് കൊഴുപ്പേകാന്‍ മലയാളത്തിന്റെ സുപ്പര്‍സ്റ്റാര്‍ ദിലീപ് എത്തുന്നു. ജൂലൈ 1 മുതല്‍ 4 വരെ കാനഡയിലെ ടൊറന്റോയില്‍ നടത്തുന്നകണ്‍വന്‍ഷനുവേണ്ടിയുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ ദിലീപിന്റെ വരവു് കാനഡാ മലയാളികള്‍ ഉത്സവമാക്കാനാണ് പരിപാടി.

ഫൊക്കാനയുടെ 'ഫിംകാ 'അവാര്ഡ് നിശയുടെ മുഖ്യ ആകര്‍ഷണം ദിലീപ് ആയിരിക്കും. ഫൊക്കാനാ അവാര്‍ഡ് നല്കി ആദരിക്കുമ്പോള്‍ ദിലീപിന് ഈ വര്‍ഷം ലഭിക്കുന്ന ആദ്യ അവാര്‍ഡ് കൂടിയാകും 'ഫിംകാ 'പുരസ്‌കാരം. ദിലീപിനെ കുടാതെ നിരവധി താരങ്ങള്‍ കണ്‍വന്‍ഷനില്‍ പങ്കെടുക്കും.

മിമിക്രി രംഗത്ത് നിന്നും മലയാള സിനിമയില്‍ എത്തിയ ദിലീപിന്റെ വളര്‍ച്ച ആരെയും അത്ഭുതപ്പെടുത്തുന്നതാണ്. ഏതൊരു കലാകാരനും അനുകരിക്കാവുന്ന ആത്മ സമര്‍പ്പണമാണ് ദിലീപിന്റെ പ്രത്യേകത. കലാഭവന്‍ ട്രൂപ്പില്‍ മിമിക്രി കലാകാരനായിട്ടായിരുന്നു തുടക്കം. പില്‍ക്കാലത്ത് സിനിമയില്‍ സഹസംവിധായകനായും പ്രവര്‍ത്തിച്ചു.

കമല്‍ സംവിധാനം ചെയ്ത എന്നോടിഷ്ടം കൂടാമോ (1992) എന്ന ചിത്രത്തില്‍ ചെറിയൊരു വേഷം ചെയ്തുകൊണ്ട് ചലച്ചിത്ര അഭിനയ രംഗത്ത് തുടക്കം കുറിച്ചു. ഏഴരക്കൂട്ടം, മാനത്തെ കൊട്ടാരം, സല്ലാപം തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ പിടിച്ചുപറ്റി. ജോക്കറിനുശേഷം ചിത്രങ്ങള്‍ ഒന്നിനു പുറകെ ഒന്നായി ഹിറ്റായതോടെ ദിലീപിന്റെ താരമൂല്യം കുതിച്ചുയര്‍ന്നു. മാനത്തെ കൊട്ടാരം (1994) മുതല്‍ നിരവധി ചിത്രങ്ങളില്‍ നായകനായി.

കുഞ്ഞിക്കൂനന്‍, ചാന്ത്‌പൊട്ട്, സൌണ്ട് തോമാ എന്നീ ചിത്രങ്ങളിലെ അഭിനയം വളരെയെറെ പ്രശംസ പിടിച്ചു പറ്റി. കാനഡയില്‍ ഷൂട്ടു ചെയ്ത 'ടു കണ്ട്രീസ്', കിംഗ് ലയര്‍ തുടങ്ങിയവയാണ് ഏറ്റവും പുതിയ ചിത്രങ്ങള്‍ .

അടൂര്‍ ഗോപാലകൃഷ്ണന്റെ 'പിന്നെയും 'എന്ന ചിത്രത്തില്‍ നായകനായി അഭിനയിക്കുന്നു ഇപ്പോള്‍. അന്താരാഷ്ട്ര പ്രശസ്തിയുള്ള അടൂര്‍ ഗോപാലകൃഷ്ണന്റെ സിനിമയെ ദിലീപ് വളരെ പ്രതീക്ഷയോടെയാണ് നോക്കി കാണുന്നത്.

ദിലീപിന്റെ യഥാര്‍ത്ഥ പേര് ഗോപാലകൃഷ്ണന്‍. ആലുവയില്‍ പത്മനാഭന്‍ പിള്ളയുടെയും സരോജയുടെയും മകനായി ജനിച്ചു. ആലുവ വിദ്യാധിരാജ വിദ്യാഭവന്‍, തുടര്‍ന്ന് ആലുവ യു.സി. കോളജ്, എറണാകുളം മഹാരാജാസ് കോളജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം നേടി.

അഭിനയത്തിന് പുറമേ നിര്‍മ്മാതാവു കൂടിയാണ് ദിലീപ്. ഗ്രാന്റ് പ്രൊഡക്ഷന്‍സ് എന്ന സിനിമാ നിര്‍മ്മാണ സ്ഥാപനം ദിലീപ് തുടങ്ങുകയുണ്ടായി. സി. ഐ. ഡി. മൂസ, കഥാവശേഷന്‍, പാണ്ടിപ്പട, ട്വന്റി 20, മലര്‍വാടി ആര്‍ട്‌സ് ക്ലബ്, ദി മെട്രോ, തുടങ്ങിയവയാണ് ദിലീപ് നിര്മ്മിച്ച സിനിമകള്‍. സഹോദരന്‍ അനൂപാണ് നിര്‍മ്മാണ കമ്പനിയുടെ സാരഥി. ഇവയില്‍ ട്വന്റി 20 മലയാള സിനിമയിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നാണ്.

ഇപ്പോള്‍ സുഹൃത്ത് നാദിര്‍ഷാ സംവിധാനം ചെയ്യുന്ന 'കട്ടപ്പനയിലെ ഋത്വിക് റോഷന്‍ 'എന്ന സിനിമയുടെ നിര്‍മാണവും ദിലീപ് നിര്‍വ്വഹിക്കുന്നു. കുടാതെ 'ദേ പുട്ട് 'എന്ന പേരില്‍ ഒരു ഭക്ഷണശാലയും കൊച്ചിയില്‍ ആരംഭിച്ചിട്ടുണ്ട്
2013 ല്‍ സായിബാബ എന്ന ചിത്രത്തിലൂടെ ദിലീപ് തെലുഗു സിനിമാരംഗത്ത് അരങ്ങേറ്റം കുറിച്ചു. തിളക്കം സൌണ്ട് തോമാ എന്നീ സിനിമകളില്‍ പാടിയിട്ടുണ്ട് .

'വെള്ളരിപ്രാവിന്റെ ചങ്ങാതി 'എന്ന ചിത്രത്തിലെ അഭിനയത്തിനു കേരള സര്‍ക്കാരിന്റെ മികച്ച നടനുള്ള 2011ലെ പുരസ്‌കാരം ലഭിച്ചു. 2002 ല്‍ കേരള സര്‍ക്കാറിന്റെ സ്‌പെഷ്യല്‍ ജ്യൂറി അവാര്‍ഡ് (കുഞ്ഞിക്കൂനന്‍) മാതൃഭൂമിയുടെ 2002ലെ ജനപ്രിയ താരം അവാര്‍ഡ്, 2002 കേരള സര്‍ക്കാറിന്റെ സ്‌പെഷ്യല്‍ ജ്യൂറി അവാര്‍ഡ്, ചാന്ത്‌പൊട്ട് 2005.

ഫൊക്കാനയുടെ പുരസ്‌കാരം കൂടി ലഭിക്കുന്നതോടുകൂടി പ്രവാസി മലയാളികളുടെ വോട്ടെടുപ്പിലൂടെ പുരസ്‌കാരം ലഭിക്കുന്ന ആദ്യ മലയാളി നടന്‍ കൂടി ആകും ദിലീപ്. ഫൊക്കാന നേതാക്കള്‍ 'ഫിംകാ ' ചലച്ചിത്ര പുരസ്‌കാരം അമേരിക്കാന്‍ മലയാളികള്‍ കണ്ട ഏറ്റവും വലിയ താരനിശ ആകുവാന്‍ പ്രയ്ത്‌നിക്കുമ്പോള്‍ ഫൊക്കാനാ കണ്‍വന്‍ഷന്റെ താരം ദിലീപ് തന്നെ ആയിരിക്കും എന്നതില്‍ യാതൊരു സംശയവും ഇല്ല.

ദിലീപിനെ കുഉടാതെ മലയാളത്തിലെ മറ്റു അഭിനയതാക്കള്‍, സംവിധായകര്‍, നിര്‍മ്മാതാക്കള്‍, തിരക്കഥാകൃത്തുക്കള്‍, ഗായകര്‍ എന്നിവരുള്‍പ്പെടെയുള്ള ചലച്ചിത്രരംഗത്തെ പ്രവര്‍ത്തകരുടെ സാന്നിധ്യം കൊണ്ട് ഫൊക്കാനാ കണ്‍വെന്‍ഷന്‍ ഒരു ചരിത്ര സംഭവം ആയിത്തീരും. 
ഫൊക്കാനാ കണ്‍വന്‍ഷന് താരത്തിളക്കം: മുഖ്യാതിഥി ആയി ദിലീപ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക