Image

എളിമയിലൂടെ വലുമയാര്‍ജിക്കുക

ജോസ്‌ മാളേയ്‌ക്കല്‍ Published on 04 February, 2012
എളിമയിലൂടെ വലുമയാര്‍ജിക്കുക
ഈ ലേഖനമെഴുതുമ്പോള്‍ റവ. ഫാ. ജോസ്‌ പന്തപ്ലാംതൊട്ടിയില്‍ സി. എം. ഐ എഴുതിയ `ജീവിതവിജയം' എന്ന പുസ്‌തകത്തില്‍നിന്നുള്ള ഒരു ചിന്തയാണു എന്റെ മനസിലേക്കു കടന്നുവന്നത്‌.

നമ്മുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധി സൗത്ത്‌ ആഫ്രിക്കയിലായിരുന്ന കാലത്ത്‌ ഒരുദിവസം തന്റെ പതിവു നടത്തത്തിനിറങ്ങി. അക്കാലത്തെ ഭരണാധിപനായിരുന്ന പ്രസിഡന്റ്‌ ക്രൂഗറുടെ കൊട്ടാരത്തിന്റെ മുമ്പിലൂടെയായിരുന്നു അന്നത്തെ നടത്തം. കാല്‍നടക്കാര്‍ക്കുള്ള പാതയിലൂടെ നടന്നുനീങ്ങിയ ഗാന്ധിജിയെ യാതൊരു പ്രകോപനവും കൂടാതെ ക്രൂഗറുടെ പാറാവുകാരന്‍ ചവിട്ടി തെരുവിലേക്കു തള്ളിയിട്ടു. പൊടിയെല്ലാം തട്ടിക്കളഞ്ഞു ഭയത്തോടെ എഴുന്നേല്‍ക്കാന്‍ ശ്രമിക്കുന്ന ഗാന്ധിജിയെക്കണ്ട്‌ കുതിരസവാരി നടത്തിക്കൊണ്ടിരുന്ന സുഹൃത്തായ കോട്‌സ്‌ എന്ന വെള്ളക്കാരന്‍ പറഞ്ഞു: `ഞാനെല്ലാം കണ്ടു. നിങ്ങള്‍ ഇത്ര ക്രൂരമായി കയ്യേറ്റം ചെയ്യപ്പെട്ടതില്‍ ഞാന്‍ ഖേദിക്കുന്നു. അയാള്‍ക്കെതിരായി നിയമനടപടി എടുക്കുകയാണെങ്കില്‍ ഞാന്‍ നിങ്ങള്‍ക്കുവേണ്ടി സാക്ഷി പറയാം.'

ഗാന്ധിജി മറുപടിയായി പറഞ്ഞു: `നിങ്ങള്‍ വ്യസനിക്കേണ്ട. ഈ പാവത്തിനു എന്തറിയാം? വെള്ളക്കാരനല്ലാത്ത എല്ലാവരും അയാള്‍ക്ക്‌ ഒരുപോലെയാണു. നീഗ്രോകളെ സാധാരണ ഇയാള്‍ കൈകാര്യം ചെയ്യുന്നതുപോലെയായിരിക്കണം എന്നെയും കൈകാര്യം ചെയ്‌തത്‌. ഇയാള്‍ക്കെതിരായി ഞാന്‍ നിയമനടപടിയൊന്നും എടുക്കാനുദ്ദേശിക്കുന്നില്ല.'

ഗാന്ധിജി നിയമനടപടിക്കു മുതിരുകയില്ലെന്നു കണ്ടപ്പോള്‍ കോട്‌സ്‌ ആ പാറാവുകാരനെ ശാസിച്ച്‌ ഗാന്ധിജിയോടു മാപ്പപേക്ഷിക്കാന്‍ ആവശ്യപ്പെട്ടു. തെറ്റുമനസിലാക്കി നിരുപാധികം മാപ്പപേക്ഷിച്ച പാറാവുകാരനോട്‌ ഗാന്ധിജി പറഞ്ഞ വാക്കുകള്‍ ശ്രദ്ധിക്കുക. `നിങ്ങള്‍ മാപ്പുചോദിക്കേണ്ട ആവശ്യമില്ല. കാരണം നിങ്ങള്‍ എന്നെ തെരുവിലേക്കു ചവുട്ടിതള്ളിയപ്പോള്‍തന്നെ ഞാന്‍ നിങ്ങളോടു ക്ഷമിച്ചുകഴിഞ്ഞിരുന്നു.'

തന്നെ ദ്രോഹിച്ചവനോട്‌ ആ നിമിഷം തന്നെ ക്ഷമിച്ച ഗാന്ധിജിയെവിടെ? ആരെങ്കിലും അറിയാതെ നമ്മെ വേദനിപ്പിക്കാനിടയായാല്‍പോലും അവരോടു വിദ്വേഷം വച്ചുപുലര്‍ത്തുന്ന നമ്മളെവിടെ?

മറ്റുള്ളവരുടെ തെറ്റുകള്‍ ക്ഷമിക്കുന്നവരാണെന്നവകാശപ്പെടുന്ന നമ്മള്‍ ആ കാര്യത്തില്‍ വളരെ പിന്നിലാണെന്നതല്ലേ വാസ്‌തവം? നമ്മുടെ അനുദിന ജീവിതാനുഭവങ്ങള്‍ വിശകലനം ചെയ്‌താല്‍ നമുക്കു മനസിലാകും മറ്റുള്ളവരുടെ തെറ്റുകള്‍ ക്ഷമിക്കുന്ന കാര്യത്തില്‍ നാം അത്ര ഉദാരമനസ്‌കരല്ല എന്ന്‌. ആരെങ്കിലും ഒരു ചെറിയ തെറ്റുചെയ്‌താല്‍ അതിനു പ്രതികാരം ചെയ്യുമെന്ന വാശിയുമായി നടക്കുന്നവര്‍ എത്രയോ അധികമാണു നമ്മുടെയിടയില്‍.

അതുപോലെതന്നെ തെറ്റുചെയ്‌ത ആള്‍ ക്ഷമ ചോദിക്കാന്‍ തയാറായാല്‍പോലും അവനോടു ക്ഷമിക്കാന്‍ വിസമ്മതിക്കുന്നവരും നമ്മുടെയിടയിലില്ലേ? മറ്റുള്ളവരുടെ മുന്‍പില്‍ വലുതായിക്കാണണമെന്ന്‌ ആഗ്രഹമില്ലാത്തവര്‍ ആരുമുണ്ടാവില്ല. വലുതായിക്കാണുക എന്നതുകൊണ്ടുദ്ദേശിക്കുന്നത്‌ ശരീരവലുപ്പമോ, സമ്പല്‍ സമൃദ്ധിയോ, ഉന്നതോദ്ദ്യോഗമോ ഒന്നുമല്ല. മറിച്ച്‌ മറ്റുള്ളവര്‍ നമുക്കു കല്‍പ്പിക്കുന്ന വിലയും നിലയും. നാം മറ്റുള്ളവരുടെ മുന്‍പില്‍ വലുതായി കാണാന്‍ ആഗ്രഹിക്കുന്നു എങ്കില്‍ നാം വളരെ ചെറുതാകേണ്ടിയിരിക്കുന്നു. വലിയമനുഷ്യര്‍ക്കുമാത്രമേ മറ്റുള്ളവരുടെ മുന്‍പില്‍ ചെറിയവരാകാന്‍ കഴിയൂ. എന്നാല്‍ ചെറിയവര്‍ എപ്പോഴും വലിയവരാകാന്‍ പരിശ്രമിച്ചുകൊണ്ടിരിക്കും. പലതരത്തിലുള്ള പൊള്ളത്തരങ്ങള്‍ പറഞ്ഞ്‌ ഞെളിയുന്നവരാണു നാമെല്ലാം. മറ്റുള്ളവരുടെ മുന്‍പില്‍ എളിമപ്പെടുക എന്നതും, ചെറുതാകുക എന്നതും എല്ലാവര്‍ക്കും ബുദ്ധിമുട്ടുളവാക്കുന്ന കാര്യങ്ങള്‍ തന്നെ. ചെറുതാകാനുള്ള നമ്മുടെ വിമുഖത ചെറുതും വലുതുമായ എന്തെല്ലാം വിനകള്‍ വരുത്തിവക്കുന്നു. മറ്റുള്ളവരോടു സംസാരിക്കുമ്പോള്‍ വിനയവും മിതത്വവും പാലിക്കുന്നവര്‍, മറ്റുള്ളവര്‍ പറയുന്നത്‌ ക്ഷമാപൂര്‍വം ശ്രവിക്കാനുള്ള സന്മനസ്‌ കാണിക്കുന്നവര്‍, മറ്റുള്ളവരുടെ കഴിവുകളില്‍ അസൂയപ്പെടാതെ അവരുടെ ഉയര്‍ച്ചയില്‍ സന്തോഷിക്കുന്നവര്‍, തങ്ങള്‍ക്കൊപ്പം മറ്റുള്ളവരും ഉയര്‍ന്നുവരണ മെന്ന്‌ ആഗ്രഹിക്കുന്നവര്‍ ഇതെല്ലാം ഇന്ന്‌ തുലോം വിരളമായിക്കൊണ്ടിരിക്കുന്നു. നമ്മെക്കാള്‍ ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നവരെപ്പോലും മറ്റുള്ളവരുടെ മുന്‍പില്‍ കൊച്ചാക്കിയും, പുച്‌ഛിച്ചും സംസാരിക്കുന്നതില്‍ നാമെല്ലാം ആനന്ദം കണ്ടെത്തുന്നു. സ്വയം നീതിമാന്മാരെന്നു ഭാവിക്കുകയും, മറ്റുള്ളവരെ പുച്‌ഛിക്കുകയും ചെയ്യുന്നവര്‍ അല്‍പ്പന്മാരെന്നല്ലാതെന്തു പറയാന്‍.

ദേവാലയത്തില്‍ പ്രാര്‍ത്ഥിക്കാന്‍ പോയ ഫരിസേയനും, ചുങ്കക്കാരനും ഉണ്ടായ അനുഭവം നമ്മള്‍ ബൈബിളില്‍ വായിക്കുന്നുണ്ടല്ലോ. ഫരിസേയന്‍ തന്റെ അപദാനങ്ങള്‍ ദൈവതിരുമുന്‍പില്‍ നിരത്തി നില്‍ക്കുന്നിടത്തുനിന്നും ഒരടി പൊങ്ങി പിന്നില്‍ നില്‍ക്കുന്ന ചുങ്കക്കാരനെ പുച്‌ഛിച്ചു താഴ്‌ത്തി പ്രാര്‍ത്ഥിച്ചു.
പാവം ചുങ്കക്കാരനാകട്ടെ, ദൂരെനിന്ന്‌ സ്വര്‍ഗത്തിലേക്ക്‌ കണ്ണുകള്‍ ഉയര്‍ത്താന്‍ പോലും ധൈര്യപ്പെടാതെ, മാറത്തടിച്ചുകൊണ്ട്‌, ദൈവമെ, പാപിയായ എന്നില്‍ കനിയണമെ എന്നു പ്രാര്‍ത്ഥിച്ചു. ഇതില്‍ ആരുടെ പ്രാര്‍ത്ഥനയാണു ദൈവതിരുമുന്‍പില്‍ സ്വീകാര്യമായതെന്നും, ആരാണു നീതീകരിക്കപ്പെട്ടവനായി
വീട്ടിലേക്കു തിരിച്ചുപോയതെന്നും നമുക്കറിവുള്ളതാണല്ലോ. മറ്റുള്ളവരെ കൊച്ചാക്കി പൊള്ളയായ നമ്മുടെ വലുപ്പം കാട്ടാന്‍ ശ്രമിക്കുമ്പോള്‍ നാം തന്നെയാണു കൊച്ചാകുന്നത്‌ എന്നു നാം മനസിലാക്കുന്നില്ല. ഞാന്‍ തീര്‍ത്തും അയോഗ്യനാണു എന്നു വിനയത്തോടെ പ്രാര്‍ത്ഥിച്ച ചുങ്കക്കാരന്റെ മനോഭാവം ആര്‍ജിക്കാന്‍ സാധിച്ചാല്‍ നാം മറ്റുള്ളവരേക്കാള്‍ ശ്രേഷ്‌ഠരാകും.

റോഡില്‍ക്കൂടി വാഹനങ്ങളില്‍ യാത്രചെയ്യുമ്പോള്‍ തലകീഴായ ഒരു ചുവന്ന ത്രികോണം വഴിയരികില്‍ കാണാറുണ്ട്‌. പോലീസ്‌ ടിക്കറ്റു ഭയന്ന്‌ ട്രാഫിക്ക്‌ നിയമങ്ങള്‍ കൃത്യമായി പാലിക്കാറുള്ള നാം ഈ ചിഹ്നം കാണുമ്പോള്‍ വേഗം വണ്ടിയുടെ വേഗത കുറച്ച്‌ എതിരെ വരുന്ന ഡ്രൈവര്‍ക്ക്‌ വഴി മാറികൊടുക്കും. എന്തൊരു ഭവ്യത. പ്രധാന റോഡില്‍ക്കൂടി സഞ്ചരിക്കുന്ന ഡ്രൈവര്‍ക്ക്‌ നാം യീല്‍ഡ്‌ ചെയ്യാതിരുന്നാലുള്ള അനുഭവം അറിയാമല്ലോ. നമ്മുടെ അനുദിന ജീവിതത്തില്‍ ഈ യീല്‍ഡ്‌ ചിഹ്നത്തിനുള്ള പ്രാധാന്യം വളരെ വലുതാണു.അവിടെ പോലീസ്‌ ടിക്കറ്റില്ലാത്തതിനാല്‍ നമ്മില്‍ പലരും യീല്‍ഡ്‌ ചെയ്യാന്‍ കൂട്ടാക്കാതെ പലരിലും ഉണക്കാന്‍ പറ്റാത്ത മാനസിക മുറിവുകള്‍ വരുത്തിവക്കുന്നു. മാതാപിതാക്കള്‍ മക്കളുടെ മുന്‍പിലും, മക്കള്‍ മാതാപിതാക്കളുടെ മുന്‍പിലും ചെറുതാകാന്‍ ഇഷ്ടപ്പെടുന്നില്ല, ഭര്‍ത്താവ്‌ ഭാര്യയുടെ മുന്‍പില്‍ തന്റെ പൊള്ളയായ വലുപ്പം പ്രകടിപ്പിക്കാന്‍ ശ്രമിക്കുന്നു.

കുടുംബങ്ങളില്‍, സമൂഹത്തില്‍, ജോലിസ്ഥലങ്ങളില്‍, സംഘടനകളില്‍, പള്ളികളില്‍, രാഷ്ട്രീയത്തില്‍, സഭയില്‍ എന്നുവേണ്ട എല്ലാ രംഗങ്ങളിലും വിട്ടുവീഴ്‌ച്ച കാണിക്കാന്‍ കൂട്ടാക്കാത്തതുകൊണ്ട്‌ എന്തെല്ലാം അനര്‍ത്ഥങ്ങള്‍ സംഭവിക്കുന്നു. നമ്മളെ മറ്റുള്ളവര്‍ ബഹുമാനിക്കണമെങ്കില്‍ നാമും മറ്റുള്ളവരോടു ബഹുമാനപുരസരം പെരുമാറണം.

മരങ്ങള്‍ ഇലപൊഴിക്കും മുമ്പ്‌ ഇലകള്‍ പലവര്‍ണങ്ങള്‍ സ്വീകരിക്കുന്നതുപോലെ നമ്മുടെ ജീവിതത്തെ മാറ്റിയെടുക്കാന്‍ നാം ചെറിയ ചെറിയ ചുവടുവയ്‌പുകളിലൂടെ ശ്രമിക്കുക. നമ്മുടെ ഉള്ളിലേക്കു തിരിഞ്ഞു നോക്കാനുള്ള ഒരവസരമായി കണക്കാക്കി അവിടെ അടിഞ്ഞുകൂടിയിരിക്കുന്ന സ്‌പര്‍ദ്ധ, അസൂയ, അഹങ്കാരം, വലിയഭാവം എന്നിങ്ങനെയുള്ള മാലിന്യങ്ങളെല്ലാം കഴുകികളയുക. ദോഷൈകദൃക്കുകളാകാതെ, നമുക്കു മറ്റുള്ളവരില്‍ അവരുടെ നന്മ കാണുന്നതിനും നന്മയില്‍ അവരെ ആല്‍മാര്‍ത്ഥമായി അനുമോദിക്കുന്നതിനും ശ്രമിക്കാം. മറ്റുള്ളവരിലെ ചെറിയ നന്മകള്‍ കാണുന്നതിനു നമുക്കു സാധിച്ചാല്‍ നാം മറ്റുള്ളവരുടെ മുന്‍പില്‍ ശ്രേഷ്‌ഠരായി ഭവിക്കും. ഫരിസേയന്റെയല്ല, മറിച്ച്‌ ഒരു ചുങ്കക്കാരന്റെ മനോഭവം ആര്‍ജിക്കാന്‍ നമുക്കു കഴിയണം. `ഇത്തിരി ചെറുതാവാനെത്ര വലുതാവണം'. എത്രയോ അര്‍ത്ഥവത്തായ ഒരു ആശയം. നമ്മില്‍ പലര്‍ക്കും മറ്റുള്ളവരുടെ മുന്‍പില്‍ അല്‍പം താഴാന്‍ വലിയ ബുദ്ധിമുട്ടാണു. എന്നാല്‍ മറ്റുള്ളവനെ പാതാളത്തോളം ഇടിച്ചുതാഴ്‌ത്തി സ്വയം ഉയരാന്‍ ശ്രമിക്കുന്ന എത്രയോ അല്‍പന്മാരെ നമുക്കു ചുറ്റും കാണുവാന്‍ സാധിക്കും. അങ്ങനെയുള്ളവരോടു നമുക്കു സഹതപിക്കുകയേ നിവൃത്തിയുള്ളു. പ്രകൃതിയിലേക്കു സൂക്ഷിച്ചു നോക്കിയാല്‍ നമുക്കു കാണാന്‍ സാധിക്കും വൃക്ഷലതാദികള്‍ ഫലം പുറപ്പെടുവിക്കാന്‍ തുടങ്ങുമ്പോള്‍ കൂടുതല്‍ വിനയാന്വിതരാകുന്നു. നെല്‍ച്ചെടികള്‍ വളര്‍ന്നു വലുതായി കതിരുകള്‍ ആയിക്കഴിയുമ്പോള്‍ അവ താഴേക്ക്‌ വില്ലുപോലെ വളഞ്ഞ്‌ തങ്ങളുടെ എളിമ വ്യക്തമാക്കുന്നു. മാവിന്റെ ശാഖകളില്‍ മാങ്ങാക്കുലകള്‍ വിളഞ്ഞു തൂങ്ങുമ്പോള്‍ അവ വിനയഭാവത്തില്‍ തലകുനിക്കുന്നു. നല്ലൊരു പാഠമാണു പ്രകൃതി നമുക്കു കാണിച്ചുതരുന്നത്‌. കൂടുതല്‍ വിദ്യാഭ്യാസവും, ജീവിതാനുഭവങ്ങളും ആര്‍ജിക്കുന്നതനുസരിച്ച്‌ നാം കൂടുതല്‍ കൂടുതല്‍ വിനയാന്വിതരാകണം.

`പൊക്കമില്ലായ്‌മയാണെന്റെ പൊക്കം' എന്ന്‌ ഉയരം കുറഞ്ഞ കുഞ്ഞുണ്ണി മാഷ്‌ പറഞ്ഞതുപോലെ `എളിമയാണെന്റെ വലുമ' എന്ന മനോഭാവം നാമെല്ലം വളര്‍ത്തിയെടുത്താല്‍ നമ്മുടേയും നമ്മളോട്‌ ഇടപെടുന്നവരുടെയും ജീവിതം സ്വര്‍ഗതുല്യമാവും. അതിനാലാവാം കവി ഇപ്രകാരം പാടിയത്‌. `നമിക്കില്‍
ഉയരാം, നല്‍കുകില്‍ നേടീടാം, നമുക്കു നാമേ പണിവതു നാകം, നരകവുമതുപോലെ.'
എളിമയിലൂടെ വലുമയാര്‍ജിക്കുക
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക