Image

ചരിത്ര നിമിഷം; ഇന്ത്യ മിസൈല്‍ ഗ്രൂപ്പില്‍ അംഗമായി

Published on 27 June, 2016
 ചരിത്ര നിമിഷം; ഇന്ത്യ മിസൈല്‍ ഗ്രൂപ്പില്‍ അംഗമായി
ന്യൂഡല്‍ഹി: മിസൈല്‍ സാങ്കേതികവിദ്യ നിയന്ത്രണ സംവിധാന (മിസൈല്‍ ടെക്നോളജി കണ്‍ട്രോള്‍ റെഷിം -എംടിസിആര്‍) ത്തില്‍ ഇന്ത്യക്ക് അംഗമായി. ഫ്രാന്‍സിലെ നിയുക്ത അംബാസഡര്‍ അലക്സാന്ദ്രെ സീഗ്ളെര്‍, നെതര്‍ലന്‍ഡ് അംബാസഡര്‍, ലക്സംബര്‍ഗ് അംബാസഡര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ അംഗത്വം സംബന്ധിച്ച ധാരണാപത്രത്തില്‍ വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കര്‍ ഒപ്പുവച്ചു. എംടിസിആറില്‍ അംഗമാവുന്ന 35-ാമത്തെ അംഗരാജ്യമാണ് ഇന്ത്യ. എംടിസിആര്‍ അംഗത്വം അമേരിക്കയുടെ മിസൈല്‍ വാഹിയായ പ്രിഡേറ്റര്‍ എന്ന ഡ്രോണ്‍ (ആളില്ലാ വിമാനം) വാങ്ങാന്‍ ഇന്ത്യക്ക് അവസരം നല്‍കും. നിരീക്ഷണത്തിനുപയോഗിക്കുന്ന ഈ ഡ്രോണില്‍ കാമറകള്‍ക്കും സെന്‍സറുകള്‍ക്കും പുറമേ മിസൈലുകളും ഉണ്ടാകും. റഷ്യന്‍ സഹകരണത്തോടെ ഇന്ത്യ നിര്‍മിക്കുന്ന ശബ്ദാതിവേഗ മിസൈലായ ബ്രഹ്മോസ് മറ്റു രാജ്യങ്ങള്‍ക്കു വില്‍ക്കാനും ഈ അംഗത്വം ഇന്ത്യയെ സഹായിക്കും. 

എംടിസിആര്‍ അംഗത്വം ഇന്ത്യക്കു മിസൈല്‍ സാങ്കേതികവിദ്യയില്‍ മാത്രമല്ല ബഹിരാകാശ ഗവേഷണത്തിലും ഏറ്റവും പുതിയ അറിവുകളും ഉപകരണങ്ങളും വാങ്ങാന്‍ അവസരം നല്കും. നേരത്തേ നമ്മള്‍ എംടിസിആറില്‍ ചേര്‍ന്നിരുന്നെങ്കില്‍ 300 കിലോമീറ്റര്‍ വരെ പോകുന്ന മിസൈലുകളേ നിര്‍മിക്കാനാവുമായിരുന്നുള്ളൂ. വൈകിച്ചേര്‍ന്നതുകൊണ്ട് ഇന്ത്യക്ക് ഈ രംഗത്ത് കൂടുതല്‍ മുന്നേറാനാ യി. ഇപ്പോള്‍ 5000 കിലോമീറ്റര്‍ പരിധിയുള്ള മിസൈല്‍ (അഗ്നി 5) ഇന്ത്യക്കുണ്ട്. 10,000 കിലോമീറ്റര്‍ പരിധി ഉള്ള അഗ്നി 6 നിര്‍മാണഘട്ടത്തിലാണ്.

 കഴിഞ്ഞവര്‍ഷം എംടിസിആറിലെ ഇന്ത്യന്‍ അംഗത്വത്തിന് എതിരുനിന്ന ഇറ്റലി ഇത്തവണ അനുകൂലിച്ചതോടെ ഇന്ത്യയുടെ അംഗത്വത്തിനു വഴിയൊരുങ്ങിയത്. രണ്ടു മലയാളി മത്സ്യബന്ധനക്കാരെ കൊന്ന കുറ്റത്തിന് ഇന്ത്യയിലായിരുന്ന ഇറ്റാലിയന്‍ നാവികര്‍ രണ്ടുപേരെയും മടക്കിവിട്ടതോടെയാണ് ഇറ്റലി ഇന്ത്യക്കനുകൂലമായത്. ഈ മാസമാദ്യം പ്രധാനമന്ത്രി നരേന്ദ്ര മോദി വാഷിംഗ്ടണില്‍ യുഎസ് പ്രസിഡന്റ് ബറാക് ഒബാമയെ കാണുന്നതിന് ഏതാനും മണിക്കൂര്‍ മുമ്പ് ഇന്ത്യയുടെ എംടിസിആര്‍ അംഗത്വവും ഉറപ്പായി. 2008ല്‍ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ആണവ കരാര്‍ ഒപ്പിട്ട ശേഷമാണ് ആയുധ വ്യാപാര നിയന്ത്രണ ഗ്രൂപ്പുകളായ എംടിസിആര്‍, എന്‍എസ്ജി, ഓസ്ട്രേലിയ ഗ്രൂപ്പ്, വാസിനാര്‍ അറേഞ്ച്മെന്റ് എന്നിവയില്‍ അംഗമാകാന്‍ ഇന്ത്യ ശ്രമം തുടങ്ങിയത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക