Image

അഭിനവ മേല്‍പ്പത്തൂര്‍ ചരിതം ഫ്രം അമേരിക്ക

എം. എസ്‌. മുരളി കൃഷ്‌ണ Published on 02 February, 2012
അഭിനവ മേല്‍പ്പത്തൂര്‍ ചരിതം ഫ്രം അമേരിക്ക
ഗുരുവായൂരപ്പനെയൊന്ന്‌ കണ്‍കുളിര്‍ക്കെ കാണാന്‍ ലോകത്തിലെ ആബാലവൃദ്ധം ജനങ്ങളും തപസ്സു ചെയ്യുമ്പോള്‍, സാക്ഷാല്‍ ഗുരുവായൂരപ്പന്‍ തന്നെ തന്റെ ഭക്തനെ കാണാന്‍ അങ്ങ്‌ അമേരിക്കയിലേക്ക്‌ പറന്നിറങ്ങിയാലോ?. അസംഭവ്യമെന്നേ ഏതൊരാളും, പ്രത്യേകിച്ച്‌ അന്ധത ബാധിച്ച മലയാളി മനസ്സുകള്‍ ഒന്നടങ്കം പറയുകയുള്ളൂ. എന്നാല്‍, കഥ ക്ഷമിക്കണം, സംഭവം ഇതാണ്‌.

1968-ല്‍ കേരളത്തിലെ തൃശൂര്‍ ജില്ലയില്‍ നിന്ന്‌ ഉദ്യോഗാര്‍ത്ഥം അമേരിക്കയിലെ ന്യൂജഴ്‌സിയിലേക്ക്‌ ചേക്കേറിയ വടക്കേ പാലാഴിയെന്ന പ്രശസ്‌ത തറവാട്ടിലെ അംഗമായ നാരായണന്‍ കുട്ടി മേനോനെക്കാണാനാണ്‌ ഗുരുവായൂരപ്പന്‍ അമേരിക്കയിലേയ്‌ക്ക്‌ വച്ചു പിടിക്കുന്നത്‌. ന്യൂജ്‌ഴിസിയിലെ പ്രശസ്‌തമായ സ്ഥാപനത്തില്‍ മെക്കാനിക്കല്‍ എഞ്ചിനീയറായിരുന്ന നാരായണന്‍ കുട്ടി മേനോന്‍ കുട്ടിക്കാലത്തു തന്നെ ഗുരുവായൂരപ്പന്റെ തികഞ്ഞ ഭക്തനായിരുന്നു. എന്നാല്‍, അമേരിക്കയിലെത്തിയതിനുശേഷം ഭക്തിയിലെന്ന പോലെ താന്‍ വ്യാപരിക്കുന്ന ഏതൊരു മേഖലയിലും, ആത്മാര്‍പ്പണം വേണമെന്ന നിര്‍ബന്ധബുദ്ധിയുള്ള മേനോന്‍ ഔദ്യോഗിക രംഗത്തും തന്റേതായൊരിടം കണ്ടെത്തി. മെക്കാനിക്കല്‍ എഞ്ചിനീയറെന്ന പദവി തന്നെ പലപ്പോഴും അദ്ദേഹത്തിനു ചേരുന്നതല്ലായിരുന്നു. കാരണം, ഒരു കാര്യത്തിലും അദ്ദേഹം യാന്ത്രികനായിരുന്നില്ല. വളരെ നല്ല നിലയില്‍ ഔദ്യോഗിക രംഗത്തു നിന്നും വിരമിച്ച അദ്ദേഹം തന്റെ ഓരോ പ്രവര്‍ത്തിയിലും ഗുരുവായൂരപ്പനെ കൂട്ടുപിടിച്ചിരുന്നിരിക്കണം.

ഇനി, അത്ഭുതത്തിന്റെ ഇന്നലെകളിലേയ്‌ക്ക്‌...

തന്റെ വിശ്രമജീവിതത്തിനിടയ്‌ക്കാണ്‌ 1999ല്‍ ഒരു സ്വപ്‌നദര്‍ശനത്തില്‍ ഗുരുവായൂരപ്പന്‍ മേനോനെ കാണാനെത്തുന്നത്‌. ഒരാസ്വാദകനെന്ന നിലയിലല്ലാതെ സംഗീതാദികലകളില്‍ അദ്ദേഹത്തിന്‌ വല്യ ജ്ഞാനമൊന്നും ഇല്ലായിരുന്നു. പഠിക്കുന്ന കാലത്തു പോലും ഒരു വരി കുത്തിക്കുറിക്കാതിരുന്ന അദ്ദേഹം ഗുരുവായൂരമ്പല നടയിലിരുന്ന്‌ ഭക്തിപാരവശ്യത്താല്‍ ഗാനമാലപിക്കുന്നതായാണ്‌ ആദ്യം സ്വപ്‌നം കണ്ടത്‌. തന്റെ ഭഗവദ്‌സാമീപ്യത്തെക്കുറിച്ച്‌ മേനോന്‍ ആദ്യം പറഞ്ഞത്‌ പ്രിയ പത്‌നി ശ്രീദേവി മേനോനോട്‌. ഓ, ഞാനിതൊക്കെ എത്രയോ കണ്ടിരിക്കുന്നുവെന്നാണ്‌ അവര്‍ ആദ്യം പ്രതികരിച്ചത്‌.

എന്നാല്‍, ഉണ്ണിക്കണ്ണന്‌ അങ്ങനെ അത്രവേഗമൊന്നും മേനോനെ പിരിയാന്‍ കഴിയുമായിരുന്നില്ല. തുടര്‍ന്ന്‌ തന്നെക്കുറിച്ചുള്ള ഭക്തി സാന്ദ്രമായ ഗാനങ്ങളെഴു താനാണ്‌ ഗുരുവായൂരപ്പന്‍ മേനോനോട്‌ ആവശ്യപ്പെട്ടത്‌. അങ്ങനെ മേല്‍പ്പത്തൂരിന്റെ പാതപിന്തുടര്‍ന്ന്‌ മേനോനും ഗുരുവായൂരപ്പന്റെ ഈരടികള്‍ പകര്‍ത്തി. സാധാരണക്കാര്‍ക്ക്‌ മനസ്സിലാകാത്ത ഭാഷയില്‍ കുത്തിക്കുറിച്ച കാവ്യശകലങ്ങളെക്കുറിച്ച്‌ ശ്രീദേവി മേനോന്‍ ഉടന്‍ തന്നെ കുടുംബ സുഹൃത്തും, സംഗീതജ്ഞയുമായ രാജി ആനന്ദനോട്‌ പറഞ്ഞു. അവരുടെ അഭിപ്രായമനുസരിച്ച്‌ 'ഹരി ഓം നാരായണ'യെന്ന്‌ മേനോന്‍ ആവര്‍ത്തിച്ചെഴുതാന്‍ തുടങ്ങി. ഒപ്പം വീണാതന്ത്രികള്‍ മീട്ടിയ നിമിഷത്തില്‍ തന്നെ അതാ ഒഴുകി വരുന്നു മനോഹരമായ വേണുഗാനം. അതും രീതി ഗൗളാരാഗത്തില്‍. അങ്ങനെ 'ഹരി ഓം നാരായണ' യെന്ന ശീര്‍ഷകത്തില്‍ മേനോന്റെ ആദ്യഗാനം പുറത്തിറങ്ങി.


ആദ്യഗാന സമാഹാരത്തിന്റെ ഈരടിയിലെ ചില തെറ്റുകള്‍ ലീലാ മുരളീധരനടക്കമുള്ള ഗായകര്‍ കണ്ടു പിടിച്ചിരുന്നെങ്കിലും, ഭഗവാനല്ലാതെ ആ തെറ്റുതിരുത്താന്‍ മറ്റാര്‍ക്കും കഴിയില്ലെന്ന ഉറച്ച വിശ്വാസമുണ്ടായിരുന്നു മേനോന്‌. എങ്കിലും മേനോന്‍ തന്റെ കര്‍ത്തവ്യം അനുസ്യൂതം നിര്‍വ്വഹിച്ചു കൊണ്ടിരുന്നു. ഗുരുവായൂരപ്പന്റെ പകര്‍ത്തെഴുത്തുകാരന്‌ മറ്റാരുടേയും അനുവാദം ആവശ്യമില്ലല്ലോ?

ഇതിനിടയില്‍ മേനോന്‍ തന്റെ ആദ്യ ഗാന സമാഹാരം ഗുരുവായൂരപ്പന്‌ സമര്‍പ്പിക്കാന്‍ എത്തിയിരുന്നു.

ഭഗവദ്‌ തൃപ്പാദങ്ങളില്‍ സമര്‍പ്പിച്ചതിനു ശേഷം മേല്‍ശാന്തി കളഭവും, പുഷ്‌പവുമടങ്ങിയ ഗാനസമാഹാരം മേനോനെ തിരികെ ഏല്‍പ്പിച്ചു.

അത്ഭുതമെന്നല്ലാതെന്തു പറയാന്‍? തന്റെ ആദ്യഗാന സമാഹാരത്തിലെ തെറ്റിയ ഈരടികള്‍ മുഴുവന്‍ മാഞ്ഞുപോയിരിക്കുന്നു. ആ നിമിഷം തന്നെ അദ്ദേഹം ഭഗവാന്റെ പാദാരവിന്ദങ്ങളില്‍ നമിച്ച്‌ തെറ്റിയ വരികള്‍ മനോഹരമായി എഴുതിച്ചേര്‍ത്തു.

'സുന്ദര'നെന്ന ചെല്ലപ്പേരുള്ള നാരായണന്‍കുട്ടി മേനോന്‍ പിന്നീട്‌ അറിയപ്പെട്ടത്‌ 'സുന്ദര നാരായണ'നെന്ന തൂലികാനാമത്തിലാണ്‌. ഒരു വരി പോലും മൂളാനറിയാത്ത അദ്ദേഹത്തിന്റെ വരികള്‍ക്ക്‌ സംഗീതത്തിന്റെ നിറം പകരാന്‍ പ്രശസ്‌തരായ പല സംഗീതജ്ഞരും മത്സരിച്ചു. ഇതു വെറും സ്വപ്‌നമല്ലെന്നും, സാക്ഷാല്‍ ഗുരുവായൂരപ്പന്‍' സുന്ദര നാരായണ'നിലൂടെ അത്ഭുതങ്ങള്‍ കാട്ടുകയാണെന്നും മലയാളികള്‍ തിരിച്ചറിഞ്ഞു. ന്യൂജഴ്‌സിയിലെ അദ്ദേഹത്തിന്റെ വീട്ടില്‍ ഭക്തിസാന്ദ്രമായ സംഗീതം വഴിഞ്ഞൊഴുകിയ നാളുകളായിരുന്നു പിന്നീട്‌ കടന്നു പോയത്‌.

2000 ഓഗസ്‌റ്റ്‌ മാസം 13ന്‌ രാജി ആനന്ദിന്റെ നേതൃത്വത്തില്‍ 'ഗാനാഞ്‌ജലി'യെന്ന സംഗീത സദസ്‌ മേനോന്റെ വീട്ടില്‍ അരങ്ങേറി. ന്യൂജഴ്‌സിയിലെ അദ്ദേഹത്തിന്റെ വീട്ടില്‍ ശ്രോതാക്കള്‍ ഭക്തിലഹരിയിലാറാടി. ഭക്തിസാ ന്ദ്രമായ അദ്ദേഹത്തിന്റെ വസതി അക്ഷരാര്‍ത്ഥത്തില്‍ ഗുരുവായൂരമ്പലമാണോയെന്നു പോലും സംശയിച്ചു പോകും. ഉണ്ണിക്കണ്ണന്റെ സാമീപ്യം അത്രയ്‌ക്കുണ്ടിവിടെ. സംഗീതസ്വരരാഗസുധയിലാറാടാന്‍ പിന്നീടിവിടെ എത്തിയവരില്‍ രാജേശ്വരി സതീഷ്‌, അനിത കൃഷ്‌ണ, ഭവാനിറാവു, മഞ്‌ജുള രാമചന്ദ്രന്‍, ഇന്ദു ജനാര്‍ദ്ദനന്‍ എന്നീ പ്രമുഖരും ഉള്‍പ്പെടുന്നു.

അമേരിക്കയിലെ അറിയപ്പെടുന്ന സംഗീതാദ്ധ്യാപികയായ പത്മാ ശ്രീനിവാസന്റെ അഭിനന്ദനവും 'മേനോന്‍ ഗാനങ്ങള്‍ക്ക്‌' പ്രോത്സാഹനമേകുന്നു. മൃദംഗവിദ്വാന്‍ പാലക്കാട്‌ രാജാമണി, പ്രൊഫ.മാവേലിക്കര പ്രഭാകര വര്‍മ്മ എന്നിവരും മേനോന്റെ ഗാനരചനയ്‌ക്ക്‌ പിന്തുണയായുണ്ട്‌.

അത്ഭുതങ്ങളുടെ കെട്ടഴിഞ്ഞിട്ടില്ല. ഇതിനിടയ്‌ക്കാണ്‌ പ്രശസ്‌ത സംഗീതജ്ഞയായ ഡോ.ഓമനക്കുട്ടിയോട്‌ അമേരിക്കയിലെ ഡോക്ടറായ ശ്യാമളാനായര്‍ മേനോന്‍ കൃതികളെപ്പറ്റി പറയാനിടയായത്‌. അതനുസരിച്ച്‌ അവര്‍ ഗുരുവായൂരിലെത്തുകയും 'ഗാനാഞ്‌ജലി'യെന്ന 2 സി.ഡികള്‍ 2002-ല്‍ ഗുരുവായൂരമ്പലത്തിലെ മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ വച്ച്‌ പ്രകാശന കര്‍മ്മം നിര്‍വ്വഹിക്കുകയും ചെയ്‌തു. അന്നേ ദിവസം തന്നെ ഓമനക്കുട്ടിയുടെ നേതൃത്വത്തില്‍ ഭക്തിസാന്ദ്രമായ കച്ചേരിയും അരങ്ങേറി.

തുടര്‍ന്ന്‌ 2003 ഫെബ്രുവരി മാസത്തില്‍ ഗാനാഞ്‌ജലിയുടെ വാല്യം - 2ഉം, മറ്റു രണ്ട്‌ സി.ഡി.കളും അവര്‍ പുറത്തിറക്കുകയുണ്ടായി.

ഗുരുവായൂരപ്പനെ പ്രകീര്‍ത്തിക്കുന്ന കൃതികള്‍ക്കുശേഷം അദ്ദേഹം പിന്നീട്‌ പൂര്‍ണ്ണത്രയീശനെ വര്‍ണ്ണിക്കുന്ന 8 ഗാനങ്ങള്‍ക്ക്‌ 2004ല്‍ സംഗീത സംവിധാനവും നിര്‍വ്വഹിച്ചു. അതേ വര്‍ഷം തൃപ്പൂണിത്തുറയിലെ കളിക്കോട്ട പാലസില്‍ ഡോ.ഓമനക്കുട്ടിയും, രഞ്‌ജിനി വര്‍മ്മയും ചേര്‍ന്ന്‌ ആലപിച്ച ശ്രവണസുന്ദരമായ ഗാനങ്ങള്‍ക്ക്‌ ചെവിയോര്‍ത്തത്‌ നൂറു കണക്കിന്‌ ഭക്തജനങ്ങളായിരുന്നു.

ഇതിനിടയില്‍ ഡോ.ഓമനക്കുട്ടി ആവശ്യപ്പെട്ടതനുസരിച്ച്‌ ഒരു ശ്ലോകവും വളരെ പെട്ടെന്നു തന്നെ അദ്ദേഹം എഴുതുകയുണ്ടായി. ഇതു അക്ഷരാര്‍ത്ഥത്തില്‍ ജയദേവ കൃതി തന്നെ, അവര്‍ ആശ്ചര്യപ്പെട്ടു. ആ ശ്ലോകം ഹംസധ്വനി രാഗത്തിലെ കൃതിയായും, രാഗമാലികയായും, ഹംസനാദത്തിലൂടെ തില്ലാനയായും ശ്രോതാക്കളിലെത്തി. ആ സമയത്താണ്‌ പൂര്‍ണ്ണത്രയീശ സഭ പൊന്നാട അണിയിച്ച്‌ അദ്ദേഹത്തെ ആദരിച്ചത്‌. പില്‍ക്കാലത്ത്‌ ഡോ.ഓമനക്കുട്ടി തന്റെ ശിഷ്യര്‍ക്ക്‌ മേനോന്‍ സംഗീതം പകര്‍ന്നു നല്‍കുകയും, ചെമ്പൈ സംഗീതോത്സവത്തില്‍ ആലപിക്കുകയും ചെയ്‌തതോടെ 'സുന്ദരനാരായണ'ന്റെ സംഗീത സപര്യയ്‌ക്ക്‌ സഹയാത്രികരേറി.

സുന്ദരഗാനങ്ങള്‍ ജനകീയമായതോടെ അദ്ദേഹം തന്റെ തൂലിക ഭരതനാട്യ കൃതികള്‍ക്കു വേണ്ടിയും ചലിപ്പിച്ചു. കൂടാതെ മഞ്‌ജുള ചരിതവും 14 ഗാനങ്ങള്‍ ഉള്‍പ്പെടുന്ന നൃത്ത നാടകങ്ങളും വിവിധ രാഗങ്ങളില്‍ ചിട്ടപ്പെടുത്തി. 2004-ല്‍ മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ വച്ച്‌ കോഴിക്കോട്‌ നിന്നുള്ള രമാറാവുവും സംഘവും മഞ്‌ജുള ചരിതത്തിന്‌ ചുവടുകള്‍ വച്ചു.

യുവ സംഗീതജ്ഞനായ ശ്രീവത്സന്‍ ജെ. മേനോന്റെ ശബ്ദത്തിലും മേനോന്റെ കൃതികള്‍ ലോകം ശ്രവിച്ചു. 2005-ല്‍ മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ വച്ചു നടന്ന കച്ചേരിയും ഭക്തജനങ്ങള്‍ മനസ്സു നിറഞ്ഞാസ്വദിച്ചു.

വാദ്യവൃന്ദത്തിന്റെ അകമ്പടിയോെട നടന്ന സംഗീതക്കച്ചേരി ആസ്വദിക്കാന്‍ നൂറുകണക്കിനാളുകള്‍ കളിക്കോട്ട പാലസില്‍ തടിച്ചു കൂടിയിരുന്നു.

2005-ല്‍ തീര്‍ത്ഥപാദമണ്ഡപത്തില്‍ ഓമനക്കുട്ടിയുടെ നേതൃത്വത്തില്‍ വീണ്ടും'സുന്ദരകൃതികള്‍' അരങ്ങേറുകയുണ്ടായി. തുടര്‍ന്ന്‌ 2006 ഡിസംബര്‍ 31-ന്‌ നടവരമ്പ്‌ തൃപ്പയ്യാ ക്ഷേത്രത്തിലും ഡോ.ലീലാമുരളീധരന്റെ നേതൃത്വത്തില്‍ ഗാനാഞ്‌ജലി അവതരിപ്പിക്കുകയുണ്ടായി. 2007 ജനുവരി 18ന്‌ ഡോ.ഓമനക്കുട്ടിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരം തീര്‍ത്ഥപാദമണ്ഡപത്തില്‍ വച്ച്‌ 'കരുണ ചെയ്യൂ കണ്ണാ'യെന്ന കാംബോജി രാഗത്തിലുള്ള അതി മനോഹരഗാനം അരങ്ങേറി.

2008-ല്‍ സുന്ദരനാരായണന്‍ 12 ദേവീ കൃതികള്‍ ചിട്ടപ്പെടുത്തുകയുണ്ടായി. 2009-ല്‍ മഞ്‌ജുള രാമചന്ദ്രന്‍ രാഗവൃന്ദാവനിയില്‍ ജയ ജയ കൃഷ്‌ണ ഹരേയെന്ന ഭജന്‍ അവതരിപ്പിച്ചത്‌ സൂര്യ ടി.വി. പ്രേക്ഷകര്‍ക്ക്‌ വേറിട്ട അനുഭവമായിരുന്നു.

പ്രശസ്‌ത സംഗീതജ്ഞന്‍ ശങ്കരന്‍ നമ്പൂതിരിയും സുന്ദരകൃതിയുടെ സവിശേഷത അനുഭവിച്ചറിഞ്ഞത്‌ മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ 2011 ഫെബ്രുവരിയില്‍ നടത്തിയ കച്ചേരിയിലൂടെയാണ്‌. ഗുരുവായൂരപ്പന്റെ സ്വപ്‌ന സാമീപ്യത്തിലൂടെ സുന്ദരനാരായണന്‍ രചിച്ചത്‌ 230ലേറെ സുന്ദരഗീതങ്ങള്‍. അതില്‍ കീര്‍ത്തനവും, രാഗമാലികയും, നൃത്തസംഗീതവുമെല്ലാം അടങ്ങിയിരിക്കുന്നു. തന്റെ രചനാപാടവത്തെ പ്രഗത്ഭവ്യക്തികള്‍ പുകഴ്‌ത്തുമ്പോള്‍ എല്ലാം ഗുരുവായൂരപ്പന്‌ സമര്‍പ്പിക്കാനാണ്‌ ഈ മഹദ്‌ വ്യക്തി ആഗ്രഹിക്കുന്നത്‌. ശ്രീകൃഷ്‌ണനെക്കാണാന്‍ സതീര്‍ത്ഥ്യനായ കുചേലന്‍ അവിലുമായി പോയത്‌ പഴയ കഥ. എന്നാല്‍ ഇന്ന്‌ സംഗീതത്തിന്റെ തേന്‍ മലരുമായാണ്‌ ഗുരുവായൂരപ്പന്‍ നാരായണന്‍കുട്ടി മേനോനെ കാണാനെത്തുന്നത്‌.

അങ്ങനെ 'അമേരിക്കയിലെ മേല്‍പ്പത്തൂര്‍ നാരായണ ഭട്ടത്തിരി'യെന്ന വിശേഷണം ഇപ്പോള്‍ നാരായണന്‍ കുട്ടി മേനോനു മാത്രം അവകാശപ്പെട്ടതാണ്‌. തൃശൂര്‍ നടവരമ്പ്‌ ഹൈസ്‌ക്കൂളില്‍ പഠിച്ചിരുന്ന നാരായണന്‍ കുട്ടിയെന്ന ബാലന്‍ നടന്ന വഴികളിലൂടെയൊക്കെ ഗുരുവായൂരപ്പന്‍ സഞ്ചരിച്ചിട്ടുണ്ടാവാം. അതുകൊണ്ടു തന്നെയല്ലെ സാധാരണക്കാരനായ നാരായണന്‍ കുട്ടി മേനോനെക്കാണാന്‍ മാത്രം ഭഗവാന്‍ അമേരിക്കയിലെത്തുന്നത്‌. മേനോന്റെ ഭക്തിപാതയെ അനുഗമിച്ചു കൊണ്ടു തന്നെ ഭാര്യ ഡോ. ശ്രീദേവി മേനോനും, മക്കളായ ലക്ഷ്‌മിയും, ജയകുമാറും അദ്ദേഹത്തിന്റെ മൊഴിമുത്തുകള്‍ക്കായി കാതോര്‍ത്തിരിക്കുന്നു.

സഹജീവികള്‍ക്ക്‌ ജന്മജന്മാന്തര പുണ്യം പ്രദാനം ചെയ്യുന്ന മേനോന്‍ സാറിനും കുടുംബത്തിനും കലാവേദിയുടെ ഹൃദയം നിറഞ്ഞ നന്ദി.
അഭിനവ മേല്‍പ്പത്തൂര്‍ ചരിതം ഫ്രം അമേരിക്ക
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക