Image

ജിഷ എപ്പിസോഡില്‍ തങ്കച്ചന്‍ ക്ലീന്‍, ജോമോന്‍ ബ്ലാക്ക്‌മെയില്‍ ഡീലര്‍ (എ.എസ് ശ്രീകുമാര്‍)

Published on 17 June, 2016
ജിഷ എപ്പിസോഡില്‍ തങ്കച്ചന്‍ ക്ലീന്‍, ജോമോന്‍ ബ്ലാക്ക്‌മെയില്‍ ഡീലര്‍ (എ.എസ് ശ്രീകുമാര്‍)
പെരുമ്പാവൂര്‍ വൈദ്യശാലപ്പടി പെരിയാര്‍ ബണ്ട് കനാല്‍ അരികിലെ ഒറ്റമുറി വീട്ടില്‍ വച്ച് ജിഷയെന്ന നിയമ വിദ്യാര്‍ത്ഥിനിയുടെ അതി ക്രൂരമായ കൊലപാതകം സൃഷ്ടിച്ചത് കടുത്ത രാഷ്ട്രീയ കോളിളക്കങ്ങളാണ്. നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ മൂര്‍ദ്ധന്യാവസ്ഥയിലായിരുന്നു കൊലപാതകമെന്നതിനാല്‍ വിവിധ മുന്നണികള്‍ ഇത് രാഷ്ട്രീയ പകപോക്കലിനുള്ള ആയുധമായെടുത്തു. തന്മൂലം സ്ഥലം എം.എല്‍.എ, സി.പി.എമ്മിലെ സാജു പോളിന് അപ്രതീക്ഷിത പരാജയം നേരിടേണ്ടി വന്നു. ജിഷയുടെ പിതൃത്വം സംബന്ധിച്ച കോലാഹലമായിരുന്നു മറ്റൊന്ന്. ജിഷയുടെ അമ്മ രാജേശ്വരി യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്റെ വീട്ടില്‍ ജോലിക്ക് നിന്നിരുന്നുവെന്നും പെരുമ്പാവൂരിലെ ഉന്നത രാഷ്ട്രീയ നേതാവിന്റെ മകളാണ് ജിഷ എന്ന രീതിയിലും തങ്കച്ചനെ ലാക്കാക്കി ആക്ഷേപമുയരുകയുണ്ടായി. പൊതു താത്പര്യ ഹര്‍ജിക്കാരനും മനുഷ്യാവകാശ പ്രവര്‍ത്തകനുമെന്നുള്ള ലേബലില്‍ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ ആണ് പി.പി തങ്കച്ചനെ ക്രൂശിക്കാനിറങ്ങിത്തിരിച്ചത്. സ്വത്തില്‍ അവകാശം ചോദിച്ചതിന്റെ പേരില്‍ ജിഷയും തങ്കച്ചനും തമ്മില്‍ തെറ്റിയെന്നു പോലും ജോമോന്‍ പറഞ്ഞപ്പോള്‍ അദ്ദേഹം ജോമോനെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുകയുണ്ടായി. 

ഇങ്ങനെ രാഷ്ട്രീയ രംഗത്തും സാമൂഹിക തലത്തിലും ഒച്ചപ്പാടുണ്ടാക്കിയതും മനസാക്ഷിയെ മരവിപ്പിച്ചതുമായ പൈശാചിക കൊലപാതകമായതുകൊണ്ടാണ് മുന്‍ സര്‍ക്കാരിന്റെ കാലത്തെ അന്വേഷണ വീഴ്ചയുടെ പശ്ചാത്തലത്തില്‍ പിണറായി വിജയന്‍ സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭായോഗത്തില്‍ തന്നെ ബി. സന്ധ്യ ഐ.പി.എസിന്റെ നേതൃത്വത്തില്‍ പുതിയ അന്വേഷണ സംഘത്തെ നിയോഗിച്ചത്. കൊല നടന്ന് അമ്പതാം നാളിലും സര്‍ക്കാര്‍ അധികാരമേറ്റതിന്റെ 23-ാം ദിവസവും ഘാതകന്റെ അറസ്റ്റ് രേഖപ്പെടുത്തിയതോടെ ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ വാദമുഖങ്ങളുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു. ഈ ലേഖകന്റെ സുഹൃത്തും മാധ്യമ പ്രവര്‍ത്തകനുമായ റെജി ലൂക്കോസിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് ഇത്തരുണത്തില്‍ ശ്രദ്ധേയമാണ്...''രാഷ്ട്രീയം ഏത് പക്ഷവുമാവട്ടെ വന്ദ്യ വയോധികനായ പി.പി തങ്കച്ചനെ ഈ കേസില്‍ വലിച്ചിഴച്ച് ബ്ലാക്ക്‌മെയില്‍ രാഷ്ട്രീയം തൊഴിലാക്കി ഉപജീവനം നടത്തുന്ന ജോമോന്‍ പുത്തന്‍പുരയ്ക്കലിനെതിരെ സമൂഹം പ്രതികരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു...'' 

ഇതിനിടെ ജിഷയുടെ പിതാവ് പാപ്പു പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നത് സി.പി.എമ്മും കോണ്‍ഗ്രസും ഒത്തു കളിച്ച് കൊന്നവനെ പിടിച്ചു. കൊല്ലിച്ചവരെ പിടിച്ചില്ല എന്നാണ്. ഇതില്‍ നിന്നും മനസ്സിലാക്കേണ്ടത് കൊലപാതകത്തെ പറ്റി ദുരൂഹതകള്‍ നിലനില്‍ക്കുന്നു എന്നാണ്. ഇതുവരെ കേട്ടതെല്ലാം കെട്ടുകഥകളാണോ...? ജിഷവധത്തിനു പിന്നില്‍ ഉന്നതരുണ്ടെന്നാണ് ജോമോന്‍ ഇപ്പോഴും ആവര്‍ത്തിക്കുന്നത്.

ജിഷയുടെ കൊലപാതകി അസം സ്വദേശിയായതിനാല്‍ മറ്റു ചില ആശങ്കകളും ഉയര്‍ന്നു വരുന്നുണ്ട്. അത് കേരളം വിഹാര രംഗമാക്കിയിരിക്കുന്ന അന്യ സംസ്ഥാന തൊഴിലാളികളുടെ എണ്ണപ്പെരുക്കത്തെ സംബന്ധിച്ചുള്ളതാണ്. ഘാതകന്‍ അമിയൂര്‍ ഉള്‍ ഇസ്ലാമിന്റെ മനോവൈകൃതങ്ങളും അസം, ബംഗാള്‍, ഉത്തര്‍പ്രദേശ്, ഒഡിഷ, ഛത്തീസ്ഗഢ്, ഝാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നുമൊക്കെ കേരളത്തില്‍ തൊഴില്‍ തേടി എത്തുന്നവരുടെ ജീവിത രീതികളും കൂട്ടിച്ചേര്‍ത്തു വായിക്കേണ്ടതുണ്ട്. കേരളത്തില്‍ പെരുകുന്ന അന്യസംസ്ഥാന തൊഴിലാളികളെയും അവരെ യഥേഷ്ടം റിക്രൂട്ട് ചെയ്യുന്ന മാഫിയകളെക്കുറിച്ചും ഇവരുടെയൊക്കെ നോക്കുകൂലി പറ്റുന്ന പരാദ ജീവികളായ തൊഴിലാളി യൂണിയന്‍ നേതാക്കളുടെ സാമ്പത്തിക നേട്ടങ്ങളെ സംബന്ധിച്ചും ഗൗരവത്തില്‍ ചിന്തിക്കുവാന്‍ വക നല്‍കുന്നതാണ് അമിയൂര്‍ ഇസ്ലാമിന്റെ അറസ്റ്റ്. ഇയാള്‍ അസമില്‍ ഒരു കൊലപാതകം നടത്തി മുങ്ങിയ പിടികിട്ടാ പുള്ളിയാണെന്ന പുതിയ വിവരങ്ങളാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്. കേരളത്തിലെത്തുന്ന കുടിയേറ്റ തൊഴിലാളികളില്‍ മയക്കു മരുന്ന് ഉപയോഗിക്കുന്നവരും ക്രിമിനല്‍ പശ്ചാത്തലമുള്ളവരും ഉണ്ട്. 

നമ്മുടെ അടിസ്ഥാന തൊഴില്‍ മേഖല ഏതാണ്ട് പൂര്‍ണമായും കൈയടക്കിയിരിക്കുകയാണ് അന്യസംസ്ഥാന തൊഴിലാളികള്‍. ഇവരില്‍ കൊടും കുറ്റവാളികളുണ്ടെന്ന സൂചനയും ലഭിക്കുന്നുണ്ട്. അന്യ സംസ്ഥാന തൊഴിലാളികള്‍ കേരളത്തില്‍ നടത്തിയ കൊലപാതകങ്ങള്‍ സമീപ കാലങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മൃതദേഹത്തെ വൈകൃതമാക്കുന്ന രീതി ഇവര്‍ അവലംബിക്കുന്നു. അസമില്‍ തന്നെക്കാള്‍ ഇരട്ടി പ്രായമുള്ള രണ്ട് ഭാര്യമാരും പെരുമ്പാവൂരില്‍ മറ്റൊാരു സ്ത്രീയുമായി വഴിപിഴച്ച ബന്ധവുമുള്ള അമിയൂര്‍ ഇസ്ലാം ലൈഗിക വൈകൃതങ്ങള്‍ക്ക് അടിമയാണ്. ഇത് ജിഷയുടെ കൊലപാതകത്തിലും പ്രകടമാണ്. പൂര്‍വ വൈരാഗ്യത്തിന്റെ പേരില്‍ മദ്യപിച്ച് എത്തി ജിഷയെ കുത്തിവീഴ്ത്തിയപ്പോള്‍ ജിഷ ഇയാളെ കടിക്കുകയും അമിയൂര്‍ തിരിച്ച് കടിക്കുകയും ചെയ്തു. മാറിടത്തില്‍ പലവട്ടം കത്തി കുത്തിയിറക്കി. ശരീരത്തില്‍ മുപ്പതിലധികം മുറിവുകള്‍ ഉണ്ടായിരുന്നു. കുടല്‍മാല പുറത്തുചാടി. ബലാത്സംഗ ശ്രമം ജിഷ ചെറുത്തതോടെ ഭ്രാന്തമായ കലി ബാധിച്ച ഇയാള്‍ ജിഷയുടെ ജനനേന്ദ്രിയം കുത്തിക്കീറി വികൃതമാക്കി. മരിക്കും മുമ്പ് ഒരിറ്റു വെള്ളം കൊടുക്കുകയെന്നത് ഇരയോട് ഏതൊരു ക്രൂരനും കാപാലികനും കാട്ടുന്ന കരുണയാണ്. അന്ത്യശ്വാസം വലിക്കും മുമ്പ് അവ്യക്തമായി ജിഷ വെള്ളം ആവശ്യപ്പെട്ടപ്പോള്‍ ഈ നരാധമന്‍ വായിലൊഴിച്ചു കൊടുത്തത് മദ്യമായിരുന്നു. ജിഷയുടെ ശരീരത്തില്‍ മദ്യത്തിന്റെ സാന്നിദ്ധ്യമുണ്ടായിരുന്നുവെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. 

ഇത്തരം മൃഗീയ വാസന പല അന്യസംസ്ഥാന തൊഴിലാളികളിലുണ്ടെന്നുള്ളത് ഇവര്‍ ഉള്‍പ്പെട്ട പല കേസുകളില്‍ നിന്നും വ്യക്തമാണ്. സംസ്ഥാനത്ത് 40 ലക്ഷത്തിനും 50 ലക്ഷത്തിനും ഇടയില്‍ കുടിയേറ്റ തൊഴിലാളികള്‍ ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. എറണാകുളം ജില്ലയില്‍ മാത്രം 10 ലക്ഷം പേരുണ്ടത്രേ. പെരുമ്പാവൂരാണ് ഇവരുടെ 'തലസ്ഥാനം.'  ഓരോ വര്‍ഷവും ശരാശരി രണ്ടര ലക്ഷത്തോളം കുടിയേറ്റ തൊഴിലാളികള്‍ കേരളത്തിലെത്തുന്നു. ഇവര്‍ അസംഘടിത മേഖലകളിലും സ്വകാര്യ, ചെറുകിട സ്ഥാപനങ്ങളിലുമൊക്കെയായി പണിയെടുക്കുന്നു. ഇതര സംസ്ഥാന തൊഴിലാളികള്‍ എത്തുന്ന സ്ഥലത്തിന്റെ പരിധിയിലുള്ള പോലീസ് സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്ത് മതിയായ തിരിച്ചറിയല്‍ രേഖകള്‍ ഹാജരാക്കി സര്‍ട്ടിഫിക്കറ്റ് വാങ്ങണമെന്നൊക്കെ നിര്‍ദേശിക്കപ്പെട്ടിരുന്നതാണ്. എന്നാല്‍ നിര്‍മാണ കരാറുകാരും തൊഴിലാളികളുടെ ഹോള്‍സെയില്‍ ഏജന്റുമാരും നിയമപാലകരും തമ്മിലുള്ള ഒത്തുകളിയില്‍ ഈ നിര്‍ദേശങ്ങളെല്ലാം പാലിക്കപ്പെടാതെ കാറ്റില്‍ പറത്തപ്പെടുകയാണുണ്ടായത്. 

കുടിയേറ്റത്തൊഴിലാളികളിലൂടെ കഞ്ചാവുള്‍പ്പെടെയുള്ള മയക്കു മരുന്നുകളും പാന്‍പരാഗ്, തമ്പാക്ക് പോലെയുള്ള ലഹരിവസ്തുക്കളും പിന്നെ കള്ളനോട്ടുകളും വരെ കേരളത്തിലെത്തുന്നുണ്ടെന്നത് വസ്തുതയാണ്. ഇവരുടെ സജീവ സാന്നിദ്ധ്യം സാമ്പത്തിക രംഗത്തും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. കേരളത്തില്‍ നിന്ന് കോടികളാണ് പ്രതിമാസം പുറത്തേക്ക് ഒഴുകുന്നത്. നാട്ടുകാരെക്കാള്‍ കൂലി കുറച്ച് മതിയെന്നതും അദ്ധ്വാന ശേഷിയുമാണ് കേരളത്തില്‍ ഇവര്‍ക്ക് തൊഴില്‍ ഉറപ്പാക്കുന്നത്. അതേ സമയം ഇവരെ കാടടച്ച് കുറ്റപ്പെടുത്താനാവില്ല. മിക്കവരും മര്യാദക്കാരാണ്. അസാന്മാര്‍ഗികളും ക്രിമിനലുകളുമായ ഒരു ന്യൂനപക്ഷത്തിന്റെ കൊടും ക്രൂരതകള്‍ക്ക് നല്ലവരും ബലിയാടുകളാവുന്നു. അമിയൂര്‍ ഇസ്ലാമിന്റെ അറസ്റ്റിനു ശേഷം കേരളത്തില്‍  വ്യാപകമായി ഇതരസംസ്ഥാന തൊഴിലാളികള്‍ ആക്രമിക്കപ്പെടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവരുടെ സുരക്ഷയ്ക്കു വേണ്ടിയുള്ള മുറവിളികള്‍ ഉയര്‍ന്നു കഴിഞ്ഞിരിക്കുന്നു. ഗുരുതരമായ ഈ സാഹചര്യത്തില്‍ ഇത്തരം തൊഴിലാളികളുടെ രജിസ്‌ട്രേഷന്‍ ശക്തമാക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ തുടങ്ങിയിട്ടുണ്ട്. തൊഴില്‍ നിയമങ്ങള്‍ അനുശാസിക്കുന്ന ആനുകൂല്യങ്ങള്‍ നല്‍കുന്നതിനോടൊപ്പം ഇവരെ പോലീസിന്റെ കര്‍ശനമായ നിരീക്ഷണ വലയത്തിലാക്കുകയും ചെയ്യും. 

മറ്റൊരു സുപ്രധാന കാര്യം വ്യക്തമാക്കാനുണ്ട്. ജിഷ വധക്കേസില്‍ പുതിയ സംഘം ചുമതലയേറ്റ ശേഷം അന്വേഷണത്തിന്റെ പേരില്‍ കടുത്ത മനുഷ്യാവകാശ ലംഘനം നടന്നതായി പരക്കെ ആരോപണമുയര്‍ന്നിരുന്നു. പ്രതിയെ കണ്ടെത്താന്‍ വേണ്ടി പോലീസ് കാടടച്ചു വെടിവയ്ക്കുകയായിരുന്നുവത്രെ. ജിഷയുടെ വീട്ടുപരിസരത്തുള്ള നാട്ടുകാരെയും മറ്റും വിളിച്ചുവരുത്തി മണിക്കൂറുകളോളം നിര്‍ത്തി ഫിംഗര്‍ പ്രിന്റെടുക്കുകയും പലരേയും ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്ത് മാനസികമായും ശാരീരികമായും പോലീസ് മുറയില്‍ പീഡിപ്പിക്കുകയും ചെയ്തു. ജിഷയുടെ ശരീരത്തില്‍ പ്രതി കടിച്ച പാട് ഉണ്ടായിരുന്നു. ഇതില്‍ അയാളുടെ പല്ലുകള്‍ തമ്മിലുള്ള അകലം വ്യക്തമായിരുന്നു. പച്ചമാങ്ങ കടിപ്പിച്ച് നാട്ടുകാരില്‍ നിന്നും തെളിവെടുക്കാനുള്ള ശ്രമവും പലര്‍ക്കും മാനക്കേടുളവാക്കി. ഡി.എന്‍.എ ടെസ്റ്റിനായി വ്യാപകമായി രക്ത സാമ്പിളുകള്‍ എടുത്തു. ഇതൊക്കെ അന്വേഷണത്തിന്റെ സ്വാഭാവിക നടപടികളാണെങ്കിലും ഇത്തിരി കൂടിപ്പോയി എന്നാണ് നാട്ടുകാരുടെ പരാതി. 

അന്വേഷണവുമായി ബന്ധപ്പെട്ട് മുന്‍സര്‍ക്കാരിന്റെ ആത്മാര്‍ത്ഥതയും ആദ്യ അന്വേഷണ സംഘത്തിന്റെ കുറ്റകരമായ നിഷ്‌ക്രിയത്വവും രാഷ്ട്രീയ വിഷയമാക്കി ഇടതു മുന്നണിയും ബി.ജെ.പി മുന്നണിയും തിരഞ്ഞെടുപ്പു ഘട്ടത്തില്‍ വലിയ പ്രചാരണം നടത്തിയിരുന്നു. അന്വേഷണത്തിലെ മെല്ലെപ്പോക്ക് തിരഞ്ഞെടുപ്പ് ഫലത്തിലും അല്പം സ്വാധീനം ചെലുത്തിയെന്ന് വേണം മനസ്സിലാക്കാന്‍. എന്നാല്‍ ആദ്യ അന്വേഷണ സംഘം കണ്ടെത്തിയ ഡി.എന്‍.എ ടെസ്റ്റിന്റെയും ജിഷയുടെ രക്തം പറ്റിയ പ്രതിയുടെ ഉപേക്ഷിക്കപ്പെട്ട ചെരിപ്പിന്റെയുമൊക്കെ പ്രാഥമിക തെളിവുകളെ അടിസ്ഥാനപ്പെടുത്തിയാണ് പുതിയ അന്വേഷണ ടീം അമിയൂര്‍ ഇസ്ലാമിലേക്കെത്തിയത്. എങ്കിലും പ്രതിയെ വേഗത്തില്‍ കുടുക്കാന്‍ കഴിഞ്ഞതില്‍ ബി സന്ധ്യയും  സംഘവും അഭിനന്ദനം അര്‍ഹിക്കുന്നു. പ്രതിയെ പിടിച്ച ശേഷവും അതിന്റെ ക്രെഡിറ്റിനെ ചൊല്ലി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും അവകാശത്തര്‍ക്കത്തിന്റെ വാചക കസര്‍ത്തിലേര്‍പ്പെട്ടു. അമിയൂരിന്റെ ചെരിപ്പായിരുന്നു കഥാപാത്രം. 

''കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തു തുടങ്ങിയ അന്വേഷണത്തില്‍ ലഭിച്ച തെളിവുകളിലൂടെയാണ് ഇപ്പോള്‍ പ്രതിയെ കണ്ടെത്താനായത്. ജിഷ വധക്കേസില്‍ ഒരു തെളിവും ഇല്ലെന്നും എല്ലാ തെളിവും പോലീസ് തേച്ച് മാച്ച് കളഞ്ഞുവെന്നുമാണ് ഇടതു മുന്നണി ആരോപിച്ചിരുന്നത്. അന്ന് ചെരിപ്പ് തെളിവായി കണ്ടെത്തിയപ്പോള്‍ പോലീസ് ചെരിപ്പ് തൂക്കി നടക്കുന്നുവെന്നായിരുന്നു പിരഹാസം. ആ ചെരിപ്പ് തന്നെയാണ് ഇപ്പോള്‍ സുപ്രധാന തെളിവായത്...'' മുന്‍ ആഭ്യന്തര മന്ത്രി ചെന്നിത്തലയുടെ വാദമിങ്ങനെ.

''ഇടതു സര്‍ക്കാര്‍ വന്നില്ലായിരുന്നുവെങ്കില്‍ ജിഷ വധക്കേസിലെ പ്രതി മറ്റൊരു സുകുമാരക്കുറുപ്പാകുമായിരുന്നു. ഇടതു സര്‍ക്കാര്‍ വന്നതുകൊണ്ടാണ് പ്രതിയെ പിടികൂടാനായത്. ഇടതു സര്‍ക്കാരിന്റെ പോലീസ് നയത്തിന് ലഭിച്ച അംഗീകാരമാണിത്. ആ ചെരിപ്പ് പഴയ ആഭ്യന്തര മന്ത്രിയെടുത്തോട്ടെ...'' മറ്റൊരു പഴയ ആഭ്യന്തര മന്ത്രികൂടിയായ കോടിയേരി ഇങ്ങനെ പ്രതികരിച്ചു.

ഇന്ന് കോടതിയില്‍ ഹാജരാക്കിയ അമിയൂര്‍ ഇസ്ലാമിനെ പോലീസ്, കസ്റ്റഡിയില്‍ ആവശ്യപ്പെട്ടില്ല. തിരിച്ചറിയല്‍ പരേഡിനു ശേഷം കസ്റ്റഡിയില്‍ വാങ്ങിയാല്‍ മതിയെന്നാണ് പോലീസിന്റെ നിലപാട്. പ്രതിക്കെതിരെ ശാസ്ത്രീയ തെളിവുകളുണ്ടെന്നും പോലീസ് വ്യക്തമാക്കി. രണ്ടാഴ്ചത്തേയ്ക്ക് റിമാന്‍ഡ് ചെയ്ത അമിയൂരിനെ കാക്കനാട് ജില്ലാ ജയിലില്‍ കനത്ത സുരക്ഷയോടെ പാര്‍പ്പിച്ചിരിക്കയാണ്. എസ്.ഐ റാങ്കിലുള്ള രണ്ട് പോലീസുകാര്‍ സെല്ലിനു മുമ്പില്‍ കാവല്‍ നില്‍ക്കും. പ്രതിയെ സെല്ലില്‍ നിന്ന് പുറത്തിറക്കില്ല. സി.സി.ടി.വി നിരീക്ഷണത്തിലായിരിക്കും സദാസമയവും ഇയാള്‍. ഏതായാലും കേരളത്തില്‍ കേട്ടുകേഴ്‌വിയില്ലാത്ത ജിഷ വധത്തെ മൃഗീയമായ കൊലപാതകം എന്ന് വിശേഷിപ്പിക്കാനാവില്ല, കാരണം മൃഗങ്ങള്‍ പോലും തങ്ങളുടെ ജനുസില്‍ പെട്ടവരെ ഇത്ര ക്രൂരമായി കൊല്ലുകയില്ല. ജിഷയുടെ ഘാതകന്റെ അറസ്റ്റ് രേഖപ്പെടുത്തിയ അന്നു തന്നെ തിരൂരില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവര്‍ വെളിയങ്കോട് സ്വദേശി ചാലില്‍ മുഹ്‌സില്‍ എന്ന 28കാരനും പിടിയിലായി. അതെ, സ്ത്രീ പീഡനങ്ങള്‍ ഒരു ജിഷയില്‍ മാത്രം അവസാനിക്കുന്നില്ല, അത് തുടര്‍ക്കഥയല്ല, മെഗാ സീരിയലുകളായി തന്നെ അനുദിനം ആവര്‍ത്തിക്കപ്പെടുന്നു...

ജിഷ എപ്പിസോഡില്‍ തങ്കച്ചന്‍ ക്ലീന്‍, ജോമോന്‍ ബ്ലാക്ക്‌മെയില്‍ ഡീലര്‍ (എ.എസ് ശ്രീകുമാര്‍)
Join WhatsApp News
vayanakaaran 2016-06-19 05:33:50
കേരളത്തിൽ ഒരു ശിവ സേന പിറക്കാൻ സമയമായി.
അന്യ സംസ്ഥാന തൊഴിലാളികൾ ആധിപത്യം
സ്ഥാപിക്കും മുമ്പേ... മഹാബലിയെ ചവുട്ടി താഴ്ത്താൻ
വന്ന വാമനനെ പോലെ കേരളത്തിലെ മലയാളികളെ
അന്യ സംസ്ത്ഹാനക്കാർ ചവുട്ടി താഴ്ത്തും. ഗൾഫിൽ നിന്നും
കാശുമായെത്തുന്ന മലയാളി വീടന്വേഷിച്ച് വട്ടം
കറങ്ങും. അരെ സാലെ മലയാളിക്കി ബച്ചേ.. ചലേ ജാവോ
യെഹാം സെ... എന്ന് അപ്പോൾ കേള്ക്കാം... മലയാളമില്ലാത്ത മലയാള നാട്. ഭാഷാ സ്നേഹികളായ
അമേരിക്കൻ മലയാളി എഴുത്തുകാർ ഇത് ശ്രദ്ധിക്കേണ്ടതാണ്.
 
കീലേരി ഗോപാലന്‍ 2016-06-20 06:33:33
ഇന്ത്യന്‍ പൌരന് ഇന്ത്യയില്‍ എവിടെയും ജോലി ചെയ്യാം. കള്ളനും കുള്ളനുമൊക്കെ എല്ലാ സമൂഹത്തിലുമുണ്ട്. വിശപ്പിന്‍റെ പ്രശ്നം കൊണ്ടാണ് ഇവരൊക്കെ നാടും വീട്ടുകാരെയും വിട്ട് ഭാഷ അറിയാത്ത നാട്ടിലേക്ക് കുടിയേറിയത്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ അതിക്രമങ്ങള്‍ കാണിക്കുന്നത് മലയാളികള്‍ തന്നെയാണ്. മലയാളി ചെറുപ്പക്കാര്‍ അല്പം അലസ്സത വെടിഞ്ഞ് പണി ചെയ്താല്‍ കുറച്ചൊക്കെ ഈ പ്രശ്നത്തിന് പരിഹാരമാകും.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക