Image

ക്രിസ്തുവിനെ കമ്മ്യൂണിസ്റ്റാക്കുമ്പോള്‍

ജി.കെ. Published on 03 February, 2012
ക്രിസ്തുവിനെ കമ്മ്യൂണിസ്റ്റാക്കുമ്പോള്‍
ഒടുവില്‍ ക്രിസ്തു ദേവനെ കമ്മ്യൂണിസ്റ്റാക്കാന്‍ സിപിഎം തീരുമാനിച്ചിരിക്കുന്നു. സിപിഎം സംസ്ഥാനസമ്മേളനത്തിന്റെ ഭാഗമായി തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് സംഘടിപ്പിച്ച ചരിത്ര-ചിത്ര പ്രദര്‍ശനത്തില്‍ വിപ്ലവകാരികള്‍ക്കൊപ്പം യേശു ക്രിസ്തുവിന്റെ ചിത്രം ഉള്‍പ്പെടുത്തിയാണ് സംസ്ഥാനത്തെ സിപിഎം നേതൃത്വം ക്രിസ്തുവിനെ കമ്മ്യൂണസത്തിന്റെ മാമ്മോദീസ മുക്കിയിരിക്കുന്നത്. സത്യത്തില്‍ സംസ്ഥാന സമ്മേളനം കഴിയുമ്പോഴേക്കും യേശു ക്രിസ്തു സിപിഎം അംഗത്വം എടുക്കുമെന്നതിനെക്കുറിച്ച് ആദ്യ സൂചന ലഭിച്ചത് കണ്ണൂരില്‍ നിന്നായിരുന്നു.

ശുംഭന്‍ പ്രയോഗത്തിലൂടെ മലയാള ഭാഷയ്ക്ക് പുതിയ പരിഭാഷ ചമച്ച എം.വി.ജയരാജന്‍ സഖാവാണ് ഇതിന്റെ ആദ്യ സൂചന നല്‍കിയത്. ക്രിസ്തുമതം എന്നാല്‍ കമ്യൂണിസമാണെന്നായിരുന്നു ജയരാജന്‍ സഖാവിന്റെ വലിയ കണ്ടു പിടിത്തം. തീര്‍ന്നില്ല ക്രിസ്തുമതത്തിന്റെ തേരാളിയായ യേശു ക്രിസ്തു സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടാണെന്നുകൂടി ജയരാജന്‍ പറഞ്ഞുവെച്ചു. ഇത്തവണത്തെ സംസ്ഥാന സമ്മേളനം കഴിയുമ്പോള്‍ യേശു ക്രിസ്തു സിപിഎം അംഗത്വമെടുക്കുമെന്ന് അന്നേ അണികള്‍ ഉറപ്പിച്ചിരുന്നു. എന്തായാലും സിപിഎമ്മിന്റെ നയം മാറ്റം കണ്ട് സാക്ഷാല്‍ കാറല്‍ മാക്‌സ് പോലും അന്തം വിട്ടിരിക്കുകയാണെന്നാണ് ചിത്രപ്രദര്‍ശനം കണ്ടിറങ്ങുന്നവര്‍ പറയുന്നത്.

അല്ലെങ്കില്‍ പിന്നെ പള്ളിയില്‍വെച്ച് വിവാഹം നടത്തിയതിന് എസ്എഫ്‌ഐ നേതാവിനെ പുറത്താക്കിയിട്ടുള്ള ഒരു പാര്‍ട്ടി, ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തതിന് എംഎല്‍എ ശാസിച്ചിട്ടുള്ള ഒരു പാര്‍ട്ടി എങ്ങനെയാണ് ഇങ്ങനെയൊക്കെ മാറുക എന്നതാണ് ഏവരും ചോദിക്കുന്നത്. മാര്‍ക്‌സിന്റെയും എംഗല്‍സിന്റെയും ആശയങ്ങള്‍ കാലാഹരണപ്പെട്ടതുകൊണ്ടാണോ യേശുവിനെ കൂട്ടുപിടിച്ചിരിക്കുന്നതെന്നാണ് ഇനി സിപിഎം വ്യക്തമാക്കേണ്ടത്. മാര്‍ക്‌സാണ് ശരിയെന്നാണ് ചിത്രപ്രദര്‍ശനത്തിന്റെ പേരെങ്കിലും യേശുവാണ് ശരിയെന്ന നിലപാടിലേക്ക് സിപിഎം മാറിയോ എന്നതും ഉത്തരംകിട്ടാ ചോദ്യമായി അവശേഷിക്കുന്നു.

യേശുദേവന്‍ ഭൂമിയില്‍ അവതരിച്ചിട്ട് 2000 വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. സംസ്ഥാനത്ത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം പിറവി കൊണ്ടിട്ട് ഏകദേശം എട്ടു പതിറ്റണ്ടുകളും പിന്നിട്ട് കഴിഞ്ഞു. എന്നിട്ടും യേശു യഥാര്‍ഥ കമ്മ്യൂണിസ്റ്റാണെന്ന് തിരിച്ചറിയാന്‍ നമ്മുടെ ഇടത് നേതാക്കള്‍ എന്തേ ഇത്രയും വൈകിയെന്ന ചോദ്യവും വെറും ചോദ്യമായി തന്നെ അവശേഷിക്കുന്നു. ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം തേടുമ്പോഴാണ് പുത്തരിക്കണ്ടം മൈതാനത്തു നിന്ന് പിറവം മണ്ഡലത്തിലേക്കുള്ള പാലം ജനങ്ങള്‍ തിരിച്ചറിയുന്നത്.

പിറവം നിയമസഭാ തെരഞ്ഞെടുപ്പ് എത്രയൊക്കെ നീട്ടിവെച്ചാലും മാര്‍ച്ച് മാസം തീരുന്നതിന് മുമ്പ് നടത്തേണ്ടി വരുമെന്ന് സിപിഎമ്മിനറിയാം. തമ്മിലടിച്ചും ഗ്രൂപ്പ് കളിച്ചും മുന്നേറുന്ന യുഡിഎഫിന് പിറവത്ത് പിഴച്ചുപോകണമെങ്കില്‍ സഭാ നേതാക്കളുടെ കാര്യമായ കൈത്താങ്ങ് തന്നെ വേണം. എന്നാല്‍ യേശുവിനെ സംസ്ഥാന സമ്മേളനപ്രതിനിധിയാക്കുന്നതിലൂടെ സഭയുടെ ഒരുകൈസഹായം ഇങ്ങോട്ടു പോരുകയാണെങ്കില്‍ പോന്നോട്ടെ എന്നതായിരിക്കും ഇപ്പോള്‍ സിപിഎമ്മിനെ നയിക്കുന്ന വികാരം. അതുകൊണ്ടു തന്നെ ക്രിസ്തുവിന്റെ ചിത്രം പ്രദര്‍ശിപ്പിച്ചതുകൊണ്‌ടോ പ്രകാശ് കാരാട്ടിനെ യേശുക്രിസ്തുവിനോട് ഉപമിച്ചതുകൊണ്‌ടോ സിപിഎം തങ്ങളുടെ വൈരുദ്ധാത്മിക ബൗദ്ധികവാദത്തില്‍ വെള്ളം ചേര്‍ത്തുവെന്നതിന് അര്‍ഥമില്ല.

കാരണം ഇത്തരം ചെപ്പടിവിദ്യകള്‍ സിപിഎം മുമ്പും ചെയ്തിട്ടുണ്ട്. മലപ്പുറത്ത് സംസ്ഥാന സമ്മേളനം നടന്നപ്പോള്‍ ചെങ്കൊടിയ്ക്ക് പകരം പച്ചകൊടി പാറിപ്പിച്ചാണ് സിപിഎം ന്യൂനപക്ഷ വോട്ടു ബാങ്കില്‍ വേരോട്ടമുണ്ടാക്കാന്‍ ശ്രമിച്ചത്. എന്നാല്‍ ന്യൂനപക്ഷ വോട്ടുകള്‍ നേടാനായി നടത്തിയ ഈ ശ്രമം കൊണ്ട് പിന്നീട് നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലോ നിയമസഭാ തെരഞ്ഞെടുപ്പിലോ കാര്യമായ നേട്ടമൊന്നും സിപിഎമ്മിനോ ഇടതു മുന്നണിയ്‌ക്കോ ഉണ്ടായില്ലെന്ന് പിന്നീടുള്ള ചരിത്രം.

എന്നാല്‍ ഇപ്പോഴത്തെ ചിത്രപ്രദര്‍ശനം കൊണ്ട് സിപിഎം ഒരു കാര്യം കൂടി ഉറക്കെ പ്രഖ്യാപിക്കുന്നുണ്‌ടെന്നതാണ് യാഥാര്‍ഥ്യം. സമുദായാംഗങ്ങള്‍ക്കിടയില്‍ വേരോട്ടമുണ്ടാക്കാന്‍ ഇടനിലക്കാരായി സമുദായ നേതാക്കളെ ഉപയോഗിക്കുന്ന പതിവ് സിപിഎം കൈവിടുന്നു എന്നതാണത്. എന്തായാലും സമുദായ നേതാക്കളെ വിട്ട് നേരിട്ട് പ്രവാചകന്‍മാരെ തന്നെ തങ്ങളുടെ സ്വന്തം സഖാക്കളാക്കി മാറ്റുന്ന ഈ പുതിയ അടവുനയത്തിന് എത്ര ആയുസുണ്‌ടെന്നതിന് ഉത്തരം കിട്ടാന്‍ അണികളും ജനങ്ങളും അധികമൊന്നും കാത്തിരിക്കേണ്ടതില്ല. പിറവം ഉപതെരഞ്ഞെടുപ്പ് വരെ കാത്തിരുന്നാല്‍ മതി. അതു കഴിഞ്ഞാല്‍ ക്രിസ്തുവിനെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പോളിറ്റ് ബ്യൂറോയില്‍ ഉള്‍പ്പെടുത്തുമോ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമോ എന്ന ആകാംക്ഷയ്ക്ക് അറുതായിവും. അതുവരെ ലാല്‍ സലാം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക