Image

ടീം വര്‍ക്കും അര്‍പ്പണ ബോധവും കൈമുതലായി ബെന്നി വാച്ചാച്ചിറയും ജിബി തോമസും അമരത്തേക്ക്

Published on 08 July, 2016
ടീം വര്‍ക്കും അര്‍പ്പണ ബോധവും കൈമുതലായി ബെന്നി വാച്ചാച്ചിറയും ജിബി തോമസും  അമരത്തേക്ക്
ബെന്നി വാച്ചാച്ചിറയും ജിബി തോമസുംഫോമാ പ്രസിഡന്റും സെക്രട്ടറിയുമാകുന്നതോടേ ഒരേ മനസാടെ പ്രവര്‍ത്തിക്കുന്ന രണ്ടു നേതാക്കളെയാണു മലയാളി സമൂഹത്തിനു ലഭിക്കുക. 

വ്യക്തമായ കാഴ്ചപ്പാടും പ്രവര്‍ത്തനങ്ങളുടെ രൂപരേഖയും മുന്‍പേ തയ്യാറാക്കിയാണു അവര്‍ മല്‍സര രംഗത്ത് വരുന്നത് തന്നെ. സ്ഥാനമേറ്റു കഴിഞ്ഞാല്‍ ഏതിനു മുന്‍ ഗണന നല്കണമെന്നതു പോലും അവര്‍ ചിന്തിച്ചുറപ്പിച്ചിരിക്കുന്നു എന്നത് മലയാളി സമൂഹത്തിനു ഗുണകരമാകും

ഫോമായുടെ ഫിലഡഫിയ കണ്‍ വന്‍ഷന്‍ നടക്കുമ്പോള്‍ തന്നെ 2018-ലെ സാരഥി ബെന്നി വാച്ചാച്ചിറയും കണ്‍ വന്‍ഷന്‍ വേദി ചിക്കാഗോയും എന്നു പൊതുവെ ധാരണ ഉണ്ടായിരുന്നു. പിന്നീട് ചിക്കാഗോ റീജിയന്‍ യോഗം ബെന്നിയെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി ഐക്യകണ്‌ഠ്യേന പ്രഖ്യാപിക്കുകയും ചെയ്തു.

മൂത്ത ജ്യേഷ്ഠന്‍ ജോയി വാച്ചാച്ചിറ നേരത്തെ അവിഭക്ത ഫൊക്കാനാ പ്രസിഡന്റായി മത്സരിച്ചിരുന്നു. പിന്നീട് ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍ ആയി.

മൂന്നു പതിറ്റാണ്ടുമുമ്പ് അമേരിക്കയിലെത്തിയ ബെന്നി ചിക്കാഗോ ട്രാന്‍സിറ്റിലെ ഉദ്യോഗസ്ഥനാണ്. ഫോമ പ്രസിഡന്റ് സ്ഥാനം ഒരു മുഴുവന്‍ സമയ ജോലി ആയിരിക്കുമെന്നും അതിനാല്‍ ഔദ്യോഗിക ജോലിയില്‍ നിന്നു ഡിസംബറില്‍ വിരമിക്കുമെന്നും ബെന്നി പറയുകുയുണ്ടായി.

സാധാരണക്കാരായ അമേരിക്കന്‍ മലയാളികളുടെ സംഘടനയാണ് ഫോമ. അവരുടെ നിത്യജീവിതത്തിലെ പ്രശ്‌നങ്ങളില്‍ ആശ്രയിക്കാവുന്ന സംഘടനയായി ഫോമ മാറണമെന്നാണ് തന്റെ കാഴ്ചപ്പാടെന്ന് ബെന്നി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. നാം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ ഓരോ സമയത്തും ഓരോന്നായിരിക്കും. ചിലപ്പോള്‍ പാസ്‌പോര്‍ട്ട് വിസ സംബന്ധിച്ചാകും. ചിലപ്പോള്‍ ജോലി സംബന്ധവും വിവേചനപരവും ആകാം. അതിനു പുറമെ നമ്മുടെ പുതിയ തലമുറ നേരിടുന്ന പ്രശ്‌നങ്ങള്‍. ഇക്കാര്യത്തിലൊക്കെ ശക്തമായ ഒരു കേന്ദ്ര സംഘടനയ്ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയും. എല്ലാവരേയും ഉള്‍ക്കൊള്ളിക്കുക എന്നതാണ് തന്റെ പ്രധാന വീക്ഷണം.

റോച്ചസ്റ്റര്‍ കണ്‍വന്‍ഷനു ശേഷമാണ് സമ്മേളനങ്ങളില്‍ ആള്‍ കുറയാന്‍ തുടങ്ങിയത്. മത സംഘടനകളുടെ കണ്‍വന്‍ഷനുകളുടെ ആധിപത്യം വന്നത് ഇതിന്റെ പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. എന്നാല്‍ എല്ലാവരും ഒരുമിച്ചു ചേരാനുള്ള വേദിയാണ് ഫോമ. അതിനാല്‍ ഭിന്നതയ്ക്കപ്പറമുള്ള ഐക്യബോധവുമായി നാം ഒത്തുചേര്‍ന്നാലേ നേട്ടങ്ങളും ഉണ്ടാകൂ. എല്ലാവരേയും ഒരു കുടക്കീഴില്‍ അണിനിരത്തുക എന്നതുതന്നെയായിരിക്കും തന്റെ ദൗത്യം.

ഇതുവരെയുള്ള ഫോമ നേതാക്കള്‍ തുടങ്ങിവെച്ച നല്ലകാര്യങ്ങളൊക്കെ തുടരണം. ഗ്രാന്റ് കാന്യന്‍ യൂണിവേഴ്‌സിറ്റിയുമായി ഉണ്ടാക്കിയ ബന്ധം നമ്മുടെ സമൂഹത്തിനു എത്രമാത്രം പ്രയോജനം ചെയ്തുവെന്നു കണ്ടുകഴിഞ്ഞു. നഴ്‌സിംഗിനു പുറമെ മറ്റു കോഴ്‌സുകള്‍ക്കും അത്തരം ആനുകൂല്യങ്ങളുണ്ടാകണം. മറ്റു യൂണിവേഴ്‌സിറ്റികളും സ്ഥാപനങ്ങളുമായി ഇത്തരം ബന്ധം സ്ഥാപിക്കാന്‍ ശ്രമിക്കണം.

യുവതലമുറയിലാണ് നമ്മുടെ പ്രതീക്ഷ. സംഘടനയിലും അവര്‍ നേതൃരംഗത്തേക്കു വരണം. പുതിയ ആശയങ്ങള്‍ അവരില്‍ നിന്നാണു ലഭിക്കുക. പഴയ തലമുറയുടെ അനുഭവസമ്പത്തുകൂടി ചേരുമ്പോള്‍ അതു മാറ്റങ്ങള്‍ക്കു വഴിതുറക്കും.

എന്തായാലും അമേരിക്കന്‍ മണ്ണിനോട് ചേരാനുള്ളവരാണ് നമ്മളില്‍ ബഹുഭൂരിപക്ഷവും. അപ്പോള്‍ ഇവിടെ ജീവിതം കെട്ടിപ്പെടുക്കുന്നതിനുള്ള കൈത്താങ്ങായാണ് ഫോമയും മറ്റ് സംഘടനകളുമൊക്കെ നിലകൊള്ളേണ്ടതെന്നാണ് തന്റെ അഭിപ്രായം.

മതസംഘടനകളുടെ കണ്‍വന്‍ഷന്‍ കണക്കിലെടുത്ത് ഫോമ കണ്‍വന്‍ഷന്‍ മാറ്റിവെയ്ക്കുക എളുപ്പമല്ല. ഏതെങ്കിലും മതവിഭാഗത്തിന്റെ കണ്‍വന്‍ഷന്‍ ഓരോ വര്‍ഷവുമുണ്ട് എന്നതുതന്നെ പ്രധാന കാരണം.

പോസ്റ്റ് ഓഫീസ് ഉദ്യോഗസ്ഥയായ ആനിയാണ് ഭാര്യ. നാലു മക്കള്‍.

ജിബി തോമസ് ഒരുകാര്യം ഏറ്റെടുത്ത് നടത്തുമ്പോള്‍ അതു ഏറ്റവും ഭംഗിയായി നടക്കുമെന്ന് ചരിത്രം.

ഫോമ നേതൃത്വം ക്രമേണ യുവതലമുറയിലേക്ക് പോകുന്നു എന്നതിന്റെ സൂചനകൂടിയാണ് ജിബി തോമസിനെപ്പോലുള്ളവരുടെ വരവ്.

പഠനകാലത്തും ഔദ്യോഗികരംഗത്തും പൊതുപ്രവര്‍ത്തന പശ്ചാത്തലമുള്ള കാഞ്ഞിരപ്പള്ളി മൊളോപ്പറമ്പില്‍ കുടുംബാംഗമായ ജിബി തോമസ് സംഘടനാ രംഗത്ത് മാത്രമല്ല, മുഖ്യധാരാ രാഷ്ട്രീയരംഗത്തും സജീവമാണ്. ന്യൂജേഴ്‌സി ഡമോക്രാറ്റിക് സ്റ്റേറ്റ് കമ്മിറ്റിയുടെ സൗത്ത് ഏഷ്യന്‍ അമേരിക്കന്‍ കോക്കസിന്റെ മിഡില്‍ സെക്‌സ് കൗണ്ടി ഡയറക്ടറും സൗത്ത് ഏഷ്യന്‍ കമ്യൂണിറ്റി ഔട്ട് റീച്ചിന്റെ ഡയറക്ടറും വൈസ് പ്രസിഡന്റും കൂടിയാണ്.

കൃഷിയില്‍ ബിരുദവും (ബി.എസ്.സി അഗ്രിക്കള്‍ച്ചറല്‍), എം.ബി.എ (ഫിനാന്‍സ്) യുമുള്ള ജിബി കേരള ഹോര്‍ട്ടികള്‍ച്ചറല്‍ ഡെവലപ്‌മെന്റ് ഓഫീസേഴ്‌സ് യൂണിയന്റേയും, കേരള മില്‍മാ ഓഫീസേഴ്‌സ് അസോസിയേഷന്റെ പ്രസിഡന്റുമായിരുന്നു.

2004ല്‍ അമേരിക്കയിലെത്തിയശേഷം വിവിധ മലയാളി സംഘടനകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചു. ഫോമ ഉണ്ടായപ്പോള്‍ ഫോമയില്‍ സജീവമായി. നിലവില്‍ ഫോമയുടെ റീജിയണല്‍ വൈസ് പ്രസിഡന്റാണ്. കേരളാ അസോസിയേഷന്‍ ഓഫ് ന്യൂജേഴ്‌സിയുടെ ബോര്‍ഡ് അംഗമായ ജിബി 2014ല്‍ പ്രസിഡന്റ് സ്ഥാനത്തിനുമുമ്പ് ജനറല്‍ സെക്രട്ടറിയുമായിരുന്നു. ഇന്ത്യന്‍ പ്രവാസി ആക്ഷന്‍ കൗണ്‍സില്‍ കോര്‍ഡിനേറ്ററും, ഓവര്‍സീസ് റിട്ടേണ്‍ഡ് മലയാളീസ് ഓഫ് അമേരിക്ക (ഓര്‍മ്മ) പ്രസിഡന്റായും പ്രവര്‍ത്തിക്കുകയുണ്ടായി.

താഴെ തട്ടില്‍ നിന്നു പ്രവര്‍ത്തിച്ച് മുന്‍നിരയിലേക്ക് വരുന്ന ചുരുക്കം ചിലരില്‍ ഒരാളാണെന്നതും ജിബിയെ ശ്രദ്ധേയനാക്കുന്നു.

യംഗ് പ്രൊഫഷണല്‍ സമ്മിറ്റും, ജോബ് ഫെയറും ഇപ്പോള്‍ ഫോമയുടെ സ്ഥിരം പരിപാടികളിലൊന്നായി മാറി. അതു യുവജനതയ്ക്ക് പ്രയോജനപ്പെടുകയും ചെയ്യുന്നു.

ഫോമ മികവുറ്റ പ്രവര്‍ത്തനങ്ങളും വ്യക്തമായ കാഴ്ചപ്പാടുകളുമുള്ള സംഘടനയാണെന്ന് ജിബി വിലയിരുത്തുന്നു. ഓരോ ഭരണസമിതിയും പുതിയ കാര്യങ്ങള്‍ ചെയ്ത് വ്യക്തിമുദ്ര പതിപ്പിക്കുന്നു. ആ പ്രവര്‍ത്തനങ്ങള്‍ അടുത്ത തവണ വരുന്ന നേതൃത്വവും മുന്നോട്ടു കൊണ്ടുപോകുകയും, അവരുടേതായ സംഭാവനകള്‍ നല്‍കുകയും ചെയ്യുന്നു. ഈ 'ചെയിന്‍ ആക്ഷന്‍' ആണ് ഫോമയുടെ ശക്തി. അതിലൊരു കണ്ണിയാകാന്‍ തനിക്കും നിയോഗം ലഭിച്ചതില്‍ ജിബി സംത്രുപ്തി പ്രകടിപ്പിക്കുന്നു

ന്യൂജേഴ്‌സിയില്‍ താമസിക്കുന്ന ജിബി തോമസ് മോര്‍ട്ട്‌ഗേജ് ലെന്‍ഡറും, ഫൈനാന്‍ഷ്യല്‍ പ്ലാനറുമാണ്. റോബര്‍ട്ട് വുഡ് ജോണ്‍സണ്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ ആര്‍. എന്‍. ആയ ഭാര്യ മാര്‍ലി, യുണൈറ്റഡ് സ്റ്റീല്‍ വര്‍ക്കേഴ്‌സിന്റെ യൂണിയന്‍ പ്രതിനിധികൂടിയാണ്. മക്കള്‍: എലിറ്റ, ആരന്‍, ക്രിസ്റ്റ്യന്‍.
 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക