Image

'യോഗ' മതതരമല്ല; മതേതരമാക്കേണ്ടത്-അനശ്വരം മാമ്പിള്ളി

അനശ്വരം മാമ്പിള്ളി Published on 25 June, 2016
'യോഗ' മതതരമല്ല; മതേതരമാക്കേണ്ടത്-അനശ്വരം മാമ്പിള്ളി
'യോഗ' യെന്നല്ല പൊതുവായ ഒരു പരിപാടികളിലും മതപരമായ ചടങ്ങുകളോ, ചിത്രങ്ങളോ, ചിഹ്നങ്ങളോ ഉപയോഗിക്കുവാന്‍ പാടുള്ളതല്ല. മതേതര രാജ്യമായ ഇന്ത്യയില്‍ (ഇന്ത്യന്‍ ഭരണഘടനയില്‍ ഒരു മതം 'സ്റ്റേറ്റ് റിലീജിയന്‍' യായി എടുത്തു പറയുന്നില്ല എന്നു മാത്രവുമല്ല മതം ഉള്ളവനും മതം ഇല്ലാത്തവനും തുല്യനീതി. അതായത് സ്റ്റേറ്റിന് മതമില്ല). മതാചാരങ്ങള്‍ തീര്‍ത്തും ഒഴിവാക്കേണ്ടതാണ്. എല്ലാം മതസ്ഥാപനങ്ങള്‍ക്കും മുകളിലാണ് സ്റ്റേറ്റും, ഭരണഘടനയും നിലനില്‍ക്കേണ്ടത് എന്ന ബോധം ഒരോ പൗരനുമുണ്ടാകേണ്ടതാണ്. സ്‌ക്കൂളുകളിലെ പ്രാര്‍ത്ഥനാ ഗാനങ്ങളും(ഏതെങ്കിലും ഒരു മതത്തിനു പ്രാധാന്യം നല്‍കികൊണ്ടുള്ള) പൊതു നിരത്തിലെ കൊട്ടിയും പാടിയുമുള്ള കെട്ടിയാട്ടങ്ങളും ഒഴിവാക്കി സ്‌ക്കൂളുകളില്‍ ദേശഭക്തിയുള്ളതും സാരോപദേശപരവുമായ ഗാനങ്ങള്‍ ഉള്‍പ്പെടുത്തി എല്ലാവരുടെയും ഉത്സഹാം ഉണര്‍ത്തി നാടിനും നാടിന്റെ മക്കളുടെ നന്‍മയ്ക്കും വേണ്ടി ഒരേ സ്വരത്തില്‍ ഐക്യത്തോടുകൂടി ആലപിക്കുകയും നീങ്ങുകയുമാണ് ചെയ്യേണ്ടത്.

പ്രാചീന നാളുത്തൊട്ട് ഭാരതത്തില്‍ അനുവര്‍ത്തിക്കുന്ന ഒരു വ്യായാമമുറയാണ് 'യോഗ.' വ്യായാമം സര്‍വജനത്തിനും ആവശ്യമാണല്ലോ? അതില്‍ ജാതിയും മതവും കലര്‍ത്തുവാന്‍ ശാഠ്യം പിടിക്കുന്നതെന്തിന്? കീര്‍ത്തനങ്ങള്‍ ചൊല്ലുന്നതിനും വാശിപിടിക്കുന്നതെന്തിന്? പ്രാര്‍ത്ഥിക്കുവാന്‍ താല്‍പര്യമില്ലാത്തവരും പ്രാര്‍ത്ഥനാഗാനത്തിലെ ദൈവ സങ്കല്പനവുമായി പൊരുത്തപ്പെടാനാവാത്തവരും ഉണ്ടെന്നിരിക്കെ ഇത്തരം ശാഠ്യങ്ങളും അഭ്യാസങ്ങളും പരിഹാസമായ രീതിയില്‍ തെറ്റിദ്ധരിച്ചാല്‍ കുറ്റം പറയുവാന്‍ പറ്റുകയില്ല.

ഒരു മതേതര രാജ്യത്ത് മതവിശ്വാസം സ്വകാര്യമായിരിക്കേണ്ടതാണ് എന്നിരിക്കെ ഒരു അവിശ്വാസ സമ്മര്‍ദ്ദത്തിനു വഴങ്ങി പ്രാര്‍ത്ഥനയോടെ 'യോഗ'  ചെയ്യാവൊള്ളൂയെന്ന വാശി ഒഴിവാക്കേണ്ടതാണ്. കാരണം അങ്ങനെ ചെയ്യുന്നത് പ്രയാസകരവും അപമാനകരവുമായി തോന്നുവാന്‍ ഇടവരും. ചെറിയൊരു ഉദാഹരണമായി പറഞ്ഞാല്‍ വിശ്വാസത്തെ നിഷേധിക്കുന്നതും, നിരാകരിക്കുന്നതുമായ ഒരു സമ്മേളനത്തില്‍ വിശ്വാസ വിരുദ്ധ പ്രതിജ്ഞചൊല്ലുവാന്‍ ആവശ്യപ്പെടാമോ. അവനവന് ഇഷ്ടപ്പെടുന്നതും സഹിക്കാവുന്നതും അന്യര്‍ക്ക് പ്രായവും, ഇഷ്ടമില്ലാത്തതുമായിരിക്കും എന്ന തിരിച്ചറിവ് നമ്മുടെ സംസ്‌ക്കാരത്തില്‍ നിന്നും ജനാധിപത്യബോധത്തില്‍ നിന്നുമുണ്ടാകേണ്ടതാണ്.
ലോകത്തിലെ പലരാജ്യങ്ങളും 'യോഗ'യെ നല്ലൊരു വ്യായാമമായി സ്വീകരിച്ചിരിക്കുകയാണ്. മനസിനും ശരീരത്തിനും ബലം നല്‍കുന്ന വ്യായാമമുറ. ശരീരത്തിനു ആവശ്യമായ രീതിയില്‍ വ്യായാമങ്ങള്‍ നടത്തി മന:ശക്തിയും ആത്മനിയന്ത്രണവും, ഏകാഗ്രവും സാധ്യമാകാവുന്ന ഒരു കായികാഭ്യാസം. അതുവഴി മനസിന്റെയും ശരീരത്തിന്റെയും ആരോഗ്യം നിലനിര്‍ത്തുവാനും പല രോഗങ്ങള്‍ അകറ്റുവാനും സാധിക്കും. 'യോഗ'യുടെ പുനരുജ്ജീവനമാര്‍ഗ്ഗം മതത്തിന്റെയും ആത്മീയതയുടെയും കെട്ടുപാടില്‍ നിന്ന് മോചിപ്പിക്കുന്നതുമായിരിക്കണം. അന്തര്‍ദ്ദേശീയ രംഗത്ത് ഇന്ത്യയിലെ ഒരു വ്യായാമമുറ ആകര്‍ഷിക്കുന്നതും പരിശീലിക്കുന്നതും ഏതൊരു ഇന്ത്യക്കാരനും അഭിമാനിക്കുവാന്‍ വകയുള്ളതാണ്.

'യോഗ' മതതരമല്ല; മതേതരമാക്കേണ്ടത്-അനശ്വരം മാമ്പിള്ളി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക