Image

'ക്ക' ക്ക് ഒരിറ്റു കണ്ണീര്‍ വേണോ? എന്‍.പി ഷീല

ഷീല എന്‍.പി. Published on 04 February, 2012
'ക്ക' ക്ക് ഒരിറ്റു കണ്ണീര്‍ വേണോ? എന്‍.പി ഷീല
(നാളെ: 'യ്ക്ക' അത്ര കുഴപ്പക്കാരനല്ല: ഡോ. നന്ദകുമാര്‍ ചാണയില്‍ )

ക്ക-യ്ക്കമാര്‍ തങ്ങളില്‍
ചത്തുകിടന്ന എന്റെ കമ്പ്യൂട്ടര്‍ മകള്‍ വന്ന് ജീവന്‍ വയ്പിച്ചതുകൊണ്ടാണ് 'ക്ക' യേയും 'യ്ക്ക'യേയും കാണാന്‍ എനിക്കു ഭാഗ്യമുണ്ടായത്. രണ്ടുപേര്‍ തമ്മില്‍ ഒരക്ഷര വിവാദം. തമ്മില്‍ എന്നു പറഞ്ഞതില്‍ ചെറിയ പിശകുണ്ട്. ആദ്യത്തെയാള്‍ വിവാദത്തിനു മുതിര്‍ന്നതല്ല. രണ്ടാമത്തെയാള്‍ 'യ്ക്ക'യെ കടന്നു പിടിച്ചതാണ്. മേല്‍വിലാസമില്ലാത്ത ആരോ ഒക്കെ അതിനു പിന്തുണ പ്രഖ്യാപിക്കയും ചെയ്തു. നോക്കിയപ്പോള്‍ ലേഖകര്‍ ഇരുവരും എനിക്കറിയാവുന്നരാണ്.
ആദ്യത്തെയാള്‍ ശാസ്ത്രത്തിലും ഭാഷാശാസ്ത്രത്തിലും പ്രവീണന്‍ . ദീര്‍ഘകാലമായി ശാസ്ത്രഗ്രന്ഥങ്ങളുടെ രചനയില്‍ ഏര്‍പ്പെട്ടിരുന്നിട്ടും, അമേരിക്കന്‍ നിവാസിയായിട്ടുകൂടി മാതൃഭാഷയുടെ കാലാനുസൃതമാറ്റങ്ങള്‍ നിരീക്ഷിക്കുകയും പഠിക്കയും ചെയ്യുന്ന പ്രൊഫസര്‍ ഡോ. ജോയി കുഞ്ഞാപ്പൂ.
മറ്റേയാളിനും യോഗ്യതകള്‍ ഏറെ. കവി (ഡോക്ടര്‍ , ടീച്ചര്‍ വിദ്വാന്‍ ഒക്കെപോലെ കവിയും ഉഭയലിംഗത്തില്‍ പെടുമെന്ന് അഭിജ്ഞമതം) ആഗോളസംഘടനയുടെ സാരഥി, പത്രത്തിന്റെ കോളമിസ്റ്റ്, നല്ല പ്രസംഗക, സര്‍വ്വേപരി പ്രഗത്ഭയായ മുന്‍കാല അധ്യാപിക എന്നീ നിലകളിലൊക്കെ അിറയപ്പെടുന്ന കൊച്ചേച്ചിയെന്ന ത്രേസ്യാമ്മ നാടാവള്ളില്‍ .
ഇതെഴുതുന്നയാള്‍ക്ക് പറഞ്ഞറിയിക്കാന്‍ മേന്മകളൊന്നുമില്ല. മറ്റുള്ളവരുടെ കൃതികള്‍ വായിച്ചുള്ള അറിവ് ഇല്ലെന്നില്ല. മലയാള അധ്യാപികയും ആയിരുന്നില്ല. ആകയാല്‍ പാണിനിയോ, അമരമോ, വ്യാകരണ നിയമങ്ങളോ പഠിക്കാന്‍ സംഗതിയായില്ല വായിച്ചുനേടിയ അറിവുവച്ചുകൊണ്ട് ക്ക, യ്ക്ക യെയും പറ്റി എതെങ്കിലും ഞഞ്ഞപിഞ്ഞ പറയുന്നത് ചിതമല്ലെങ്കിലും പ്രതികരിക്കാനുള്ള കൗതുകം,  അസ്തമിക്കാത്തതുകൊണ്ടാണ് ഈ സാഹസം.
പരാമര്‍ശ വിധേയയായ 'ക്ക'യെയും 'യ്ക്ക'യെയും സംരക്ഷിക്കാന്‍ പ്രയോഗ സാധ്യത എന്നൊരു രക്ഷകന്‍ പണ്ടേ ഭൂജാതനായിട്ടുണ്ട്; ലിപി പരിഷ്‌ക്കരണം വന്നതോടെ കാര്യങ്ങള്‍ കുഴഞ്ഞുമറിഞ്ഞു. കൂട്ടക്ഷരങ്ങളുടെ വാലും തലയുമൊക്കെ മുറിഞ്ഞു. 'ാ' സ്ഥലമില്ലെങ്കില്‍ അതുമാത്രമായി അടുത്ത വരിയിലേക്കു മാറ്റി സ്ഥാപിക്കാമെന്നായിട്ടുണ്ട്. പത്രക്കാര്‍ക്കാണെങ്കില്‍ അക്ഷരങ്ങളില്‍ എന്തു വികൃതിയും കാട്ടാം. അര്‍ത്ഥവും ഭാഷയും അറിയാഞ്ഞിട്ടല്ലല്ലൊ നാം 'പ്രാസംഗികനെ'യും 'അതിഥിയെ'യുമൊക്കെ സ്വീകരിച്ചാദരിക്കുന്നത്!
ഡോ. ജോയി കുഞ്ഞാപ്പു നിരീക്ഷിക്കുന്നതുപോലെ ജീവല്‍ ഭാഷയായ മലയാളത്തിന് കൊണ്ടും കൊടുത്തും മുന്നേറാതെ വയ്യ. ള്ളാ കുഞ്ഞുങ്ങള്‍ വളരും പോലെ, വൃക്ഷത്തൈകള്‍ വലുതാകും പോലെ ലിപികളിലും പ്രയോഗത്തിലുമൊക്കെ ഭാഷയ്ക്കു പരിണാമം സഹജം.
അമേരി'ക്ക' ഒരിക്കലും അമേരി'യ്ക്ക'യായിരുന്നിട്ടില്ലെന്ന് ശഠിക്കുയോ ബലം പിടിക്കയോ ചെയ്തിട്ടെന്തു കാര്യം? ഉച്ചാരണവും പദപ്രയോഗ വൈവിധ്യവും വാഗര്‍ത്ഥങ്ങളും സ്ഥലകാലഭേദമനുസരിച്ച് കണ്ടാലും കേട്ടാലും അറിയാത്തവിധം മാറിപ്പോകുന്നതിന് എത്രയെങ്കിലും ഉദാഹരണങ്ങള്‍ നിരത്താനുണ്ടെന്ന് ഭാഷാപരിജ്ഞാനമുള്ള ത്രേസ്യാമ്മയ്ക്ക അജ്ഞാതമല്ലല്ലൊ. 'എന്ത്' എന്ന ഒറ്റ പദത്തിന്റെ ഉദാഹരണം കൊണ്ട് ഡോ. ജോയി അക്കാര്യം എത്ര ഭംഗിയായി പറഞ്ഞുവച്ചു!
അമേരിക്കയില്‍ ക്ക ഇരുന്നാലും യ്ക്ക പോയാലും അമേരിക്കയുടെ അന്തസ്സിനു കോട്ടം തട്ടുന്നില്ല. യ ഒഴിവാക്കിയാല്‍ സ്ഥലവും സമയവും പേനയിലെ മഷിയും ലാഭം പാക്കിസ്ഥാന്‍ ഹിന്ദിക്കാര്‍ക്ക് പകിസ്ഥാനായാലും പാകിസ്ഥാനോ ആയാലും അജ്ഞതമൂലം സ്താന്‍ ആക്കിയാലും പാക്കിസ്ഥാന്‍ അതേപടി നിലകൊള്ളും. Centre അമേരിക്കയിലെ Center ആയാലും അന്തസു കുറയുന്നില്ല. ത്രേസ്യാമ്മ Fathima Mathaയില്‍ പഠിച്ചാലും Mata-ല്‍ പഠിച്ചാലും കോളജിന് അന്തരമൊന്നും സംഭവിക്കുന്നില്ല. ത്രേസ്യാമ്മ ഇംഗ്ലീഷുകാര്‍ക്ക് നടവല്ലിയോ, നാടവള്ളിയോ ആയാലും ത്രേസ്യാമ്മ ഞങ്ങള്‍ മലയാളികള്‍ക്ക് എന്നും നാടാവള്ളിതന്നെ. Seela സീലയോ ശീലയോ ചീലയോ ആയിക്കൊള്ളട്ടെ സ്ഥാനം തെറ്റാതെ നോക്കണമെന്നു മാത്രം! നാമപദങ്ങളെച്ചൊല്ലി വിതണ്ഡാവാദം ഒഴിവാക്കുന്നതല്ലേ അതിന്റെയൊരു ചേല്! ക്ക, യ്ക്ക എവിടെ വരാം, വരണ്ട എന്ന കാര്യം ദീര്‍ഘനാളത്തെ നിരീക്ഷണഫലമായി ഒരു ഗ്രാഫ് തന്നെ വരച്ച് ഡോ. കുഞ്ഞാപ്പു നമ്മെ ബോധ്യപ്പെടുത്തിക്കഴിഞ്ഞു. വിശിഷ്യ ക്രിയാപദജോഡികളുടെ പരാമര്‍ശം. 'ക്കയ്ക്കുന്ന കായും കക്കുന്ന കള്ളന് ഒരു പൂച്ചെണ്ടുകൂടി ഇരിക്കട്ടെ!
മറ്റു വ്യാകരണനിയമങ്ങളെക്കുറിച്ചു പറഞ്ഞാല്‍ നാം പാണിനിയുടെ ഗാഢശ്ലേഷത്തില്‍ അമര്‍ന്നിരുന്നിട്ട് ഇനി വല്യകാര്യമുണ്ടെന്നു തോന്നുന്നില്ല. കാരണം ഗദ്യശൈലിയും പ്രയോഗവുമൊക്കെ അമ്പേ, മാറിക്കഴിഞ്ഞ് പദ്യത്തിലേക്കു കടക്കാതിരിക്കയാണു ഭേദം. ഇപ്പോള്‍ നാം അക്കാര്യമൊക്കെ പറഞ്ഞാല്‍ ആധുനികര്‍ നമ്മെ ശിലായുഗക്കാരെന്നുവരെ പരിഹസിച്ചേക്കാം. ലിപിയുടെ കാര്യം പറയാനുമില്ല. 'അന്‍പത്തൊന്നക്കഷരാളി' ഒക്കെ മലകയറിപ്പൊയ്ക്കളഞ്ഞു. ഇപ്പോള്‍ കചടതപ മാത്രമായി വര്‍ഗ്ഗാക്ഷരം ചുരുക്കുകയും അനുനാസികങ്ങള്‍ ഉള്‍പ്പെടെ വെറും പത്തക്ഷരങ്ങള്‍ മാത്രം കൊണ്ട് സംഗതി കുശാലാക്കാം എന്നും മലയാളലിപിയേ വേണ്ട, തല്‍ സ്ഥാനത്ത് ABCD_Z വരെയുള്ള 26 അക്ഷരങ്ങള്‍ കൊണ്ടു മലയാളഭാഷാ പഠനം സുഗമമാക്കാം എന്നും ആലോചന മുറുകി വരുന്നകാലം!
ആശയവിനിമയമാണല്ലോ ഭാഷകൊണ്ടുദ്ദേശിക്കുന്നത്. അതുകൊണ്ട് വ്യാകരണനിയമങ്ങള്‍ പാലിക്കേണ്ടതില്ല എന്നൊരു വിവക്ഷ ഇല്ലേയില്ല. ദൂരാന്വയം, ഭാഷാപ്രയോഗത്തിലെ ശ്രദ്ധകുറവും അറിവില്ലായ്മയും ചിലപ്പോള്‍ 'ചക്കിനുവച്ചത് കൊക്കിനുകൊണ്ടു' എന്നു വരാം. അതിനാല്‍ സമസ്ത പദങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ഇരട്ടിച്ചു വേണ്ടതെവിടെ, വേണ്ടാത്തതെവിടെ, ക്രിയ, ക്രിയാനാമം, നാമം, നാമവിശേഷണം, വിശേഷണ വിശേഷ്യം, മാറ്റമില്ലാത്ത രൂപങ്ങള്‍ (അവ്യയം) സന്ധി-സമാസനിയമങ്ങള്‍ - ഇങ്ങനെ ഒരുപാടു നൂലാമാലകള്‍ ഗ്രഹിച്ചാലേ അന്തസുള്ള-തെറ്റില്ലാത്ത ഭാഷ വശഗമാകൂ.
മെനക്കെടാന്‍ തയ്യാറില്ലാത്തവര്‍ക്ക് ഇത് ചുളുവില്‍ നേടാനുള്ള വിദ്യ പറയാം മലയാളവധം ഒഴിവാക്കി ശുദ്ധമായ, ശക്തമായ, സൗന്ദര്യമുള്ള ഭാഷ സ്വായത്മാക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഏ,ആറിന്റെയോ, എം.പി.പോള്‍ , ഗുപ്തന്‍ നായര്‍, കുട്ടികൃഷ്ണമാരാര്‍ , എം.കെ. സാനു തുടങ്ങിയവരുടെയോ കൃതികള്‍ ആവര്‍ത്തിച്ചു വായിച്ചു പഠിക്കുക. പക്ഷേ, ഒന്നുണ്ട്; എത്ര കിണഞ്ഞു ശ്രമിച്ചാലും പൂര്‍ണ്ണത നേടാനാവില്ല. എന്തു കൊണ്ടെന്നല്ലേ? പൂര്‍ണ്ണമായതൊന്നും കമലാസന്‍ ഇത:പര്യന്തം ചമച്ചിട്ടില്ലാത്തതിനാല്‍ എന്നുത്തരം. എങ്കിലും ലക്ഷ്യം പൂര്‍ണ്ണതയിലേക്കാകണം. ചുളുവില്‍ എന്നു പറഞ്ഞെങ്കിലും വ്യാകരണ പഠനം കുറച്ചൊക്കെ ഒഴിവാക്കാനാവുമെന്നേ വിവക്ഷയുള്ളൂ. കഠിനാധ്വാനം കൂടാതെ ഒന്നും നേടാനാവുകയില്ല. നേടിയാല്‍ നീട്ടിക്കയുമില്ല. അതിനാല്‍ ആവശ്യമായ ഇച്ഛാശക്തി ആദ്യം സംഭരിക്കുക.
മംഗളം ഭവ!

'യ്ക്ക' യുടെ പോക്കും 'ക്ക' യുടെ വരവും: അമേരിയ്ക്ക അമേരിക്ക ആയ കഥ  (Dr Joy Kunjappu)

'ക്ക' വന്ന വഴിയും 'യ്ക്ക' പോയ പോക്കും: ഒരു അക്ഷര വിവാദം (Thresiamma Nadavallil)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക