Image

ഇത് ഞങ്ങളുടെ രാജീവ് സര്‍....-രാജീവ് കോയിക്കല്‍

രാഹുല്‍ നൂറനാട് Published on 25 June, 2016
ഇത് ഞങ്ങളുടെ രാജീവ് സര്‍....-രാജീവ് കോയിക്കല്‍
വിരലുകള്‍ കൊണ്ട് വരകളിലൂടെ മായാജാലം തീര്‍ക്കുന്ന നൂറനാടിന്റെ അതുല്യ പ്രതിഭ.... പടനിലം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ചിത്രകലാ അദ്ധാപകനായി സേവനം അനുഷ്ടിക്കുന്നൂ... അദ്ദേഹത്തിനെ അദ്ധ്യാപകന്‍ എന്നതിലുപരി ഒരു സുഹൃത്ത് എന്ന് വിശേഷണമാണ് ഞങ്ങള്‍ പടനിലംകാര്‍ക്ക് ഒന്ന് കൂടി ചേരുന്നത്....

ഓര്‍മ്മകളുടെ കയങ്ങളിലേക്ക് ആഴ്ന്നിറങ്ങുമ്പോള്‍ ഒരു കുട്ടി നിക്കറുകാരന്റെ കുസൃതികളുമായി ഞാന്‍ രാജീവ് സാറിനൊപ്പം ഉണ്ടായിരുന്നു .. വരകളുടെ ലോകത്ത് അത്ഭുതം തീര്‍ക്കുന്ന അദ്ദേഹത്തിന് വല്യമ്മയുടെ വീട്ടില്‍ അവധിക്കാലദിനങ്ങളില്‍ എത്തിപ്പെടാറുളള ഞാന്‍ ചെറിയൊരു തലവേദന തന്നെയായിരുന്നു അന്ന് ...

അദ്ദേഹത്തിന്റെ വീടിന്റെ ഇടത് വശത്തോട് ചേര്‍ന്നുളള ചിത്രപ്പണിപ്പുര ഒട്ടേറെ കൗതുക കാഴ്ചകള്‍ നിറഞ്ഞൊരു കലവറതന്നെയായിരുന്നൂ എനിക്ക് സമ്മാനിച്ചിരുന്നത് .... മുറ്റത്തെ സിമന്റില്‍ തീര്‍ത്ത മനുഷ്യ പ്രതിമ.. ചുവരില്‍ തീര്‍ത്ത സ്ത്രീരൂപം .. കട്ടിള മുകളിലെ മൃഗത്തിന്റ തലയോട്ടി , ചുവര്‍ ചിത്രങ്ങള്‍ ... നിരന്നിരിക്കുന്ന മഷിക്കുപ്പികള്‍ ,ബ്രഷുകള്‍ എല്ലാം കുഞ്ഞ്മനസ്സിന് കൗതുക കാഴ്ചകള്‍ തന്നെയായിരുന്നു ..... അവയെല്ലാം ഇന്നും സുപരിചിതം ...

മഷിക്കൂട്ടുകളുടെ ഗന്ധം അന്തരീക്ഷത്തില്‍ പരക്കുമ്പോള്‍ ചുണ്ടില്‍ എരിയുന്ന പുകചുരുളിനെ ചാമ്പലാക്കി വലത് ചെവിയില്‍ സ്ഥാനം പിടിച്ച പെന്‍സിലിനെ കയ്യിലെടുത്ത് പുള്ളി വര തുടങ്ങും .വരക്കാന്‍ പോകുന്നത് എന്നതാന്ന് അറിയുവാനുളള എന്റെ ആകാംഷ ഉയര്‍ത്തിയിരുന്ന പല ചോദ്യങ്ങളും പുള്ളിക്കാരനെ അന്ന് നന്നേ അലട്ടിയിരുന്നൂ..

ഒടുക്കം സഹികെടുമ്പോള്‍ പുള്ളി ചില പൊടിക്കൈകള്‍ പ്രയോഗിക്കും.. നീ അനങ്ങാതെ ആ കസേരയില്‍ ഇരിക്കണം ഞാന്‍ നിന്റെ പടമാണ് വരക്കാന്‍ പോകുന്നത് .. അങ്ങോട്ടുമിങ്ങോട്ടുമനങ്ങിയാല്‍ പടം ശരിയാവില്ല ഹാ.....പറഞ്ഞേക്കാം..... ങ്ങേ...... എന്റെ പടമോ... ആ നിമിഷം എനിക്ക് സമ്മാനിച്ച സന്തോഷം ചില്ലറയൊന്നുമല്ലായിരുന്നൂ... പാറേലെ മുടിവെട്ട്കാരന്‍ പാക്കരന്‍ കൊച്ചാട്ടന്റെ കത്രികക്കു കീഴില്‍ മര്യാദക്കാരനായിട്ടുളള ഞാന്‍ പിന്നീട് സ്വല്‍പ്പനേരം അടങ്ങിയിരുന്നിട്ടുള്ളത് അവിടെയാണ് .. :ു

സത്യത്തില്‍ ചിത്രപ്പണി പുരോഗമിക്കുന്നത് വെടി തീര്‍ന്ന വല്ല വല്യപ്പന്‍മാരുടെ ചിത്രങ്ങളിലായിരിക്കും... :ു ഇതൊന്നുമറിയാതെ എന്തിനോ വേണ്ടി തിളക്കുന്ന സാമ്പാര്‍ പോലെ ഞാനും കാത്തിരിക്കും... അങ്ങനെ ഒരുപാട് തേപ്പുകള്‍ക്ക് ഇരയാകേണ്ടിവന്നിട്ടുണ്ട് അന്ന് ഞാന്‍ .. പക്ഷേ ആ സന്ദര്‍ശന വേളകള്‍ എനിക്ക് സമ്മാനിച്ചത് വരക്കുവാനുളള പ്രജോദനമായിരുന്നൂ... ആ പ്രജോദനം അദ്ദേഹത്തെ മനസ്സില്‍ ഗുരുവായി സങ്കല്‍പ്പിച്ചു പിന്നീടുള്ള ദിനങ്ങളില്‍ ചിത്രരചന അഭ്യസിച്ചൂ....
അതിന്റെ ഫലമായി ഉപജില്ല തലത്തിലും, മറ്റ് ചിത്ര രചനാ മത്സരങ്ങളിലും സമ്മാനം കരസ്ഥമാക്കുവാന്‍ സാധിച്ചത് എന്റെ ജീവിതത്തിലെ വലിയ നേട്ടങ്ങളായി ഞാന്‍ മനസ്സില്‍ സൂക്ഷിക്കുന്നൂ ...

ഒരു ഒഴിഞ്ഞ ക്യാന്‍വാസില്‍ ഛായക്കൂട്ടുകള്‍ ചേര്‍ത്ത് ജിവന്‍ തുടിക്കുന്ന ചിത്രങ്ങള്‍ വരയ്ക്കുന്ന കലാകാരനെ ശ്രദ്ധിച്ചിട്ടുണ്ടോ? തങ്ങളുടേതായ എല്ലാ ഭാവനകളും പ്രതീക്ഷകളും ചേര്‍ത്ത് ആത്മസമര്‍പ്പണമാണ് ഓരോ ചിത്രങ്ങളിലൂടെയും അവര്‍ കാഴ്ചവെക്കുന്നത് . വരകളിലൂടെ ചിത്രകാരനും വരികളിലൂടെ എഴുത്തുകാരനും അനുവാചക ഹൃദയങ്ങളില്‍ കോറിയിടുന്നത് സര്‍ഗ്ഗാത്മകതയുടെ മഷിക്കൂട്ടുകള്‍ ചാലിച്ച രേഖാചിത്രങ്ങള്‍ തന്നെയാണ്... ആ കറുത്ത വരകള്‍ സമ്മാനിക്കുന്ന ആസ്വാദനത്തിന്‍റെ അനുഭൂതികള്‍ പറഞ്ഞറിയിക്കാന്‍ പറ്റാത്ത ആനന്ദവും ആസ്വാദകരില്‍ ഉളവാക്കും..

നൂറനാടിന്റെ നൂറുമുഖങ്ങള്‍ എന്ന അദ്ദേഹത്തിന്റെ വഴിയോര ചിത്രപ്രദര്‍ശനത്തില്‍ പ്രദര്‍ശിക്കപ്പെട്ട മുഖങ്ങള്‍ പ്രതീക്ഷിക്കാതെ കണ്ട അവകാശികളില്‍ ഉളവാക്കിയ സന്തോഷവും , അത്ഭുതവും വര്‍ണ്ണനകള്‍ക്കതീതമായ മുഹൂര്‍ത്തങ്ങളായിരുന്നൂ കാണികള്‍ക്ക് സമ്മാനിച്ചത്... വേറിട്ട ശൈലിയില്‍ വിരുന്നൊരുക്കിയ കാലാപ്രതിഭക്ക് നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നും ഇതിനോടകം നന്ദിയും , അഭിനന്ദനങ്ങളുമായി ഒരുപാട് മുഖങ്ങള്‍ എത്തിയപ്പോള്‍ അറിയാതെ പോയ നമ്മുടെ സുഹൃത്തുക്കള്‍ക്ക് രാജീവ് സാറിനെ ഒന്ന് പരിചയപ്പെടുത്തിക്കൊടുക്കേണ്ടേ സുഹൃത്തുക്കളേ....
ഒപ്പം എന്റെ ഗുരുനാഥന് ഒരായിരം അഭിനന്ദനങ്ങളും ........

രാഹുല്‍ നൂറനാട്
ഇത് ഞങ്ങളുടെ രാജീവ് സര്‍....-രാജീവ് കോയിക്കല്‍ഇത് ഞങ്ങളുടെ രാജീവ് സര്‍....-രാജീവ് കോയിക്കല്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക