Image

നിരുപമ ഭാരവാഹിയായി ആനന്ദന്‍ നിരവേല്‍

ജോര്‍ജ് തുമ്പയില്‍ Published on 09 July, 2016
നിരുപമ ഭാരവാഹിയായി ആനന്ദന്‍ നിരവേല്‍
ഫ്ളോറിഡ: ആനന്ദന്‍ നിരവേലിനെ സമ്മതിച്ചേ പറ്റൂ. ഫോമയുടെ അഞ്ചാമത് കണ്‍വന്‍ഷന്റെ കാര്യക്കാരനായി ഇരിക്കുക എന്നത് ചില്ലറ കാര്യമല്ല. പ്രത്യേകിച്ചും ഇത്രയും ഭീമമായ ഒരു കണ്‍വന്‍ഷന്റെ ഒന്നാം നമ്പര്‍ ഭാരവാഹിയായിരിക്കുക എന്നത്്. ഇതൊരു ഭാരിച്ച ഉത്തരവാദിത്വമാണ്. അത് ഇവിടെ വന്നിട്ടുള്ള ഡെലിഗേറ്റ്സുകളെല്ലാം തന്നെ ഏക സ്വരത്തില്‍ പറയുകയും ചെയ്യുന്നു.

ലോകപ്രശസ്തവും എക്സ്പന്‍സീവുമായ മയാമി ബീച്ചിനോടു ചേര്‍ന്നു തന്നെ നിലകൊള്ളുന്ന ആഢംബരപൂര്‍ണ്ണമായ ഡോവില്‍ ബീച്ച് റിസോര്‍ട്ട് ന്യായമായ നിരക്കില്‍ മലയാളികള്‍ക്ക് ലഭ്യമാക്കിയെന്നത് നിസ്സാരകാര്യമല്ല. ചരിത്രവും കൊളോണിയല്‍ സംസ്‌ക്കാരവും ഇഴചേര്‍ന്ന ഡോവില്‍ റിസോര്‍ട്ടില്‍ നിന്നാണ് ബീറ്റില്‍സ് സംഗീതം ലോകമെമ്പാടേക്കും നുരഞ്ഞു പൊന്തിയത്. അത്തരമൊരു ചരിത്രനിമിഷത്തിന് സാക്ഷികളായവര്‍ ഒരു പക്ഷേ ഇന്നും ജീവിച്ചിരിപ്പുണ്ടാവില്ല. 1960-കളിലായിരുന്നു അത്. ആ കാലഘട്ടത്തില്‍ ഭക്ഷണം വിളമ്പിയ അതേ ഡൈനിങ് ഹാള്‍, അതേ മുറികള്‍, അതേ വഴിത്താരകള്‍... ഇവിടെയാണ് ഫോമയുടെ കണ്‍വന്‍ഷന്‍ പുരോഗമിക്കുന്നത്.
കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും പൊതുവേ ഒരു ഗും കണ്‍വന്‍ഷനില്‍ കാണാനില്ലെന്ന് ഫിലഡല്‍ഫിയയില്‍ നിന്ന് വന്ന ഒരു ഡെലിഗേറ്റ് അടക്കം പറഞ്ഞു. നാട്ടില്‍ നിന്നും രാഷ്ട്രീയക്കാര്‍ ഇല്ലാത്തത് വളരെ നന്നായെന്നും അദ്ദേഹം സൂചിപ്പിച്ചു. (മുന്‍ മന്ത്രി ബിനോയ് വിശ്വം പക്ഷേ, സജീവമായി കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്നുണ്ട്.)

ആദിയോടന്തം പങ്കെടുക്കുന്ന പ്രമുഖ ചലച്ചിത്ര താരം സുരാജ് വെഞ്ഞാറമ്മൂട് കണ്‍വന്‍ഷനിലെ ഒരു പ്രധാന ആകര്‍ഷണമാണ്. അഭ്രപാളിയില്‍ നിന്നും മണ്ണിലേക്ക് ഇറങ്ങി വന്ന സിനിമാതാരമായാണ് സുരാജ് ഇവിടെ എല്ലാവര്‍ക്കും വിസ്മയമാകുന്നത്. സകുടുംബം കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്ന സാധാരണക്കാരനായ ഒരു മനുഷ്യനായാണ് അദ്ദേഹം എല്ലാവരോടും ഇടപെടുന്നത്. കുശലം പറഞ്ഞ് ചിരിച്ച്, ബ്രേക്ക്ഫാസ്റ്റ് ലൈനില്‍ ക്യൂ നിന്ന് ഭക്ഷണം വാങ്ങി കഴിക്കുന്ന സാധാരണക്കാരനില്‍ സാധാരണക്കാരനായി മാറിയ അസാധാരണ കഴിവുകളുള്ള സുരാജിനെയാണ് അമേരിക്കന്‍ മലയാളികള്‍ കാണുന്നത്.

ഇലക്ഷന്‍ ജ്വരം കണ്‍വന്‍ഷന്‍ പ്രോഗ്രാമുകളുടെ ശോഭ കെടുത്തുന്നു എന്നത് ഖേദകരമായ ഒരു സംഗതിയാണെന്നാണ് ഭൂരിപക്ഷ അഭിപ്രായം. സ്റ്റേജുകളില്‍ പ്രസംഗിക്കുന്നവര്‍ ഒഴിഞ്ഞ കസേരകളെ നോക്കി പ്രസംഗിക്കേണ്ടി വരുന്നുവെന്നതും സങ്കടകരമാണ്. 

കോണ്‍ഫറന്‍സ് ആവട്ടെ, ക്യാമ്പ് ആവട്ടെ, ഫാമിലി നൈറ്റ് ആവട്ടെ സമയാ സമയങ്ങളില്‍ നല്ല ഭക്ഷണം കൊടുക്കാന്‍ കഴിഞ്ഞാല്‍ പകുതി വിജയമായി എന്നു സാമാന്യമായി കണക്കാക്കാം. ഇവിടെ അതിനു സാധിച്ചോ എന്നുള്ള കാര്യം സംശയമാണ്. പുതിയ ഭാരവാഹികളായ ബെന്നിയും ജിബിയും ജോസിയും പ്ലീസ് നോട്ട് ദി പോയിന്റ്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക