Image

സൈബര്‍ലോകത്തെ ചതിക്കുഴികള്‍: അമ്പരപ്പിക്കുന്ന കാഴ്ചകളുമായി ലെന്‍സ്

Published on 25 June, 2016
സൈബര്‍ലോകത്തെ ചതിക്കുഴികള്‍: അമ്പരപ്പിക്കുന്ന കാഴ്ചകളുമായി ലെന്‍സ്
ചില സിനിമകള്‍ അങ്ങനെയാണ്. മുന്‍വിധികളോടെയെത്തുന്നവരേയും അല്ലാത്തവരേയും ഒരു പോലെ അമ്പരപ്പിച്ചു കളയും. സൈബര്‍ ലോകത്ത് വ്യക്തിജീവിതത്തിന്റെ സ്വകാര്യതകള്‍ ദയാരഹിതമായി തുറന്നു കാട്ടുന്ന കാലമാണിത്. വിരല്‍ത്തുമ്പിലെ ഒരു വെറും ക്‌ളിക്ക് കൊണ്ട് അവിടെയെല്ലാം നിമിഷാര്‍ദ്ധത്തില്‍ ഇല്ലാതാകും. ഇന്റര്‍നെറ്റിന്റെ മാസ്മരികതയില്‍ വിടരുന്ന സൗഹദങ്ങള്‍. പ്രേമവും കാമവും പപങ്കുവയ്ക്കുന്ന സംഭാഷണങ്ങള്‍. അറിയാത്ത ഒരിടത്തുനിന്ന് ഒരു പേരിനു പിന്നില്‍ മറഞ്ഞിരുന്നുകൊണ്ട് നമ്മില്‍ ഓരോരുത്തര്‍ക്കും നേരേ ചതിയുടെ വല വിരിക്കുന്നവര്‍ ആരായിരിക്കാം. അവരെ കണ്ടെത്താന്‍ കഴിയുമോ? ചതിക്കുഴിയില്‍ വീണുകഴിയുമ്പോഴായിരിക്കാം എത്ര ആഴത്തിലാണ് താന്‍ പതിച്ചുപോയതെന്ന തിരിച്ചറിവ് ഉണ്ടാകുന്നത്. അപ്പോഴേക്കും രക്ഷപെടാന്‍ കഴിയാത്തത്ര ആഴങ്ങളിലേക്ക് കൂപ്പുകുത്തിയേക്കാം. അത്ര സങ്കീര്‍ണമാണ് സൈബര്‍ ലോകത്തെ ഇരുള്‍ വഴികള്‍. രക്ഷപെടാനുള്ള അവന്റെ / അവളുടെ നിലവിളികളുടെ നിസഹായശബ്ദമായി ലെന്‍സ് പരിണമിക്കുന്നു.

മലയാളത്തില്‍ കേട്ടുപഴകിയ ന്യൂജെന്‍ സിനിമകളുടെ എല്ലാ ചേരുവകളും കൃത്യമായ അനുപാതത്തില്‍ ചേര്‍ത്തിട്ടുള്ള ചിത്രമാണ് ലെന്‍സ്. പ്രണയവും ആസക്തിയും പ്രതികാരവുമെല്ലാം അങ്ങനെ തന്നെ. പക്ഷേ കഥയ്ക്കനുസരിച്ച് മാത്രമാണ് ഇവയുടെ അളവെന്നതിനാല്‍ ആസ്വാദനത്തിന് മടുപ്പ് തോന്നുകയില്ല. ഭാര്യ അറിയാതെ രാത്രയില്‍ കാമുകിമാരുമായി കള്ളപ്പേരില്‍ ചാറ്റ് ചെയ്യുന്നതാണ് അരവിന്ദിന്റെ ഇഷ്ടവിനോദം. സല്‍മാന്‍ ബോയ് എന്ന വ്യാജ ഐഡന്റിറ്റിയിലാണ് അയാള്‍ പെണ്‍കുട്ടികളുമായി ചാറ്റ് നടത്തുന്നത്. ഇങ്ങനെ കള്ളപ്പേരില്‍ നിരവധി പെണ്‍കുട്ടികളുമായി ചാറ്റ് നടത്തി രാത്രികള്‍ ആസ്വദിക്കുന്ന അരവിന്ദിനെ തേടി ഒരു ദിവസം ഫേസ്ബുക്കില്‍ ഒരു പെണ്‍കുട്ടിയുടെ ഫ്രണ്ട് റിക്വസ്റ്റ് എത്തുന്നു. ചാറ്റിനിടെ അതൊരു പുരുഷനാണെന്ന അരവിന്ദ് തിരിച്ചറിയുന്നു. പിന്‍മാറാനൊരുങ്ങുന്ന അരവിന്ദിനെ അഞ്ജാതന്‍ ഭീഷണിപ്പെടുത്തുന്നത് തലേന്നു രാത്രി അയാള്‍ നടത്തിയ സെക്‌സ് ചാറ്റിന്റെ വീഡിയോ പരസ്യപ്പെടുത്തുമെന്നു പറഞ്ഞാണ്. അയാള്‍ക്കു വേണ്ടത് ചെറിയൊരു സഹായം മാത്രം. പക്ഷേ അതു കേട്ട് അരവിന്ദ് ഞെട്ടുന്നു. തികച്ചും ഹീനമായ ഒരു വലിയ കുറ്റകൃത്യത്തിന്റെ രഹസ്യങ്ങളിലേക്ക് അഞ്ജാതനെ നയിക്കാനുള്ള ചൂണ്ടുപലകയായിരുന്നു അഞ്ജാതന്‍ അരവിന്ദിനോട് ആവശ്യപ്പെട്ടത്. താനൊരു വലിയ കുരുക്കിലാണെന്നു തിരിച്ചറിയുന്ന അരവിന്ദ് പിന്നീട് രക്ഷപെടാന്‍ നടത്തുന്ന ശ്രമവും അതോടൊപ്പം അരവിന്ദിന്റെ സുഹൃത്ത് നടത്തുന്ന ശ്രമവുമാണ് ചിത്രത്തിന്റെ കഥ.

പതിഞ്ഞ താളത്തില്‍ തുടങ്ങുന്ന സിനിമ ഇതോടെ ദ്രുത വേഗം കൈയ്യടക്കുന്നു. ഇതുവരെ കണ്ടില്ലാത്ത ലോകത്തിന്റെ ഏതോ കോണിലുള്ള ഒരഞ്ജാതന്റെ ചരടുവലിക്കനുസരിച്ച് ജീവിതം മുള്‍മുനയില്‍ നില്‍ക്കുമ്പോഴുള്ള അവസ്ഥയുടെ ഭീകരതയാണ് സംവിധായകന്‍ പ്രേക്ഷകന് കാണിച്ചുകൊടുക്കുന്നത്. കാതടപ്പിക്കുന്ന പശ്ചാത്തല സംഗീതമോ കിടിലന്‍ ഡയലോഗുകളോ ഒന്നുമില്ലാതെ കഥ പിരിമുറുക്കത്തോടെ മുന്നേറുന്നു. കഥാപാത്രങ്ങള്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങള്‍ പ്രേക്ഷകരിലേക്കും പടരുന്നു. അഭിനേതാക്കളുടെ മികച്ച പ്രകടനമാണ് സിനിമയുടെ പ്രധാന ഘടകം. പ്രധാനമായും നായകന്‍, വില്ലന്‍ എന്നിവരെ ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നതെങ്കിലും പിന്നീട് തികച്ചും അസാധാരണായ ഒരു വഴിത്തിരിവിലേക്ക് കഥ മാറുകയാണ്.

രഞ്ജിത് ശങ്കര്‍ -ദിലീപ് ചിത്രമായ പാസഞ്ചറില്‍ ശ്രദ്ധേയമായ വേഷം ചെയ്ത ആനന്ദ് സ്വാമിയുടെ അഭിനയ മികവ് ശ്രദ്ധേയമാണ്. ഒരു പാവം പിടിച്ച മനുഷ്യനായും ഉന്‍മാദിയായ കുറ്റവാളിയുമായി ഈ നടന്‍ ചിത്രത്തില്‍ നിറഞ്ഞു നില്‍ക്കുകയാണ്. വിനുത ലാല്‍, മിഷ ഘോഷാല്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍.

ലെന്‍സ് എന്ന സിനിമ ജയപ്രകാശ് രാധാകൃഷ്ണനന്‍ എന്ന മികച്ച സംവിധായകന്റെ എല്ലാ വൈദഗ്ധ്യവും ഒത്തിണങ്ങിയ ചലച്ചിത്രരൂപമാണ്. ഇതിലെ ഓരോ രംഗവും അത് സാക്ഷ്യപ്പെടുത്തുന്നു. തികച്ചും സാമൂഹ്യപ്രസക്തവുമാണ് ഈ ചിത്രം എന്നു പറയാതെ വയ്യ. സൈബര്‍ലോകത്ത് കളികളില്‍ മുങ്ങിത്താണ് പോയിട്ടുള്ള പുതിയ തലമുറ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ചിത്രമാണ് ലെന്‍സ്. ഇന്റര്‍നെറ്റിന്റെ ചതിക്കുഴികളില്‍ സ്ത്രീപുരുഷ ഭേദമില്ലാതെ, പ്രായവ്യത്യസമില്ലാതെ, പണ്ഡിതനെന്നോ നിരക്ഷരനെന്നോ ഭേദമില്ലാതെ ആളുകള്‍ വീണു മാനഹാനിയും ആത്മഹത്യയും വരെ സംഭവിക്കുന്ന ഇക്കാലത്ത് ഇതുപോലെ ഗുരുതരമായ ഒരു സൈബര്‍വിപത്തിലേക്ക് തിരിച്ചു പിടിച്ച ലെന്‍സ് തീര്‍ച്ചയായും സാമൂഹ്യപ്രസക്തിയുള്ള ചിത്രമാണ്. സംവിധായകന്‍ ലാല്‍ജോസിന്റെ എല്‍.ജെ ഫിലിംസ് ഈ ചിത്രം വിതരണത്തിനെടുത്തത് തന്നെ കഥയുടെ പുതുമയും ട്രീറ്റ്‌മെന്റിലെ വ്യത്യസ്തതയും കൊണ്ടാണ്. ഒപ്പം നല്ല സിനിമകള്‍ മലയാള പ്രേക്ഷകന് നഷ്ടമാകരുത് എന്ന നിര്‍ബന്ധവും. അക്കാര്യത്തില്‍ ലാല്‍ ജോസിന് നന്ദി പറയണം. ഓരോ മലയാളിയും തീര്‍ച്ചയായും കണ്ടിരിക്കേണ്ട ചിത്രമാണ് ലെന്‍സ് എന്നു തീര്‍ത്തു പറയാം.
സൈബര്‍ലോകത്തെ ചതിക്കുഴികള്‍: അമ്പരപ്പിക്കുന്ന കാഴ്ചകളുമായി ലെന്‍സ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക