Image

ഫൊക്കാന ഇലക്ഷന്‍ ചൂട് തെരെഞ്ഞെടുപ്പ് കമ്മീഷണറ്ക്കും

അനില്‍ പെ­ണ്ണുക്കര Published on 28 June, 2016
ഫൊക്കാന ഇലക്ഷന്‍ ചൂട് തെരെഞ്ഞെടുപ്പ് കമ്മീഷണറ്ക്കും
അമേരിക്കന്‍മലയാളികളുടെ സംഘടനകളില്‍ ഇപ്പോള്‍ തെരഞ്ഞെടുപ്പിന്റെ കളം കൂടിയാണ്. ഫൊക്കാനയും ഫോമയും ഇപ്പോള്‍ ചൂടേറിയ ചര്‍ച്ചകളില്‍ മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുമ്പോള്‍ ഇന്ത്യയിലെ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അനുഭവിക്കുന്നതിനേക്കാള്‍ ടെന്‍ഷന്‍ ആണെന്ന് ഫൊക്കാനയുടെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ പറഞ്ഞു .ഒരു ലളിതമായ പണി ആയിരിക്കും എന്നാണ് കരുതിയത്."പട പേടിച്ചു പന്തളത്തു ചെന്നപ്പോള്‍ ചുട്ടും കെട്ടി പട" എന്നു പറഞ്ഞപോലെ ആയി കാര്യങ്ങള്‍. എങ്കിലും ഒരു സുഖമുണ്ട് ഈ ജോലി ഭംഗിയായി ഇതുവരെ ചെയ്യുവാന്‍ സാധിച്ച­തില്‍.

ഒരു കണ്‍വന്‍ഷന്‍ നടത്തുന്നതിനേക്കാള്‍ ഭാരിച്ച ഉത്തരവാദിത്വമാണ് ഇലക്ഷന്‍ കമ്മീഷണറുടെ ജോലി എന്നു പറഞ്ഞാല്‍ അതു അതിശയോക്തിയല്ല. എല്ലാ റീജിയനുകളിലും വോട്ടുള്ളവര്‍, അവരുടെ വിവരങ്ങള്‍, അംഗ സംഘടനകളുടെ വിവരങ്ങള്‍ ഒക്കെ വിശദമായി പഠന വിധേയമാക്കേണ്ടതുണ്ട്. കാരണം പലരും കണ്‍വന്‍ഷനു വരുന്നത് തന്നെ വോട്ടു ചെയ്യാനാണ്.

ഫൊക്കാനയുടെ തുടക്കം മുതല്‍ വോട്ട് അമേരിക്കന്‍ മലയാളികള്‍ക്ക് ഒരു ഹരമാണ്. വോട്ട് ചെയ്യുന്നതു മുതല്‍ വിജയിയെ പ്രഖ്യാപിക്കുന്നതു വരെ ഉള്ള നിമിഷങ്ങള്‍ പറഞ്ഞറിയിക്കാന്‍ പറ്റില്ല. ചിലപ്പോള്‍ വളരെ സങ്കടമുണ്ടാക്കുന്ന നിമിഷങ്ങള്‍ വരെ ഉണ്ടായിട്ടുണ്ട്. പ്രത്യേകിച്ചു 2006 ലെ ഫൊക്കാനയുടെ പിളര്‍പ്പ്. ഒന്നിച്ചു നിന്നവര്‍ രണ്ടായി. ആ മുഹൂര്‍ത്തം പലര്‍ക്കും ഇന്ന് വിഷമമാണ്. പലരും അതു പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അതിനു ശേഷം അല്പം വാശിയേറിയ ഒരു തെരഞ്ഞെടുപ്പാണ് ഇപ്പോള്‍ ഫൊക്കാനയില്‍ നടക്കുന്നത്. വളരെ ആരോഗ്യകരമായ മത്സരം. കുറ്റമറ്റ രീതിയില്‍ തെരഞ്ഞെടുപ്പ് നടത്തുക എന്ന ജോലിയാണ് കമ്മീഷന് ഉള്ളത്. അതു ഭംഗിയായി നിര്‍വഹിക്കും. അതിനു എല്ലാവരും സഹകരി­ക്കും.

ജോര്‍ജി വര്‍ഗീസ് ഫൊക്കാനയുടെ മുഖപത്രമായ 'ഫൊക്കാന റ്റുഡേ'യ്ക്കു ഒരു പുതിയ മുഖഛായയുമായി രംഗപ്രവേശം ചെയ്ത വ്യക്തിയാണ്. അന്ന് വരെ ബഌക് ആന്‍ഡ് വൈറ്റില്‍ അച്ചടിച്ചിരുന്ന 'ഫൊക്കാന റ്റുഡേ' കളര്‍ ഫോര്മാറ്റിലേക്ക് മാറ്റുകയും കൃത്യമായി രണ്ടു വര്‍ഷം പുറത്തിറക്കുകയും ചെയ്തു. അതിനുശേഷം ഫൊക്കാനയില്‍ നിരവധി പദവികളില്‍ ഇരുന്നിട്ടുണ്ട്.

സൗമ്യനായ ഒരു നേതാവ്. ഫൊക്കാനയ്ക്കു അഭിമാന പൂര്‍വം നാളെ അവതരിപ്പിക്കാവുന്ന ഒരു നേതാവ്. ചെറുപ്പക്കാര്‍ ഇപ്പോള്‍ സജീവമല്ലല്ലോ എന്നു ജോര്‍ജി വര്‍ഗീസിനോട് ചോദിച്ചാല്‍ ഒരുത്തരമേയുള്ളു. മനസു ചെറുപ്പമായിരിക്കണം അത്രേയുള്ളു. ഫൊക്കാനയില്‍ ചെറുപ്പക്കാര്‍ ഇഷ്ടം പോലെ ഉണ്ട്. തുടര്‍ന്നുള്ള സമയങ്ങളില്‍ അതു തുടരും. കാനഡ കണ്‍വന്‍ഷന്‍ തീരുമ്പോള്‍ അതിലൊക്കെ വലിയ മാറ്റങ്ങള്‍ ഉണ്ടാകും .

നാട്ടില്‍ പത്തനം തിട്ട കവിയൂര്‍ സ്വദേശി ആയ ജോര്‍ജി വര്‍ഗീസ് എം എസ് ഡബ്ലിയു   ബിരുദാനന്തര ബിരുദ ധാരിയാണ്. പഠനത്തിന് ശേഷം തൃശ്ശൂരില്‍ ജോലിക്കു കയറുകയും ജോലിയുടെ ഭാഗമായി കുട്ടനാട്ടില്‍ വരികയും അവിടുത്തെ സാധാരണക്കാരുമായി അടുത്ത ബന്ധം സ്ഥാപിക്കുകയും ചെയ്തു. കുട്ടനാട്ടിലെ പാടശേഖരങ്ങളില്‍ നഷ്ടമാണെന്ന് പറഞ്ഞു ജന്മികള്‍ കൃഷി അവസാനിപ്പിക്കുകയും ചെയ്ത സമയത്തു കൃഷിക്കാരെ ബോധവാന്മാരാക്കി കൃഷിഭൂമി അവരെ കൊണ്ടു പാട്ടത്തിനെടുത്ത് വന്‍ വിളവ് ഉണ്ടാക്കി കൊടുക്കാന്‍ പ്രയത്‌നിച്ച വ്യക്തി കൂടിയാണ് ജോര്‍ജി വര്‍ഗീസ്. ഒരു കര്‍ഷക കുടുംബത്തില്‍ ജനിച്ചതുകൊണ്ടാകാം അദ്ദേഹത്തിന് ഇതു സാധി­ച്ചത്.

തന്റെ സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്കു താങ്ങും തണലുമായി ഭാര്യ ഡോ: ഷീലാ വര്‍ഗീസ്, വിദ്യാര്‍ത്ഥികളായ രണ്ടു മക്കളും ഒപ്പം കൂടുമ്പോള്‍ ഈ ഇലക്ഷനൊന്നും അദ്ദേഹത്തിന് ഒരു പ്രശ്‌­നമേയല്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക