Image

ജനപക്ഷ ശബ്ദമായി തോമസ് റ്റി ഉമ്മന്‍ ഫോമാ നാഷല്‍ കമ്മറ്റിയിലേയ്ക്ക് മല്‍സരിക്കുന്നു (എ. എസ് ശ്രീകുമാര്‍)

Published on 02 July, 2016
ജനപക്ഷ ശബ്ദമായി തോമസ് റ്റി ഉമ്മന്‍ ഫോമാ നാഷല്‍ കമ്മറ്റിയിലേയ്ക്ക് മല്‍സരിക്കുന്നു (എ. എസ് ശ്രീകുമാര്‍)
അമേരിക്കന്‍ മലയാളികളുടെ ഇഷ്ടകൂട്ടായ്മയ്ക്ക് കരുത്തും സംഘബോധവും പകരുന്ന ഫോമയുടെ ഫ്‌ളോറിഡ കണ്‍വന്‍ഷന് ഭദ്രദീപം തെളിയാന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രം. കണ്‍വന്‍ഷനോടനുബന്ധിച്ച് പുതിയ ഭരണ സമിതിയെ തിരഞ്ഞെടുക്കാനുള്ള അവസരവും പതിവുപോലെ വോട്ടര്‍മാര്‍ക്ക് കൈവന്നിരിക്കുന്നു. ഇവിടെ കലശലായ പ്രചാരണ കോലാഹലത്തിന്റെ അതിപ്രസരമോ അമിതമായ സ്ഥാനമോഹത്തിന്റെ ഗീര്‍വാണമോ ഇല്ലാതെ അമേരിക്കന്‍ മലയാളി സമൂഹത്തിലെ ആദരിക്കപ്പെടേണ്ട ഒരു സൗമ്യ സാന്നിദ്ധ്യം, തീരുമാനങ്ങളുടെയും ജനപക്ഷ നിലപാടുകളുടെയും വിജയം വരിച്ച ഇടപെടലുകളുടെയും അടയാളത്തില്‍ ഫോമയുടെ നാഷണല്‍ കമ്മിറ്റിയിലേയ്ക്ക് ജനവിധി തേടുന്നു. കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ പാരമ്പര്യ ഖദര്‍ ധരിച്ച തിരുവല്ല തോട്ടത്തില്‍ തറവാട്ടിലെ തോമസ് റ്റി ഉമ്മന്‍...ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ കേരള ചാപ്റ്റര്‍ നാഷണല്‍ ചെയര്‍മാനായ ഇദ്ദേഹം ഡല്‍ഹിയിലെ എ.ഐ.സി.സിയുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുന്ന ശ്രദ്ധേയനായ പൊതുപ്രവര്‍ത്തകനാണ്.

നാട്ടിലെ പാര്‍ട്ടി പ്രവര്‍ത്തനത്തിന്റെ ഹാങ് ഓവറുമായി 42 വര്‍ഷം മുമ്പ് അമേരിക്കയിലെത്തി ജോലിയില്‍ പ്രവേശിച്ച് ജീവിതം കെട്ടിപ്പടുക്കുമ്പോള്‍ തന്റെ രക്തത്തിലലിഞ്ഞു ചേര്‍ന്ന രാഷ്ട്രീയ പ്രബുദ്ധതയുടെ പിന്‍ബലത്തില്‍ തോമസ് റ്റി ഉമ്മന്‍ മാതൃകാപരവും അനുകരണീയവുമായ ജനസേവന പന്ഥാവാണ് കര്‍മഭൂമിയില്‍ വെട്ടിത്തെളിച്ചത്. ഫോമയുടെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍ക്ക് ജനകീയ മുഖം നല്‍കാന്‍ പ്രതിജ്ഞാബദ്ധമായ മനസും ശരീരവുമായി സജീവസാന്നിധ്യമറിയിക്കുന്ന ഈ മുതില്‍ന്ന നേതാവിനോട് സംവദിക്കാന്‍ ഈ മലയാളിക്ക് അവസരം ലഭിച്ചത് സ്‌നേഹത്തോടെ പങ്കുവയ്ക്കുന്നു. എന്തുകൊണ്ട് ഫോമയുടെ നാഷണല്‍ കമ്മിറ്റിയിലേയ്ക്ക് മല്‍സരിക്കുന്നു എന്ന ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി ഇപ്രകാരമായിരുന്നു...

“ഒരു പ്രസ്ഥാനത്തിന്റെ പ്രസിഡന്റോ ജനറല്‍ സെക്രട്ടറിയോ ആയി സ്ഥാനമേറ്റ് പ്രവര്‍ത്തിച്ചു കഴിഞ്ഞാല്‍ ആ നിയോഗത്തിന്് ചില ലിമിറ്റേഷന്‍ ഉണ്ടെന്ന് ഞാന്‍ കരുതുന്നു. പ്രസിഡന്റായി ഇരുന്നു കഴിഞ്ഞാല്‍ ആരെയും പിണക്കാതെ പറയുകയും പ്രവര്‍ത്തിക്കുകയും വേണം. കാരണം എന്റെ ഒരു തീരുമാനം നടപ്പാക്കാന്‍ കൂടുതല്‍ ഭൂരിപക്ഷം കിട്ടണം. അപ്പോള്‍ ഞാന്‍ വളരെ ഡിപ്ലോമാറ്റിക്കായേ സംസാരിക്കൂ. അതേ സമയം ഒരു കമ്മിറ്റി മെമ്പറാവുമ്പോള്‍ വിമര്‍ശനാത്മകമായി സംസാരിക്കാനും അഭിപ്രായ പ്രകടനങ്ങള്‍ നടത്താനുമുള്ള പൂര്‍ണ സ്വാതന്ത്ര്യമുണ്ട്...” അതെ, തോമസ് റ്റി ഉമ്മനെപ്പോലുള്ള പൊതു പ്രവര്‍ത്തകര്‍ ജനക്ഷേമകരമായേ സംസാരിക്കുകയും പ്രവര്‍ത്തിക്കുകയുമുള്ളു. അതിന് ഫോമായുടെ പരമപദത്തിന്റെ ആവശ്യം അദ്ദേഹത്തിനില്ല. വര്‍ഷങ്ങളുടെ പൊതു സേവന സപര്യയില്‍ നിന്ന് ആര്‍ജിച്ച അനുഭവ പാഠങ്ങള്‍ പറയാന്‍ ഒരു കമ്മിറ്റി അംഗത്തിന്റെ കസേര മാത്രം മതി അദ്ദേഹത്തിന്.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മുന്‍ മന്ത്രിമാരായ കെ.സി. ജോസഫ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉള്‍പ്പെടെയുള്ള വിഖ്യാത കോണ്‍ഗ്രസ് നേതാക്കളുടെ സമകാലികനായി അഖില കേരള ബാലജനസഖ്യത്തിലെ പ്രവര്‍ത്ത മികവാണ് തോമസ് റ്റി ഉമ്മനെ വ്യതിരിക്തനാക്കുന്നത്. തിരുവല്ല നഗരത്തിലെ പുരാതനമായ തോട്ടത്തില്‍ വീട്ടിലെ റ്റ.ഒ ഉമ്മന്‍-ചിന്നമ്മ ദമ്പതികളുടെ ഏഴുമക്കളില്‍ രണ്ടാമനായ തോമസ് റ്റി ഉമ്മന്‍ 1964 കാലഘട്ടത്തില്‍ അഖില കേരള ബാലജനസഖ്യം തിരുവല്ല യൂണിയന്റെ പ്രസിഡന്റായിരുന്നു. സോഷ്യല്‍ സര്‍വീസ് ലീഗിലും സജീവമായി പ്രവര്‍ത്തിച്ചു. പഠനകാലത്ത് കെ.എസ്.യുവിലും യൂത്ത് കോണ്‍ഗ്രസിലും ഊര്‍ജ്വസ്വലമായ സാന്നിധ്യമറിയിച്ച ഇദ്ദേഹം ട്രേഡ് യൂണിയന്‍ രംഗത്തും തൊഴില്‍ സൗഹൃദത്തിന്റെ നേതൃപാടവം കാഴ്ചവച്ചു. ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജ് യൂണിയന്‍ ജനറല്‍ സെക്രട്ടറി പദം വഹിച്ച തോമസ് റ്റി ക്ക് ബിരുദ പഠനത്തിനു ശേഷം തിരുവനന്തപുരം ലോ കോളേജില്‍ പ്രവേശനം ലഭിച്ചെങ്കിലും പിതാവിന്റെ അപ്രതീക്ഷിത വിയോഗത്തെ തുടര്‍ന്ന് കുടുംബത്തിന്റെ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റാന്‍ ജോലി തേടി അമേരിക്കയിലെത്തേണ്ടി വന്നു. 

ഇവിടെ 1974ല്‍ ഇറങ്ങിയ തോമസ് റ്റി ഉമ്മന്‍ ന്യൂയോര്‍ക്ക് സ്റ്റേറ്റിന്റെ ബിസിനസ് ഓഫീസറായി 40 കൊല്ലം സേവനമനുഷ്ഠിച്ചു. സര്‍ക്കാര്‍ സേവനത്തില്‍ നിന്ന് വിരമിച്ച ശേഷം സ്റ്റേറ്റിന്റെ കോണ്‍ട്രാക്ടുകളുടെ ലീഗല്‍ കണ്‍സള്‍ട്ടന്റായി പ്രവര്‍ത്തിക്കുന്നു. ലോങ് ഐലന്റ് മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ (ലിംക) രൂപീകരിച്ചുകൊണ്ടാണ് തോമസ് റ്റി ഉമ്മന്‍ കര്‍മഭൂമിയിലെ തന്റെ സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് അസ്ഥിവാരമിട്ടത്  ലിംകയുടെ സ്ഥാപക പ്രസിഡന്റായി രണ്ടു വര്‍ഷം വിജയകരമായ പരിപാടികളിലൂന്നി പ്രവര്‍ത്തിച്ചു. ഈ സമയം ഇവിടുത്തെ പബ്‌ളിക് ലൈബ്രറിയില്‍ മലയാളമറിയാത്ത കുട്ടികള്‍ക്ക് മാതൃഭാഷ പഠിപ്പിക്കുന്ന മഹത് സംരംഭത്തിനും അദ്ദേഹം മുന്നിട്ടിറങ്ങി. ഇന്ന് ഓണ്‍ലൈനായി മലയാളം ക്ലാസിന് പിന്തുടര്‍ച്ചയുണ്ട്. 

ഫൊക്കാന രൂപീകരിച്ചപ്പോള്‍ ലിംക അതില്‍ അംഗത്വമെടുത്തു. ഫൊക്കാനയുടെ റിലിജിയസ് ഹാര്‍മണി കമ്മറ്റിയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ തോമസ് റ്റി ഉമ്മന്‍, മനുഷ്യാവകാശത്തിനു വേണ്ടി നിലകൊള്ളുന്ന ഇന്ത്യന്‍ ക്രിസ്ത്യന്‍ ഫോറത്തിന്റെ പ്രസിഡന്റായി ആഗോളതലത്തില്‍ നടക്കുന്ന മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്കെതിരെ ശ്രദ്ധേയമായ പ്രതിഷേധ പരിപാടികള്‍ക്ക് കരുത്തുറ്റ നേതൃത്വം നല്‍കി. അതിലൊന്നായിരുന്നു ഗ്രഹാം സ്റ്റെയിന്‍സിന്റെയും കുടുംബത്തിന്റെയും ക്രൂരമായ കൊലപാതം സംബന്ധിച്ച പ്രതിഷേധം. ഐക്യരാഷ്ട്രസഭയുടെ ന്യൂയോര്‍ക്കിലെ ആസ്ഥാനത്ത്, കാലം ചെയ്ത മക്കാറിയോസ് തിരുമേനി, ബര്‍ണാബസ് തിരുമേനി ഉള്‍പ്പെടെയുള്ള മതമേലധ്യക്ഷന്‍മാരെയും സാമൂഹിക പ്രവര്‍ത്തകരെയും അണിനിരത്തി തോമസ് റ്റി ഉമ്മന്‍ സംഘടിപ്പിച്ച വന്‍പിച്ച ജനകീയ പ്രതിഷേധം. സിറിയയില്‍ രണ്ട് തിരുമേനിമാരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയപ്പോള്‍ യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍കി മൂണിനെ നേരിട്ടുകണ്ട് നിവേദനം സമര്‍പ്പിക്കുകയും ചെയ്തത് തന്റെ മനുഷ്യാവകാശ പ്രവര്‍ത്തത്തിലെ മറ്റൊരധ്യായമാണ്. മാര്‍ത്തോമാ, കാത്തലിക്, മലങ്കര, ഓര്‍ത്തഡോക്‌സ്, പെന്തക്കോസ്ത് തുടങ്ങിയ വിവിധ വിഭാഗങ്ങളിലെ മതമേലധ്യക്ഷന്‍മാരെയും വിശ്വാസത്തിലെടുത്തുകൊണ്ടുള്ള ഇന്ത്യന്‍ ക്രിസ്ത്യന്‍ ഫോറത്തിന്റെ നേതൃപദവിയില്‍ ഇന്നും തോമസ് റ്റി ഉമ്മന്‍ തുടരുന്നു. ഇക്കഴിഞ്ഞ ജൂണ്‍ 19ന് സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭാതലവന്‍ പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയന്‍ ബാവയയ്ക്ക് നേരെ നടന്ന ചാവേര്‍ ആക്രമണത്തില്‍ ഫോറത്തിന്റെ പ്രതിഷേധം ശ്രദ്ധിക്കപ്പെട്ടു.

ഫൊക്കാന പിളര്‍ന്ന് ഫോമാ രൂപീകരിക്കപ്പെട്ടപ്പോള്‍ ഫോമയുടെ പൊളിറ്റിക്കല്‍ ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ട തോമസ് റ്റി ഉമ്മന്‍ ഓ.സി.ഐ കാര്‍ഡ്, പാസ്‌പോര്‍ട്ട് സറണ്ടര്‍ തുടങ്ങിയ വിഷയങ്ങളില്‍ ഇന്ത്യാ ഗവണ്‍മെന്റുമായി ഇടപെട്ട് അനുകൂല തീരുമാനങ്ങള്‍ എടുപ്പിച്ചു. ഇടുസംബന്ധിച്ച് 2010ല്‍ നടത്തിയ പ്രതിഷേധം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുകയും പ്രസ്തുത വിഷയങ്ങളില്‍ അമേരിക്കന്‍ മലയാളികള്‍ ഉള്‍പ്പെയെയുള്ളവര്‍ക്ക് അനുകൂലമായ ചില തിരുത്തലുകള്‍ നടത്തുകയും ചെയ്തു. ഈ പോരാട്ട വിജയത്തെ അനുമോദിച്ചുകൊണ്ട് അംബാസിഡര്‍ ടി.പി ശ്രീനിവാസന്‍ പറഞ്ഞത് ഇപ്രകാരമാണ്... ““പ്രവാസികള്‍ ശക്തമായി പ്രതികരിക്കാന്‍ വൈമുഖ്യം കാണിക്കാത്ത സമൂഹമാണെന്ന് ഈ പ്രതിഷേധത്തിലൂടെ തെളിയിക്കപ്പട്ടിരിക്കുന്നു...”” ഇക്കുറി പ്രധാനമന്ത്രി നരേന്ദ്ര മോഡി അമേരിക്കയിലെത്തിയപ്പോള്‍ കേരള സമൂഹത്തെ പ്രതിനിധീകരിച്ച് തോമസ് റ്റി ഉമ്മന്‍, വിസ ഓണ്‍ അറൈവലിന് അമേരിക്കയെ കൂടി ഉള്‍പ്പെടുത്തണമെന്ന നിവേദനം മോഡിക്ക് നേരിട്ട് നല്‍കുകയും അദ്ദേഹവുമായി ആശയവിനിമയം നടത്തുകയുമുണ്ടായി.
ഫോമായുടെ നാഷണല്‍ കമ്മിറ്റിയില്‍ അവതരിപ്പിക്കാന്‍ അടിയന്തിര പ്രാധാന്യമുള്ള ചില വിഷയങ്ങള്‍...കര്‍മപരിപാടികള്‍ തോമസ് റ്റി ഉമ്മന്‍ അക്കമിട്ട് നിരത്തുന്നു...

*ആദ്യകാല പ്രവാസികള്‍ നേരിടുന്ന ഗുരുതരമായ വിഷയങ്ങളാണ് ഒന്ന്. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഇവിടെയെത്തി ഊര്‍ജസ്വലമായി പ്രവര്‍ത്തിച്ച അന്നത്തെ യുവജനങ്ങളില്‍ പലരും ഇന്ന് നിരാലംബരാണ്. പ്രായാധിക്യത്താലും രോഗത്താലുമൊക്കെ അവശതയനുഭവിക്കുന്ന നമ്മുടെ പൂര്‍വകാല കുടിയേറ്റക്കാരെ കരുതാനുള്ള സംവിധാനമില്ല. അതിനെപ്പറ്റി ചിന്തിക്കാന്‍ പോലും സംഘടകള്‍ തയ്യാറാവുന്നില്ല. മക്കളാരും അടുത്തില്ലാതെ കടുത്ത ഏകാന്തതയനുഭവിക്കുന്ന മുതിര്‍ന്നവരെ വേണ്ട വിധത്തില്‍ കരുതുന്ന ഒരു സംവിധാനം വേണമെന്ന് ഈ പ്രസ്ഥാനങ്ങളൊക്കെ തുടങ്ങിവച്ചവരുടെ പേരിലെങ്കിലും പറയാന്‍ സാധിക്കണം. ഇപ്പോ ഫാദേഴ്‌സ് ഡേയും മദേഴ്‌സ് ഡേയുമൊക്കെ ആഘോഷത്തിന്റെ പേരില്‍ കൊണ്ടാടുമ്പോള്‍ മാത്രമേ പലരും അതെക്കുറിച്ച് ചിന്തിക്കൂ. ഈ ദയനീയ സ്ഥിതി പാടേ മാറ്റി പ്രായമായവരെ പുനരധിവസിപ്പിക്കേണ്ടതുണ്ട്.

*പ്രവാസികളുടെ നാട്ടിലെ വസ്തുവകകള്‍ക്ക് സംരക്ഷണം നല്‍കുക. ഇതിനായി ഫോമായില്‍ പ്രവാസി പ്രൊട്ടക്ഷന്‍ കമ്മിറ്റി ഉണ്ട്. അതിന്റെ പ്രവര്‍ത്തനം ഊര്‍ജ്വസ്വലമായി കൊണ്ടുപോകാനും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെ കൊണ്ട് അടിയന്തിര തീരുമാനമെടുപ്പിക്കാനും സാധിക്കണം.

*പുതുതലമുറയ്ക്ക് ജന്മനാടും മാതൃഭാഷയുമായുള്ള ബന്ധം ആവും വിധം ശക്തിപ്പെടുത്തണം.

*എച്ച് വണ്‍ പോലുള്ള ജോബ് വിസയില്‍ പുതുതായി അമേരിക്കയിലെത്തുന്ന ചെറുപ്പക്കാര്‍ക്ക് ഇവിടുത്തെ നിയമങ്ങള്‍ അറിയില്ല. സോഷ്യല്‍ മീഡിയയിലൂടെ അവര്‍ അബദ്ധങ്ങളില്‍ ചെന്നു ചാടുന്നു. പണ്ട് പ്രശ്‌നമില്ലായിരുനനു. അന്ന് മാതാപിതാക്കളോടൊത്താണ് മക്കള്‍ എത്തിയിരുന്നത്. ഇന്ന് മാതാപിതാക്കളില്ലാതെയാണ് ചെറുപ്പക്കാര്‍ വരുന്നത്. അതിനാല്‍ കൃത്യമായ മാര്‍ഗനിര്‍ദേശം അവര്‍ക്ക് ലഭിക്കുന്നില്ല. ഇത്തരക്കാരെ ബോധവത്ക്കരിക്കുകയെന്നതും അടിയന്തര പ്രാധാന്യമര്‍ഹിക്കുന്ന വിഷയമാണ്.

*സംഘടനയില്‍ യുവജനങ്ങളുടെ പ്രാതിനിധ്യത്തോടൊപ്പം അനുഭവസമ്പന്നരായ മുതിര്‍ന്നവരുടെ സാന്നിദ്ധ്യമുറപ്പുവരുത്തണം. അവര്‍ക്കേ യുവജന പ്രാതിനിധ്യമുള്ള ഒരു ടീമിനെ, വേണ്ട ഉപദേശ നിര്‍ദേശങ്ങശ് നല്‍കി വിജയത്തിലേയ്ക്ക് നയിക്കാനാവൂ...

***
പരിണതപ്രജ്ഞനായ തോമസ് റ്റി ഉമ്മന്‍ പറഞ്ഞത് ഇത്രയുമാണെങ്കില്‍ ഇനിയുമേറെ വിഷയങ്ങള്‍ അദ്ദേഹത്തിന്റെ മനസില്‍ അവതരണക്ഷമതയോടെ കുടികൊള്ളുന്നുണ്ട്. അവ യഥോചിതം അവതരിപ്പിച്ച് ഫലപ്രാപ്തിയിലെത്തിക്കാന്‍ ഫോമാ നാഷണല്‍ കമ്മിറ്റിയിലേയ്ക്കുള്ള വിജയം അനിവാര്യമാണ്. തോമസ് റ്റി ഉമ്മന്റെ രാഷ്ട്രീയ പ്രവര്‍ത്തന പാരമ്പര്യവും സംഘാടക ശേഷിയും സാമൂഹഹിക ബോധവും ഫോമയ്ക്ക് മുതല്‍ക്കൂട്ടാവുമെന്ന് അദ്ദേഹത്തിന്റെ മുന്‍കാല പ്രവര്‍ത്തനങ്ങള്‍ തന്നെ സാക്ഷ്യം പറയുന്നു. തിരുവല്ല, കവിയൂര്‍ സ്വദേശിനിയായ സാറാമ്മയെന്ന ലിസിയാണ് ഭാര്യ. സ്പീച്ച് പതോളജിസ്റ്റും അധ്യാപികയുമായ ലീനയാണ് മകള്‍. മിലിറ്ററി സര്‍വീസില്‍ നിന്നും വിരമിച്ച് ആര്‍ക്കിടെക്റ്റായി ജോലി ചെയ്യുന്ന ജസ്റ്റിന്‍ മകനാണ്. ഫ്‌ളോറിഡയിലെ പേരെടുത്ത അറ്റോര്‍ണി സഞ്ജയ്, റ്റാമി എന്നിവര്‍ മരുക്കള്‍.

ജനപക്ഷ ശബ്ദമായി തോമസ് റ്റി ഉമ്മന്‍ ഫോമാ നാഷല്‍ കമ്മറ്റിയിലേയ്ക്ക് മല്‍സരിക്കുന്നു (എ. എസ് ശ്രീകുമാര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക