Image

മോഡിയെ മുന്‍നിര്‍ത്തി ആര്‍.എസ്.എസ് ഭരണം: ബെന്നി ബഹനാന്‍

Published on 24 June, 2016
മോഡിയെ മുന്‍നിര്‍ത്തി ആര്‍.എസ്.എസ് ഭരണം: ബെന്നി ബഹനാന്‍
ഓറഞ്ച് ബര്‍ഗ്, ന്യൂയോര്‍ക്ക്: പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ മുന്‍നിര്‍ത്തി ആര്‍.എസ്.എസ് അധികാരം കൈയ്യാളുകയും, സമൂഹത്തില്‍ മാറ്റം സൃഷ്ടിക്കുകയും ചെയ്യുന്ന അവസ്ഥ ഇന്ത്യയിലുണ്ടെന്നും അതു രാജ്യത്തിനു നല്ലതല്ലെന്നും കോണ്‍ഗ്രസ് നേതാവും മുന്‍ എം.എല്‍.എയുമായ ബെന്നി ബഹനാന്‍. വ്യത്യസ്തതയിലും ഐക്യം കണ്ടെത്തുന്ന 120 കോടി ജനങ്ങളാണ് ഇന്ത്യയുടെ ശക്തി. ഈ വ്യത്യസ്തതയാണ് ഇന്ത്യയുടെ ആത്മാവ്. അതു നഷ്ടപ്പെട്ടാല്‍ വലിയ അപകടം സംഭവിക്കും.

ദേശീയ തലത്തില്‍ വേരുകളുള്ള രണ്ടു പാര്‍ട്ടികള്‍ കോണ്‍ഗ്രസും, ബി.ജെ.പിയുമാണ്. പ്രാദേശിക പാര്‍ട്ടികള്‍ വിവിധ സംസ്ഥാനങ്ങളില്‍ ആധിപത്യം സ്ഥാപിച്ചിരിക്കുന്നു. അവര്‍ക്ക് ദേശീയ കാഴ്ചപ്പാട് ഉണ്ടാവണമെന്നില്ല. ദേശീയ പാര്‍ട്ടിയെങ്കിലും ബി.ജെ.പി പ്രതിനിധീകരിക്കുന്നത് ഒരു മതവിഭാഗത്തെയാണ്. എല്ലാവരേയും ഉള്‍ക്കൊള്ളുന്നത് കോണ്‍ഗ്രസ് മാത്രമാണ്- സുഹൃദ് സംഘം സിത്താര്‍ പാലസില്‍ നല്‍കിയ സ്വീകരണത്തില്‍ അദ്ദേഹം പറഞ്ഞു. ബി.ജെ.പിയെ നേരിടുന്നതില്‍ കോണ്‍ഗ്രസിന് പരിമിതികളുണ്ടുതാനും.

വലിയ നേട്ടങ്ങളുണ്ടാക്കിയ ഭരണമാണ് ഉമ്മന്‍ചാണ്ടി കാഴ്ചവെച്ചത്. എന്നിട്ടും പരാജയപ്പെട്ടതിനു പല കാരണങ്ങളുണ്ട്. ബി.ജെ.പിയുടെ വളര്‍ച്ചയാണ് ഒന്ന്. അതു ന്യൂനപക്ഷങ്ങളെ ഭീതിയിലാഴ്ത്തി എന്നതാണ് മറ്റൊന്ന്. മലപ്പുറത്തു പോലും കുഞ്ഞാലിക്കുട്ടി ഒഴിച്ചുള്ള ലീഗ് എം.എല്‍.എമാര്‍ക്ക് വോട്ട് കുറഞ്ഞു. അക്രമ രാഹിത്യത്തില്‍ വിശ്വസിക്കുന്ന കോണ്‍ഗ്രസിനേക്കാള്‍ അക്രമത്തിനു മടിക്കാത്ത മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് ബി.ജെ.പിയെ നേരിടാന്‍ കരുത്തുണ്ടെന്ന് ന്യൂനപക്ഷങ്ങളില്‍ നല്ലൊരു പങ്ക് കരുതി. ബി.ജെ.പിയ്ക്ക് 19 ലക്ഷം വോട്ടാണ് കൂടിയത്. ഇടതുപക്ഷത്തിന് 11 ലക്ഷം. യു.ഡി.എഫിന് ഒരു ലക്ഷം വോട്ട് കുറഞ്ഞു.

എറണാകുളത്തെ മെട്രോ ഇത്രവേഗം പൂര്‍ത്തിയാക്കാനായി എന്നത് ഉമ്മന്‍ചാണ്ടി ഗവണ്‍മെന്റിന്റെ മികവു തന്നെയാണ്. കൊച്ചിയിലെ വിവിധ ദ്വീപുകളിലേക്ക് സ്പീഡ് ബോട്ട് വഴിയുള്ള ഗതാഗതം ടൂറിസത്തില്‍ വര്‍ധനയുണ്ടാക്കും. അതുപോലെ കൊച്ചി ഐ.ടി ഹബ്ബ് ആയി മാറുന്നുമുണ്ട്. മോഡിയുടെ മെയ്ക് ഇന്‍ ഇന്ത്യാ പദ്ധതി ഒരര്‍ത്ഥത്തില്‍ കേരളത്തിലാണ് തുടങ്ങിയത്.

ശുചിത്വം പാലിക്കണമെന്ന ചിന്താഗതി ജനങ്ങളില്‍ വളര്‍ന്നിട്ടുണ്ട്. സര്‍ക്കാരിന്റെ വികസന നേട്ടങ്ങളെപ്പറ്റി പ്രതിപക്ഷത്തിനു പോലും ആക്ഷേപമില്ല. 245 പാലങ്ങളും, ഓവര്‍ ബ്രിഡ്ജുകളും പണിതു എന്നത് നിസാരമല്ല. ഒരു കലുങ്ക് പണിയാന്‍ പോലും വര്‍ഷങ്ങള്‍ എടുത്തിരുന്ന സംസ്ഥാനമാണ്. എല്ലാ ജില്ലകളിലും മെഡിക്കല്‍ കോളജായി. പാലക്കാട് മെഡിക്കല്‍ കോളജില്‍ 100 സീറ്റില്‍ 75-ഉം പട്ടികജാതി വിഭാഗത്തിനു സംവരണം ചെയ്തിരിക്കുന്നു. ഒരു വര്‍ഷം 75 ഡോക്ടര്‍മാര്‍ വീതം പട്ടിക വിഭാഗത്തില്‍ നിന്നു ഉണ്ടാകും.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നു 750 കോടിയും, കാരുണ്യ പദ്ധതി പ്രകാരം ആയിരം കോടിയും അര്‍ഹിക്കുന്നവര്‍ക്ക് നല്‍കി. കിഡ്‌നി മാറ്റിവെയ്ക്കാന്‍ ഒരാള്‍ക്ക് വി.എസ്  എഴുതിയത് 3000 രൂപ.

കളക്ടറുടെ റിപ്പോര്‍ട്ട് സഹിതം എത്തിയപ്പോള്‍ ഉമ്മന്‍ചാണ്ടി അതു ഒരു ലക്ഷമാക്കി. അതുപോര എന്നു പറഞ്ഞപ്പോള്‍ മന്ത്രിസഭയില്‍ വച്ചു തീരുമാനമെടുത്ത് രണ്ടു ലക്ഷം നല്‍കി.

പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ 12 ലക്ഷത്തില്‍ നിന്നു 30 ലക്ഷം പേര്‍ക്ക് ലഭ്യമാക്കി. 600 രൂപയില്‍ നിന്ന് അതു 1600 രൂപയാക്കി. വികലാംഗര്‍ക്കുള്ള സ്‌പെഷല്‍ സ്കൂളുകള്‍ എയ്ഡഡാക്കി.

നാനാവിധ വികസനം ഉണ്ടായിട്ടും മദ്യ നിരോധനം മൂലം ഉദ്ദേശിച്ച ഫലം കിട്ടിയില്ല. നിരോധനം അമേരിക്കയിലടക്കം പരാജയപ്പെട്ട ചരിത്രമാണുള്ളത്.

സോളാര്‍ കേസും മറ്റും സര്‍ക്കാരിന്റെ പ്രതിഛായയെ ബാധിച്ചു. ഇതിനു പുറമെ അവസാന കാലത്തെ തീരുമാനങ്ങള്‍. അതു പലതും മറ്റു പാര്‍ട്ടികളുടെ വകുപ്പുകളില്‍ നിന്നു വന്നതാണ്.

ഉമ്മന്‍ചാണ്ടി അഴിമതിക്കാരനാണെന്ന് ആരും പറഞ്ഞിട്ടില്ല. പക്ഷെ ചിലതു വേണ്ടെന്നു പറയാന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല. പാര്‍ട്ടിയുടെ അംഗബലം കുറഞ്ഞതുതന്നെ ഇത്തരം വിട്ടുവീഴ്ചകള്‍ക്കു കാരണം.

മുഖ്യമന്ത്രി പിണറായി വിജയന് നല്ല കാഴ്ചപ്പാടുകളാണുള്ളത്. പക്ഷെ അദ്ദേഹത്തിനു പാര്‍ട്ടിയുടെ പിടിയില്‍ നിന്നു മോചിതനാകാനാവില്ല. പാര്‍ട്ടി ആധുനികവത്കരണത്തിനു എതിരാണ്. നോക്കൂകൂലി ഇപ്പോഴും ഉണ്ട്.

കേരളത്തില്‍ തൊഴില്‍ ചെയ്യാന്‍ ആളില്ല. യന്ത്രം ഉപയോഗിക്കാന്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി സമ്മതിക്കുകയുമില്ല. ഈ വിടവിലേക്കാണ് ബംഗാളില്‍ നിന്നും മറ്റും തൊഴിലാളികളെത്തുന്നത്. കേരളം ഇപ്പോള്‍ ബംഗാളിന്റെ ഒരു എക്സ്റ്റന്‍ഷന്‍ ആയിരിക്കുന്നു. ഇതുയര്‍ത്തുന്ന സാമൂഹിക പ്രശ്‌നങ്ങള്‍ ഗുരുതരമാണ്. 

 പ്രവാസികള്‍ അയയ്ക്കുന്ന പണമാണ് സ്റ്റേറ്റിന്റെ 65 ശതമാനം വരുമാനവും. പക്ഷെ പ്രവാസികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നടപടികള്‍ പോര.

മീഡിയ എപ്പോഴും നെഗറ്റീവ് ആണ്. പ്രത്യേകിച്ച് ടിവി. പുതിയ സര്‍ക്കാരിനെതിരേ മീഡിയ ഇപ്പോള്‍ തിരിഞ്ഞു തുടങ്ങിയിട്ടുണ്ട്.

താന്‍ മത്സരിക്കുന്നതിനോട് കെ.പി.സി.സി പ്രസിഡന്റിന് താത്പര്യമില്ലെന്ന സൂചന വന്നപ്പോഴേ ഒഴിഞ്ഞു കൊടുക്കുകയാണ് ചെയ്തത്. അതുകൊണ്ട് ജനത്തിന്റെ ആദരവ് കൂടിയിട്ടേയുള്ളൂ.

പോള്‍ കറുകപ്പള്ളി, ടി.എസ് ചാക്കോ, ജോസഫ് കുര്യപ്പുറം, ഫിലിപ്പോസ് ഫിലിപ്പ്, ജോയി ഇട്ടന്‍, മാധവന്‍ നായര്‍ തുടങ്ങി ഒട്ടേറെ പേര്‍ പങ്കെടു­ത്തു.
മോഡിയെ മുന്‍നിര്‍ത്തി ആര്‍.എസ്.എസ് ഭരണം: ബെന്നി ബഹനാന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക