Image

ഫൊക്കാന ഇലക്ഷന് വിനയായത് സ്ഥല-സമയ പരിമതി

സുധാ കര്‍ത്താ Published on 08 July, 2016
ഫൊക്കാന ഇലക്ഷന് വിനയായത് സ്ഥല-സമയ പരിമതി
വളരെ ഭംഗിയായി പര്യവസാനിച്ച ഫൊക്കാന കണ്‍വന്‍ഷനില്‍ 2016-18 കാലയളവിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കാതിരുന്നത് അവസാന ദിവസത്തേക്ക് തിരഞ്ഞെടുപ്പ് സമയം ക്രമീകരിച്ചതുകൊണ്ടായിരുന്നു. തിരഞ്ഞെടുപ്പ് നടക്കാതിരിക്കുന്നതിനുള്ള ഊഹ കാരണമായി പലരും ചിത്രീകരിച്ചത് സംഘടനയിലെ ഗ്രൂപ്പുവഴക്കും ഭിന്നതയും ആയിരിക്കാമെന്നാണ്. ഇത് തികച്ചും സാങ്കല്പികവും സത്യവിരുദ്ധവുമാണ്.

കണ്‍വന്‍ഷന്റെ അവസാനദിവസം ഉച്ചയോടെ ഒരു മണിക്കാണ് ജനറല്‍ കൗണ്‍സില്‍ മീറ്റിംങ്ങും ഇലക്ഷനും വേണ്ടി മൂന്നരമണിക്കൂര്‍ നീക്കിവച്ചിരുന്നത്. നാലുമണിക്കൂര്‍ മുതല്‍ ആറുമണിക്കൂര്‍ വരെ സാധാരണ നീളുന്ന ജനറല്‍ കൗണ്‍സിലും ഇലക്ഷനും വെറും മൂന്നരമണിക്കൂര്‍ കൊണ്ട് സാധിക്കാമെന്നു കരുതുന്നത് തികച്ചും അവിശ്വസനീയമാണ്. രണ്ടാം ദിവസം രാവിലെ എട്ടിനോ ഒന്‍പതിനോ മണിക്ക് നടത്തുന്നതിനു പകരം അവസാനദിവസം ഉച്ചക്കാക്കിയത് സമയനിഷ്ഠ പാലിക്കുന്നതിന് അതിലേറെ ബുദ്ധിമുട്ടായി. ഉച്ചയ്ക്ക് ഒരു മണിക്ക് തുടങ്ങേണ്ടിയിരുന്ന ഡയറക്ടര്‍ ബോര്‍ഡ് കഷ്ടിച്ച് കോറം തികഞ്ഞത് രണ്ടരമണിയോടെയാണ്. റോള്‍ കോള്‍ നടത്തി, മീറ്റിംങ്ങിന്റെ അജണ്ട നിശ്ചയിക്കുവാന്‍ അരമണിക്കൂറിലേറെ വീണ്ടുമെടുത്തു. തുടര്‍ന്ന് പ്രസിഡന്റിന്റെ ആമുഖപ്രസംഗവും ജനറല്‍ സെക്രട്ടറിയുടെ വാര്‍ഷീക റിപ്പോര്‍ട്ട് വായനയുമായി അടുത്ത ഒന്നര മണിക്കൂര്‍. ഇതോടെ മണി മുന്നേമുക്കാല്‍. അജണ്ടയിലെ പ്രധാന ഇനങ്ങളായ ഭരണഘടനാ ഭേദഗതി, അജണ്ടയിലെ മറ്റു പ്രധാന വിഷയങ്ങള്‍, പൊതുയോഗ ചര്‍ച്ചകള്‍, ഇലക്ഷന്‍ ഇവക്കെല്ലാമായി ശേഷിച്ചത് അരമണിക്കൂര്‍ മാത്രം. ഇലക്ഷന്‍ ഉണ്ടായ വര്‍ഷങ്ങളില്‍ നടപടി ക്രമങ്ങള്‍ക്കും വോട്ടുരേഖപ്പെടുത്തുവാനും മാത്രമായി വേണ്ടി വരുന്നത് രണ്ടു മണിക്കൂറിലേറെയാണ്.

ഇതാദ്യമായിട്ടല്ല വിവാദവിഷയങ്ങള്‍ അജണ്ടയില്‍ സ്ഥാനം പിടിക്കാറ്. അജണ്ടയിലെ പ്രധാന ചര്‍ച്ച ചില അംഗസംഘടനകളുടെ അംഗത്വം അനുവദിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങളായിരുന്നു. മുന്‍പില്ലാത്ത സ്ഥിതി വിശേഷമായതിനാല്‍, ഭരണഘടനയനുസരിച്ച് ചര്‍ച്ചയിലൂടെ പ്രശ്‌നപരിഹാരത്തിന് അവശേഷിച്ചത് വെറും പതിനഞ്ചുമിനിട്ട് മാത്രം.

ഇതിലേറെ സങ്കീര്‍ണ്ണമായ പ്രശ്‌നങ്ങള്‍ അജണ്ടയില്‍ വന്നിട്ടും സഹിഷ്ണുതയിലൂടെയും സമവായത്തിലൂടെയും പരിഹാരം കണ്ടെത്തിയ സംഘടനയാണ് ഫൊക്കാന. നടപടിക്രമങ്ങളില്‍ അപാകതയുണ്ടെങ്കില്‍ ചൂണ്ടിക്കാണിക്കുക, സംശയദൂരീകരണത്തിനായി വിഷയങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യുക, സംഘടനാ പ്രതിനിധികള്‍ക്ക് അഭിപ്രായം തുറന്നു പറയുവാനുള്ള സാഹചര്യമൊരുക്കുക തുടങ്ങി വിഷയങ്ങള്‍ ഒരു ജനറല്‍ കൗണ്‍സിലില്‍ മാത്രം പ്രതിപാദിക്കാവുന്ന വിഷയങ്ങളാണ്. ഇതെല്ലാം ജനാധിപത്യപ്രക്രിയയുടെ അടിസ്ഥാന നടപടിക്രമങ്ങളാണ്.
അഞ്ചുമണിക്ക് ബാങ്ക്വറ്റ് തുടങ്ങേണ്ടിയിരിക്കേ, നാലര മണിക്കെങ്കിലും മീറ്റിംങ്ങ് അവസാനിപ്പിക്കുവാന്‍ ഭാരവാഹികള്‍ ശ്രമിക്കുകയായിരുന്നു. അതുകൊണ്ടുതന്നെ മീറ്റിംഗ് ഹാള്‍ നാലരവരെയെ ബുക്ക് ചെയ്തിരുന്നുവത്രെ. ഭാരവാഹികളുടെ അഭ്യര്‍ത്ഥന ഉത്തമ വിശ്വാസത്തിലെടുത്ത്, സഹകരിക്കാതെ ഫൊക്കാനാ പ്രതിനിധികള്‍ക്ക് സംഘടനാ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുവാനും പരിഹാരം കണ്ടെത്തുന്നതിനുമുള്ള ഏകവേദിയാണ് ജനറല്‍ കൗണ്‍സില്‍. ഈ സമയ പരിമിതി പ്രതിനിധികളെ കടുത്ത നിരാശയിലേക്കാണ് തള്ളിവിട്ടത്.

ഇടക്ക് കയറി സംസാരിക്കുക, ഉച്ചത്തില്‍ സംസാരിക്കുക, പ്രോട്ടോക്കോള്‍ അനുസരിക്കാതിരിക്കുക തുടങ്ങിയവ ഒട്ടു മിക്ക മലയാളി സംഘടനകളിലും പതിവായി കാണാറുള്ളതാണ്. മൂന്നു പതിറ്റാണ്ടു പിന്നിട്ടും ഫൊക്കാനയും ഈ കാര്യത്തില്‍ ഭിന്നമല്ല എന്നത് വേദനാജനകമാണ്. എങ്കില്‍ ഒരു കാര്യം വസ്തുതയാണ്. അഭിപ്രായഭിന്നതയോ ഗ്രൂപ്പുവഴക്കോ ഒന്നുമല്ല ഇലക്ഷന്‍ നടക്കാതെ പോകുവാന്‍ കാരണമായത്. ആവശ്യമായ സമയവും മീറ്റിങ്ങിനുള്ള സ്ഥലസൗകര്യവും വേണ്ട പോലെ ക്രമീകരിക്കാതിരുന്നതാണ് ജനറല്‍ കൗണ്‍സിലും ഇലക്ഷനും നീട്ടിവെക്കേണ്ടതായി വന്നത്.

കഴിഞ്ഞ വാരാന്ത്യത്തില്‍ ടൊറോന്റോയില്‍ അരങ്ങേറിയ ഫൊക്കാന കണ്‍വന്‍ഷന്‍ വളരെ മനോഹരവും വര്‍ണ്ണോജ്വലവുമായിരുന്നു. സാഹിത്യസമ്മേളനങ്ങളാലും താരപ്രഭയാലും സെമിനാറുകള്‍, സ്‌പെല്ലിങ്ങ് ബീ-സ്റ്റാര്‍ സിംഗര്‍ മത്സരങ്ങള്‍ തുടങ്ങി വിവിധ പരിപാടികള്‍ ഉള്‍ക്കൊള്ളിച്ചിരുന്നു. ഫൊക്കാനയും മൂന്നു ദശകക്കാലത്തെ ചരിത്രത്തില്‍ സ്വര്‍ണ്ണലിപിയില്‍ എഴുതപ്പെട്ട മലയാളി മാമാങ്കമായി മാറി ടൊറാന്റോ കണ്‍വന്‍ഷന്‍.

അഭിപ്രായ വ്യത്യാസങ്ങളുണ്ടായപ്പോഴെല്ലാം, സഹിഷ്ണുതയുടേയും സമവായത്തിലൂടെയും ചര്‍ച്ച ചെയ്തു പരിഹരിക്കുവാനുള്ള ആത്മവിശ്വാസവും ദൃഢനിശ്ചയവും ഓരോ ഫൊക്കാന പ്രവര്‍ത്തകനുമുണ്ട്. സമയബന്ധിതവും ഉചിതവും പക്വതയാര്‍ന്നതുമായ സമീപനത്തിലൂടെയും പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുവാന്‍ ഫൊക്കാന നേതൃത്വത്തിന് സാധിക്കുമെന്ന് പ്രത്യാശിക്കുന്നു.

ഫൊക്കാന ഇലക്ഷന് വിനയായത് സ്ഥല-സമയ പരിമതി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക