Image

എച്ച്‌ 1 വിസയുള്ളവരുടെ ഭാര്യമാരേയും ജോലിചെയ്യാന്‍ അനുവദിക്കും

Published on 04 February, 2012
എച്ച്‌ 1 വിസയുള്ളവരുടെ ഭാര്യമാരേയും ജോലിചെയ്യാന്‍ അനുവദിക്കും
വാഷിംഗ്‌ടണ്‍ ഡി.സി: ഇമിഗ്രേഷന്‍ രംഗത്ത്‌ സുപധാനമായ ചില മാറ്റങ്ങള്‍ വരുത്താന്‍ ഒബാമ ഭരണകൂടം തീരുമാനിച്ചു. എന്നു മുതലാണ്‌ ഇത്‌ നടപ്പിലാക്കുകയെന്ന്‌ വ്യക്തമല്ലെങ്കിലും നയംമാറ്റം ഇന്ത്യക്കാരടക്കം നിരവധി പേര്‍ക്ക്‌ ഉപകാരപ്രദമാകും.

എച്ച്‌ വണ്‍ ബി (H1-B) വിസയില്‍ വരുന്നവരുടെ ഭാര്യയ്‌ക്ക്‌/ഭര്‍ത്താവിന്‌ ജോലി ചെയ്യാന്‍ അനുമതി നല്‍കുക എന്നതാണ്‌ സുപ്രധാനമായ ഒരു കാര്യം.

ഇപ്പോള്‍ H1-B വിസയില്‍ വരുന്നവരുടെ ജീവിതപങ്കാളിക്ക്‌ ലഭിക്കുന്ന എച്ച്‌ -4 (H-4 ) വിസയുള്ളവര്‍ക്ക്‌ ജോലി ചെയ്യാന്‍ പാടില്ല. ജീവിതപങ്കാളിക്ക്‌ ഉന്നത വിദ്യാഭ്യാസവും, തൊഴില്‍ പരിചയവും ഉണ്ടെങ്കിലും ജോലി ചെയ്യാനാവില്ല എന്നത്‌ ഏറെ ദോഷം ചെയ്‌തത്‌ ഇന്ത്യയില്‍ നിന്നു വന്ന ഐ.ടി പ്രൊഫഷണലുകളെയാണ്‌.

എച്ച്‌-1 വിസയില്‍ വന്ന്‌ കുറെക്കാലം ജോലി ചെയ്‌തശേഷം ഗ്രീന്‍കാര്‍ഡിന്‌ അപേക്ഷ നല്‍കിയിട്ടുള്ളവരുടെ ഭാര്യമാര്‍ക്ക്‌/ഭര്‍ത്താക്കന്മാര്‍ക്ക്‌ മാത്രമേ ജോലി ചെയ്യാനാവൂ എന്ന്‌ നിയന്ത്രണമുണ്ട്‌. ചുരുക്കത്തില്‍ എച്ച്‌-1 വിസയില്‍ വരുന്നവരുടെ ജീവിതപങ്കാളിക്ക്‌ കയ്യോടെ ജോലി നേടാനാവില്ലെന്നര്‍ത്ഥം. ഗ്രീന്‍ കാര്‍ഡിന്‌ അപേക്ഷ നല്‍കി രണ്ടു ലക്ഷത്തിലേറെ ഇന്ത്യക്കാര്‍- മിക്കവരും എച്ച്‌ -1 വിസയില്‍ വന്നവര്‍- ഇപ്പോള്‍ കാത്തിരിപ്പുണ്ട്‌. അവരുടെയൊക്കെ ജീവിതപങ്കാളിക്ക്‌ ജോലി ചെയ്യാന്‍ കഴിഞ്ഞാല്‍ തന്നെ അതൊരു വലിയ കാര്യമായിരിക്കും.

സ്റ്റുഡന്റ്‌ വിസയില്‍ എഫ്‌-1 (F-1) വന്ന്‌ ബിരുദമെടുക്കുന്നവര്‍ക്ക്‌ 12 മാസം ഒപ്‌ഷണല്‍ പ്രാക്‌ടിക്കല്‍ ട്രെയിനിംഗിന്‌ (OPT) ഇപ്പോള്‍ അനുമതിയുണ്ട്‌. സയന്‍സ്‌, ടെക്‌നോളജി, എന്‍ജിനീയറിംഗ്‌, മാത്തമാറ്റിക്‌സ്‌ (STEM) എന്നിവയില്‍ ബിരുദമെടുത്തവര്‍ക്ക്‌ ഒ.പി.ടി കാലാവധി 17 മാസമാണ്‌.

ഇതു ചെറുതായി വിപുലീകരിക്കും. ഇപ്പോള്‍ STEM വിഷയമൊന്നുമല്ല പഠിക്കുന്നതെങ്കിലും നേരത്തെ STEM വിഷയത്തില്‍ ബിരുദമെടുത്തിട്ടുണ്ടെങ്കില്‍ അവര്‍ക്കും 17 മാസം OPT എടുക്കാം.

സ്റ്റുഡന്റ്‌ വിസയില്‍ വരുന്നവരുടെ ജീവിതപങ്കാളിക്ക്‌ കൂടുതല്‍ അക്കാഡമിക്‌ ക്ലാസുകളില്‍ പാര്‍ട്ട്‌ ടൈം ആയി ചേരാന്‍ പുതിയ നയം വ്യവസ്ഥ ചെയ്യുന്നു. ജീവിതപങ്കാളി ഫുള്‍ടൈം സ്റ്റുഡന്റായിരിക്കുമ്പോള്‍ ഭാര്യ/ഭര്‍ത്താവ്‌ പാര്‍ട്ട്‌ ടൈം വിദ്യാര്‍ത്ഥിയായിരിക്കും. ഇപ്പോള്‍ ഭാര്യയ്‌ക്കോ/ഭര്‍ത്താവിനോ വൊക്കേഷണല്‍ അല്ലെങ്കില്‍ റിക്രിയേഷണല്‍ ക്ലാസുകളില്‍ മാത്രമേ ചേരാന്‍ അനുമതിയുള്ളൂ. അതിനു പകരം അക്കാഡമിക്‌ ക്ലാസുകളില്‍ ചേരാം.

ഉന്നത യോഗ്യതകളുള്ള പ്രൊഫസര്‍മാര്‍ക്കും, റിസര്‍ച്ചര്‍മാര്‍ക്കും ഗ്രീന്‍കാര്‍ഡ്‌ ലഭിക്കാനുള്ള വ്യവസ്ഥകള്‍ വിപുലപ്പെടുത്തി. ഇപ്പോള്‍ ഏതാനും നേട്ടങ്ങള്‍ കൈവരിച്ചവരെ മാത്രമാണ്‌ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരുന്നുള്ളൂ.

ഇമിഗ്രേഷന്‍ നിയമത്തില്‍ ചെറിയതോതില്‍ മാറ്റം വരുത്തുന്നതുപോലും വായടയ്‌ക്കാന്‍ പാകമാണെങ്കിലും ഈ നയംമാറ്റം വലിയ പ്രയോജനമൊന്നും ചെയ്യാനിടയില്ലെന്ന്‌ ഫിലാഡല്‍ഫിയയിലുള്ള ഇമിഗ്രേഷന്‍ അറ്റോര്‍ണി മൊര്‍ലി നായര്‍ ചൂണ്ടിക്കാട്ടുന്നു. ഇമിഗ്രേഷന്‍ ഉദാരവത്‌കരിക്കുമെന്ന്‌ ഒബാമ ഭരണകൂടം പറഞ്ഞിട്ടുണ്ടെങ്കിലും മൂന്നുവര്‍ഷമായി ഒന്നും ചെയ്‌തിട്ടില്ല. ഈ തെരഞ്ഞെടുപ്പ്‌ വര്‍ഷത്തില്‍ കൂടുതല്‍ പ്രതീക്ഷിക്കുന്നതിലര്‍ത്ഥവുമില്ല.

പുതിയ നയം എന്നുമുതല്‍ നടപ്പിലാക്കുമെന്ന്‌ ഡിപ്പാര്‍ട്ട്‌മെന്റ്‌ ഓഫ്‌ ഹോംലാന്‍ഡ്‌ സെക്യൂരിറ്റിയുടെ പ്രഖ്യാപനത്തിലില്ല. ശാസ്‌ത്രവും കണക്കുമൊക്കെ (STEM ) പഠിച്ചവര്‍ പിന്നീട്‌ അതല്ലാത്ത വിഷയങ്ങള്‍ പഠിക്കാന്‍ പോകുന്നത്‌ വിരളമാണ്‌. അതിനാല്‍ ഒ.പി.ടി സംബന്ധിച്ച ഉത്തരവ്‌ വലിയ ഗുണമൊന്നും ചെയ്യില്ല.

എച്ച്‌-1 വിസയില്‍ വന്നവരുടെ ജീവിതപങ്കാളിക്ക്‌ ജോലി ചെയ്യാന്‍ അനുമതി കിട്ടണമെങ്കില്‍ എത്രകാലം കാത്തിരിക്കണമെന്ന്‌ വ്യക്തമല്ല. പ്രത്യേക വ്യവസ്ഥയൊന്നുമില്ലാതെയായിരുന്നു ഈ നയമെങ്കില്‍ അത്‌ ഒട്ടേറെപ്പേര്‍ക്ക്‌ പ്രയോജനം ചെയ്‌തേനേ- മൊര്‍ലി നായര്‍ ചൂണ്ടിക്കാട്ടി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക