Image

ഫൊക്കാനാ കണ്‍വന്‍ഷന്‍ സംഗീത മയമാക്കാന്‍ "ഒന്നാം രാഗവുമായി " ജി.വേണു ഗോപാല്‍

അനില്‍ പെണ്ണുക്കര Published on 12 June, 2016
ഫൊക്കാനാ കണ്‍വന്‍ഷന്‍ സംഗീത മയമാക്കാന്‍ "ഒന്നാം രാഗവുമായി " ജി.വേണു ഗോപാല്‍
2016 ജൂലൈ 1 മുതല്‍ 4 വരെയുള്ള കാനഡയിലെ ടൊറന്റോയില്‍ വെച്ച് നടത്തുന്ന ഫൊക്കാനാ ജനറല്‍ കണ്‍വന്‍ഷന്‍ ചരിത്ര സംഭവമാകും .അമേരിക്കന്‍ മലയാളികളുടെ രണ്ടു വര്‍ഷം കൂടുമ്പോള്‍ ഉള്ള സംഗമം കലയുടെ ഇഴയിണക്കം കൊണ്ട് വിസ്മയ പൂരിതമാകും .സംഗീതത്തിന്റെ ഇഴയിണക്കത്തിനു നേതൃത്ത്വം വഹിക്കാന്‍ എത്തുന്നതാകട്ടെ മലയാളത്തിന്റെ ഭാവഗായകന്‍ ജി.വേണുഗോപാലും .
പാട്ടുപാടാന്‍ മാത്രമല്ല ,അമേരിക്കയുടെ വിവിധ രീജിയനുകളില്‍ ഫൊക്കാന നടത്തിയ സ്റ്റാര്‍ സിംഗര്‍ മത്സരത്തിന്റെ ഗ്രാന്റ് ഫിനാലെയുടെ പ്രധാന വിധികര്‍ത്താവായും ജി.വേണുഗോപാല്‍ അമേരിക്കന്‍ മലയാളി പുതു തലമുറയ്ക്കും കരുത്താകും .
ഫൊക്കാനാ ഉത്സവ് 2016 ന്റെ വേദി കലാകാരന്മാരെ കൊണ്ട് നിറയുമ്പോള്‍ ഗാനസന്ധ്യക്ക് എത്തുന്ന ഗായകരുടെ ഗുരുനാഥന്‍ കൂടിയാകും ജി.വേണുഗോപാല്‍ .
മലയാളത്തിനു പാട്ടിന്റെ ചന്ദന മണിവാതില്‍ നല്കിയ ജി വേണുഗോപാലിനെ വരവേല്‍ക്കാന്‍ ടൊറന്റോ മലയാളികള്‍ തയ്യാറെടുത്തു കഴി­ഞ്ഞു .

പാടിയ പാട്ടുകളെല്ലാം ഹിറ്റാക്കി മാറ്റിയ ജി. വേണുഗോപാല്‍ ഒന്നാം രാഗം പാടി, ചന്ദന മണിവാതില്‍ പാതി ചാരി, താനേ പൂവിട്ട മോഹം, കൈ നിറയെ വെണ്ണ തരാം, പൂത്താലം വലം കൈയില്‍ തുടങ്ങിയ വന്‍ ഹിറ്റുകള്‍ക്കുടമായാണ് .വളരെ കുറഞ്ഞ കാലവും ചുരുക്കം ഗാനങ്ങള്‍ കൊണ്ടും മികച്ച ഗായകന്‍ എന്ന പേരെടുക്കാന്‍ കഴിഞ്ഞത് അദ്ദേഹത്തിന്റെ മികച്ച ആലാപന ശൈലി കൊണ്ടു മാത്രം ആണ്.
വേണു ഗോപാലെന്ന മലയാളത്തിന്റെ മാണിക്യക്കുയില്‍ ഇന്നും സജീവമായി തന്നെയുണ്ട്. മുന്നൂറോളം ചലച്ചിത്ര ഗാനങ്ങളും 250 ലേറെ കാസറ്റുകളും ഇദ്ദേഹത്തിനു സ്വന്തമാണ്.

വരികളുടെ അര്‍ത്ഥവും ആഴവും അറിഞ്ഞു പാടാനുള്ള അദ്ദേഹത്തിനുള്ള കഴിവ് വളരെ പ്രശംസനീയം തന്നെയാണ്. 1984ല്‍ പുറത്തിറങ്ങിയ 'ഓടരുതമ്മാവാ ആളറിയാം' എന്ന സിനിമയിലെ ഗാനത്തിന് ഒരു ചെറിയ ഹിന്ദി ഭാഗം പാടിക്കൊണ്ടാണ് അദ്ദേഹം ചലച്ചിത്ര പിന്നണിഗാനരംഗത്തേക്ക് കടന്നുവരുന്നത്.
അതേ വര്‍ഷം തന്നെ പുറത്തിറങ്ങിയ മമ്മൂട്ടിയുടെ നിറക്കൂട്ടില്‍ ' പൂമാനമേ ഒരു രാഗമേഘം' എന്ന ഗാനം പാടിയെങ്കിലും അത് അദ്ദേഹത്തിന്റെ പേരില്‍ സിനിമയില്‍ പ്രത്യക്ഷമായില്ല. 1984ല്‍ത്തന്നെ പുറത്തിറങ്ങിയ 'പറയാനും വയ്യ പറയാതിരിക്കാനും വയ്യ' എന്ന ചിത്രത്തിലെ സംഘഗാനമായ 'അങ്ങേക്കുന്നിങ്ങേക്കുന്നാനവരമ്പത്ത്' എന്ന ഗാനവും വേണ്ട രീതിയില്‍ ജി വേണുഗോപാലിനു ശ്രദ്ധ കൊടുത്തില്ല. എന്നാല്‍ 1986 ല്‍ പുറത്തിറങ്ങിയ രഘുനാഥ് പലേരിയുടെ 'ഒന്നു മുതല്‍ പൂജ്യം വരെ' എന്ന ചിത്രത്തിലെ 'പൊന്നിന്‍ തിങ്കള്‍ പോറ്റും മാനേ' 'രാരി രാരിരം രാരോ' എന്ന പാട്ടുകളിലൂടെയാണ് അദ്ദേഹം സിനിമാലോകത്ത് പ്രസിദ്ധനായത്. ഈ ഗാനത്തിലൂടെ പൗരുഷത്തിന്റെ പുതിയൊരു ശബ്ദമാധുര്യം മലയാളത്തിനേകാന്‍ കഴി­ഞ്ഞു .

ഒരു സംഗീത കുടുംബമായിരുന്നു വേണുഗോപാലിന്റെത് .അമ്മ സരോജിനിയമ്മ വിമെന്‍സ് കോളേജിലെ മ്യൂസിക് പ്രഫസറായിരുന്നു. പറവൂര്‍ സഹോദരിമാര്‍ എന്നറിയപ്പെട്ടിരുന്ന ശാസ്ത്രീയ സംഗീതജ്ഞരായ രാധാമണി,ശാരദാമണി എന്നിവരുടെ സഹോദരി ആയിരുന്നു സരോജിനിയമ്മ . സദാസമയവും വീട്ടില്‍ ഒരു സംഗീതാന്തരീക്ഷം. ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴാണ് സംഗീതം പഠിക്കാനായി അന്നത്തെ വലിയ സംഗീതജ്ഞനായിരുന്ന ചേര്‍ത്തല ഗോപാലകൃഷ്ണന്‍ നായര്‍ സാറിന്റെ അടുത്ത് പോകുന്നത് . അവിടെ വച്ച് അദ്ദേഹത്തിന്റെ മകനായ ശ്രീറാമുമായി പരിചയപ്പെട്ടു ( സെല്ലുലോയിഡ് എന്ന ചിത്രത്തിലെ കാറ്റേ കാറ്റേ എന്ന ഗാനം പാടിയത് ശ്രീറാം ആണ് ). പിന്നീടു തിരുവനന്തപുരം ആകാശവാണിയില്‍ ബാലലോകം പരിപാടികളില്‍ പങ്കെടുത്തു കൊണ്ടായിരുന്നു കലാജീവിതത്തിന്റെ തുടക്കം.
പിന്നീട് ആകാശവാണിയിലെ ലളിതഗാനം ആര്‍ട്ടിസ്റ്റായി. സംഗീത ജീവിതത്തില്‍ ആദ്യമായി പാടി റിക്കാഡു ചെയ്യുന്നത് എം ജി രാധാകൃഷ്ണന്‍ ചിട്ടപ്പെടുത്തിയ ലളിതഗാനമാണ്. കോളേജ് വിദ്യാഭ്യാസമൊക്കെ കഴിഞ്ഞു 1988 ല്‍ തൃശൂര്‍ ആകാശവാണിയില്‍ പ്രോഗ്രാം എക്‌­സികുട്ടീവായി ജോലി . 1990 ല്‍ തിരുവനന്തപുരത്തേക്കു ട്രാന്‍സ്ഫര്‍ ആയി. പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥനെയും എം ജി രാധാകൃഷ്ണനെയും പോലുള്ള സംഗീതപ്രതിഭകളുമായി ഒരുപാട് അടുക്കാനും അവരുടെ ധാരാളം ലളിതഗാനങ്ങളും ഭക്തിഗാനങ്ങളും പാടാനും ഈ കാലയളവില്‍ കഴിഞ്ഞു. 1984 ല്‍ പ്രിയദര്‍ശന്റെ, ഓടരുതമ്മാവാ ആളറിയാം എന്ന ചിത്രത്തിനു വേണ്ടി നാലുവരി ഹിന്ദി പാട്ടുപടിയാണ് ആദ്യമായി സിനിമാ പിന്നണി ഗാനരംഗത്തേയ്ക്ക് കടന്നുവ­ന്നത്.

പിന്നീടു മോഹന്‍ സിതാരയുടെ സംഗീതത്തില്‍ 1988 ല്‍ ഇറങ്ങിയ ഒന്നുമുതല്‍ പൂജ്യം വരെ എന്ന ചിത്രത്തിലെ രാരീ രാരീരം രാരോ എന്ന ഗാനം പാടി. പിന്നീടു ഭാവസുന്ദരങ്ങളായ അനവധി ഗാനങള്‍ എന്നെത്തേടിയെത്തി. ഒന്നാം രാഗം പാടി, ചന്ദനമണിവാതില്‍, തീനേ പൂവിട്ട, ഏതോ വാര്‍മുകിലിന്‍, പൂത്താലം, ആകാശഗോപുരം, മൈനാക പൊന്മുടിയില്‍, ഉണരുമീഗാ­നം .

അങ്ങനെ നിരവധി ഗാനങ്ങള്‍. 1995 ല്‍ തിരുവനന്തപുരം ആകാശ വാണിയില്‍നിന്ന് ചെന്നെയിലെയ്ക്ക് പോയി. 2003 ല്‍ ആകാശവാണിയിലെ ജോലി രാജിവച്ചു സംഗീതത്തില്‍ മാത്രമായി ശ്രദ്ധ കേന്ദ്രീകരിച്ചു തുടങ്ങി .
സിനിമാ രംഗത്തെത്തുന്നതിനു മുന്‍പേ യൂണിവേഴ്‌­സിറ്റി യൂത്ത് ഫെസ്റ്റിവലുകളില്‍ സമ്മാനങ്ങള്‍ കരസ്ഥമാക്കിയിരുന്നു. അഞ്ചു വര്‍ഷം തുടര്‍ച്ചയായി കേരള യൂണിവേഴ്‌­സിറ്റി കലാപ്രതിഭ ആയിരുന്നു. ജി ദേവരാജന്‍, കെ രാഘവന്‍ എന്നിവരോടൊപ്പം നാടക രംഗത്തും അദ്ദേഹം സാന്നിധ്യം അറിയിച്ചു. പ്രൊഫഷനല്‍ നാടകങ്ങളില്‍ പാടിയ അദ്ദേഹത്തിനു 2000ലെ നാടക രംഗത്തെ മികച്ച ഗായകനുള്ള സംസ്ഥാനസര്‍ക്കാര്‍ പുരസ്­കാരം 'സബ്‌­കോ സമ്മതി ദേ ഭഗവാന്‍' എന്ന നാടകത്തിലൂടെ ലഭിച്ചു.

കേരള സര്‍ക്കാര്‍ നല്‍കുന്ന മികച്ച ചലച്ചിത്ര പിന്നണിഗായകനുള്ള പുരസ്­കാരം 1988(ഉണരുമീ ഗാനം മൂന്നാം പക്കം), 1990 (താനേ പൂവിട്ട മോഹം സസ്‌­നേഹം), 2004 ( ആടടീ ആടാടടീ ഉള്ളം ) എന്നീ വര്‍ഷങ്ങളില്‍ നേടിയ വേണുഗോപാലിനു 1987ലും 1989 ലും മികച്ച ഗായകനുള്ള ഫിലിം ക്രിട്ടിക്‌­സ് അവാര്‍ഡും ലഭിക്കുകയുണ്ടായി.

കവിതകള്‍ക്കു സംഗീതം നല്‍കി ആലപിക്കുന്ന ഒരു പുതിയ രീതിയ്ക്ക് തുടക്കം കുറിച്ചു കൊണ്ട് കാവ്യരാഗം എന്ന ആല്‍ബം അദ്ദേഹം പുറത്തിറക്കി. പ്രശസ്തരായ മലയാളകവികളുടെ മികച്ച കവിതകള്‍ സംഗീതം നല്‍കി ആലപിക്കുകയുണ്ടായി. ഒ.എന്‍.വി. കുറുപ്പ്, സുഗതകുമാരി, സച്ചിദാനന്ദന്‍, കടമ്മനിട്ട രാമകൃഷ്ണന്‍, വിഷ്ണുനാരായണന്‍ നമ്പൂതിരി, വി. മധുസൂദനന്‍ നായര്‍ എന്നിവരുടെ കവിതകള്‍ വേണു ഗോപാല്‍ ആലപിക്കുകയുണ്ടായി. സുരേഷ് കൃഷ്ണ ഈണം പകര്‍ന്ന ഈ കവിതകള മലയാളിയുടെ കാവ്യാസ്വാദനത്തിനു തന്നെ മാറ്റം വരു­ത്തി .

കാവ്യരാഗത്തിനു ശേഷം ഇറങ്ങിയ കാവ്യഗീതികയില്‍ എന്‍.എന്‍. കക്കാട് , ബാലചന്ദ്രന്‍ ചുള്ളിക്കാട്, ഡി. വിനയചന്ദ്രന്‍ തുടങ്ങിയവരുടെ കവിതകള്‍ ആണുള്ളത്. ജെയ്‌സണ്‍ ജെ നായര്‍ ആണ്­ കവിതകളുടെ സംഗീതസം­വിധാനം നിര്‍വഹി­ച്ചത്.

എന്നാല്‍ കുറച്ചു പാട്ടേ പാടിയുള്ളു എന്നൊരു വിഷമം ഇപ്പോഴില്ല എന്ന് പറയുന്ന ജി വേണുഗോപാല്‍ താന്‍ പാടിയ മെലഡികള്‍ ഇപ്പോഴും മലയാളികള്‍ക്ക് പ്രീയപ്പെട്ടതാണ് എന്ന് ഉറക്കെ പറയും .

"ചന്ദനമണിവാതിലും, താനേ പൂവിട്ട മോഹവും... എല്ലാം ഇപ്പോഴത്തെ തലമുറ ഏറ്റു പാടുകയാണ്. ആയിരം പാട്ടു പാടിയാലും കിട്ടാത്ത അനുഭവമാണ് എനിക്ക് ഇത്തരം പാട്ടുകള്‍ തരു­ന്നത്.

മലയാളികള്‍ ഒരുപാടു ഗൃഹാതുരമായ ഓര്‍മ്മകള്‍ സൂക്ഷിക്കുന്നവരാണ്. അത്തരം ഗൃഹാതുരചിന്തകളെ ഉണര്‍ത്തുന്നതാണ് എന്റെ പാട്ടുകളെന്നു പലരും പറഞ്ഞിട്ടുണ്ട്. ഏതോ കോണില്‍ ജീവിക്കുന്ന ഞാനറിയാത്ത ഒരാള്‍ക്ക് എന്റെ പാട്ടുകള്‍ സാന്ത്വനവും സന്തോഷവും സമാധാനവും ഉണ്ടാക്കുന്നുവെങ്കില്‍ അതല്ലേ എന്റെ ജീവിതത്തിലെ ധന്യമായ അനുഭവം. അത്തരം അനുഭവങ്ങള്‍ ഉണ്ടാകുമ്പോഴാണ് ഒരു കലാകാരന്റെ ജീവിതത്തില്‍ പൂര്‍ണത കൈവരുന്നതെന്ന് ഞാന്‍ വിശ്വസിക്കുന്നു.എന്റെ പാട്ടുകളെ തീവ്രമായി പ്രണയിക്കുന്ന ഒരു വിഭാഗം തന്നെയുണ്ട്. പലരും വിളിക്കാറുണ്ട്, ചിലര്‍ കാണാന്‍ വരാറുമുണ്ട്.പ്രണയിക്കുന്നവര്‍ക്കും പ്രണയം മനസ്സില്‍ സൂക്ഷിക്കുന്നവര്‍ക്കും ഒരു പോലെ പ്രിയപ്പെട്ട പാട്ടാണ് ചന്ദന മണിവാതില്‍ .
പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ് സംഗീതം നിര്‍വഹിച്ച തൂവാനത്തുമ്പികള്‍ എന്ന ചിത്രത്തിന്റെ റിക്കോഡിങ്ങിനു ചെന്നൈയിലെത്തിയപ്പോഴാണ് ചന്ദന മണിവാതില്‍ എന്ന ഗാനത്തിലേക്കുള്ള വഴിതെളിയുന്ന­ത്.

തൂവാനത്തുമ്പികളിലെ 'ഒന്നാം രാഗം പാടി 'എന്ന ഗാനം പാടിക്കൊണ്ടിരിക്കുമ്പോള്‍ സംഗീത സംവിധായകന്‍ രവീന്ദ്രന്റെ വീടിനടുത്ത് താമസിക്കുന്ന ബാബു ചേട്ടന്‍ അവിടെ റിക്കോഡിങ് കാണാന്‍ വരികയുണ്ടായി. വേണു പാടിയ ഒന്നാം രാഗം പാടി എന്ന ഗാനം ബാബുച്ചേട്ടന് ഒരുപാട് ഇഷ്ടമായി. അദ്ദേഹം ഉടനെ വേണുവിനെയും കൂട്ടി സംഗീത സംവിധായകന്‍ രവീന്ദ്രന്റെ വീട്ടില്‍ ചെന്ന് അദ്ദേഹത്തിനു പരിചയപ്പെടുത്തി. പുതിയ പയ്യനാണെന്നും,അവസരങ്ങള്‍ ഉണ്ടെങ്കില്‍ കാര്യമായി പരിഗണിക്കണമെന്നും പറഞ്ഞു. ഹാര്‍മോണിയത്തില്‍ പാടാമോ എന്ന് രവീന്ദ്രന്‍ വേണുഗോപാലിനോട് ചോദിച്ചു. ഉടനെ തന്നെ ഒരു ഗസല്‍ പാടി കേള്‍പ്പിച്ചു. പാടിക്കഴിഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു." ഉടനെ തന്നെ നമ്മള്‍ വീണ്ടും കാണും"എന്ന്.രണ്ടു മാസം കഴിഞ്ഞു തിരുവനന്തപുരത്ത് വന്നപ്പോള്‍ വേണുഗോപാലിനെ വിളിച്ച് അദ്ദേഹം ഈ പാട്ടു പാടിക്കുന്നത്. 'മരിക്കുന്നില്ല ഞാന്‍' എന്ന ചിത്രത്തിനു വേണ്ടിയായിരുന്നു ആ ഗാനം പാടിയത്. ആ ചിത്രം ഹിറ്റായിരുന്നില്ല. എന്നാല്‍ അന്നൊക്കെ സിനിമ ഹിറ്റായില്ലെങ്കില്‍ കൂടി പാട്ടുകള്‍ ശ്രദ്ധിക്കുകയും ഹിറ്റാവുകയും ചെയ്യുമായിരുന്നു. ഏഴാച്ചേരി രാമചന്ദ്രന്‍ എഴുതിയ മനോഹരമായ ഗാനത്തിന് ഹിന്ദോളം രാഗത്തില്‍ രവീന്ദ്രന്‍ മികച്ച രീതിയില്‍ ചിട്ടപ്പെടുത്തിയിരിക്കുന്നു. ഇന്നും മലയാളികള്‍ക്ക് ഏറ്റവും കൂടുതല്‍ ഇഷ്ടമുള്ള പത്തു പ്രണയ ഗാനങ്ങളില്‍ ചന്ദന മണിവാതിലും ഉണ്ടെന്നു നിസംശയം പറയാം .ഗാനമേളകളുടെ വേദികളില്‍ എല്ലാം വേണുഗോപാല്‍ ഈ ഗാനം ആലപിക്കും .

പുതിയ തലമുറയിലെ സംഗീത സംവിധായകാരുടെ സിനിമകളില്‍ നിരവധി ഗാനങ്ങള്‍ വേണുഗോപാല്‍ പാടിയിട്ടുണ്ട് . 'അച്ഛാ ദിനി'ല്‍ ബിജി ബാലിന്റെ സംഗീതത്തില്‍ പാടി, സുരേഷ് ഗോപി ചിത്രം രുദ്രസിംഹാസനത്തില്‍ വിശ്വജിത് എന്ന പുതിയ സംഗീത സംവിധായകന്റെ പാട്ടു പാടി. . അതുപോലെ എം ജയചന്ദ്രന്‍ , ബാലഭാസ്­ക്കര്‍ , അലക്‌­സ്‌­പോള്‍ , തുടങ്ങിയ പുതിയ തലമുറയിലെ ഭൂരിഭാഗം പേര്‍ക്കു വേണ്ടിയും ഈ അമുഗ്രഹീത ഗായകന്‍ പാടിയിട്ടുണ്ട്. സിനിമയില്‍ ഏകദേശം മുന്നൂറോളം പാട്ടുകള്‍ മാത്രമേ പാടിയിട്ടുള്ളു എങ്കിലും ഈ തലമുറയില്‍ ഏറ്റവും കൂടുതല്‍ വെറൈറ്റി പാടിയതു ഒരു പക്ഷെ വേണു ഗോപാല്‍ ആയിരിക്കും .
ഭക്തിഗാനങ്ങള്‍, ലളിതഗാനങ്ങള്‍, ഗസലുകള്‍, പ്രണയ ഗാനങ്ങള്‍ ഉള്‍ക്കൊള്ളുന്ന ആല്‍ബം സോങ്ങുകള്‍ അനവധിയുണ്ട്.ഇങ്ങനെ നൂറു കണക്കിന് പാട്ടുകളുടെ സമ്പത്തുമായി ഫൊക്കാനാ ഉത്സവ് വേദിയിലെത്തുന്ന ജി.വേണുഗോപാല്‍ അമേരിക്കന്‍ മലയാളികളുടെ സുഹൃത്തുകൂടിയാണ് .പാട്ടിനു പുറമേ അറിയപ്പെടുന്ന ഒരു ജീവകാരുണ്യ പരവര്ത്തകാന്‍ കൂടിയാണ് അദ്ദേഹമെന്ന് അത്ര അറിയപ്പെടാത്ത രഹസ്യം കൂടിയാണ് .
ഇംഗ്ലീഷ് സാഹിത്യത്തിലും പത്രപ്രവര്‍ത്തനത്തിലും ബിരുദാനന്ദര ബിരുദം നേടിയിട്ടുള്ള വേണുഗോപാല്‍ ഭാര്യ രശ്മിയോടും മക്കളായ അരവിന്ദ്, അനുപല്ലവി എന്നിവരോടും ഒപ്പം തിരുവനന്തപുരത്ത് താമസിക്കുന്നു.മകനും ഇപ്പോള്‍ സംഗീതരംഗത്ത്­ സജീവമാണ് .
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക