Image

സംഘടനകളില്‍ ഭിന്നതയുടെയും പിളര്‍പ്പിന്റെയും കാലം കഴിഞ്ഞു: ലീലാ മാരേട്ട്‌

ബിജു കൊട്ടാരക്കര Published on 20 June, 2016
സംഘടനകളില്‍ ഭിന്നതയുടെയും പിളര്‍പ്പിന്റെയും കാലം കഴിഞ്ഞു: ലീലാ മാരേട്ട്‌
ഫൊക്കാനയുടെ തുടക്കം മുതല്‍ അമേരിക്കന്‍ മലയാളി കേള്‍ക്കുകയും കാണുകയും ചെയ്യുന്ന വ്യക്തിത്വം ആണ് ശ്രീമതി ലീലാ മാരേട്ട്. ഇപ്പോള്‍ ഫൊക്കാനയുടെ വനിതാ വിഭാഗം ദേശീയ അധ്യക്ഷ. വാക്കും പ്രവര്ത്തിയും ഒന്നാകണം എന്ന് പറഞ്ഞു പഠിപ്പിച്ച ഒരു കൊണ്ഗ്രസ്സുകാരന്റെ മകള്‍. എ.കെ ആന്റണിയുടെ രാഷ്ട്രീയ ഗുരുനാഥന്റെ മകള്‍. എന്തുകൊണ്ടും ആദര്‍ശ ധീര. സംഘടനയുടെ വളര്‍ച്ചയ്ക്കുവേണ്ടി ഇനിയും പ്രവര്‍ത്തിക്കുവാന്‍ തനിക്കു ബാല്യമുണ്ടന്നു പ്രവര്‍ത്തനങ്ങളിലൂടെ തെളിയിച്ച ലീലാ മാരെട്ടുമായി കേരളാ ടൈംസ് എഡിറ്റര്‍ ബിജു കൊട്ടാരക്കര നടത്തിയ അഭിമുഖം.

1. ഫൊക്കാനയുടെ സജീവ സാന്നിധ്യം ആണ് ലീലാ മാരേട്ട്. ഒരു പക്ഷെ ഫൊക്കാനയുടെ പ്രസിടന്റ്‌റ് പദം വരെ ലഭിക്കേണ്ട വ്യക്തി. എങ്ങനെ നോക്കി കാണുന്നു ഇപ്പോള്‍ ഫൊക്കാനയെ ?

ഫൊക്കാനാ പിളര്ന്നതോട് കൂടി ആ പഴയ പ്രതാപം ഇല്ല. 2006 ല്‍ ഫ്‌ലോരിടായില്‍ നടന്ന ഇലക്ഷനോടു കൂടി ഫൊക്കാനാ പിളര്‍ന്നു. ഫോമയും ഉണ്ടായി.അത് മലയാളികളെ സംബന്ധിച്ച് വളരെ വലിയ നഷ്ടം തന്നെ ആണ്. മലയാളികള്‍ ഒന്നിച്ചു നിന്നെങ്കില്‍ മാത്രമേ നമ്മുടെ ശക്തി നമുക്ക് ഇവിടെ കാണിക്കുവാന്‍ പറ്റുകയുള്ളു. ഫൊക്കാനാ ഇനിയും വളരേണ്ടിയിരിക്കുന്നു. മലയാളികള്‍ ഉള്ളയിടത്തെല്ലാം ഫൊക്കാനാ വ്യാപിക്കെണ്ടിയിരിക്കുന്നു.


2.  ഫ്‌ലോരിഡ യില്‍ 2006ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ശശിധരന്‍ നായരുടെ പാനല്‍ വിജയിച്ചപ്പോള്‍ എതിര് പാനലില്‍ നിന്ന് ജയിച്ച ആളായിരുന്നല്ലോ. അവര്‍ നടത്തിയ കോട്ടയം കണ്‍വന്‍ഷനിലൊക്കെ സജീവമായി പങ്കെടുക്കുകയും ചെയ്തു. അന്നും ഇന്നും എന്നും ഫോക്കാനയ്‌ക്കൊപ്പം നിലകൊള്ളുക മാത്രമല്ല സംഘടനയില്‍ സജീവമായി നില്ക്കുകയും. എപ്പോഴും ഒരു പദവി വഹിക്കുകയും ചെയ്യുന്നു. ഫോക്കാനയോടുള്ള ഈ സ്‌നഹം ഒന്ന് വിശദീകരിക്കാമോ ?

ഞാന്‍ ഏതു സംഘടനയില്‍ ആയിരുന്നാലും അതിനോട് നീതി പുലര്‍ത്തിയിട്ടുണ്ട്. 2006 ല്‍ ന്യൂയോര്‍ക്ക് റീജിയന്‍ പ്രസിടന്റായി ജയിച്ചു. പാനലില്‍ ബാക്കി എല്ലാവരും പരാജയപ്പെട്ടു. അന്ന് ഫോമ ഉണ്ടായിട്ടില്ല. ഫൊക്കാനയുടെ കണ്‍വന്‍ഷന്‍ ആയിരുന്നു കോട്ടയത്ത് നടന്നത്. നിരവധി കര്‍മ്മ പരിപാടികള്‍ അന്ന് നടത്തിയിട്ടുണ്ട്. നാട്ടില്‍ വീടില്ലാത്ത 10 കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കാന്‍ ധനസഹായം നല്കി. സ്വാതന്ത്ര്യദിനത്തില്‍ മലയാളിത്തനിമയില്‍ ഫ്‌ലോട്ട് അവതരിപ്പിച്ചു. കോണ്‍സുലേറ്റില്‍ കേരളപ്പിറവിയുടെ അമ്പതു വര്‍ഷം ആഘോഷിച്ചു. യുത്ത് ഫെസ്റ്റിവല്‍, മലയാളി മങ്ക തുടങ്ങിയ മത്സരങ്ങള്‍ നടത്തി. 2008 ആദ്യം കോടതി വിധി വന്നു. പിന്നീട് ഫോമ ഉണ്ടായി. ഞാന്‍ ഫൊക്കാനയില്‍ തന്നെ അടിയുറച്ചു നിന്ന്. ഞാന്‍ എപ്പോഴും മാതൃ സംഘടനയോട് എന്നും കൂറ് പുലര്‍ത്തിയാണ് നിലകൊള്ളുന്നത്. 2004 മുതല്‍ തുടര്‍ച്ചയായി ഫൊക്കാനയില്‍ ഓരോ പദവി ലഭിക്കുകയും ചെയ്തിട്ടുണ്ട്. ഏതു പദവി കിട്ടിയാലും അതിനോട് നീതി പുലര്‍ത്തി പ്രവര്‍ത്തിക്കുന്നു. അത് എനിക്ക് ആത്മാര്‍ഥമായി പറയുവാന്‍ കഴിയും .

3.  വനിതകളുടെ ഉന്നമനത്തിനായി ഫൊക്കാന നാളിതു വരെ ചെയ്ത കാര്യങ്ങള്‍ വിശദീകരിക്കാമോ ?

സ്ത്രീകളുടെ ചാപ്ടറുകള്‍ വിവിധ സംസ്ഥാനങ്ങളില്‍ നിലവില്‍ വന്നു. നാട്ടില്‍ സ്ത്രീ ശാക്തീകരണ സെമിനാര്‍ സംഘടിപ്പിച്ചു. സ്ത്രീകളുടെ ആരോഗ്യ സംരക്ഷണം ആയിരുന്നു മുഖ്യ വിഷയം. ബ്രസ്റ്റ് കാന്‍സര്‍, ഡയബറ്റിക് തുടങ്ങിയ രോഗങ്ങളെ കുറിച്ചുള്ള അറിവുകള്‍ നല്കുകയായിരുന്നു ലക്ഷ്യം. സി പി ആര്‍ ട്രെയിനിംഗ് നടത്തി. വിവിധ സമയങ്ങളില്‍ പൂക്കള മത്സരം, പാചക മത്സരം എന്നിവ സംഘടിപ്പിച്ചു. വലിയ പങ്കാളിത്തമാണ് ഇതിനെല്ലാം ലഭിച്ചത്. ചെറിയ പരിപാടികളില്‍ നിന്നും തുടങ്ങി സ്ത്രീകളെ മുഖ്യ ധാരയിലേക്ക് കൊണ്ട് വരാനാണ് എന്റെ ശ്രമം. ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായി അവവയവ ദാന രജിസ്റ്റര്‍ ഫൊക്കാനാ വിമന്‍സ് ഫോറം ഉണ്ടാക്കിയിട്ടുണ്ട്. ഫാ:ഡേവിഡ് ചിറമേല്‍ നടത്തുന്ന കിഡ്‌നി ഫെഡറേഷന് ഒരു തുക സംഭാവന നല്‍കിയിട്ടുണ്ട്. ബോണ്‍ മാരോ രജിസ്റ്റര്‍ ഉണ്ടാക്കുക എന്ന വലിയ ഒരു പദ്ധതി മനസ്സില്‍ ഉണ്ട്. ഇനിയും നിരവധി പദ്ധതികള്‍ വിമന്‍സ് ഫോറം ആലോചിക്കുന്നു. അവ ഭംഗിയായി നടപ്പിലാക്കും .

4. പിതാവ് അറിയപ്പെടുന്ന കൊണ്‌ഗ്രെസ് നേതാവായിരുന്നു. എന്തുകൊണ്ട് രാഷ്ട്രീയത്തില്‍ ഒരു കൈ നോക്കിയില്ല ?

രാഷ്ട്രീയം ഇതുപോലെ തന്നെ ഒരു മേഖല ആണ്. രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതിനോട് കുടുംബത്തിനു വലിയ താല്പര്യം ഉണ്ടായിരുന്നില്ല. തന്നെയുമല്ല അതിനായി ഒരുപാടു സമയം ചിലവഴിക്കണം. പക്ഷെ 15 വര്ഷമായി ലേബ4 യൂണിയന്‍ പ്രവര്‍ത്തനം ഉണ്ട്. ഡി സി 37 എന്ന ലേബ4 യുണിയന്‍ ന്യൂയോര്‍ക്ക് സിറ്റിയിലെ തന്നെ ഏറ്റവും വലിയ യുണിയന്‍ ആണ്. നിരവധി അംഗങ്ങള്‍ ഉള്ള യുണിയന്റെ ന്യൂയോര്‍ക്ക് സിറ്റി ഉള്‍പ്പെടുന്ന ഡി സി 37 ന്റെ റെക്കോര്‍ഡിംഗ് സെക്രട്ടറി ആയി 15 വര്‍ഷമായി പ്രവര്‍ത്തിക്കുന്നു. 3 വര്‍ഷത്തില്‍ ഒരിക്കലാണ് തെരഞ്ഞെടുപ്പു നടത്തുക സൈന്റിസ്റ്റ്, എനജിനീയറന്മാര്‍ തുടങ്ങിയവരാണ് അംഗങ്ങള്‍. തെരഞ്ഞെടുപ്പു പ്രോസസസ് തന്നെ ഒരു വര്ഷത്തോളം നീണ്ടു നില്‍ക്കും. ഒരു മലയാളി അത്തരം ഒരു പദവിയില്‍ എത്തുക ചെറിയ കാര്യമല്ല.

5. മലയാളികള്‍ അമേരിക്കന്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ സജീവമാകേണ്ട സമയം അതിക്രമിച്ചില്ലേ. എങ്കില്‍ മാത്രമല്ലേ മലയാളി സമൂഹത്തിനു നെട്ടമുണ്ടാകുകയുല്ലു. എങ്ങനെ ഇത്തരം കാര്യങ്ങളെ നോക്കി കാണുന്നു ?

നാട്ടില്‍ ഒരു വലിയ രാഷ്ട്രീയ പാരമ്പര്യം ഉള്ളതുകൊണ്ട് ഇവിടുത്തെ രാഷ്ട്രീയ പ്രവര്‍ത്തനം തന്നെ അന്നു ലക്ഷ്യം. പക്ഷെ ഒരു പ്രശനം ഉള്ളത് മലയാളികള്‍ ഒക്കെ ജൊലിയുമായുമൊക്കെയായി വലിയ തിരക്കാണ്. മലയാളികള്‍ ഇവിടെ വോട്ടു ചെയ്യാറില്ല. എന്തിനാണ് ഇവിടെ വോട്ടു ചെയ്യുന്നത് എന്നൊക്കെ ചോദിക്കും. ഇവിടെ ആളുകള്‍ക്ക് പള്ളിക്കാര്യങ്ങളിലാണ് താല്‍പര്യം. അങ്ങനെ ഉള്ള സങ്കുചിത സാഹചര്യത്തില്‍ നിന്ന് അമേരിക്കന്‍ മലയാളി ഏറെ മാറിയെങ്കില്‍ മാത്രമേ നമുക്ക് വോട്ടു ബാങ്കായി മാറുവാനും രാഷ്ട്രീയമായി ഒരു നിലപാടുമായി മുന്‍പോട്ടു പോകുവാന്‍ സാധിക്കുകയുള്ളൂ. ഇവിടുത്തെ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെയും പിന്നെ സെനട്ടെര്‍സ് തുടങ്ങിയവരുടെയും പരിപാടികളില്‍ ഞാന്‍ സംബന്ധിക്കും. എന്റെ ഒരു ആഗ്രഹമാണ് മെയിന്‍ സ്ട്രീം പോളിടിക്‌സില്‍ വരണം എന്നത്. സിറ്റി കൌണ്‍സിലില്‍ മത്സരിക്കണമെന്നതു ഒരു ആഗ്രഹം ആണ്. പറയാന്‍ പറ്റില്ല. ചിലപ്പോള്‍ മത്സരിക്കും. പുതിയ തലമുറ രാഷ്ട്രീയ രംഗത്ത് സജീവമാകണം എന്ന് സംഘടനകള് പറയുമെങ്കിലും അതിനുള്ള പാത അവര്‍ക്ക് ആരും ഉണ്ടാക്കി കൊടുക്കുന്നില്ല എന്നാണു എന്റെ അഭിപ്രായം. അത് അത്ര എളുപ്പമല്ല എന്നാണ് എന്റെ അഭിപ്രായം.

6. ഫൊക്കാനയില്‍ പുതു തലമുറ സജീവമാകുന്നില്ല എന്ന് പറയുന്നു. പഴയ ആളുകള് മാറേണ്ട സമയം ആയില്ലേ ?

അത് ശരിയാണ്. പഴയവര്‍ മാറണം പുതിയവര്‍ വരണം. അതിനു സമയമായി. പുതിയ തലമുറയെ കൊണ്ടുവരും കൊണ്ടുവരും എന്ന് പലരും പറയും. പക്ഷെ കൊണ്ടുവരില്ല. അതിനു പഴയ തലമുറയാണ് ശ്രമിക്കേണ്ടത്. അത് വലിയ ഒരു പ്രശ്‌നമാണ്. ബോര്‍ഡ് ഓഫ് ട്രസ്ടിയില്‍ ഞാന്‍ വരികയാണെങ്കില്‍ അതിനു ശ്രമിക്കും. പഴയവര്‍ മാറിക്കൊടുക്കുന്നതിലല്ല കാര്യം. ആദ്യം യുവതലമുറയെ ഫൊക്കാനയില്‍ കൊണ്ടുവരണം. അല്ലാതെ പറ്റില്ല.

7. ഫൊക്കാനയില്‍ പലപ്പോഴും ഒരേ നേതാക്കള്‍ മാറി അധികാരത്തില്‍ വരുന്നു. ഇതിനൊക്കെ ഒരു മാറ്റം വേണ്ടേ?

അത് വേണം. പുതിയ ആളുകള് വരണം. എങ്കിലെ ഫൊക്കാന വളരുകയുള്ളൂ. എല്ലാ സ്റ്റെറ്റിലും ഫൊക്കാനയുടെ അംഗ സംഘടനകള്‍ ഉണ്ടാകണം. ഇപ്പോള്‍ എല്ലാ സംഘടനകളും ന്യൂ യോര്‍ക്കില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. പണ്ട് ഫൊക്കാനാ അങ്ങനെ ആയിരുന്നില്ല. എല്ലായിടത്തും സംഘനയുടെ പ്രതിനിധികള്‍ ഉണ്ടാകണം. സജീവമായിരുന്ന ഡാലസ് ഫൊക്കാനാ നേത്രുത്വമൊക്കെ ഇപ്പോള്‍ സജീവമല്ല. തലപ്പത്ത് വന്നാല്‍ മാത്രം പോരാ. പ്രവര്‍ത്തിക്കണം. കണ്‍വന്‍ഷന്‍ രജിസ്‌ട്രേഷന്‍ നടത്തണം. പണ്ട് ഇതൊക്കെ വലിയ വാര്‍ത്തകള്‍ ആയിരുന്നു. ഫൊക്കാനാ പിളരുന്നതിനു മുമ്പുള്ള ഫൊക്കാനായെ കുറിച്ച് ആലോചിക്കു. ഒരു കമ്മിറ്റി മെമ്പര്‍ ആകണമെങ്കില്‍ പോലും വലിയ ബുദ്ധിമുട്ടായിരുന്നു. ഇന്ന് അതല്ല ആര്‍ക്കും മെംബര്‍മാരാകാം എന്ന അവസ്ഥ വന്നു. അത് പാടില്ല. സംഘടന വളര്‍ന്നാല്‍ മാത്രമേ ഇതിനൊക്കെ മാറ്റമുണ്ടാകു. ഉണ്ടാകണം.

8. ഇത്തവണത്തെ ഫൊക്കാനാ കണ്‍വന്‍ഷന്‍ ചരിത്ര സംഭവം ആക്കി മാറ്റുവാന്‍ കാനഡാ മലയാളികള്‍ അക്ഷീണം പരിശ്രമിക്കുകയാണ് . ദേശീയ കമ്മിറ്റിക് ഈ കണ്‍വന്‍ഷനില്‍ എന്ത് റോള്‍ ആണുള്ളത് ?

കാനഡായിലാണ് കണ്‍വന്‍ഷന്‍ ആണെങ്കിലും കമ്മിറ്റി നന്നായി വര്‍ക്ക് ചെയ്യുന്നു. അവിടുത്തെ ആളുകള്‍ നന്നായി പ്രവര്‍ത്തിക്കുന്നു. അതോടൊപ്പം വിമന്‍സ് ഫോറം സംഘടിപ്പിക്കുന്ന മലയാളി മങ്ക, ബ്യുട്ടി പേജന്റ് തുടങ്ങിയവയ്‌ക്കൊക്കെ ടെലിഗേറ്റിനെ കണ്ടു പിടിക്കുക, രജിസ്‌ട്രേഷന്‍, തുടങ്ങിയവയിലെല്ലാം എന്റേതായ രീതിയില്‍ ഞാന്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്. ഇത്തരം ജോലികള്‍ അത്ര എളുപ്പമല്ല ഫൊക്കാനയുടെ ചരിത്രത്തില്‍ ഇല്ലാത്ത തരത്തില്‍ രജിസ്‌ട്രേഷന്‍, പ്രത്യേകിച്ച് ഫാമിലി രജിസ്‌ട്രേഷന്‍ കൂടുതല്‍ നടന്ന കണ്‍വന്‍ഷന്‍ എന്ന പേരിലും കാനഡാ കണ്‍വന്‍ഷന്‍ അറിയപ്പെടും.

9. ഫൊക്കാന പിളര്‍ന്നു ഫോമാ ഉണ്ടായി.  ഫോമയിലും ഫോക്കാനയിലും 2 പാനലുകള്‍ മത്സര രംഗത്ത് ഉണ്ടല്ലോ. ഇനിയും പിളര്‍പ്പുകള്‍ക്ക് സാധ്യത ഉണ്ടോ?

ഇനി അതിനൊന്നും സാധ്യത ഇല്ല. സംഘടന ഇനിയും പിളരാന്‍ പാടില്ല. ഫൊക്കാന ഇനിയും പിളര്‍ന്നാല്‍ വലിയ പ്രശ്‌നം ആകും. അങ്ങനെ സംഭവിക്കില്ല. ചിലപ്പോള്‍ പാനലുകള്‍ ഒക്കെ ചര്‍ച്ച ചെയ്തു യോജിച്ചൊരു തീരുമാനം എടുക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. എന്തായാലും സംഘടന നമുക്ക് വേണം. ഇത്തരം സംഘടനകളിലാണ് നമ്മുടെ സാംസ്‌കാരിക ബോധം തന്നെ നിലകൊള്ളുന്നത്.

10. ഫൊക്കാനയും ഫോമയും ആശയപരമായി അല്ലലോ പിളര്‍ന്നത്. ചിലരുടെ താല്പര്യങ്ങള്‍ അല്ലെ പിളര്‍പ്പിനു കാരണം ആയത്. ഒരു യോജിപ്പിന്റെ ലക്ഷണം കാണുന്നുണ്ടോ ?

ഫൊക്കാനയുടെ പിളര്‍പ്പ് എന്നെ ഏറെ ദുഖിപ്പിച്ച സംഭവം ആയിരുന്നു. എല്ലാവര്ക്കും പദവികള്‍ വേണം. ഫൊക്കാനാ പിളര്‍ന്നു ഫോമയും കൂടി ഉണ്ടായപ്പോള്‍ പദവികള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടായില്ല. ആര്‍ക്കും പദവികള്‍ കിട്ടും. രണ്ടു സംഘടനകളും ഒന്നിച്ചുപോകാന്‍ ഏറെ ചര്‍ച്ചകള്‍ നടന്നതാണ്. ഇനിയിപ്പോള്‍ അതിനു സാധ്യത കാണുന്നില്ല. ഫൊക്കാനയും ഫോമയും ഒന്നിച്ചു ഒറ്റ സംഘടന ആയി പോകണം എന്നാണു എന്റെ ആഗ്രഹം. അത് നടക്കുമോ എന്ന് അറിയില്ല. പദവികള്‍ തന്നെയാണ് പ്രശ്‌നം. ഒരു കാര്യം ഉറപ്പാണ്. മലയാളികള്‍ക്ക് പലര്‍ക്കും ഈ പിളര്‌പ്പോടെ താല്പര്യം കുറഞ്ഞു. അത് തന്നെ ദോഷം ആണ്. വലിയ കൂട്ടായ്മകള്‍ ആണ് സംഘടനകളെ വളര്‍ത്തുന്നത്. ഫൊക്കാന ജനാധിപത്യ രീതിയില്‍ വളരണം. പുതിയ ആളുകള്‍ വരണം. മാറി നിക്കുന്നവരെ തിരിച്ചു കൊണ്ടുവരണം.

പറയുന്ന കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കുന്നു എന്നതാണ് ലീലാ മാരെട്ടിന്റെ പ്രത്യേകത. അത് കൊണ്ട് തന്നെ ഫൊക്കാനയില്‍ ലീലാ മാരേട്ടിന്റെ വാക്കുകള്‍ക്കു ആളുകള്‍ കാതോര്‍ക്കും. പദവികള്‍ ഏറ്റെടുത്തു വെറുതെ ഇരിക്കലല്ല സംഘടനാ പ്രവര്‍ത്തനം എന്ന് തന്റെ പ്രവര്‍ത്തനത്തിലൂടെ അമേരിക്കന്‍ മലയാളികള്‍ക്ക് കാട്ടി കൊടുത്ത ലീലാ മാരേട്ട് സംഘടനയുടെ ഇപ്പോഴത്തെ പ്രവര്‍ത്തനത്തില്‍ അത്ര തൃപ്തയല്ലെങ്കിലും അതെല്ലാം മാറുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ്. ഈ വിശ്വാസം അവര്‍ക്ക് ലഭിച്ചത് രാഷ്ട്രീയ പാരമ്പര്യമുള്ള ഒരു കുടുംബത്തില്‍ നിന്ന് വന്നതുകൊണ്ടാണ്. ആലപ്പുഴ സെന്റ് ജൊസഫ് കോളിജില്‍ ഡിഗ്രി പഠനം. പി ജി, എസ് ബി കോളേജില്‍, ആലപ്പുഴ സെന്റ് ജൊസഫ് കോളജില്‍ തന്നെ അധ്യാപിക ആയി. 1981ല്‍ അമേരിക്കയില്‍ വന്നു. 1988 മുതല്‍ പൊതു പ്രവര്‍ത്തനം തുടങ്ങി. കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്ക്കിന്റെ പ്രസിഡന്റ്‌റ്. അതിന്റെ പല ഭാരവാഹിത്വങ്ങള്‍ വഹിച്ചു. ഇന്ത്യ കാത്തലിക് അസോസിയേഷന്റെ പ്രസിഡന്റ്‌റ്, ചെയര്‍മാന്‍, യുണിയന്‍ റെക്കോര്‍ഡിംഗ് സെക്രട്ടറി , സൌത്ത് ഏഷ്യന്‍ ഹെരിറ്റെജിന്റെ വൈസ് പ്രസിഡന്റ്‌റ്, ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ മെമ്പര്‍ തുടങ്ങിയ നിലകളില്‍ സജീവമായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഈ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം കുടുംബം ഒപ്പം നിക്കുന്നു. ഭര്‍ത്താവ് രാജാന്‍ മാരേട്ട് ട്രാന്‍സിറ്റില്‍ (New York Ctiy Transit Authortiy) ആയിരുന്നു റിട്ടയര്‍ ആയി. രണ്ടു മക്കള്‍, ഒരു മകനും, മകളും. മകന്‍ ഫിനാന്‍സ് കഴിഞ്ഞു കമ്പനിയുടെ വൈസ് പ്രസിടന്റ്‌റ് ആയി ജോലി ചെയുന്നു. മകള്‍ ഡോക്ടര്‍. നല്ലൊരു കുടുംബിനി കൂടി ആയ ലീല മാരേട്ട് ന്യൂയോര്‍ക്ക് സിറ്റി പരിസ്ഥിതി വിഭാഗത്തില്‍ (Department of Environmental Protection) മുപ്പതു വര്ഷമായി സൈന്റിസ്റ്റ് (scientist) ആയി ജോലി ചെയ്യുന്നു.

വാക്കും പ്രവര്‍ത്തിയും ഒരു പോലെ കൊണ്ട് പോകുന്നതാണ് ഒരു യഥാര്‍ത്ഥ നേതാവിന്റെ ലക്ഷണം എന്നത് ലീലാ മാരെട്ടിന്റെ പ്രവര്‍ത്തന ശൈലികൊണ്ട് മനസിലാക്കുവാന്‍ സാധിക്കും. പദവികള്‍ കിട്ടുമ്പോള്‍ അതിനോട് നീതി പുലര്‍ത്തുക, എങ്കില്‍ മാത്രമേ വളരുവാന്‍ സാധിക്കുകയുള്ളൂ. ഫൊക്കാനയുടെ തുടക്കം മുതല്‍ പ്രവര്ത്തിച്ചു പടിപടിയായി വളര്‍ന്നുവന്ന ലീലാ മാരേട്ട് ഫൊക്കാനയുടെ എടുത്തു പറയാവുന്ന ഒരു സമ്പത്ത് കൂടിയാണ്. ഇത് നേതൃത്വത്തിലുള്ളവര്‍ പോലും നിഷേധിക്കില്ല എന്നതാണ് സത്യം. കാരണം പറയുന്നതും പ്രവര്‍ത്തിക്കുന്നതും ലീലാ മാരേട്ട് ആണ് .
സംഘടനകളില്‍ ഭിന്നതയുടെയും പിളര്‍പ്പിന്റെയും കാലം കഴിഞ്ഞു: ലീലാ മാരേട്ട്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക