Image

കോഴിക്കോട് വിമാനത്താവളത്തില്‍ വീണ്ടും ബാഗേജ് കൊള്ള

Published on 03 February, 2012
കോഴിക്കോട് വിമാനത്താവളത്തില്‍ വീണ്ടും ബാഗേജ് കൊള്ള
കൊണ്ടോട്ടി: ഭര്‍ത്താവിനൊപ്പം വിദേശത്തുനിന്നെത്തിയ യുവതിയുടെ ബാഗേജില്‍നിന്ന് സ്വര്‍ണാഭരണങ്ങളുള്‍പ്പെടെ നഷ്ടപ്പെട്ടു. മാറാട് കിളിയനാട് പറമ്പ് ഷംസദിന്റെ(34) ബാഗേജാണ് കൊള്ളയടിക്കപ്പെട്ടത്.ഷാര്‍ജയില്‍നിന്നും എയര്‍ ഇന്ത്യാ വിമാനത്തില്‍ ഭര്‍ത്താവ് വടക്കന്‍ പറവൂര്‍ സ്വദേശി അബ്ദുറഹ്മാനോടൊപ്പം വ്യാഴാഴ്ച 8.15നാണ് ഷംസദ് കോഴിക്കോട്ടെത്തിയത്. വീട്ടിലെത്തിയശേഷം പെട്ടി തുറന്നപ്പോഴാണ് സാധനങ്ങള്‍ നഷ്ടപ്പെട്ടതായറിഞ്ഞത്.

രണ്ട് സ്വര്‍ണമാല, രണ്ട് മൊബൈല്‍ഫോണ്‍, വിലയേറിയ ഷേവിങ്‌സെറ്റ് തുടങ്ങിയവയാണ് നഷ്ടമായത്. സ്വര്‍ണമാലകളും ഒരു മൊബൈല്‍ ഫോണും സുഹൃത്ത് നാട്ടിലെ ബന്ധുക്കള്‍ക്ക് കൈമാറാനാവശ്യപ്പെട്ട് നല്‍കിയതാണെന്ന് ഷംസദ് പറഞ്ഞു. മറ്റ് സാധനങ്ങള്‍ ഷംസദിന്‍േറതാണ്. നമ്പര്‍ലോക്കുള്ള പെട്ടിയിലാണ് സാധനങ്ങള്‍ കൊണ്ടുവന്നത്. 

പ്ലാസ്റ്റിക് കവറിലിട്ട് ഭദ്രമായാണ് സ്വര്‍ണമാലകള്‍ പെട്ടിയില്‍ സൂക്ഷിച്ചിരുന്നത്. കവര്‍ കീറി സ്വര്‍ണമാല എടുത്തശേഷം കവര്‍ പെട്ടിയില്‍തന്നെ ഉപേക്ഷിച്ചിട്ടുണ്ട്. പുതിയ മൊബൈല്‍ ഫോണിന്റെ ചാര്‍ജറും ഹെഡ്‌ഫോണും പെട്ടിയില്‍തന്നെ ഇട്ടിട്ടുണ്ട്.
ഉച്ചയോടെ വിമാനത്താവളത്തില്‍ തിരിച്ചെത്തിയ യുവതി എയര്‍ഇന്ത്യാ അധികൃതര്‍ക്ക് പരാതിനല്‍കി. ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ ബാഗേജ് കവര്‍ച്ചയാണിത്. കഴിഞ്ഞ വെള്ളിയാഴ്ച വടകര കാര്‍ത്തികപ്പള്ളി വിനോദിന്റെ സ്വര്‍ണമാണ് നഷ്ടപ്പെട്ടത്. നിരീക്ഷണം ശക്തമാക്കിയതിനെത്തുടര്‍ന്ന് കരിപ്പൂരില്‍ മോഷണം കുറെകാലങ്ങളായി കുറഞ്ഞിരുന്നതാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക