Image

ബ്രിസ്‌ബേനില്‍ ക്‌നാനായ കാത്തലിക് കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്തു

Published on 16 June, 2016
ബ്രിസ്‌ബേനില്‍ ക്‌നാനായ കാത്തലിക് കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്തു

 ബ്രിസ്‌ബേന്‍: ലോകമെമ്പാടും വ്യാപിച്ചു കിടക്കുന്ന ക്‌നാനായ മക്കളെ സഭയോടൊപ്പം വിശ്വാസത്തില്‍ വളരണമെന്ന സന്ദേശം വിളിച്ചോതിക്കൊണ്ട് കാത്തലിക് കോണ്‍ഗ്രസ് ബ്രിസ്‌ബേന്‍ (ഗഇഇആ) എന്ന കൂട്ടായ്മ ഓസ്‌ട്രേലിയായിലെ ബ്രിസ്‌ബേനില്‍ ഉദ്ഘാടനം ചെയ്തു. 

ബ്രിസ്‌ബേന്‍ രൂപത ബിഷപ് ജോസഫ് ഓണ്‍ഡെമാന്‍, സ്പ്രിംഗ് ഫീല്‍ഡ് സെന്റ് അഗസ്റ്റിന്‍സ് ഇടവക വികാരി ഫാ. മാന്റോ കോന്റേയുടെ സാന്നിധ്യത്തില്‍ ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസിനു തിരിതെളിച്ചു. ക്രൈസ്തവ സംഘടനകള്‍ ക്രിസ്തീയ വിശ്വാസത്തിന്റെ വാഹകരാകണമെന്നു ഉദ്ഘാടന പ്രസംഗത്തില്‍ പിതാവ് സൂചിപ്പിച്ചു. ക്രൈസ്തവ വിശ്വാസം അല്‍മായ സംഘടനയുടെ മുഖമുദ്രയാകുന്നത് സഭയുടെ വളര്‍ച്ചയ്ക്കും ക്‌നാനായ സമുദായത്തിന്റെ വളര്‍ച്ചയ്ക്കും കാരണമാകട്ടെ എന്ന് ഫാ. മാന്റോ കോന്റേ ആശംസിച്ചു.

തനിമയില്‍, ഒരുമയില്‍, സഭയോടൊപ്പം എന്ന മുദ്രാവാക്യം അക്ഷരാര്‍ഥത്തില്‍ പ്രാവര്‍ത്തികമാക്കികൊണ്ട് ബ്രിസ്‌ബേനിലെ ക്‌നാനായ കുടുംബങ്ങള്‍ ഒന്നിക്കുമ്പോള്‍ കേരളത്തിനു പുറത്ത് ക്‌നാനായക്കാരില്‍ ഉദിക്കുന്ന പുരോഗമന ചിന്താഗതിക്കും സഭാവിരോധത്തിനും ആത്മീയ നേതൃത്വത്തിനുമെതിരെയുള്ള പരസ്യ അവഹേളനത്തിനും എതിരെ ചിന്തിക്കുന്ന ഭൂരിപക്ഷ ക്‌നാനായ ജനത്തിന്റെ സഭാ സ്‌നേഹത്തിന് ഉദാത്ത മാതൃകയായി.

സെന്റ് അഗസ്റ്റിന്‍സ് ചാപ്പലില്‍ അര മണിക്കൂര്‍ പ്രാര്‍ഥനയോടു കൂടിയാണ് പരിപാടികള്‍ ആരംഭിച്ചത്. മാത്യു വെട്ടിക്കാട്ടിന്റെ അധ്യക്ഷതയില്‍ കൂടിയ പൊതുയോഗം മാര്‍ത്തോമന്‍ പ്രാര്‍ഥനാ ഗാനത്തോടെ ആരംഭിച്ചു. ജയിംസ് മണ്ണാത്ത്മാക്കിലിന്റെ സ്വാഗത പ്രസംഗത്തോടെ പിതാവിനെ വേദിയിലേക്ക് ആനയിച്ചു.

തുടര്‍ന്നു കെസിസിബിയുടെ ഉദ്ഘാടനവും ലോഗോ പ്രകാശനവും നിര്‍വഹിച്ചു. ഫാ. മാന്റോയുടെ ആശംസാ പ്രസംഗത്തിനുശേഷം ക്‌നാനായ സംഗീതത്തിന്റെ അകമ്പടിയോടു കൂടി തുടങ്ങിയപ്പോള്‍ ഏവരും ആവേശത്തോടെ പങ്കുചേര്‍ന്നു.

മെല്‍ബണ്‍ ക്‌നാനായ കാത്തലിക് മിഷന്‍ ചാപ്പലില്‍ ഫാ. തോമസ് കൂമ്പുക്കല്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ കെസിസിബിക്ക് പിന്തുണയും ആശംസയും അറിയിച്ചു. സഭയോടൊത്ത് ചിന്തിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ വെല്ലുവിളികള്‍ സാധാരണമാണെന്നും അതിനെ നേരിടുവാന്‍ ദൈവത്തെ മുറുകെ പിടിച്ച് ധൈര്യമായി വിശ്വാസത്തില്‍ ഒത്തുചേരുവാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു.

ഉഴവൂര്‍ ഒഎല്‍എല്‍എച്ച്എസിലെ റിട്ട. ഹെഡ്മാസ്റ്റര്‍ സ്റ്റീഫന്‍ വാഴപ്പള്ളി സംഘടനയ്ക്ക് ആശംസകള്‍ നേര്‍ന്നു. തുടര്‍ന്നു നടന്ന കലാവിരുന്ന് സദസ് വിസ്മയത്തോടെ ആസ്വദിച്ചു. നാട്ടില്‍ നിന്നും എത്തിയ മാതാപിതാക്കള്‍ക്കും കുട്ടികള്‍ക്കും സമ്മാനങ്ങള്‍ നല്‍കി. ഷാജി മുത്തുപറമ്പില്‍ നന്ദി പറഞ്ഞു.

ഷാജി മുത്തുപ്പറമ്പില്‍, സൈജു സൈമണ്‍, കുഞ്ഞുമോന്‍ ഏബ്രഹാം, ഫിലിപ്പ് ചാക്കോ, റെജോ റെജി എന്നിവര്‍ കൂട്ടായ്മയ്ക്ക് നേതൃത്വം കൊടുത്തപ്പോള്‍ ഗ്രേസ് റെജി, ജെറോം ജി സോയി, റൈനി രാജന്‍, റാവോണ്‍ രാജന്‍ എന്നിവര്‍ കലാപരിപാടികള്‍ക്കു നേതൃത്വം നല്‍കി. 

റിപ്പോര്‍ട്ട്: റെജി പാറയ്ക്കന്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക