Image

സ്വാബ് ഫോര്‍ ഷിബു:ബോണ്‍ മാരോ ഡ്രൈവ് ഞായറാഴ്ച റോക്ക് ലാന്‍ഡ് സെന്റ് മേരീസ് കാത്തലിക്ക് പള്ളിയില്‍

Published on 08 June, 2016
സ്വാബ് ഫോര്‍ ഷിബു:ബോണ്‍ മാരോ ഡ്രൈവ് ഞായറാഴ്ച റോക്ക് ലാന്‍ഡ് സെന്റ് മേരീസ് കാത്തലിക്ക് പള്ളിയില്‍
ന്യു യോര്‍ക്ക്: മജ്ജയുടെ പ്രവര്‍ത്തനം തകരാറിലായി ചികിത്സയില്‍ കഴിയുന്ന മുന്‍ സൈനികന്‍ ഷിബു ആര്‍നോള്‍ഡിനു (35) വേണ്ടി റോക്ക് ലാന്‍ഡ് സെന്റ് മേരീസ് സീറൊ മലബാര്‍ ചര്‍ച്ചില്‍ ഞായറാഴ്ച (ജൂണ്‍ 12) ഒരു മണി മുതല്‍ ബോണ്‍ മാരോ രജിസ്‌ട്രേഷന്‍ ഡ്രൈവ് സംഘടിപ്പിക്കുന്നു. ഇടവകാംഗങ്ങള്‍ക്കു പുറമെ ആര്‍ക്കു വേണമെങ്കിലും ഈ സദുദ്യമത്തില്‍ പങ്കു ചേരാം. (5 Willow Tree Road, Wesley Hills, New York 10952)

അനുയോജ്യമായ മജ്ജ കണ്ടെത്താന്‍ വേണ്ടി 'ബി ദി മാച്ച്' രജിസ്‌ട്രെഷന്‍ സമാറിന്റെ നേത്രുത്വത്തില്‍ (സൗത്ത് ഏഷ്യന്‍മാരോ അസോസിയേഷന്‍ ഓഫ് റിക്രൂട്ടേഴ്‌സ്) ആണു നടത്തുന്നത്. ഒരു ഫോം പൂരിപ്പിച്ച് കൊടുത്ത് ഒരു തുള്ളി ഉമിനീരും കൊടുത്താല്‍ മതി. പരിശോധനക്കു ശേഷം അതു ഷിബുവിനു അനുയോജ്യമെങ്കില്‍അറിയിക്കും. ഇല്ലെങ്കില്‍ രജിസ്റ്റ്രിയില്‍ പേര്‍ ചേര്‍ക്കും. എപ്പോഴെങ്കിലും അനുയോജ്യരാവര്‍ വന്നാല്‍ അത് ഉപകരിക്കും.
യു.എസ്. വ്യോമസേനയില്‍ സിവില്‍ എഞ്ചിനിയറിംഗ് സ്‌ക്വാഡ്രണില്‍ സ്റ്റ്രക്ചറല്‍ ജേര്‍ണിമാന്‍ ആയിരുന്ന ഷിബുവിനു രണ്ടു മാസം മുന്‍പാണു എം.ഡി.എസ് (മൈലോഡിസ്പ്ലാസ്റ്റിക് സിന്‍ഡ്രോംസ്) കണ്ടെത്തിയത്. ബോണ്‍ മാരോയുടെ (മജ്ജ) പ്രവര്‍ത്തനം ശരിയായി നടക്കാത്ത അവസ്ഥയാണത്. ഇതു രക്തത്തിലെ സെല്ലുകളെ ദോഷമായി ബാധിക്കുന്നു.

അനുയോജ്യമായ മജ്ജ/സ്റ്റെം സെല്‍ മാറ്റി വച്ചാല്‍ തീരുന്ന പ്രശ്‌നമാണത്. വീട്ടിലുള്ളവരുടെ മജ്ജ യോജിക്കുന്നില്ല. യോജിക്കുന്ന മജ്ജ/സ്റ്റെം സെല്‍ കിട്ടാന്‍ സാധ്യത കൂടുതല്‍ മലയാളികളില്‍ നിന്നോ ഇന്ത്യാക്കാരില്‍ നിന്നോ ആണു. പക്ഷെ മജ്ജ കൊടുക്കാന്‍ തയ്യാറുള്ളവരുടെ രജിസ്റ്റ്രിയില്‍ അധികം മലയാളികളോ ഇന്ത്യാക്കാരോ ഇല്ലെന്നതാണു പ്രശ്‌നം.

പതിനെട്ടു മുതല്‍ 44 വയസ് വരെയുള്ളവരുടെ മജ്ജ/സ്റ്റെം സെല്‍ ആണ് വേണ്ടത്.

ന്യു യോര്‍ക്കിലുള്ള പ്രശസ്ത എഴുത്തുകാരി ഡോ. എന്‍.പി. ഷീലയുടെ പുത്രനാണു ഷിബു. ഒന്നോ രണ്ടൊ മാസത്തിനുള്ളില്‍ മജ്ജ/സ്റ്റെം സെല്‍ കിട്ടണമെന്നു സഹോദരി എം.ഐ.ടിയിലുള്ള ഡോ.ഷീബ ജോസഫ്പറഞ്ഞു. അല്ലെങ്കില്‍ അതു എ.എം.എല്‍ (ഒരു തരം രക്താര്‍ബുദം) ആയി മാറാം.

പത്തു വര്‍ഷം മുന്‍പ് വലിയൊരു കാറപകടത്തില്‍ നിന്നു ഷിബു രക്ഷപ്പെട്ടതാണ്. കാര്‍ പലവട്ടം കുട്ടിക്കരണം മറിഞ്ഞു. ശരീരരത്തിലും തലയിലും അതീവ ഗുരുത്രമായ പരുക്കുകള്‍ ഉണ്ടായി. ഒരു മാസത്തില്‍ കൂടുതല്‍ കോമയില്‍ കിടന്നു. അത്തരം സ്ഥിതിയില്‍ നിന്നു സാദാ ജീവിതത്തിലേക്കു മടങ്ങിയ ഷിബു ഈ പോരാട്ടത്തിലും വിജയിക്കുംചെറിയൊരു സഹായം കിട്ടിയാല്‍. അതിനു കഴിയുന്നത്ര പേര്‍ മുന്നോട്ടു വരണം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക