Image

മാര്‍ക്‌സും- ക്രിസ്‌തുവും (പീറ്റര്‍ നീണ്ടൂര്‍)

(പീറ്റര്‍ നീണ്ടൂര്‍) Published on 06 February, 2012
മാര്‍ക്‌സും- ക്രിസ്‌തുവും (പീറ്റര്‍ നീണ്ടൂര്‍)
`ആദ്യ വിപ്ലവകാരി ക്രിസ്‌തുവാണെങ്കില്‍ അവനെ വരിച്ചവന്‍ ഇന്നത്തെ മാര്‍ക്‌സിസ്റ്റ്‌ വാക്കും പ്രവര്‍ത്തിയും ധ്രുവങ്ങള്‍ക്കകലെയാം വാനരന്മാര്‍ക്കിന്ന്‌ മാര്‍ക്‌സിസം വായ്‌മൊഴി'

മേലുദ്ധരിച്ച വരികള്‍ ആയിരത്തി തൊള്ളായിരത്തി എഴുപതുകളില്‍ ഞാനെഴുതിയ ഒരു കവിതയില്‍ നിന്നാണ്‌. എന്റെ അറിവിനനുസരിച്ച്‌ ഇന്നോളം ലോകം കണ്ടതില്‍ കരുത്തനായ വിപ്ലവകാരിയായിരുന്നു യേശുക്രിസ്‌തു. രണ്ടായിരത്തിലധകം വര്‍ഷങ്ങള്‍ക്കുമപ്പുറം നിലനിന്നിരുന്ന അസമത്വത്തിനും അനീതിക്കുമെതിരേ സന്ധിയില്ലാതെ പൊരുതി സ്വജീവന്‍ വെടിഞ്ഞവനാണ്‌ യേശുക്രിസ്‌തു. അതിനുശേഷമേ മാര്‍ക്‌സും മറ്റും ഉണ്ടായിട്ടുള്ളൂ.

ഈ ലഘു ലേഖനമെഴുതാന്‍ എന്നെ പ്രേരിപ്പിച്ചത്‌ ഇ മലയാളിയില്‍ ശ്രീ ജി.കെ എഴുതിയ ലേഖനമാണ്‌. സാധാരാണ അദ്ദേഹത്തിന്റെ ലേഖനം ആദരവോടെതന്നെയാണ്‌ ഞാന്‍ വായിക്കാറുള്ളത്‌. എന്നാല്‍ ഈ ലേഖനത്തില്‍ അല്‍പ്പം കല്ല്‌ കടിക്കുന്നില്ലേ?

പിറവം തെരഞ്ഞെടുപ്പ്‌ മുന്നില്‍ കണ്ടുകൊണ്ടു മാത്രമാണ്‌ ഇപ്പോള്‍ മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടി ക്രിസ്‌തുവിനെ കൂട്ടുപിടിച്ചത്‌ എന്നു പറയുന്നത്‌ ശരിയാണോ? മറിച്ച്‌ ഒരു പരമാര്‍ത്ഥം അവര്‍ മൂടുപടമൊന്നുമില്ലാതെ തുറന്നുകാട്ടുക മാത്രമാണോ ചെയ്‌തത്‌? എന്തായാലും എന്നെക്കാള്‍ കൂടുതല്‍ കേരള രാഷ്‌ട്രീയത്തില്‍ അവബോധമുള്ളയാളാണ്‌ ശ്രീ ജി.കെ എന്ന്‌ അദ്ദേഹം എഴുതിയിട്ടുള്ള പല ലേഖനങ്ങളില്‍ നിന്നും എനിക്ക്‌ തോന്നിയിട്ടുണ്ട്‌.

യേശുക്രിസ്‌തു എന്താണ്‌ മുഖ്യമായും പറഞ്ഞിട്ടുള്ളത്‌. `നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനേയും സ്‌നേഹിക്കുക', `ഉള്ളവന്‍ ഇല്ലാത്തവന്‌ കൊടുക്കുക'. ഇതൊക്കെത്തന്നെയല്ലേ മാര്‍ക്‌സും പറഞ്ഞത്‌. ഈ വാചകങ്ങളുടെ അന്ത:സത്ത ജനങ്ങളിലേക്കെത്തിച്ച രീതിയില്‍ വ്യത്യസ്‌തതയുണ്ടായിരുന്നു. ഇപ്പോള്‍ ഇതേ മൂല്യങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നവര്‍ വ്യത്യസ്‌തതയോടെ വരച്ചുകാട്ടുന്നു. അത്രയേ വ്യത്യാസമുള്ളൂ. സംഗതി എല്ലാം ഒന്നുതന്നെ.

പണ്ടു കേരളത്തിലുണ്ടായ വിമോചന സമരത്തിനുശേഷം ക്രിസ്‌തീയ കുടുംബത്തില്‍ ജനിച്ചു എന്ന ഒറ്റ കാരണത്താല്‍ കോണ്‍ഗ്രസ്‌ പാര്‍ട്ടി തങ്ങളുടെ ജന്മാവകാശമായി കരുതുന്നവരുണ്ട്‌. പലര്‍ക്കും കോണ്‍ഗ്രസ്‌ പാര്‍ട്ടി പ്രവര്‍ത്തനങ്ങളെക്കുറിച്ച്‌ യാതൊരു അവബോധവും ഇല്ലാത്തവരാണ്‌ എന്നതാണ്‌ സത്യം.തങ്ങള്‍ അന്ധമായി വിശ്വസിക്കുന്ന നേതാക്കാള്‍ എന്തു പറഞ്ഞാലും പ്രവര്‍ത്തിച്ചാലും അതുതന്നെയാണ്‌ ശരി എന്ന അബദ്ധ ധാരണയില്‍ കഴിയുന്നവര്‍.

കാലാകാലങ്ങളില്‍ എല്ലാ രാഷ്‌ട്രീയ പാര്‍ട്ടികളും പല അടവുകളും താളങ്ങളും മാറ്റാറുമുണ്ട്‌. എന്നാല്‍ ഇതില്‍ ഏതാണ്‌ ജനനന്മയ്‌ക്കുതകുന്നത്‌, സമഭാവനയുള്ളത്‌ എന്നൊക്കെ നാം തിരിച്ചറിയണം. നല്ല പ്രവര്‍ത്തി ആരു ചെയ്‌താലും അയാളുടെ പാര്‍ട്ടി ഏതെന്നു നോക്കാതെ വളരാന്‍ അനുവദിക്കണം. അല്ലാതെ സ്വാര്‍ത്ഥതയ്‌ക്കു വളംവെച്ചുകൊടുക്കുകയല്ല വേണ്ടത്‌.

ബൈബിള്‍ എന്ന ഒറ്റപുസ്‌തകം ഉയര്‍ത്തിക്കാട്ടി മൂവായിരത്തോളം ക്രിസ്‌തീയ മതവിഭാഗങ്ങളുണ്ട്‌. ഇവരില്‍ നല്ല പങ്കും `ബൈബിള്‍' ഒരാവര്‍ത്തിയെങ്കിലും വായിച്ചിട്ടുള്ളവരല്ല. ബൈബിളില്‍ നിന്ന്‌ അവരവര്‍ക്കാവശ്യമായ ഭാഗം മാത്രം സ്വീകരിക്കുകയും ``പ്രെയിസ്‌ ദ ലോര്‍ഡ്‌''. ``ഹാലേലുയ്യ'' പറയുന്നവരുമാണ്‌. എന്നാലും ക്രിസ്‌ത്യാനികളെല്ലാം മോശക്കാരാണ്‌ എന്ന്‌ അടച്ചാക്ഷേപിക്കാന്‍ ഞാന്‍ തയാറല്ല. മറ്റുള്ളവരെ സ്‌നേഹിക്കുന്നത്‌ ഓരോരുത്തരുടേയും വ്യക്തിത്വവികാസത്തിലൂടെ മാത്രമാണ്‌.അല്ലാതെ ക്രിസ്‌ത്യാനിയിലൂടെയോ മാര്‍ക്‌സിസത്തിലൂടെയോ മാത്രമല്ല.

ഇവിടെ സ. പിണറായി വിജയന്‍ പറഞ്ഞു: `ദേവാലയത്തില്‍ നിന്നും ചുങ്കക്കാരേയും, വ്യാപാരികളേയും ചാട്ടവാറുകൊണ്ട്‌ അടിച്ചു പുറത്താക്കി യേശുക്രിസ്‌തു വിപ്ലവം കാട്ടിയെന്ന്‌'. ഏതാണ്ട്‌ അതേ ആശയം തന്നെയാണ്‌ ഇന്ന്‌ കെ.സി.ബി.സിയുടെ വക്താവ്‌ പറഞ്ഞതും. പിന്നെ എവിടെയാണ്‌ പിഴവ്‌? യേശുക്രിസ്‌തുവിന്റെ ചിത്രം മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടി പ്രദര്‍ശിപ്പിച്ചതോ?

ക്രിസ്തുവിനെ കമ്മ്യൂണിസ്റ്റാക്കുമ്പോള്‍ (ജി.കെ.)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക