Image

ന്യൂജേഴ്‌സിയില്‍ മലയാളി സംഘടനകള്‍ക്ക് ഒരുമയുടെ ഓണാഘോഷം

ഫ്രാന്‍സിസ് തടത്തില്‍ Published on 01 July, 2016
ന്യൂജേഴ്‌സിയില്‍ മലയാളി സംഘടനകള്‍ക്ക്  ഒരുമയുടെ ഓണാഘോഷം
ന്യൂജേഴ്‌സിയിലെ മലയാളികള്‍ക്ക് ഇത്തവണ ഓണാഘോഷത്തിന് അപൂര്‍വമായ ഓണവിരുന്ന്. മഞ്ച്, കെസിഎഫ്, നാമം തുടങ്ങിയ സംഘടനകള്‍ കൈകോര്‍ത്തിണക്കി അതിവിപുലമായ ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിക്കാനാണ് ഒരുങ്ങുന്നത്. 
ന്യൂജേഴ്‌സിയില്‍ ഇതാദ്യമായാണ് ഇത്തരത്തില്‍ വ്യത്യസ്തമായ ഓണാഘോഷ പരിപാടി സംഘടിപ്പിക്കുന്നത്. കൂടുതല്‍ സംഘടനകള്‍ ഈ ആശയത്തോട് താത്പര്യം പ്രകടിപ്പിക്കുന്നുണ്ടെന്ന് ഈ ആശയം കൊണ്ടുവന്ന മഞ്ച് പ്രസിഡന്റ് സജിമോന്‍ ആന്റണി അറിയിച്ചു. 

ഓണം സൗഹാര്‍ദ്ദത്തിന്റെയും സ്‌നേഹത്തിന്റെയും സഹോദര്യത്തിന്റെയും ഓര്‍മ ആചരിക്കുന്ന ദിനമാണ്. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് കള്ളവും ചതിയും ഇല്ലാതിരുന്ന കാലത്ത് കേരള ജനതയുടെ രാജാവായ മഹാബലി തമ്പുരാന്റെ ഓര്‍മ ആചരിക്കുന്ന ദിനം. 
വര്‍ത്തമാന കാലത്ത് ഓണത്തിന്റെ പ്രസക്തി ജന്മനാടായ കേരളത്തില്‍ നശിച്ചുകൊണ്ടിരിക്കുമ്പോള്‍ പ്രവാസിമേഖലയില്‍ പ്രത്യേകിച്ച് അമേരിക്കയില്‍ മലയാളികള്‍ക്കിടയില്‍ ഗൃഹാതുരതയുടെ മധുരിക്കുന്ന ഓര്‍മകളാണ് ഓണം നല്കുന്നത്. നമ്മുടെ നാട്ടിലെ ഓണാഘോഷങ്ങള്‍ പ്ലാസ്റ്റിക് പാത്രങ്ങളില്‍ ഒതുങ്ങുമ്പോള്‍ ഇവിടെ വടംവലിയും വഞ്ചിപ്പാട്ടും തിരുവാതിരകളിയും എല്ലാം ഒത്തിണങ്ങിയ ഓണമാണ്. 
എന്നാല്‍, സംഘടനകളുടെ ഓണാഘോഷങ്ങള്‍ ഒരു അതിപ്രസരമായി മാറിയിരിക്കുകയാണ്. ന്യൂജേഴ്‌സിയില്‍ മാത്രം കുറഞ്ഞത് ഇരുപത്തഞ്ചിലധികം ഓണാഘോഷങ്ങള്‍ നടക്കുന്നുണ്ട്. അമ്പലങ്ങള്‍, പള്ളികള്‍, അസോസിയേഷനുകള്‍ തുടങ്ങി നിരവധി കൂട്ടായ്മകളാണ് ഓണാഘോഷം സംഘടിപ്പിക്കുന്നത്. പങ്കെടുക്കുന്നവരാകട്ട മിക്കവാറും ഒരേ ആളുകള്‍തന്നെ. ഈ പ്രശ്‌നം ഒഴിവാക്കാനാണ് മഞ്ച്, കെസിഫ്, നാമം തുടങ്ങിയ സംഘടനകള്‍ കൈകോര്‍ത്ത് ഒരൊറ്റ ഓണം എന്ന ആശയത്തിലേയ്ക്ക് വന്നത്. ഈ ആശയത്തോട് കൂടുതല്‍ സംഘടനകള്‍ താത്പര്യം പ്രകടിപ്പിക്കുന്നതായി പല സംഘടനാ നേതാക്കളും അഭിപ്രായപ്പെട്ടു. 
മഞ്ച് പ്രസിഡന്റ് മുന്നോട്ടുവച്ച ഈ നിര്‍ദ്ദേശത്തെ സെക്രട്ടറി സുജ ജോസ്, ട്രഷറര്‍ പിന്റോ ചാക്കോ,  ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍മാന്‍ ഷാജി വര്‍ഗീസ്, വൈസ് പ്രസിഡന്റ് ഉമ്മന്‍ ചാക്കോ എന്നിവര്‍ അടങ്ങിയ കമ്മിറ്റി ഐകകണ്‌ഠേന സ്വീകരിച്ചു. എല്ലാ സംഘടനകളും ഒരുമിച്ചുള്ള ഓണാഘോഷം എന്ന ആശയത്തോട് കെസിഎഫ് പ്രസിഡന്റ് ദാസ് കണ്ണംകുഴി, കെസിഎഫ് മുന്‍ പ്രസിഡന്റ് ജോയി ചാക്കപ്പന്‍, കെസിഎഫ് സ്ഥാപക ചെയര്‍മാന്‍ ടി.എസ്്. ചാക്കോ എന്നിവരടങ്ങിയ കെസിഎഫ് കമ്മിറ്റിയും നാമം പ്രസിഡന്റ് ഗീതേഷ് തമ്പി, നാമം സ്ഥാപക ചെയര്‍മാന്‍ മാധവന്‍ നായര്‍ എന്നിവരടങ്ങിയ നാമം കമ്മിറ്റിയും പരിപൂര്‍ണ യോജിപ്പ് പ്രകടിപ്പിച്ചു. വരുംവര്‍ഷങ്ങളില്‍ കൂടുതല്‍ സംഘടനകളെയും കൂടുതല്‍ ആളുകളെയും പങ്കെടുപ്പിച്ചുകൊണ്ട് അതിവിപുലമായ ഓണാഘോഷ പരിപാടികള്‍ ഒരുമയോടെ നടത്താന്‍ കഴിയുമെന്നും അവര്‍ അഭിപ്രായപ്പെട്ടു. 

ഒരുമയുടെയും സൗഹാദ്ദത്തിന്റെയും സ്‌നേഹത്തിന്റെയും പ്രതീകമായ ഓണാഘോഷം എല്ലാ സംഘടനകളുമായി സഹകരിച്ച് ആഘോഷിക്കുന്നത് മറ്റ് സംഘടനകള്‍ക്ക് മാതൃകയും എല്ലാ മലയാളികളും ഒരുമിച്ച് ഓണാഘോഷം എന്ന ആശയം ഭാവിയില്‍ നൂറുശതമാനം പ്രാവര്‍ത്തികമാവുകയും ചെയ്യുമെന്ന് പ്രത്യാശിക്കുന്നതായി മഞ്ച് കമ്മിറ്റി അഭിപ്രായപ്പെട്ടു. 

വാര്‍ത്ത തയാറാക്കിയത്: ഫ്രാന്‍സിസ് തടത്തില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക