Image

വാതിലടയ്‌ക്കാത്ത ഗുഹാമുഖം പോലെ നീ...

ശ്രീപാര്‍വ്വതി Published on 04 February, 2012
വാതിലടയ്‌ക്കാത്ത ഗുഹാമുഖം പോലെ നീ...
നീയെന്നിലൂടെ കടന്നു പോയപ്പോള്‍ നേര്‍ത്തൊരു മഴചാറ്റലുണ്ട്‌ പുറത്ത്‌. നീ മിണ്ടുന്നത്‌ എനിക്കു കേള്‍ക്കാം.അത്‌ എന്റെ ഒച്ച തന്നെയല്ലേ.....
നിന്റെ ഉടലിലിരുന്ന്‌ ഞാന്‍ സംസാരിക്കുന്നതു പോലെ.. നീയെന്നോട്‌ താദാത്മ്യം പ്രാപിച്ചതു കൊണ്ടാവണം നമ്മുടെ മുഖം വരെ ഒരേ പോലെ...
ഞാന്‍ ജീവനെങ്കില്‍ നീ പരമന്‍...
പക്ഷേ നീയില്ലാതെ എനിക്കോ ഞാനില്ലാതെ നിനക്കോ നിലനില്‍പ്പില്ല. ഈ പ്രപഞ്ചത്തിന്റെ നിയതികളെ കുറിച്ച്‌ സമൂഹത്തിന്‌, എന്തറിയാം?
എപ്പോഴാണെന്നറിഞ്ഞില്ല എന്നിലെ അപൂര്‍ണത ഞാന്‍ തിരിച്ചറിഞ്ഞത്‌.
ഞാനൊരു ഗുഹാമുഖത്തിന്‍റെ വാതിലാണെന്ന്‌ നിന്റെ കണ്ണുകളാണെന്നെയോര്‍മ്മിപ്പിച്ചത്‌. വാതിലടയ്‌ക്കാത്ത ഗുഹാമുഖം പോലെ നീയും അപൂര്‍ണന്‍,,,,
ഇങ്ങനെ അകലങ്ങളിലിരുന്ന്‌ നാമെങ്ങനെ ഈ പ്രപഞ്ചമാകും... ദിക്കുകളാകും...
നിനക്കുത്തരമുണ്ട്‌,
പ്രണയം അങ്ങനെയാണ്‌, തിരിച്ചറിയപ്പെടുന്ന നേരങ്ങളില്‍ അത്‌ പരസ്‌പരം വലിച്ചടുപ്പിക്കാന്‍ പാടുപെടും, ഒന്നിലെ വിടവിനെ മറ്റേ ആത്മാവ്‌ തന്നോടു ചേര്‍ത്ത്‌ നികത്താന്‍ നോക്കും...
പക്ഷേ അതോടെ പൂര്‍ണരായി...
പിന്നെ പ്രാണന്‍ അധികപറ്റായി ഉടലിലൂടെ സഞ്ചാരം തുടങ്ങും. എങ്ങനെയെങ്കിലും പുറത്തു കടക്കാനുള്ള വെമ്പല്‍..
പ്രണയം ആത്മാക്കളുടെ ആഘോഷമാണ്‌. പൂര്‍ണതിയിലെത്തിയ ആത്മാക്കള്‍ക്ക്‌ പിന്നെ സ്വര്‍ഗ്ഗമില്ല, നരകമില്ല..
ഈ പ്രപഞ്ചം മുഴുവന്‍ തന്നിലൂടെ അവര്‍ക്ക്‌ കാണാം, ദൂരങ്ങളിലിരുന്ന്‌ പാടുന്ന വാനമ്പാടിയെ കേള്‍ക്കാം, ആകാശപരിധിയ്‌ക്കപ്പുറത്തെ നക്ഷത്രക്കൂട്ടത്തെ തൊടാം...
എന്റെപ്രാണന്‍ പൊരിയുന്നുണ്ട്‌, തുറന്ന ഗുഹാമുഖവുമായി നീ എന്നെ കാത്തിരിക്കുന്നു, അങ്ങകലെയെവിടെയോ പാറക്കൂട്ടങ്ങള്‍ക്കിറ്റയില്‍ ഏകയായി ഞാന്‍ നിന്നെ ഓര്‍ത്തിരിക്കുകയും.
മൗനം പാടുന്നുണ്ട്‌...
കാറ്റ്‌ എന്നോടത്‌ ചൊല്ലുന്നുണ്ട്‌...
പൂര്‍ണതയിലെത്താന്‍ നാമിങ്ങനെ കൊതിയ്‌ക്കുകയും...

എന്റെ ആയുധം പേനയും നിന്റേത്‌ മൗനവുമാകുന്നു. ഞാന്‍ നിന്റെ പ്രണയം അക്ഷരങ്ങളില്‍ തളച്ചിടുമ്പോള്‍ നീ എന്റെ പ്രണയത്തെ മൌനത്തോളം ഉയര്‍ത്തുന്നു. നീയെന്റെ വാക്കുകള്‍ക്ക്‌ അഗ്‌നിയാകുമ്പോള്‍ ഞാന്‍ നിന്റെ വാചാലതയ്‌ക്കു മേല്‍ വെയില്‍ പുതച്ചു നില്‍ക്കുന്നു. നീയെന്നില്‍ പിടിമുറുക്കുമ്പോള്‍ എനിയ്‌ക്കറിയാം, അറ്റമില്ലാതെ ആഴമറിയാതെ ഞാന്‍ തുഴയുകയാവും അപ്പോള്‍.... നമ്മുടെ പ്രണയത്തിന്‍റെ ആഴം എനിക്കും നിനക്കും അവ്യക്തമാണല്ലോ. ഞാന്‍ നിനക്കോ നീ എനിക്കോ എത്ര മാത്രം പ്രിയമുള്ളതാണെന്ന്‌ നമ്മള്‍ ഓര്‍ക്കാറില്ലല്ലോ. പൊള്ളത്തരം നിറഞ്ഞ വാക്കുകള്‍ക്ക്‌ക്‌ അല്ലെങ്കിലും പ്രണയത്തില്‍ എന്തു പ്രസക്തി അല്ലേ...
ഞാനെന്‍റെ തൂലിക ഉപേക്ഷിക്കാം. നിന്റെ മൌനത്തെ എനിക്കു കൂടി കടം കൊള്ളണം. കാണാമറയത്താണെങ്കിലും എന്നിലേയ്‌ക്കു വരുന്ന നിന്‍റെ സ്‌പന്ധനങ്ങളെ എനിക്കു തിരിച്ചറിയണം. നാമറിയാതെ നമ്മിലേയ്‌ക്കിറങ്ങുന്ന ചില യോജിപ്പുകള്‍, ഞാന്‍ പറയാതെ എന്നെ തിരിച്ചറിഞ്ഞ നിന്‍റെ സൂക്ഷ്‌മത്വം...

എനിക്കും നിന്നിലേയ്‌ക്കിറങ്ങി നടക്കണം. ഒടുവില്‍ ആത്മപാതിയായി നിന്നില്‍ ഒടുങ്ങണം. പിന്നെയൊരു ബിന്ദുവോളം ചെറുതായി പ്രകൃതിയില്‍ നാം അലിയണം. ഇനി നീയും ഞാനുമില്ല.... പരമമായ സത്യം മാത്രം.... നിന്നിലും എന്നിലുമുള്ള ആ സത്യം മാത്രം ബാക്കി.....
വാതിലടയ്‌ക്കാത്ത ഗുഹാമുഖം പോലെ നീ...
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക