Image

രണ്ടു വയസുകാരി ഫലക്കിന്റെ മാതാവിനെ കണ്ടെത്തി ; ഡിഎന്‍എ പരിശോധനയ്ക്ക് വിധേയയാക്കും

Published on 06 February, 2012
രണ്ടു വയസുകാരി ഫലക്കിന്റെ മാതാവിനെ കണ്ടെത്തി ; ഡിഎന്‍എ പരിശോധനയ്ക്ക് വിധേയയാക്കും
ന്യൂഡല്‍ഹി: ക്രൂരപീഡനത്തെ തുടര്‍ന്ന് ഗുരുതര പരിക്കുകളോടെ ഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (എയിംസ്) ചികിത്സയില്‍ കഴിയുന്ന രണ്ടു വയസുകാരി ഫലക്കിന്റെ മാതാവിനെ കണ്ടെത്തി. മുന്നി എന്ന സ്ത്രീയെയാണ് കഴിഞ്ഞ രാത്രി കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു. കുഞ്ഞിന്റെ മാതാവ് മുന്നിയാണെന്ന് ഉറപ്പിക്കുന്നതിന് ഇവരെ ഡിഎന്‍എ പരിശോധനയ്ക്ക് വിധേയയാക്കുമെന്ന് പോലീസ് പറഞ്ഞു.

കഴിഞ്ഞവര്‍ഷം സെപ്റ്റംബറിലാണ് ലക്ഷ്മി എന്ന സ്ത്രീയുടെ അടുത്ത് ഫലക്കിനെ ഏല്‍പ്പിച്ചശേഷശം മുന്നി മുങ്ങിയതെന്ന് പോലീസ് പറഞ്ഞു. മുന്നിയാണ് ഫലക്കിന്റെ മാതാവെന്ന് കുട്ടിയെ ആശുപത്രിയിലെത്തിച്ച പെണ്‍കുട്ടിയും പറഞ്ഞിരുന്നു. ജനുവരി 18നാണ് തലയ്ക്ക് ഗുരുതര പരിക്കുകളുമായി കൈ കാലുകള്‍ ഒടിഞ്ഞ നിലയില്‍ ഫലക്കിനെ എയിംസിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഫലക്കിന്റെ ശരീരത്തില്‍ മനുഷ്യന്റെ കടിയേറ്റ മുറിവുകളും ഇരുമ്പ് പഴുപ്പിച്ച് പൊള്ളിച്ച പാടുകളുമുണ്ടായിരുന്നു. അതേസമയം, ഫലക്കിന്റെ ആരോഗ്യനില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് ഫലക്കിനെ ഞായറാഴ്ച വീണ്ടും വെന്റിലേറ്ററിലേക്കു മാറ്റിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക