Image

മദര്‍ തെരേസായുടെ വിശുദ്ധിയും അധാര്‍മ്മിക പ്രവൃത്തികളും (ജോസഫ് പടന്നമാക്കല്‍)

Published on 22 June, 2016
മദര്‍ തെരേസായുടെ വിശുദ്ധിയും അധാര്‍മ്മിക പ്രവൃത്തികളും (ജോസഫ് പടന്നമാക്കല്‍)
ലോകമെമ്പാടും ആദരിക്കുന്ന മദര്‍ തെരേസ 1910 ആഗസ്റ്റ് ഇരുപത്തിയാറാം തിയതി മാസിഡോണിയായിലെ സ്‌കോപ്പീ എന്ന സ്ഥലത്തു ജനിച്ചു. അടുത്ത ദിവസം തന്നെ മാമ്മോദീസ്സാ ലഭിക്കുകയും 'ആഗ്‌നസ്' എന്ന നാമം നല്‍കുകയും ചെയ്തു. അവരുടെ മാതാപിതാക്കള്‍ 'നിക്കോളാ ബൊജാക്‌സിനും' 'ഡ്രന്‍ഡോഫിലെ 'യുമായിരുന്നു. പിതാവ്, നിക്കോളാ കെട്ടിട നിര്‍മ്മാണ കോണ്‍ട്രാക്റ്ററും മെഡിസിനും വൈദ്യോപകരണങ്ങള്‍ വില്‍ക്കുന്ന ഒരു വ്യവസായിയുമായിരുന്നു. കുടുംബം മൊത്തമായും അല്‍ബേനിയന്‍ പാരമ്പര്യമുള്ള കത്തോലിക്കാ വിശ്വാസികളും പള്ളി പ്രവര്‍ത്തനങ്ങളില്‍ തല്പരരുമായിരുന്നു. കുടുംബത്തിലെ നിത്യവുമുണ്ടായിരുന്ന ഭക്തി നിര്‍ഭരമായ പ്രാര്‍ത്ഥനാ ഗീതങ്ങള്‍ ബാലികയായിരുന്ന ആഗ്‌നസിന് ആത്മീയ വെളിച്ചം നല്‍കിക്കൊണ്ടിരുന്നു. ആഗ്‌നസിന്റെ പിതാവിന് പള്ളി പ്രവര്‍ത്തനം കൂടാതെ രാഷ്ട്രീയവുമുണ്ടായിരുന്നു.

1919ല്‍ ആഗ്‌നസിനു എട്ടു വയസു പ്രായമുണ്ടായിരുന്നപ്പോള്‍ അവരുടെ പിതാവ്, നിക്കോളാ ഏതോ അസുഖം ബാധിച്ചു മരിച്ചു പോയി. മരണകാരണം എന്തെന്ന് ആര്‍ക്കും അറിഞ്ഞു കൂടായിരുന്നു. അദ്ദേഹത്തിന്റെ രാഷ്ട്രീയ ശത്രുക്കള്‍ വിഷം കൊടുത്തുവെന്നും പറയുന്നു. പിതാവിന്റെ മരണശേഷം ആഗ്‌നസ് അമ്മയുടെ (ഡ്രന്‍ഡോഫിലെ) പരിലാളനയില്‍ വളര്‍ന്നു. 'ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് സ്വന്തം ജീവിതത്തില്‍ മുന്‍ഗണന നല്‍കണമെന്ന' അമ്മയുടെ ഉപദേശം ആഗ്‌നസില്‍ പ്രത്യേകമായ ആവേശം പകര്‍ന്നിരുന്നു. സ്വന്തം അമ്മയുടെ വിശ്രമമില്ലാത്ത പരോപകാര പ്രവര്‍ത്തികള്‍ ആ ബാലികയുടെ ജീവിതത്തിലെ വഴിത്തിരുവുകളായി മാറി. അമ്മയെ എന്നും സ്വന്തം ജീവിതത്തില്‍ മാതൃകയാക്കുവാനും ശ്രമിച്ചിരുന്നു.

കന്യാസ്ത്രികള്‍ നടത്തിയിരുന്ന ഒരു കോണ്‍വെന്റ് സ്‌കൂളിലായിരുന്നു ;ആഗ്‌നസ്' പ്രൈമറി വിദ്യാഭ്യാസം നടത്തിയിരുന്നത്. പിന്നീട് സെക്കണ്ടറി വിദ്യാഭ്യാസം സര്‍ക്കാര്‍ സ്‌കൂളിലും. കുഞ്ഞായിരുന്നപ്പോള്‍ മുതല്‍ സ്വരമാധുരിയില്‍ പാടിക്കൊണ്ടിരുന്ന നല്ലയൊരു പാട്ടുകാരിയായിരുന്നു. ഒരു കുഞ്ഞു മാലാഖയെപ്പോലെ ആഗ്‌നസെന്ന കുട്ടി ദേവാലയത്തിലെ പ്രാര്‍ഥനാ ഗീതങ്ങള്‍ക്ക് നേതൃത്വവും കൊടുത്തിരുന്നു. 1928ല്‍ പതിനെട്ടാം വയസില്‍ കന്യാസ്ത്രി മഠത്തില്‍ ചേര്‍ന്നു. മഠത്തില്‍ ആതുരസേവനം ചെയ്യുന്ന ഒരു സഹോദരിയാകണമെന്ന അഭിലാഷമൊഴിച്ച് ജീവിതത്തിലെ മറ്റു തുറകളില്‍ പ്രവര്‍ത്തിക്കാനുള്ള അതിമോഹങ്ങളൊന്നും ആ സഹോദരിയിലുണ്ടായിരുന്നില്ല. അയര്‍ലണ്ടില്‍ ഡ്യുബ്ലിനിലുള്ള 'സ്റ്റേഴ്‌സ് ഓഫ് ലൊറേറ്റോ മഠത്തില്‍' അര്‍ത്ഥിനിയായി സന്യസ്ത ജീവിതമാരംഭിച്ചു. അവിടെ നിന്നായിരുന്നു സിസ്റ്റര്‍ മേരി തെരേസായെന്ന പേര് സ്വീകരിച്ചത്.

മഠത്തില്‍ ചേര്‍ന്ന് ഒരു വര്‍ഷത്തിനുശേഷം ഇന്‍ഡ്യയിലുള്ള ഡാര്‍ജലിങ്ങില്‍ നോവീഷ്യത്തിനായി താമസമാക്കി. പിന്നീട് പ്രാഥമിക വൃത വാഗ്ദാനത്തിനു ശേഷം കല്‍ക്കട്ടായില്‍ വന്നു. അവിടെ സെന്റ് മേരീസ് ഹൈസ്‌കൂളിലെ പെണ്‍ക്കുട്ടികളെ പഠിപ്പിക്കുന്ന ജോലിയാരംഭിച്ചു. ബംഗാളി കുടുംബങ്ങളിലെ പാവപ്പെട്ട കുട്ടികളെ പഠിപ്പിക്കാനായി ലോറോട്ടോ സിസ്റ്റേഴ്‌സ് ആ സ്‌കൂള്‍ നടത്തിയിരുന്നു. സിസ്റ്റര്‍ തെരേസാ ഹിന്ദിയും ബംഗാളിയും നല്ലവണ്ണം പഠിച്ചു. ഭൂമിശാസ്ത്രവും ചരിത്രവും കുട്ടികളെ പഠിപ്പിച്ചിരുന്നു. 1937ല്‍ അവസാനത്തെ വ്രതം പൂര്‍ത്തിയാക്കിയ ശേഷം മദര്‍ തെരേസായെന്ന നാമം തെരഞ്ഞെടുത്തു. 1944 വരെ അവര്‍ സെന്റ് മേരീസില്‍ പഠിപ്പിച്ച ശേഷം ആ സ്‌കൂളിന്റെ പ്രിന്‍സിപ്പാളായി ചുമതലയെടുത്തു.

1950ല്‍ കല്‍ക്കട്ടായില്‍ ആദ്യത്തെ മിഷ്യനറി ഓഫ് ചാരിറ്റീസ് ഭവനം സ്ഥാപിച്ചു. ജീവകാരുണ്യ പ്രവര്‍ത്തനമായിരുന്നു ഈ സംഘടനയുടെ മുഖ്യലക്ഷ്യം. അതിനുശേഷം നൂറു കണക്കിന് ശാഖകള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി സ്ഥാപിക്കുകയുണ്ടായി. മിഷ്യന്‍ പ്രവര്‍ത്തനം വിപുലമായപ്പോള്‍ കോടിക്കണക്കിന് വിദേശ ഡോളറുകള്‍ അവരുടെ സ്ഥാപനത്തിലേക്ക് ഒഴുകാന്‍ തുടങ്ങി. തത്ത്വത്തില്‍ ഈ പണം മുഴുവന്‍ പാവങ്ങളെ സഹായിക്കുകയെന്നതല്ലായിരുന്നു.

മദര്‍ തെരേസായെ ചരിത്രം വിശേഷിപ്പിച്ചിരിക്കുന്നത് നിസ്വാര്‍ത്ഥ സേവന നിരതയായിരുന്ന ഒരു സന്യാസിനിയെന്നാണ്. പരക്ഷേമകാംക്ഷയുടെ പ്രതിബിംബമായി അവരെ ചിത്രീകരിച്ചിരിക്കുന്നു. ജീവിതകാലം മുഴുവന്‍ പാവങ്ങള്‍ക്കായി പ്രവര്‍ത്തിച്ചുവെന്നു പുസ്തകത്താളുകള്‍ നിറയെ എഴുതിയും വെച്ചിട്ടുണ്ട്. മദര്‍ തെരേസ എന്ന പേരിന്റെ ചുരുക്കം നന്മയുടെ ഉറവിടമെന്നാണ്. കരുണയും ഹൃദയ വിശാലതയും നിസ്വാര്‍ഥതയും ആ മഹനീയ നാമത്തില്‍ അലിഞ്ഞു ചേര്‍ന്നിരിക്കുന്നതായി കാണാം. എന്നാല്‍ ദൗര്‍ഭാഗ്യവശാല്‍ യഥാര്‍ഥ മദര്‍ തെരേസായ്ക്ക് മറ്റൊരു മുഖവുമുണ്ടായിരുന്നു. ചിന്തകരുടെ ദൃഷ്ടിയില്‍ അവരുടെ മനസ് വക്രത നിറഞ്ഞതായിരുന്നു. സത്യത്തിനു വിരുദ്ധമായി മാനുഷിക മൂല്യങ്ങള്‍ക്ക് വിലകല്പിക്കാത്ത തെരേസായെ സ്തുതി പാടുവാന്‍ ചുറ്റും നൂറു കണക്കിന് ജനവുമുണ്ടായിരുന്നു.

മദര്‍ തെരേസായെ വിശുദ്ധയായി മാര്‍പ്പാപ്പാ ഈ വരുന്ന 2016 സെപ്റ്റംബറില്‍ ഉയര്‍ത്തുന്നതില്‍ വിവാദങ്ങള്‍ ലോകത്തിന്റെ നാനാ ഭാഗത്തുനിന്നും പൊന്തി വന്നിട്ടുണ്ട്. ഏറ്റവും ഒടുവിലായി ബ്രിട്ടനില്‍ താമസിക്കുന്ന എഴുത്തുകാരനായ ഡോ.അരുണ്‍ ചാറ്റര്‍ജി എഴുതിയ ഗ്രന്ഥത്തില്‍ തെരേസായുടെ വിശുദ്ധ പദവിയേയും നോബല്‍ സമ്മാന പുരസ്‌ക്കാരത്തെയും ചോദ്യം ചെയ്തിരിക്കുന്നു. അദ്ദേഹത്തിന്റെ പുസ്തകമായ 'സിറ്റി ഓഫ് ജോയി'യില്‍ മദര്‍ തെരേസായെ വിമര്‍ശനവിഷയകമായി നിരൂപിച്ചിരിക്കുന്നതു കാണാം. പുസ്തകം ബെസ്റ്റ് സെല്ലറായി യൂറോപ്യന്‍ മാര്‍ക്കറ്റില്‍ വിറ്റഴിക്കുന്നു. നോബല്‍ സമ്മാനം മദര്‍ തെരസായ്ക്ക് കൊടുത്തതും സത്യത്തില്‍ മായം കലര്‍ത്തിയാണെന്ന് ചാറ്റര്‍ജി പറയുന്നു. നോബല്‍ കമ്മറ്റിയില്‍ സ്വാധീനത്തിന്റെ പുറത്താണ് അത്തരം ഒരു പുരസ്‌ക്കാരം നല്‍കിയത്. അര്‍ഹപ്പെട്ടവര്‍ പലരും ഉണ്ടായിട്ടും നോബല്‍ കമ്മിറ്റി അവരുടെ പേരുകള്‍ പരിഗണിച്ചില്ലെന്നും വിവരിക്കുന്നുണ്ട്. മദര്‍ തെരേസായുടെ ജീവകാരുണ്യ പ്രവര്‍ത്തനത്തെപ്പറ്റിയും പാവങ്ങളെ സഹായിക്കുന്നതിനെപ്പറ്റിയും ലോകത്തെ തെറ്റി ധരിപ്പിച്ചിരുന്ന വിവരങ്ങള്‍ ചാറ്റര്‍ജി പുസ്തകത്തില്‍ വിവരിച്ചിട്ടുണ്ട്.

ഡോ.അരുണ്‍ ചാറ്റര്‍ജി മദര്‍ തെരേസായുടെ ഭവനത്തില്‍ കുറച്ചുകാലം താമസിച്ച് തെരേസായുടെ ഓര്‍ഡറിനെപ്പറ്റിയും തെരേസായുടെ നിയന്ത്രണത്തിലുള്ള സാമ്പത്തിക ക്രയവിക്രയങ്ങളെപ്പറ്റിയും നിരീക്ഷിച്ചിരുന്നു. 1994ല്‍ പത്രപ്രവര്‍ത്തകരായ ക്രിസ്റ്റഫര്‍ ഹിച്ചന്‍സും താരിക്ക് ആലിയും പങ്കാളികളായിക്കൊണ്ട് ശ്രീ ചാറ്റര്‍ജി എഴുതിയ 'ഹെല്‌സ് ഏഞ്ചല്‍സ്' എന്ന പുസ്തകം ഒരു ഡോക്കുമെന്ററി ഫിലിമാക്കിയിരുന്നു. ബി.ബി.സിയില്‍ അതു അവതരിപ്പിക്കുകയും ചെയ്തു. പിറ്റേ വര്‍ഷം ക്രിസ്റ്റഫര്‍ ഹിച്ചന്‍സ് തെരേസായുടെ മിഷ്യനറി പ്രവര്‍ത്തനങ്ങളെ സമഗ്രമായി വിമര്‍ശിച്ചുകൊണ്ടു ഒരു പുസ്തകം പ്രസിദ്ധീകരിച്ചു. ഈ പുസ്തകത്തിലെ ഉള്ളടക്കവും ബി.ബി.സി ഡോക്കുമെന്ററില്‍ ദൃശ്യമായിരുന്ന തെരേസായെപ്പറ്റിയുള്ള കുറ്റാരോപണങ്ങളുടെ ആവര്‍ത്തനം തന്നെയായിരുന്നു. അങ്ങനെ തെരേസായുടെ പൊള്ളയായ പ്രവര്‍ത്തനങ്ങളെയും സാമ്പത്തിക ചൂഷണങ്ങളെയും ലോകത്തെയറിയിക്കാന്‍ ചാറ്റര്‍ജിയ്ക്കും ഹിച്ചിന്‍സിനും കഴിഞ്ഞു. അവരുടെ ബൗദ്ധിക കൃതികള്‍ അതിന് സഹായകമാവുകയും ചെയ്തു.

തെരേസായുടെ ആതുര സേവനത്തിന്റെ ഗുണങ്ങള്‍ നൂറു കണക്കിന് ദരിദ്രര്‍ക്ക് ലഭിക്കുന്നുണ്ടെന്നതും ശരിതന്നെ. 1998ല്‍ കല്‍ക്കട്ടായിലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഇരുനൂറു സംഘടനകളുടെ സ്ഥിതി വിവര കണക്കുകള്‍ എടുത്തപ്പോള്‍ മദര്‍ തെരേസായുടെ സംഘടന അതില്‍ ഉള്‍പ്പെട്ടിട്ടില്ലായിരുന്നു. അവരുടെ മിഷ്യനറി ഓഫ് ചാരിറ്റി മുന്നൂറില്‍പ്പരം ദരിദരര്‍ക്ക് ഭക്ഷണം നല്‍കുമ്പോള്‍ അസ്സംബ്ലി ഓഫ് ഗോഡ് ചാരിറ്റി അതേ സമയം ദിവസം 18000 ദരിദ്രര്‍ക്ക് ഭക്ഷണം കൊടുക്കുന്നുമുണ്ടായിരുന്നു. തെരേസായുടെ പ്രവര്‍ത്തനങ്ങള്‍ പൊലിപ്പിച്ചു കാണിച്ചുകൊണ്ട് ലോകത്തെ കബളിപ്പിക്കുകയായിരുന്നുവെന്നു ഇതില്‍ നിന്നും വ്യക്തമാണ്.

മദര്‍ തെരേസായോട് പ്രാര്‍ത്ഥിച്ചതിന്റെ ഫലമായി ഒരു രോഗിയുടെ ക്യാന്‍സര്‍ രോഗം ഭേദപ്പെട്ടുവെന്നത് വത്തിക്കാന്‍ സ്ഥിതികരിച്ചിരുന്നു. തെരേസായെ വിശുദ്ധഗണത്തില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചത് ഈ അത്ഭുതത്തിന്റെ അടിസ്ഥാനത്തിലായിരുന്നു. എന്നാല്‍ അസുഖം ഭേദമായത് അത്ഭുതം കൊണ്ടല്ല മറിച്ച് മെഡിക്കല്‍ ചീകത്സ കൊണ്ടെന്ന് രോഗി അവകാശപ്പെട്ടു. വിശുദ്ധ പദവിയിലെത്തുന്നതിനു മുമ്പ് ഒരാളിന്റെ അത്ഭുതം സ്ഥിതികരിച്ചശേഷം നിരസിക്കുന്ന വാര്‍ത്ത വത്തിക്കാന്റെ ചരിത്രത്തില്‍ ആദ്യ സംഭവമായിരുന്നു. കല്‍ക്കട്ടായില്‍നിന്നു അഞ്ഞൂറു മൈലുകള്‍ക്കപ്പുറമുള്ള ഒരു ഗ്രാമത്തില്‍ താമസിക്കുന്ന 'മോനിക്കാ ബെസറാ' എന്ന സ്ത്രീയുടെ സാക്ഷി പത്രമനുസരിച്ചായിരുന്നു തെരേസായെ വിശുദ്ധയാക്കാന്‍ വത്തിക്കാന്‍ തീരുമാനിച്ചത്. 1998 സെപ്റ്റംബര്‍ ആറാംതീയതി മദര്‍ തെരേസായുടെ ചരമ വാര്‍ഷിക ദിനത്തില്‍ രണ്ടു കന്യാസ്ത്രികളുടെ നിത്യേനയുള്ള പ്രാര്‍ത്ഥനാഫലമായി ബസ്‌റായുടെ പടര്‍ന്നു പിടിച്ചിരുന്ന ക്യാന്‍സര്‍ രോഗം ഭേദപ്പെട്ടുവെന്ന് ലോകത്തെ അറിയിച്ചു. മദറിന്റെ മരിച്ച ശരീരത്തില്‍ സ്പര്‍ശിച്ച രണ്ടു കാശു രൂപങ്ങള്‍ രോഗിയില്‍ അണിയിച്ചായിരുന്നു പ്രാര്‍ത്ഥനകള്‍ നടത്തിയിരുന്നത്. എന്നാല്‍ 2003 ഒക്ടോബര്‍ പത്തൊമ്പതാം തിയതി തെരേസായെ ദൈവദാസിയെന്ന് വിളിച്ചശേഷം തെരേസായുടെ അത്ഭുതത്തെ ബസറാ നിഷേധിച്ചു. രോഗം ഭേദപ്പെടാന്‍ മെഡിക്കല്‍ ശുശ്രുഷയാണ് കാരണമെന്ന് അവര്‍ പ്രഖ്യാപിച്ചു. വത്തിക്കാന്റെ തെരേസായുടെ വിശുദ്ധയെന്ന സ്ഥിതികരണം പാളി പോയി. അത്തരം സാഹചര്യത്തില്‍ തെരേസായുടെ മറ്റൊരു പുതിയ അത്ഭുദം കണ്ടു പിടിക്കുന്നതിനായി ശ്രമിക്കണമെന്ന് വിശുദ്ധീകരണ ചുമതലകള്‍ വഹിക്കുന്ന ഫാദര്‍ ബ്രയന്‍ കൊലോടിചുക് അഭിപ്രായപ്പെടുകയുണ്ടായി.

കല്‍ക്കട്ടായില്‍ നടന്ന അത്ഭുതമെന്നു പറയുന്ന ക്യാന്‍സര്‍ രോഗം ഭേദപ്പെട്ടത് മെഡിക്കല്‍ ശുശ്രുഷകള്‍കൊണ്ടെന്ന് ഡോക്ടര്‍മാരും ഹോസ്പിറ്റലും അവകാശപ്പെട്ടിട്ടും വകവെക്കാതെ തെരേസായെ പുണ്യവതിയാക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണുണ്ടായത്. പിന്നീടുള്ള നടപടികള്‍ രഹസ്യമായിരുന്നു. മദര്‍ തെരേസായെ 2016 സെപ്റ്റമ്പറില്‍ വിശുദ്ധയെന്ന് വിളിക്കുമെന്ന് 2015 ഡിസംബറില്‍ വത്തിക്കാന്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. രണ്ടാമത്തെ അത്ഭുതവും തെളിഞ്ഞുവെന്നായിരുന്നു വാദം. ഒരു ബ്രസീലിയന്‍ മനുഷ്യന്റെ ക്യാന്‍സര്‍ മദര്‍ തെരേസായോട് അയാളുടെ ഭാര്യ പ്രാര്‍തഥിച്ചതു കൊണ്ടു ഭേദമായിയെന്നായിരുന്നു രണ്ടാമത്തെ അത്ഭുതം. 2008ല്‍ ക്യാന്‍സര്‍ രോഗം ഭേദപ്പെട്ട വ്യക്തിയെപ്പറ്റിയുള്ള വിവരങ്ങള്‍ വിശുദ്ധയാകുന്ന അവസാന നിമിഷം വരെ ലോകത്തോട് പറയാതെ പരമരഹസ്യമായി വത്തിക്കാന്‍ സൂക്ഷിക്കുന്നു. തെരേസായുടെ ആദ്യത്തെ അത്ഭുതത്തില്‍ വന്നുപോയ പാളീച്ചകളും തെറ്റുകളും ആവര്‍ത്തിക്കാന്‍ വത്തിക്കാന്‍ താല്പര്യപ്പെടുന്നില്ല.

ഒരുവന്റെ മതം നോക്കാതെ, ആഗ്രഹങ്ങള്‍ ചോദിക്കാതെ മദര്‍ തെരേസായും സഹോദരികളും മരിക്കാന്‍ പോകുന്നവരെ രഹസ്യമായി ക്രിസ്ത്യാനികളായി മാമ്മോദീസാ നല്കുമായിരുന്നുവെന്നു അവിടെ നിന്നു പിരിഞ്ഞുപോയ 'സൂസന്‍ ഷീല്‍ഡേ'യെന്നു പേരുള്ള ഒരു കന്യാസ്ത്രി എഴുതിയ പുസ്തകത്തിലുണ്ട്. മരിക്കാന്‍ പോവുന്നവരോട് സ്വര്‍ഗത്തില്‍ പോകാനുള്ള ടിക്കറ്റ് വേണമോയെന്നും അവിടുത്തെ കന്യാസ്ത്രികള്‍ ചോദിക്കുമായിരുന്നു. നിശബ്ദമായിരിക്കുന്നവരുടെ തലയില്‍ വെള്ളമൊഴിച്ച് തല തോര്‍ത്തുന്നതായി കാഴ്ചക്കാര്‍ക്ക് തോന്നുമെങ്കിലും അവരെയവിടെ പ്രാര്‍ത്ഥനകള്‍ സഹിതം മാമ്മോദീസാ മുക്കി മത പരിവര്‍ത്തനം ചെയ്തിരുന്നുവെന്നും സൂസന്‍ ഷീല്‍ഡേ എഴുതിയ പുസ്തകത്തിലുണ്ട്. ഹിന്ദുക്കളെയും മുസ്ലിമുകളെയും മാമ്മോദീസാ മുക്കിയെന്ന് പുറംലോകം അറിയുകയുമില്ലായിരുന്നു. രോഗികള്‍ക്ക് മാമ്മോദീസാ എന്തെന്നുള്ള വിവരങ്ങളും നല്‍കിയിരുന്നില്ല. ക്രിസ്ത്യന്‍ ദൈവശാസ്ത്രത്തെപ്പറ്റി അവരെ ബോധവാന്മാരാക്കിയിരുന്നുമില്ല.


1981ല്‍ തെരേസാ ഹെയ്റ്റിയിലെ പരമോന്നത അവാര്‍ഡായ ലീജിയന്‍ ഓഫ് ഹോണര്‍ സ്വീകരിക്കാന്‍ ആ രാജ്യത്തു വന്നെത്തി. അക്കാലങ്ങളില്‍ അവിടം ഭരിച്ചിരുന്നത് 'ജീന്‍ ക്‌ളോഡ് ഡുവാലിയര്‍' എന്ന ക്രൂരനായ ഏകാധിപതിയായിരുന്നു. ദാരിദ്ര്യം പിടിച്ച ആ രാജ്യത്തുനിന്നും മില്യന്‍ കണക്കിന് ഡോളര്‍ മോഷ്ടിച്ചതിന് അയാളെ പിന്നീട് സ്ഥാനഭ്രഷ്ടനാക്കുകയായിരുന്നു. അയാളെ വാനോളം പുകഴ്ത്താനും തെരേസാ മറന്നില്ല. അസത്യത്തിനെതിരായ യേശുവിന്റെ മാനവിക തത്ത്വങ്ങളെ മാനിക്കാതെ തെരേസാ ഇത്തരം കള്ളനും കൊള്ളക്കാരനും ഏകാധിപതിയ്ക്കും കൂട്ടുനിന്നതും ക്രൈസ്തവ ധര്‍മ്മമായിരുന്നില്ല. 1989 ആഗസ്റ്റില്‍ അവര്‍ അല്‍ബേനിയ സന്ദര്‍ശിച്ചിരുന്നു. അന്നവരെ സ്വീകരിച്ചത് 'എന്‍വര്‍ ഹോക്‌സാ'യുടെ വിധവ 'നെക്‌സ്മിജേയ്' ആയിരുന്നു. ആയിരക്കണക്കിന് ജനങ്ങളെ കൊന്ന ക്രൂരനായ കമ്മ്യൂണിസ്റ്റ് നേതാവ് ഹോക്‌സായുടെ ശവകുടീരത്തില്‍, തെരേസാ പുഷ്പങ്ങള്‍ അര്‍പ്പിക്കുകയുമുണ്ടായി. കൊല ചെയ്യപ്പെട്ടവരില്‍ കന്യാസ്ത്രികളും പുരോഹിതരുമുണ്ടായിരുന്നു. മനുഷ്യാവകാശങ്ങളെപ്പറ്റിയോ കമ്മ്യുണിസ്റ്റ് ഭീകരതകളെ സംബന്ധിച്ചോ മതപീഡനങ്ങളെ വിലയിരുത്തിയോ തെരേസാ സംസാരിച്ചില്ല.

മിഷ്യണറിയെന്ന നിലയില്‍ തെരേസാ അല്‍ബേനിയായിലെ ക്രൂരനായ കമ്മ്യൂണിസ്റ്റ് ഭരണാധികാരി 'എന്‍വര്‍ ഹോക്‌സായെ' പിന്താങ്ങിയത് ക്രിസ്റ്റഫര്‍ ഹിച്ചിന്‍സ് എഴുതിയ പുസ്തകത്തില്‍ വിമര്‍ശിക്കുന്നുണ്ട്. എന്നാലും ഓരോരുത്തരുടെയും വ്യക്തിപരമായ രാഷ്ട്രീയ അഭിപ്രായങ്ങള്‍ അതാതു കാലത്തു ഭരിക്കുന്നവരുടെ വികാരങ്ങള്‍ക്കനുസൃതമായി പ്രകടിപ്പിക്കുന്നതില്‍ തെറ്റില്ലെന്നും തെരേസായെ അനുകൂലിക്കുന്നവര്‍ അവകാശപ്പെടുന്നുണ്ട്. അവരുടെ മരണ സമയം മിക്ക കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിലും മിഷണറി ഓഫ് ചാരിറ്റിയുടെ മഠങ്ങളും പ്രവര്‍ത്തനങ്ങളും ഉണ്ടായിരുന്നു. അവര്‍ ബ്രിട്ടീഷ് പ്രസിദ്ധീകരണ പ്രസാധകനായിരുന്ന റോബര്‍ട്ട് മാക്‌സ്‌വെല്ലില്‍ നിന്നു പണം സ്വീകരിക്കുമായിരുന്നു. മാക്‌സ്‌വെല്‍ 450 മില്യന്‍ ബ്രിട്ടീഷ് ഫൗണ്ട് തൊഴിലാളികളുടെ പെന്‍ഷന്‍ ഫണ്ടില്‍ നിന്നും അപഹരിച്ച് കുറ്റാരോപണ വിധേയനായി കുപ്രസിദ്ധനായിരുന്ന കാലവുമായിരുന്നു. ചാറല്‍സ് കെറ്റിങ്ങില്‍നിന്നും അവര്‍ പണം സ്വീകരിച്ചതില്‍ വിമര്‍ശനങ്ങളുണ്ടായിരുന്നു. കേറ്റിങ് സാമ്പത്തിക ക്രമക്കേടുകളും അഴിമതികളും നടത്തി സ്വന്തം ബിസിനസ് സാമ്രാജ്യം വിപുലീകരിച്ച വ്യക്തിയാണ്. അയാള്‍ മില്യന്‍ കണക്കിന് ഡോളര്‍ മദര്‍ തെരസായ്ക്ക് ഡൊണേറ്റ് ചെയ്തിട്ടുണ്ട്. മദര്‍ തെരേസാ അമേരിക്കാ സന്ദര്‍ശിക്കുന്ന വേളകളില്‍ അവര്‍ക്കു യാത്ര ചെയ്യാന്‍ കേറ്റിങ് തന്റെ പ്രൈവറ്റ് ജെറ്റ് വിമാനം കൊടുക്കുമായിരുന്നു. അഴിമതിക്കാരനായ കേറ്റിങ്ങിനെ പുകഴ്ത്താനും മദര്‍ തെരേസാ താല്പര്യം കാണിച്ചിരുന്നു.

മദര്‍ തെരേസായുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി വിവിധ രാജ്യങ്ങളില്‍ നിന്നും ലഭിക്കുന്ന ഫണ്ടില്‍ തൊണ്ണൂറു ശതമാനവും ചാരിറ്റിയ്ക്കു പകരം മിഷ്യനറി പ്രവര്‍ത്തനങ്ങള്‍ക്കു മാത്രം ഉപയോഗിച്ചിരുന്നു. ഗയാനായില്‍ പ്രവര്‍ത്തിക്കുന്ന അവരുടെ സന്യാസിനി സമൂഹത്തിന്റെ പ്രധാന പ്രവര്‍ത്തനങ്ങള്‍ മതപരിവര്‍ത്തനം മാത്രമാണ്. ഫണ്ട് ലഭിക്കുന്നത് ചാരിറ്റിയുടെ പേരിലെന്ന വസ്തുതയും മറച്ചുവെച്ചിരുന്നു. മദര്‍ തെരേസായുടെ സംഘടന ഒരു കള്‍ട്ട് മാത്രമെന്ന് ക്രിസ്റ്റഫര്‍ ഹിച്ചിന്‍സ് വിവരിച്ചിരിക്കുന്നു. തെരേസായുടെ സമൂഹം കൂടുതല്‍ ദാരിദ്ര്യം ആഗ്രഹിക്കുന്നതല്ലാതെ ദരിദരരെ സഹായിക്കാറില്ല. സഹനം ദൈവത്തിങ്കലേയ്ക്ക് അടുപ്പുക്കുമെന്നു പറഞ്ഞുകൊണ്ട് ദുഃഖിതരും രോഗികളുമായവരെ കൂടുതല്‍ കഷ്ടപ്പാടുകളിലേയ്ക്ക് നയിക്കുമായിരുന്നു. 'പാവങ്ങളെ നിങ്ങള്‍ സഹനശക്തി പഠിപ്പിക്കുന്നുണ്ടോ'യെന്നുള്ള ഒരു വാര്‍ത്താ പ്രവര്‍ത്തകന്റെ ചോദ്യത്തിനുത്തരമായി അവര്‍ പറഞ്ഞു, 'ക്രിസ്തുവിനെപ്പോലെ കഷ്ടാനുഭവങ്ങള്‍ അവര്‍ സ്വീകരിക്കുമ്പോഴാണ് സഹനത്തിന്റെ മനോഹാരിത ദൃശ്യമാകുന്നത്. ദരിദ്രരുടെ ദുഃഖങ്ങളും സഹനങ്ങളും ലോകത്തിനും ഗുണപ്രദമായിരിക്കും.'

1993ല്‍ അവര്‍ രണ്ടരമില്യന്‍ ഡോളര്‍ വത്തിക്കാനിലേയ്ക്ക് നിക്ഷേപിച്ചുവെന്നു അരൂണ്‍ ചാറ്റര്‍ജിയുടെ പുസ്തകത്തില്‍ പറഞ്ഞിരിക്കുന്നു. ഈ പണം ഡയാന രാജകുമാരിയില്‍ നിന്നും റേഗന്‍, ക്ലിന്റണ്‍, യാസര്‍ അറാഫത് എന്നിവരില്‍ നിന്നും ലഭിച്ചതായിരുന്നു. എന്തുകൊണ്ട് അവര്‍ ജീവകാരുണ്യത്തിനായി ലഭിച്ച പണമുപയോഗിച്ച് ഇന്ത്യയില്‍ ആധുനിക രീതിയിലുള്ള ഒരു ഹോസ്പിറ്റല്‍ പടുത്തുയര്‍ത്തുവാന്‍ ശ്രമിച്ചില്ലായെന്നതും വിമര്‍ശകരുടെ ചിന്താഗതിയിലുണ്ട്.

1991ല്‍ബ്രിട്ടീഷ് മെഡിക്കല്‍ ജേര്‍ണല്‍ എഡിറ്ററായ റോബിന്‍ ഫോക്‌സ് മദര്‍ തെരേസായുടെ കല്‍ക്കട്ടായിലുള്ള രോഗികളുടെ ഭവനം സന്ദര്‍ശിച്ചു. രോഗികള്‍ക്ക് കാര്യമായ മെഡിക്കല്‍ സൗകര്യങ്ങള്‍ അവിടെയുണ്ടായിരുന്നില്ല. അടുക്കും ചിട്ടയുമില്ലാത്ത, യാതൊരു വൃത്തിയുമില്ലാത്ത അന്തരീക്ഷത്തില്‍ ജീവിക്കുന്ന ദരിദ്രരുടെ സഹന പീഡനങ്ങളാണ് അവിടെ കണ്ടത്. തെരേസായോടൊപ്പം വസിക്കുന്ന സിസ്റ്റെഴ്‌സിനും വോളന്റീയഴ്‌സിനും മെഡിക്കല്‍ സംബന്ധമായി യാതൊരുവിധ അറിവുകളുമുണ്ടായിരുന്നില്ല. ഡോക്ടര്‍മാരുടെ അഭാവത്തില്‍ രോഗികളുടെ മെഡിക്കല്‍ തീരുമാനങ്ങള്‍ എടുത്തിരുന്നതും ഈ സിസ്റ്റേഴ്‌സായിരുന്നു. ശരിയായ ശുശ്രുഷ ലഭിക്കാതെ അവിടെ രോഗികള്‍ മരിച്ചു വീഴുന്നുണ്ടായിരുന്നു. പലരും പകര്‍ച്ച വ്യാധി പിടിപെട്ടു മരണപ്പെട്ടിരുന്നു. വൃത്തിയില്ലായ്മയും മുറിവുകളും വ്രണവും, വേദന കൊണ്ടുള്ള രോഗികളുടെ ദീനരോദനങ്ങളും അവിടുത്തെ കാഴ്ചകളായിരുന്നു. ക്ഷയം ഉള്ള രോഗികളെ പ്രത്യേകമായി മാറ്റി പാര്‍പ്പിച്ചിരുന്നില്ല. ശുശ്രുഷിക്കുന്നവരുടെ ഭവനത്തിനു പകരം മരിക്കുന്നവരുടെ ഭവനമെന്നായിരുന്നു മദര്‍ തെരേസാ ആ ഭവനത്തെ വിളിച്ചിരുന്നത്. മിഷ്യനറിമാര്‍ ശുശ്രുഷകള്‍ക്കുപരി ഓരോ രോഗിയുടെയും സഹനത്തിനായിരുന്നു പ്രാധാന്യം കല്പിച്ചിരുന്നത്. ക്ഷയം ബാധിച്ചവരെയും മറ്റു പകര്‍ച്ചവ്യാധിയുള്ളവരെയും രോഗ ബാധിതരല്ലാത്തവര്‍ക്കൊപ്പം താമസിപ്പിച്ചിരുന്നു. വൃത്തികേടു നിറഞ്ഞ കാലഹരണപ്പെട്ട മെഡിക്കലുപകരണങ്ങളാണ് അവിടെ ഉപയോഗിക്കുന്നത്. എച്. ഐ. വി പകര്‍ന്ന നീഡിലുകള്‍ വരെ സ്റ്റെറിലൈസ് ചെയ്യാതെ വീണ്ടും വീണ്ടും രോഗികളില്‍ ഉപയോഗിക്കുന്നു. ഉപയോഗിച്ച നീഡിലുകള്‍ പച്ചവെള്ളത്തിലാണ് കഴുകുന്നത്. ചോദ്യം ചെയ്യാന്‍ പാടില്ലാത്ത അനുസരണ ശീലത്തിന്റെ മറവില്‍ എല്ലാം പുറംലോകമറിയാതെ രഹസ്യമായി സൂക്ഷിക്കുന്നു. വേദനയ്ക്കുള്ള മെഡിസിന്‍ കൊടുക്കാതെ ദൈവത്തിനു കാഴ്ച്ച വെച്ചു സഹിക്കാന്‍ പറയുമായിരുന്നു. സഹനം ദൈവത്തോട് കൂടുതല്‍ അടുപ്പിക്കുമെന്നും ദുരിതങ്ങളും കഷ്ടപ്പാടുകളും ദൈവത്തിനു കാഴ്ച വെയ്ക്കണമെന്നും അവര്‍ വിശ്വസിച്ചിരുന്നു.

തെരേസായുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ലഭിക്കുന്ന ഡൊണേഷന്‍ മുഴുവനായി നല്ല കാര്യങ്ങള്‍ക്കായി വിനിയോഗിച്ചിരുന്നെങ്കില്‍ തീര്‍ച്ചയായും ഈ മിഷ്യണറി പ്രസ്ഥാനത്തെ അഭിനന്ദിക്കാമായിരുന്നു. എന്നാല്‍ അങ്ങനെയല്ല സംഭവിക്കുന്നത്. 'സ്‌റ്റേണ്‍' എന്ന ജര്‍മ്മന്‍ മാസിക റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് അവര്‍ക്കു ലഭിച്ചിരുന്ന ഡൊണേഷനുകളില്‍ ഏഴു ശതമാനം പോലും ജീവകാരുണ്യത്തിനായി ഉപയോഗിക്കുന്നില്ലെന്നായിരുന്നു. കിട്ടുന്ന പണത്തിലേറെയും രഹസ്യ ബാങ്കുകളില്‍ നിക്ഷേപിച്ചിരുന്നു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിച്ചിരുന്ന പണം കൂടുതല്‍ മിഷ്യണറി സ്ഥാപനങ്ങള്‍ വ്യാപിപ്പിക്കുന്നതിനു വിനിയോഗിച്ചിരുന്നു. തെരേസായുടെ ഭവനത്തിലുള്ളവര്‍ക്ക് ഈ പണമുപയോഗിച്ചു ഭക്ഷണംപോലും വാങ്ങിക്കില്ലായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. പകരം ആരെങ്കിലും ഓരോ ദിവസവും ഭക്ഷണം അവിടെ ദാനം ചെയ്യുകയാണ് പതിവ്.

ഒരു പക്ഷെ അവര്‍ നേടിയ സൗഭാഗ്യവും കീര്‍ത്തി മുദ്രകളും അനേകം പേരെ നന്മയുടെ വഴിയേ തിരിച്ചേക്കാം. എന്നാല്‍ അവരുടെ പ്രവര്‍ത്തന മണ്ഡലങ്ങളില്‍ നന്മകളധികം നിറഞ്ഞിട്ടുണ്ടായിരുന്നില്ല. ഒരു വര്‍ഷം അവരുടെ സ്ഥാപനങ്ങള്‍ നടത്തുന്നതിന് ഇരുപത്തൊമ്പതു മില്ലിന്‍ ഡോളര്‍ ബഡ്ജറ്റ് ഉണ്ട്. ഇന്ത്യയില്‍ പലയിടത്തും വെള്ളപ്പൊക്കമുണ്ടായി നൂറു കണക്കിന് ജനം മരിച്ചു. മൂന്നു ലക്ഷം ജനങ്ങള്‍ ഭവന രഹിതരായി. അക്കാലങ്ങളില്‍ അവര്‍ക്കു കിട്ടിയിരുന്ന പണം എവിടെ പോയി? പകരം ദുരിതമനുഭവിച്ചവര്‍ക്കു വേണ്ടിയുള്ള പ്രാര്‍ഥനകള്‍ മാത്രം വാഗ്ദാനം ചെയ്തു.

ജീവിച്ചിരിക്കുന്ന വിശുദ്ധയെന്ന വിശേഷണങ്ങളാണ് ലോകമെമ്പാടുമുള്ള മാധ്യമങ്ങള്‍ മദര്‍ തെരേസായെ വാഴ്ത്തിക്കൊണ്ടിരുന്നത്. എന്നാല്‍ സത്യം അങ്ങനെയല്ലായിരുന്നു. തെരേസാ ഒരു ഏകാധിപതിയേപ്പോലെ ജീവകാരുണ്യ സ്ഥാപനം നടത്തി വന്നിരുന്നുവെന്ന് അവിടെ സേവനം ചെയ്തവരില്‍ നിന്നും അറിയാന്‍ സാധിച്ചിട്ടുണ്ട്. കുട്ടികളെ ബെഡില്‍ കെട്ടി തല്ലുകയും പീഡിപ്പിക്കുകയും ചെയ്തിരുന്നു. ഒരു കള്‍ട്ട് നേതാവിനെപ്പോലെ ക്രൂരതയുടെ മൂര്‍ത്തികരണ ഭാവമായി തെരേസായുടെ പ്രവര്‍ത്തനങ്ങള്‍ അവിടെ തുടര്‍ന്നു കൊണ്ടിരുന്നു.ഇംഗ്‌ളീഷില്‍ ഒരു പഴഞ്ചൊല്ലില്‍ പറയുംപോലെ ദരിദ്രരായവര്‍ക്ക് തെരേസായെപ്പോലെ ഒരു കൂട്ടുകാരിയുണ്ടെങ്കില്‍ അവര്‍ക്ക് പിന്നീട് കൂടുതല്‍ ശത്രുക്കളെ ആവശ്യം വരില്ല.
മദര്‍ തെരേസായുടെ വിശുദ്ധിയും അധാര്‍മ്മിക പ്രവൃത്തികളും (ജോസഫ് പടന്നമാക്കല്‍)മദര്‍ തെരേസായുടെ വിശുദ്ധിയും അധാര്‍മ്മിക പ്രവൃത്തികളും (ജോസഫ് പടന്നമാക്കല്‍)മദര്‍ തെരേസായുടെ വിശുദ്ധിയും അധാര്‍മ്മിക പ്രവൃത്തികളും (ജോസഫ് പടന്നമാക്കല്‍)മദര്‍ തെരേസായുടെ വിശുദ്ധിയും അധാര്‍മ്മിക പ്രവൃത്തികളും (ജോസഫ് പടന്നമാക്കല്‍)മദര്‍ തെരേസായുടെ വിശുദ്ധിയും അധാര്‍മ്മിക പ്രവൃത്തികളും (ജോസഫ് പടന്നമാക്കല്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക