Image

ഫൊക്കാനാ കണ്‍വന്‍ഷന്‍ ചരിത്രവിജയമാകും: പോള്‍ കറുകപ്പിള്ളില്‍

സ്വന്തം ലേഖകന്‍ Published on 20 June, 2016
ഫൊക്കാനാ കണ്‍വന്‍ഷന്‍ ചരിത്രവിജയമാകും: പോള്‍ കറുകപ്പിള്ളില്‍
2016 ജൂലൈ ആദ്യവാരം കാനഡയിലെ ടൊറന്റോയില്‍ നടക്കുന്ന ഫൊക്കാനായുടെ ദേശീയ കണ്‍വന്‍ഷന്‍ ചരിത്രവിജയമായിരിക്കുമെന്ന് ഫൊക്കാനാ ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ പോള്‍ കറുകപ്പിള്ളില്‍. ഫൊക്കാനായുടെ നാളിതുവരെയുള്ള വളര്‍ച്ച, ഫൊക്കാനായുടെ മുന്‍ കണ്‍വന്‍ഷനുകള്‍, ഫൊക്കാനായുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയെല്ലാം അമേരിക്കയിലെ മറ്റ് മലയാളി സംഘടനകള്‍ക്കും ഉദാത്തമായ മാതൃകയാണ് എന്ന് അദ്ദേഹം Eമലയാളിക്ക് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു.

ചോദ്യം: ഫൊക്കാനായുടെ തുടക്കം മുതല്‍ സജീവമായി നിലകൊള്ളുകയും, ഫൊക്കാനായുടെ നിര്‍ണ്ണായകമായ പിളര്‍പ്പിന്റെ കാലഘട്ടത്തില്‍ പലരും പിന്നോട്ട് മാറിനിന്നപ്പോള്‍ ഈ സംഘടനയെ മുന്നോട്ട് നയിച്ച വ്യക്തി എന്ന നിലയില്‍ ഫൊക്കാനയെ താങ്കള്‍ എങ്ങനെയാണ് വിലയിരുത്തുന്നത്?

ഉത്തരം: ഫൊക്കാനാ അമേരിക്കന്‍ മലയാളികളുടെ സംഘടനകളുടെ സംഘടനയാണ്. 1983 ല്‍ ഈ സംഘടന രൂപീകരിക്കുമ്പോഴും ഇപ്പോഴും ഈ സംഘടനയ്ക്ക് ഒരു ഒറ്റലക്ഷ്യമേയുള്ളൂ. അമേരിക്കന്‍ മലയാളികളുടെ ജീവിത പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെടുക. അവര്‍ക്കായി ഒരു കൂട്ടായ്മ ഒരുക്കുക. അതിനപ്പുറത്തേക്ക് മറ്റൊരുചിന്ത അന്നുമില്ല ഇന്നുമില്ല.

വളരെ അടുത്തുനിന്ന് മാത്രമേ ഫൊക്കാനയെ ഞാന്‍ വിലയിരുത്തിയിട്ടുള്ളൂ. ഫൊക്കാനയുമായി അകലുക എന്നത് ആലോചിക്കുവാന്‍ പോലും കഴിയില്ല. അതു കൊണ്ടാണ് ഫൊക്കാനയുടെ വിഭജനസമയത്ത് വളരെ സജീവമായി പ്രവര്‍ത്തിക്കുവാനായത്. എല്ലാ തരത്തിലും മാനസിക ബുദ്ധിമുട്ടുകള്‍ അനുഭവിച്ചകാലമായിരുന്നു അത്. 

ഫൊക്കാനാ വളരണം എന്ന് ആഗ്രഹിക്കുന്നവരുടെ ഒരു കൂട്ടായ്മ എനിക്ക് ഉണ്ടാക്കിയെടുക്കുവാന്‍ കഴിഞ്ഞു. അതിന് എന്നെ സഹായിച്ചത് ഫൊക്കാനയുടെ അന്നുണ്ടായിരുന്ന കെട്ടുറപ്പാണ്. ഫൊക്കാനായുടെ ചരിത്രത്തിലെ തന്നെ മനോഹരമായ കണ്‍വന്‍ഷനാണ് ആല്‍ബനിയില്‍ എനിക്ക് നടത്തുവാന്‍ സാധിച്ചത്. ഫൊക്കാനായുടെ സങ്കീര്‍ണ്ണകാലമായിരുന്നു ആ സമയം എന്ന് എനിക്കഭിപ്രായമില്ല.സങ്കീര്‍ണ്ണത ഞങ്ങളുടെയൊക്കെ മനസ്സിലായിരുന്നു. അന്നുവരെ കൂടെയുണ്ടായിരുന്ന സഹപ്രവര്‍ത്തകര്‍ ഇല്ലാതിരുന്നതിലെ സങ്കീര്‍ണ്ണത. പക്ഷെ ഫൊക്കാനായുടെ പ്രവര്‍ത്തനങ്ങളും, പദ്ധതികളും വളരെ സജീവമായി വര്‍ഷം തോറും ഭംഗിയായി മുന്നോട്ടുപോകുന്നു. അതില്‍ ഒരു പങ്കാളിയായി മുന്നോട്ടു പോകുന്നതില്‍ അതിയായ സന്തോഷമുണ്ട്.

ചോദ്യം: ഫൊക്കാനായുടെ ഈ വര്‍ഷത്തെ കണ്‍വന്‍ഷന്‍ കാനഡയിലാണല്ലോ നടക്കുന്നത്? കാനഡയിലെ മലയാളികള്‍ ഇതിനോടകംതന്നെ കണ്‍വന്‍ഷന്‍ ഏറ്റെടുത്തമട്ടാണ്?  എന്തെല്ലാം മുന്നൊരുക്കങ്ങലാണ് ഫൊക്കാനാ ഇതിനായി നടത്തിയിട്ടുള്ളത്?

ഉത്തരം: കാനഡയിലെ മലയാളികള്‍ ആതിഥ്യമരുളുന്ന കണ്‍വന്‍ഷന്‍ എന്ന നിലയില്‍ ഫൊക്കാനാ കണ്‍വന്‍ഷന്‍ ഇപ്പോള്‍ തന്നെ വന്‍വിജയമാകും എന്നുറപ്പിക്കാം. കാരണം സംഘടനയുടെ പ്രസിഡന്റിന്റെ നേതൃത്വത്തോടുകൂടി കനേഡിയന്‍ മലയാളികളുടെ മാസങ്ങള്‍ക്ക് മുന്‍പുള്ള അദ്ധ്വാനത്തിന്റെ സമ്പൂര്‍ണ്ണ ഫലമാണ് ജൂലൈ ആദ്യവാരം നാം ടൊറന്റൊയില്‍ കാണാന്‍ പോകുന്നത്. കേരളീയര്‍ തൃശ്ശൂര്‍പൂരം കാണാന്‍ പോകുന്നതുപോലെയാണ് ഇത്തവണത്തെ ഫൊക്കാനാ കണ്‍വന്‍ഷന്‍ കാനഡയില്‍ നടക്കുക. പരിപൂര്‍ണ്ണ വിജയത്തിലെത്തിയ ചിക്കാഗോ കണ്‍വന്‍ഷനെക്കാള്‍ മികവുറ്റ ഒരു മഹേത്സവമാകും കാനഡയില്‍ നടക്കുക. മലയാളി ബന്ധപ്പെടുന്ന എല്ലാ മേഖലകളും ഫൊക്കാനാ അവിടെ പുനരുജ്ജീവിപ്പിക്കുന്നു. സിനിമ, സംഗീതം, സാഹിത്യം തുടങ്ങി സാംസ്‌കാരിക, രാഷ്ട്രീയ മേഖലകളിലുള്ള പ്രമുഖര്‍. കൂടാതെ ഫൊക്കാനാ കണ്‍വന്‍ഷന് എത്തുന്ന കുടുംബങ്ങള്‍ക്കായി മനോഹരമായ സ്‌റ്റേജ്‌ഷോ, സംഗീതസായാഹ്നം തുടങ്ങി മൂന്ന് ദിവസം മലയാളി കാണാന്‍ പോകുന്നത് കലയുടെ രസക്കാഴ്ച ആയിരിക്കും. കാനഡയിലെ മലയാളികളെ ഈ കാര്യത്തില്‍ എത്രകണ്ട് അഭിനന്ദിച്ചാലും മതിവരില്ല.

ചോദ്യം: രണ്ടുതവണ ഫൊക്കാനാ പ്രസിഡന്റ് ആയി സേവനമനുഷ്ഠിച്ച വ്യക്തിയാണല്ലോ? ആ സമയത്ത് ഏതൊക്കെ മേഖലകളിലാണ് താങ്കള്‍ സജീവമായി ശ്രദ്ധിച്ചിരുന്നത്?

ഉത്തരം: അമേരിക്കന്‍ മലയാളികളുടെ ഒരു കൂട്ടായ്മയുടെ കൂട്ടായ്മയാണ് ഫൊക്കാനാ. ഫൊക്കാനയുടെ രൂപീകരണം തന്നെ വളരെ വ്യത്യസ്തമായ സാഹചര്യത്തിലായിരുന്നു. മതജാതീയ സംഘടനകളുടെ വളര്‍ച്ച കൊടുമ്പിരികൊണ്ടു നില്‍ക്കുന്ന കാലഘട്ടത്തില്‍ സാംസ്‌കാരിക സംഘടനകളുടെ രൂപീകരണത്തെ വളരെ കൗതുകത്തോടെയാണ് പലരും നോക്കിക്കണ്ടത്. എല്ലാ ആളുകള്‍ക്കും വല്ലപ്പോഴും ജാതിമത ചിന്തകള്‍ക്കതീതമായി തന്റെ ആശയങ്ങളും ആഗ്രഹങ്ങളും പങ്കുവയ്ക്കുക. അതിലുപരി എല്ലാവരുമായി മികച്ച  ബന്ധം ഉണ്ടാക്കിയെടുക്കുക എന്നതായിരുന്നു ആത്യന്തിക ലക്ഷ്യം.

എന്നാല്‍ ഇന്ന് സംഘടനകളുടെ ചിത്രം മാറി. പക്ഷെ ഫൊക്കാനാ അതിന്റെ അടിസ്ഥാനപരമായ കര്‍ത്തവ്യത്തില്‍നിന്നും അണുവിടപോലും പിന്നോട്ട് പോയിട്ടില്ല. അതുകൊണ്ടാണ് മലയാളികള്‍ ഉള്ളയിടത്തെല്ലാം ഫൊക്കാനയ്ക്ക് അംഗീകാരം ലഭിക്കുന്നത്.

രണ്ട് തവണ ഫൊക്കാനയെ നയിക്കുവാന്‍ അവസരം ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ട്. അതില്‍ മറക്കാന്‍ കഴിയാത്ത ഒരു കാര്യം ഫൊക്കാനായുടെ നേതൃത്വത്തില്‍ പരുമല കാന്‍സര്‍ സെന്റെറില്‍ നടന്ന ഒരു പരിപാടിയാണ്. ഫൊക്കാനാ പരുമല സെന്റ് ഗ്രിഗോറിയോസ് ആശുപത്രിയില്‍ കാന്‍സര്‍ ബാധിതരായ രോഗികള്‍ക്കുള്ള സഹായ വിതരണവേദിയിലേക്ക് ഹൃദയ വാല്‍വിന് തകരാറുള്ള ഒരു വ്യക്തി കടന്നുവന്ന് ഫൊക്കാനായുടെ സഹായം നേരിട്ട് ആവശ്യപ്പെട്ടു. അടുത്ത ദിവസങ്ങളില്‍ നടക്കുന്ന ശസ്ത്രക്രിയയിലൂടെ മാത്രമേ അയാള്‍ രക്ഷപ്പെടൂ. അപ്പോള്‍തന്നെ സഹായം നല്‍കുവാന്‍ സാധിച്ച ആ നിമിഷം ജീവിതത്തില്‍ പച്ചപിടിച്ചുനില്‍ക്കുന്നു. കൂടാതെ നിരവധി ചെറുതും വലുതുമായ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ മനസിലുണ്ട്. അത് ഭംഗിയായി നടപ്പിലാക്കുകയും ചെയ്യുന്നുണ്ട്. ഇത്തരം പദ്ധതികള്‍ക്കെല്ലാം ഫൊക്കാനായില്‍ പ്രവര്‍ത്തിച്ച ഒരു പാരമ്പര്യം വലിയ പ്രചോദനമാണ് നല്‍കുന്നത്.

 ഏറ്റവും കൂടുതല്‍ ചാരിറ്റി പ്രോജക്ടുകള്‍ അവതരിപ്പിച്ചതും നടപ്പിലാക്കിയതും ഫൊക്കാനതന്നെ. കേരളസര്‍ക്കാരിന്റെ ലക്ഷം വീട് മുതലുള്ള പദ്ധതികള്‍ പലതിലും പ്രത്യക്ഷമായും പരോക്ഷമായും പങ്കാളിയാകാന്‍ ഫൊക്കാനയ്ക്ക് കഴിഞ്ഞു, സുനാമി തിരകളില്‍പ്പെട്ട് വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കുന്നതിനുള്ള പദ്ധതി, ആരോഗ്യപദ്ധതികള്‍ തുടങ്ങി നൂറുകണക്കിന് പരിപാടികളാണ് ഫൊക്കാനാ എല്ലാ കാലങ്ങളിലും ആവിഷ്‌ക്കരിക്കുന്നത്.

ചോദ്യം: അമേരിക്കന്‍ മലയാളിസംഘടനകളുടെ തെരഞ്ഞെടുപ്പുകള്‍ പലപ്പോഴും സംഘര്‍ഷങ്ങള്‍ നിറഞ്ഞതാണല്ലോ? ഫ്‌ളോറിഡ കണ്‍വന്‍ഷനില്‍ വച്ചായിരുന്നല്ലോ ഫൊക്കാനയില്‍ അപസ്വരങ്ങള്‍ ഉണ്ടായത്. ഫൊക്കാനാ കഴിഞ്ഞ വര്‍ഷം വരെ ഒരു സമവായ ശ്രമത്തില്‍ മുന്‍പോട്ടു പോയിരുന്നു. ഈ വര്‍ഷം ഫൊക്കാനയിലും കടുത്ത മത്സരം പ്രതീക്ഷിക്കാമോ?

ഉത്തരം: ജനാധിപത്യ മൂല്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന സംഘടനയില്‍ മത്സരവും വേണം.  തെരഞ്ഞെടുപ്പ് എന്നത് ഈ പ്രക്രിയയുടെ ഭാഗമാണ്. ആരോഗ്യകരമായ മത്സരമാണ് ഫൊക്കാനയില്‍ നടക്കുന്നത്. ഇത്തവണയും അങ്ങനെതന്നെ. ജയിക്കുന്നവര്‍ ഫൊക്കാനയെ നയിക്കും. പരാജയപ്പെടുന്നവര്‍ ഫൊക്കായ്ക്ക് ശക്തി പകരുവാന്‍ ഒപ്പം നില്‍ക്കും.

ചോദ്യം: ഫൊക്കാനയില്‍ പുതിയ തലമുറ നേതൃ സ്ഥാനങ്ങളിലേക്ക് വരുന്നില്ല എന്നു  പലരും പറയാറുണ്ടല്ലോ? ഇത് സത്യമാണോ? പുതുതലമുറയല്ലേ നമ്മുടെ ശക്തി.

ഉത്തരം: പുതുതലമുറയുടെ ആശയങ്ങള്‍ തന്നെയാണ് ഫൊക്കാനയുടെ തുടക്കം മുതല്‍ ഉള്ള ശക്തി. അന്നുണ്ടായിരുന്നവര്‍ ഇന്നും ഫൊക്കാനയില്‍ സജീവമാണ്. എന്നാല്‍ ഇന്ന് ഫൊക്കാനയിലേക്ക് യുവജനത സജീവമായി കടന്നുവരുന്നു. യുവജനതയുടെ കഴിവ് നമുക്ക് ഫൊക്കാനാ കാനഡാ കണ്‍വന്‍ഷനില്‍ കാണാം. ഫൊക്കാനയുടെ .ൈടി. സെല്‍, വാര്‍ത്താ സംവിധാനം, ഫിലിം അവാര്‍ഡ് തുടങ്ങിയവയ്‌ക്കെല്ലാം നേതൃത്വം പുതിയ തലമുറയ്ക്കാണ്. അതുകൊണ്ട് പുതിയ തലമുറയെന്നോ പഴയ തലമുറയെന്നോ ഉള്ള വേര്‍തിരിവ് ഫൊക്കാനയ്ക്കില്ല. സജീവമായി പ്രവര്‍ത്തിക്കുക അത്രമാത്രം.

ഈ നിശ്ചയദാര്‍ഢ്യമാണ് പോള്‍ കറുകപ്പിള്ളിയുടെ ശക്തി. ഫൊക്കാനയ്‌ക്കൊപ്പം സജീവമായി നില്‍ക്കാന്‍ കഴിയുന്നതിനു പിന്നിലെ പ്രേരകശക്തി തന്റെ സുഹൃത്തുക്കളും കുടുംബവുമാണ് എന്ന് പോള്‍ കറുകപ്പിള്ളില്‍ പറയും. ഭാര്യ ലത കറുകപ്പിള്ളില്‍, രണ്ടു മക്കള്‍.
നാളിതുവരെ പോള്‍കറുകപ്പിള്ളി വഹിക്കാത്ത പദവികള്‍ ഇല്ല. ഹഡ്‌സണ്‍ വാലി അസോസിയേഷനില്‍ തുടങ്ങിയ പ്രവര്‍ത്തനം രാഷ്ട്രീയ സാംസ്‌കാരിക മാധ്യമ രംഗത്തുവരെ എത്തിനില്‍ക്കുന്നു ഇപ്പോള്‍. പദവികള്‍ തനിക്ക് ഒരിക്കലും പ്രശ്‌നമായിരുന്നില്ല, മറിച്ച് നാം വിശ്വസിക്കുന്ന സംഘടയ്‌ക്കൊപ്പം നിന്ന് പ്രവര്‍ത്തിക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്നും പോള്‍ കറുകപ്പിള്ളില്‍ അടിവരയിട്ട് പറയുന്നു. 

ഫൊക്കാനാ കണ്‍വന്‍ഷന്‍ ചരിത്രവിജയമാകും: പോള്‍ കറുകപ്പിള്ളില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക