Image

അച്ഛനുറങ്ങുന്ന വഴിവീടുകള്‍ (എ.എസ് ശ്രീകുമാര്‍)

Published on 19 June, 2016
അച്ഛനുറങ്ങുന്ന വഴിവീടുകള്‍ (എ.എസ് ശ്രീകുമാര്‍)
നൊന്ത് പെറ്റ് അമ്മിഞ്ഞപ്പാല്‍ നാവില്‍ ഇറ്റിച്ചുതന്ന് നമ്മെ പറക്കമുറ്റിച്ച വാല്‍സല്യ നിധിയാണ് അമ്മയെങ്കില്‍ അതേ സ്‌നേഹ പരിലാളനത്തിന്റെയും സുരക്ഷിതത്വത്തിന്റെയും പ്രതീകങ്ങളാണ് അച്ഛന്‍. അമ്മയെ പോലെ പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഹൃദയ വികാരമാണ് സ്‌നേഹമുള്ള മക്കള്‍ക്ക് എന്നും അച്ഛന്‍. കുടുംബനാഥന്‍ എന്ന നിലയില്‍ അച്ഛന് അവഗണിക്കാനാവാത്ത ഒട്ടേറെ റോളുകള്‍ ഉണ്ട്. സഹനത്തിന്റെയും പരിപാലനത്തിന്റെയും പ്രതീകമാണ് അമ്മ. അതേസമയം  സൃഷ്ടിയുടെയും സംരക്ഷണത്തിന്റെയും കരുത്തിന്റെയും വിശേഷണമാണ് പ്രിയ പിതാവിന് ചേരുക. കുടുംബത്തിന്റെ കെട്ടുറപ്പും സുരക്ഷയും അച്ഛന്റെ ചുമലിലാണെന്നുമെപ്പോഴും.

ആരോഗ്യകരമായ ഒരു കുടുംബാന്തരീക്ഷത്തിന് ആരോഗ്യമുള്ള ഒരച്ഛന്‍ വേണം....സ്‌നേഹനിധിയായ ഒരച്ഛന്‍ വേണം...വളരെയധികം പ്ലാനിംഗുള്ള ഒരച്ഛന്‍ വേണം. മക്കളെ ശാസിച്ചും ശിക്ഷിച്ചും വളര്‍ത്തുന്ന അച്ഛന്മാര്‍  പലപ്പോഴും അവരുടെ സ്‌നേഹം പ്രകടിപ്പിക്കാറില്ല. അമ്മമാരെ അപേക്ഷിച്ച് അവരുടെ സ്‌നേഹം ആന്തരികമാണ്. മക്കള്‍ പഠിച്ചു വളര്‍ന്ന് സ്വന്തം കാലില്‍ നില്‍ക്കാറാവുമ്പോള്‍ അച്ഛന്‍ അനുഭവിക്കുന്ന നിര്‍വൃതിക്ക് അതിരുകളില്ല. അതേ മക്കള്‍ തന്നെ തങ്ങളെ തങ്ങളാക്കിയ അച്ഛനെ ഒരു ബാധ്യതയായി കണ്ട് വൃദ്ധ സദനത്തിലേയ്ക്ക് വഴിപിരിച്ച് കൊണ്ടുപോകുമ്പോള്‍ പിതൃ ഹൃദയത്തിലുണരുന്ന നൊമ്പരങ്ങള്‍ക്കും സീമകളില്ല.

ശരണാലയത്തിന്റെ മടുപ്പിക്കുന്ന ഏകാന്തതയിലിരുന്ന് വിങ്ങിപ്പൊട്ടുമ്പോഴും വാത്സല്യനിധിയായ അച്ഛന്‍ നമ്മെ അറിഞ്ഞോ അറിയാതെയോ ശപിക്കുന്നുണ്ടോയെന്ന് കാതോര്‍ക്കുക. ഇക്കുറി ഫാദേഴ്‌സ് ഡേ ആഘോഷിക്കുമ്പോള്‍ മുമ്പെന്നെത്തേക്കാളും ഉപരിയായി സ്വന്തം അച്ഛനെ സ്‌നേഹിക്കാനും ആദരിക്കാനും ഒരിക്കലവര്‍ തന്ന വാത്സല്യം, ഇപ്പോഴും അവര്‍ ചൊരിഞ്ഞുകൊണ്ടിരിക്കുന്ന അളവറ്റ സ്‌നേഹം പതിന്മടങ്ങായി തിരിച്ചു കൊടുക്കാനും പുതുശപഥം ചെയ്യേണ്ടിയിരിക്കുന്നു. ദ്രോഹിയായ അച്ഛനെ സ്‌നേഹം കൊണ്ടും പരിഗണനകൊണ്ടും പരിലാളനയാലും കീഴടക്കി കുടുംബത്തിലേയ്ക്ക് മടക്കിക്കൊണ്ടു വരാനും അതുവഴി വീടിന്റെ താളവും ജീവനും വീണ്ടെടുക്കുവാനും ശ്രമിക്കേണ്ടിയിരിക്കുന്നു. അങ്ങനെയീ പിതൃദിനാഘോഷം അര്‍ഥപൂര്‍ണമാവട്ടെ. ''ബാല്യത്തില്‍ ആവശ്യങ്ങളെപ്പറ്റി ഞാന്‍ ചിന്തിച്ചിരുന്നില്ല, പിതാവിന്റെ സംരക്ഷണം ഒഴിച്ച്...''എന്ന സിഗ്മണ്ട് ഫ്രോയ്ഡിന്റെ  വാക്കുകളില്‍ നിന്നും ഒരച്ഛന്റെ സംരക്ഷണത്തിന് നാം എത്രമാത്രം വില കല്‍പ്പിക്കുന്നു എന്ന് വ്യക്തമാകും. 

വാഷിംഗ്ടണിലെ സ്‌പൊക്കെയ്‌നിലുള്ള സൊനോറ ലൂയിസ് സ്മാര്‍ട്ട് ഡോഡ് ആണ് ഫാദേഴ്‌സ് ഡേ എന്ന ആശയം ആദ്യമായി  മുന്നോട്ടുവച്ചത്. 1909ലെ മദേഴ്‌സ് ഡേ ആഘോഷവേളയിലാണ് സൊനോറ ഡോഡിന്റെ മനസില്‍ ഈ ആശയം ഉദിച്ചത്. തന്റെ പ്രിയ പിതാവ് വില്യം ജാക്‌സണ്‍ സ്മാര്‍ട്ടിനെ ആദരിക്കാന്‍ ഒരു ദിവസം വേണമെന്ന് അവര്‍ ആഗ്രഹിച്ചു. ആഭ്യന്തര യുദ്ധത്തില്‍ പങ്കെടുത്ത പട്ടാളക്കാരനായിരുന്നു വില്യം സ്മാര്‍ട്ട്. തന്റെ ആറാമത്തെ കുഞ്ഞിന്റെ പ്രസവത്തോടെ വില്യം സ്മാര്‍ട്ടിന്റെ ഭാര്യ 1898ല്‍ മരിച്ചു. കിഴക്കന്‍ വാഷിംഗ്ടണ്‍ സ്റ്റേറ്റിലെ ഒരു റൂറല്‍ ഫാമില്‍ താമസിച്ചുകൊണ്ട് വില്യം തന്റെ നവജാത ശിശുവിനെയും മറ്റ് അഞ്ചുമക്കളെയും ഏറെ കഷ്ടതകള്‍ സഹിച്ച് വളര്‍ത്തി വലുതാക്കി.

സൊനോറ വളര്‍ന്നു വലുതായപ്പോള്‍, തന്നെയും സഹോദരങ്ങളെയും പറക്കമുറ്റിക്കാന്‍ പിതാവ് സഹിച്ച ത്യാഗങ്ങളെക്കുറിച്ച് മനസിലാക്കി. സ്വകാര്യ സന്തോഷങ്ങള്‍ മാറ്റിവച്ചിട്ടായിരുന്നു സ്മാര്‍ട്ട് മക്കളെ വളര്‍ത്തിയത്. സൊനോറയുടെ കാഴ്ചപ്പാടില്‍ തന്റെ പിതാവ് ധൈര്യശാലിയും നിസ്വാര്‍ഥനും സ്‌നേഹനിധിയുമാണ്. വില്യം സ്മാര്‍ട്ട് ജനിച്ചത് ജൂണ്‍ മാസത്തിലാണ്. അതുകൊണ്ട് സൊനോറയുടെ ആഗ്രഹപ്രകാരം ആദ്യത്തെ ഫാദേഴ്‌സ് ഡേ ആഘോഷങ്ങള്‍ 1910 ജൂണ്‍ 19ന് സ്‌പൊക്കെയ്‌നില്‍ നടന്നു. എല്ലാവര്‍ഷവും ഫാദേഴ്‌സ് ഡേ ആചരിക്കണമെന്ന സൊനോറയുടെ അപേക്ഷയ്ക്ക് സ്‌പെക്കെയ്ന്‍ മിനിസ്റ്റീരിയല്‍ അസോസിയേഷനും വൈ. എം. സി. എയും പിന്തുണ നല്‍കിയിരുന്നു. ഇതോടെ വിവിധ നഗരങ്ങളിലും മറ്റും അമേരിക്കക്കാരും മറ്റ് ദേശവാസികളും ഫാദേഴ്‌സ് ഡേ ആഘോഷിക്കാന്‍ തുടങ്ങി.

പ്രസിഡന്റ് കാല്‍വിന്‍ കുളിഡ്ജ് 1924ല്‍ ദേശീയ തലത്തില്‍ ഫാദേഴ്‌സ് ഡേ ആചരിക്കണമെന്ന ആശയത്തെ പിന്തുണച്ചു. 1966ല്‍ പ്രസിഡന്റ് ലിന്‍ഡണ്‍ ജോണ്‍സണ്‍ എല്ലാ ജൂണ്‍മാസത്തിലെയും മൂന്നാമത്തെ ഞായറാഴ്ച ഫാദേഴ്‌സ് ഡേ ആയി ആചരിക്കാനുള്ള ഉത്തരവില്‍ ഒപ്പുവച്ചു. പ്രസിഡന്റ് റിച്ചാര്‍ഡ് നിക്‌സണ്‍ 1972ല്‍ ഇതൊരു നിയമമാക്കുകയും ചെയ്തു. ഇന്ന് അമേരിക്കയോടൊപ്പം മറ്റ് രാജ്യങ്ങളും ഫാദേഴ്‌സ് ഡേ  സമൃദ്ധമായി ആഘോഷിക്കുന്നു. ഈ ദിനം നമ്മുടെ സ്വന്തം പിതാവിനെ മാത്രം ആദരിക്കാനുള്ള ദിവസമല്ല. ജീവിതത്തില്‍ അച്ഛനു തുല്യമായ റോളെടുത്ത ഏവരെയും ആദരിക്കാനുള്ള ദിവസമാണ്. 

സ്വന്തം മക്കളെ കണ്ണിലെ കൃഷ്ണമണി പോലെ പരിചരിക്കാറുണ്ട് നാം. അവരുടെ കുട്ടിക്കുറുമ്പുകളോ, പിടിവാശികളോ, കരച്ചിലോ, അതെത്ര കടുപ്പമേറിയതാണെങ്കിലും നമ്മെ അലോസരപ്പെടുത്താറില്ല. കുട്ടിക്കാലത്തെ ഇതുപോലുള്ള നമ്മുടെ പിടിവാശികള്‍ക്കും വികൃതികള്‍ക്കും മുന്നില്‍ സ്വന്തം സുഖസന്തോഷങ്ങള്‍ വേണ്ടെന്നുവച്ചവരാണ് അച്ഛനുമമ്മയുമെന്ന യാഥാര്‍ത്ഥ്യം അറിഞ്ഞുകൊണ്ടുതന്നെ വിസ്മരിക്കുന്നു. പട്ടിണിയും പരിവട്ടവും കാരണം മുണ്ട് മുറുക്കിയുടുത്തപ്പോഴും തെരുവിലുപേക്ഷിക്കുകയല്ല, മക്കളെ കൂടുതല്‍ മാറോട് ചേര്‍ത്തുപിടിക്കുകയായിരുന്നു അവരെന്നോര്‍ക്കണം. തെരുവിലുപേക്ഷിച്ചെന്ന ചീത്തപ്പേര് ഒഴിവാക്കാന്‍ മാസാമാസം പണം നല്‍കി വൃദ്ധ സദനങ്ങളില്‍ അച്ഛനമ്മമാരെ പാര്‍പ്പിക്കുന്ന, സാംസ്‌കാരിക സമ്പന്നരെന്ന് സ്വയം അഹങ്കരിക്കുന്ന മക്കളും ആവോളമുണ്ട്. കേരളത്തില്‍ കൂണ്‍പോലെ മുളച്ചുപൊന്തുന്ന വൃദ്ധസദനങ്ങളും ശരണാലയങ്ങളുമെല്ലാം ഇതിനു തെളിവാണ്. 

മാതാവിനെയും പിതാവിനെയും ഗുരുവിനെയും ദൈവതുല്യരായിക്കണ്ട് സ്‌നേഹിക്കുകയും ആദരിക്കുകയും ചെയ്യണമെന്ന് പഠിപ്പിച്ച മഹത്തായ, സുഭദ്രമായ സാമൂഹിക സങ്കല്‍പ്പത്തിലാണ് ഇന്ത്യയുടെ അടിത്തറ. അതില്‍ ഊറ്റം കൊള്ളുന്നവരാണ് ഓരോ ഭാരതീയനും. എന്നിട്ടും ഉത്പാദനക്ഷമമല്ലാത്തതിനെയെല്ലാം പുറംതള്ളണമെന്ന യുക്തിസഹമല്ലാത്ത ന്യായവാദങ്ങളെ വാരിപ്പുണരാന്‍ വെമ്പല്‍കൊള്ളുന്നവരായി നാം മാറുന്നു. പ്രായമായവരുടെ അനുഭവസമ്പത്തും ഉപദേശ നിര്‍ദേശങ്ങളും പക്വതയുമെല്ലാം ഉപയോഗപ്പെടുത്തുന്നതിനു പകരം വാര്‍ധക്യത്തിന്റെ കുടുസ്സുമുറിയിലോ കട്ടിലിലോ തളച്ചിടാനാണ് പലരും ആഗ്രഹിക്കുന്നത്. മക്കളുടെ, പേരക്കുട്ടികളുടെ സ്‌നേഹം, ദയാവായ്പു നിറഞ്ഞ പെരുമാറ്റം, അതു മാത്രമാണ് എല്ലാ അച്ഛനമ്മമാരും ജീവിതാന്ത്യത്തില്‍ ആഗ്രഹിക്കുന്നത്. പല കാരണങ്ങളാലും നാമത് തട്ടിത്തൂവുന്നു. മറ്റുള്ളവരില്‍നിന്ന് സ്‌നേഹം ലഭിക്കുന്നതുപോലും പുച്ഛത്തോടെയോ വെറുപ്പോടെയോ കാണുന്നു. നമുക്കും ഇതുപോലൊരു കാലം വരാനിരിക്കുന്നുണ്ടെന്ന ഓര്‍മ്മയെങ്കിലും അതിനൊരു തിരുത്തെഴുത്താവുമെന്നുറപ്പ്.

അമ്മയുടെ ഉദരത്തില്‍ ജീവന് ഹേതുവാകുന്ന ബന്ധത്തില്‍ തുടങ്ങി മരണത്തിനപ്പുറത്തേക്കുവരെ പ്രശോഭിക്കുന്ന വാത്സല്യത്തിന്റെ, സ്‌നേഹത്തിന്റെ മഹാപ്രവാഹമാണ് പിതൃത്വം. ആ സ്‌നേഹസാന്ത്വനത്തിന്റെ കരസ്പര്‍ശം അവരില്‍നിന്ന് അനുഭവിക്കാനും അവര്‍ക്ക് തിരികെ നല്‍കാനും ഈ ഫാദേഴ്‌സ് ഡേയില്‍ ഓരോരുത്തര്‍ക്കും കഴിയട്ടെ. ലോകത്തിലെ എല്ലാ അച്ഛന്‍മാര്‍ക്കും ആയുരാരോഗ്യ സൗഖ്യം നേരാം. മണ്‍മറഞ്ഞു പോയവരുടെ ആത്മാവിന്റെ നിത്യശാന്തിക്കായി  തപ്തസ്മരണകളുടെ  ഒരിറ്റു കണ്ണീരുകൊണ്ട് തര്‍പ്പണം ചെയ്യാം. അവരുടെ സ്‌നേഹത്തിനും സഹനത്തിനും ത്യാഗത്തിനും ഹൃദയം കൊണ്ട് ചിരസ്മരണയോടെ നന്ദി പറയാം. 

അച്ഛനുറങ്ങുന്ന വഴിവീടുകള്‍ (എ.എസ് ശ്രീകുമാര്‍)
Join WhatsApp News
Ponmelil Abraham 2016-06-19 15:33:45
HAPPY FATHER'S DAY
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക