Image

പ്രവീണ്‍ വധക്കേസ്: പോലീസ് പറഞ്ഞതും രേഖകളും പരസ്പര വിരുദ്ധം

Published on 19 July, 2016
പ്രവീണ്‍ വധക്കേസ്: പോലീസ് പറഞ്ഞതും രേഖകളും പരസ്പര വിരുദ്ധം
ചിക്കാഗോ: പ്രവീണ്‍ വര്‍ഗീസിന്റെ മരണത്തില്‍ നീതിതേടി മലയാളി സമൂഹം ജൂലൈ 29നു റാലി നടത്താനിരിക്കെ, പോലീസ് റിപ്പോര്‍ട്ട് പഠിച്ചു കൊണ്ടിരിക്കുകയാണ് അമ്മ ലവ്‌ലി വര്‍ഗീസ്. മൂന്നു ബൈന്‍ഡര്‍ എഴുത്തുകളും, രേഖകളും, 15 സിഡിയുമാണ് പോലീസ് നല്‍കിയത്.

നേരത്തെ പോലീസ് പറഞ്ഞതിനു നേര്‍വിരുദ്ധമാണ് രേഖകളിലെ പല വിവരങ്ങളും- ലവ്‌ലി പറഞ്ഞു. പ്രവീണ്‍ ധരിച്ചിരുന്നത് പര്‍പ്പിള്‍ നിറമുള്ള ഷൂവാണ്. ഒരു ബ്ലാക് ആന്‍ഡ് വൈറ്റ് പ്യൂമ ഷൂ കണ്ടെടുത്തതായാണ് രേഖയില്‍. ഷൂ കിട്ടിയതിനു നൂറടി ദൂരെയാണ് പ്രവീണിന്റെ ശരീരം കണ്ടെത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പക്ഷെ പര്‍പ്പിള്‍ ഷൂ എവിടെ എന്ന് യാതൊരു രൂപവുമില്ല. പ്രവീണിന്റെ ഷൂവിന്റെ സൈസ് ഒമ്പതര ഇഞ്ചാണ്. പക്ഷെ കിട്ടിയത് എട്ടര ഇഞ്ചിന്റേതാണ്.

കാര്‍ബണ്ടെയ്ല്‍ 200 ബ്ലോക്കിലെ നാലു ക്യാമറകളില്‍ രണ്ടെണ്ണത്തില്‍ പ്രവീണ്‍ നടന്നു പോകുന്നത് കാണാം. ക്യാമറ മൂന്നില്‍ പ്രവീണ്‍ ചുവപ്പു ഷര്‍ട്ട് ധരിച്ചിട്ടുള്ളത് വ്യക്തമായി കാണാം. നാലാമത്തെ ക്യാമറയില്‍ ഒരാളെ എടുത്തുകൊണ്ടു പോകുന്നതായി കാണാം. ഇതേപ്പറ്റി കൂടുതല്‍ അന്വേഷണം വേണമെന്നു ആദ്യം ഇതുകണ്ട പോലീസ് ഓഫീസര്‍ നിര്‍ദേശിച്ചിരുന്നുവെങ്കിലും അതുണ്ടായില്ല.

സര്‍വെയ്‌ലന്‍സ് ക്യാമറയില്‍ ദൃശ്യങ്ങളൊന്നുമില്ല എന്നായിരുന്നു പോലീസ് നേരത്തെ തന്നോട് പറഞ്ഞത്. വേലിയില്‍ നിന്ന് അര ഇഞ്ച് ചുവപ്പു തുണി പോലീസ് കണ്ടെടുത്തിരുന്നു. അതിന്റെ എന്‍ലാര്‍ജ് ചെയ്ത ഫോട്ടോയും രേഖയിലുണ്ട്. പ്രവീണിന്റെ ഷര്‍ട്ടിന്റെ ഭാഗമാണത് എന്നായിരുന്നു നിഗമനം. എന്നാല്‍ വല്യമ്മമാര്‍ ഉപയോഗിക്കുന്ന കമ്പിളി കൊണ്ടുള്ള വസ്ത്രത്തിന്റെ ഭാഗമായിരുന്നു അതെന്നാണു തോന്നിയത്. എന്തായാലും പ്രവീണിന്റെ ഷര്‍ട്ടുമായി അതു മാച്ച് ചെയ്യുന്നില്ല എന്നായിരുന്നു ഫോറന്‍സിക് റിപ്പോര്‍ട്ടും.

പ്രവീണിനു അന്ന് രാത്രി റൈഡ് കൊടുക്കുകയും കേസില്‍ സംശയിക്കപ്പെടുകയും ചെയ്യുന്നഗേജ് ബഥൂണിന്റെ രണ്ട് പോലീസ് ഇന്റര്‍വ്യൂവും സി.ഡിയിലുണ്ട്. പ്രവീണിനെ നേരത്തെ പരിചയമില്ലായിരുന്നുവെന്നും വണ്ടിയില്‍ കയറിയശേഷം പ്രവീണ്‍ ഫോണിലായിരുന്നുവെന്നുമാണ് ബഥൂണ്‍ പറഞ്ഞത്. പറഞ്ഞത് സത്യമല്ല എന്ന് ബോധ്യമായതു കൊണ്ടാണു രണ്ടാമത് വിളിപ്പിക്കുന്നതെന്നു രണ്ടാമത്തെ സി.ഡിയില്‍ പറയുന്നു. ബഥൂണ്‍ പലതും ആവര്‍ത്തിക്കുന്നു. ചിലയിടത്ത് പരസപര വിരുദ്ധമായും സംസാരിക്കുന്നു.

പ്രവീണിനെ കണ്ടെത്തിയതിനടുത്ത് റോഡില്‍ ബഥൂണിന്റെ വാഹനം കണ്ട സ്റ്റേറ്റ് ട്രൂപ്പര്‍ അന്ന്ബഥൂണ്‍ പരിഭ്രാന്തനായാണ് കാണപ്പെട്ടതെന്ന് പറഞ്ഞിട്ടുണ്ട്.

ഇതേ സമയം കേസ് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ നിയോഗിച്ച സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ ഈ മാസം 25ന് അദ്ദേഹത്തെ കാണാന്‍ ലവ്‌ലിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതിക്ഷേധ റാലി നടത്തുന്നത് അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് വ്യക്തം.

പ്രവീണിന്റെ മരണത്തില്‍ ഇപ്പോള്‍ ക്രമിനല്‍ കേസില്ല. എന്നാല്‍ സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍മാര്‍ക്ക് കേസെടുക്കാനാവും.

ബഥൂണിനെതിരേ നല്‍കിയ സിവില്‍ കേസാണ് ഇപ്പോള്‍ അവശേഷിക്കുന്നത്. അതു ഒക്ടോബറിലേക്ക് മാറ്റിവെച്ചിരിക്കുകയാണ്.

ഗവര്‍ണറുടേയും അറ്റോര്‍ണി ജനറലിന്റേയും ഓഫീസിനു സമീപം ഡേലി പ്ലാസയിലാണ് പ്രതിക്ഷേധ റാലി. നല്ല പ്രതികരണം അതിനുണ്ടാകുമെന്നുറപ്പാണ്. 500 പേര്‍ക്കുള്ള അനുമതിയാണ് വാങ്ങിയതെങ്കിലും കൂടുതല്‍ പേരെ പ്രതീക്ഷിക്കുന്നു.

പ്രവീണ്‍ മരിച്ചിട്ട് 29 മാസമായെങ്കിലും ഇനിയും വിശ്രമമെന്തെന്നറിഞ്ഞിട്ടില്ലെന്ന് ലവ്‌ലി പറഞ്ഞു. നിശബ്ദമായിരുന്നാല്‍ നമുക്ക് നീതി കിട്ടില്ല. നീതി ലഭിക്കുംവരെ ഈ പോരാട്ടം തുടരും. മുഖ്യധാരാ മാധ്യമങ്ങളില്‍ നിന്നു ലഭിക്കു
ന്ന വലിയ പിന്തുണക്ക് അവര്‍ നന്ദി പറഞ്ഞു.

താന്‍ പോരാട്ടം നടത്തുന്നതിനെ ഒരുപാട് പേര്‍ പിന്തുണയ്ക്കുന്നുവെന്നതില്‍ സന്തോഷമുണ്ടെന്നു ലവ്‌ലി പറഞ്ഞു. ഇത്തരമൊരു ചെറുത്തുനില്‍പ് അധികൃതര്‍ പ്രതീക്ഷിച്ചുകാണില്ല. പതിവുപോലെ എല്ലാം ചടങ്ങായി അവര്‍ കൈകാര്യം ചെയ്തു. 

തന്നെ വിമര്‍ശിക്കുന്നവരുമുണ്ട്. പക്ഷെ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ മിണ്ടാതിരുന്നാല്‍ നമ്മുടെ സമൂഹത്തിനു ഒരിക്കലും നീതി കിട്ടില്ല. 

സതേണ്‍ ഇല്ലിനോയി യൂണിവേഴ്‌സിറ്റിയിലെ (SIU) (കാര്‍ബണ്‍ഡൈല്‍) ക്രിമിനല്‍ ജസ്റ്റിസ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയയിരുന്ന പ്രവീണ്‍ മരിച്ചത് ഹൈപോതെര്‍മിയ' മൂലമാണെന്നായിരുന്നു (തണുപ്പില്‍ മരവിച്ച്) പോലീസിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്.

ചിക്കാഗോയില്‍ സിറ്റിയില്‍ നിന്നും നിന്നു 5 മണിക്കൂര്‍ ദൂരെയാണു കാര്‍ബണ്ടേയ്ല്‍. 2014 ഫെബ്രുവരി 12നു ബുധനാഴ്ച 11 മണിയോടെയാണു പ്രവീണിനെ കാണാതായത്. കാമ്പസില്‍ പാര്‍ട്ടി കഴിഞ്ഞ് മടങ്ങുമ്പോള്‍ ബഥൂനുമായി വാക്കു തര്‍ക്കമുണ്ടായതായും, തുടര്‍ന്നു പ്രവീന്‍ കാറില്‍നിന്നിറങ്ങി ഓടിപ്പോയി എന്നുമാണ് പോലീസിന്റെ ഭാഷ്യം. 

പ്രവീണ്‍ മരിച്ചപ്പോഴത്തെ മേയറും സിറ്റി കൗണ്‍സിലും സ്ഥാനമൊഴിഞ്ഞു. പുതുതായി അധികാരമേറ്റവര്‍ അനുഭാവ പൂര്‍വമാണ് കാര്യങ്ങള്‍ കാണുന്നത് ലവ്‌ലി പറഞ്ഞു. പക്ഷെ അതുകൊണ്ട് സ്ഥിതിയ്‌ക്കെന്തെങ്കിലും മാറ്റം ഉണ്ടാവുമെന്ന് പറയാനാവില്ല.

സിറ്റിയേയും പോലീസിനേയും കേസില്‍ നിന്ന് ഒഴിവാക്കാന്‍ പുതിയ അറ്റോര്‍ണി നിര്‍ദേശിക്കുകയായിരുന്നു. കൃത്യമായ റിപ്പോര്‍ട്ടുകളൊന്നും ലഭിക്കാത്ത സാഹചര്യത്തില്‍ അധികൃതര്‍ക്കെതിരേ ഒന്നും തെളിയിക്കാനാവില്ലെന്ന തിരിച്ചറിവില്‍ നിന്നായിരുന്നു ആ തീരുമാനം.

ബഥൂണിനെതിരേ ക്രിമിനല്‍ കേസ് എടുക്കുകയുണ്ടായില്ല. തെളിവില്ലെന്നാണ് പോലീസിന്റെ നിലപാട്. ബഥൂണിന്റെ വാഹനത്തില്‍ വച്ച് വഴക്ക് ഉണ്ടാകുകയും കാട്ടിലേക്കോടിയപ്പോള്‍ പ്രവീണ്‍ വഴിതെറ്റി തണുപ്പുകൊണ്ട് മരിച്ചുവെന്നാണ് അധികൃത ഭാഷ്യം. പക്ഷെ കുടുംബം നടത്തിയ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മര്‍ദനത്തിന്റെ പാടുകള്‍ വ്യക്തമായിരുന്നു.

ആദ്യത്തെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ കൗണ്ടി കൊറോണര്‍ റിപ്പോര്‍ട്ട് ചെയ്തപോലെ അതൊരു അപകടമായിരുന്നില്ലെന്ന് ഏതാനും മാസം മുന്‍പ് കാര്‍ബണ്ടെയ്ല്‍ സിറ്റി കൗണ്‍സിലില്‍ ലവ്‌ലി ചൂണ്ടിക്കാട്ടി. 'ഞാനും ഒരു നഴ്‌സാണ്. മൃതദേഹം കണ്ടെത്തി രണ്ടു മണിക്കൂറിനകം ഞാന്‍ കണ്ടതാണ്. മുഖം മാത്രമാണ് കാണിച്ചത്. നെറ്റിയില്‍ മുറിവ് കണ്ടു ആരോ മര്‍ദ്ദിച്ചതാണെന്ന് പറഞ്ഞത് ഇപ്പോഴും ഓര്‍ക്കുന്നു.'

ഫ്യൂണറല്‍ ഹോം ഡയറക്ടറുടെ നിര്‍ദേശപ്രകാരമാണ് രണ്ടാമത്തെ ഓട്ടോപ്‌സി നടത്തിയത്. ജാക്‌സണ്‍ കൗണ്ടി കൊറോണര്‍ പറഞ്ഞപോലെ തണുപ്പുകൊണ്ടല്ല, കടുത്ത ക്ഷതം മൂലമാണ് മരണമെന്നു തെളിഞ്ഞു.

പോസ്റ്റ്‌മോര്‍ട്ടം നടത്തിയ പതോളജിസ്റ്റ് മൃതദേഹം കാണുക തന്നെ ഉണ്ടായോ എന്നു ലവ്‌ലി ചോദിച്ചു. ടെക്‌നീഷ്യന്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തുമ്പോള്‍ പതോളജിസ്റ്റ് അടുത്ത മുറിയില്‍ ഇരിക്കുകയായിരുന്നിരിക്കണം.

റിപ്പോര്‍ട്ടുകളിലെ വൈരുധ്യങ്ങള്‍ അവര്‍ ചൂണ്ടിക്കാട്ടി. പോലീസിന്റെ ഫ്‌ളെയറില്‍ വൈറ്റ് മെയില്‍, െ്രെഡവര്‍ പറഞ്ഞത് ബ്ലാക് മെയില്‍, കൊറോണറുടെ റിപ്പോര്‍ട്ടില്‍ മിഡില്‍ ഈസ്‌റ്റേണ്‍. എന്നു മാത്രമല്ല കൊറോണറുടെ റിപ്പോര്‍ട്ടില്‍ ചിലയിടങ്ങളില്‍ വനിത എന്നും എഴുതിയിരിക്കുന്നു.

സംഭവ സമയത്ത് ബഥൂണിനെ സ്‌റ്റേറ്റ് ട്രൂപ്പര്‍ ചോദ്യം ചെയ്തപ്പോള്‍ പ്രവീണുമായി വഴക്കുണ്ടായെന്നും, പോലീസ് വരുന്നെന്ന് പറഞ്ഞപ്പോള്‍ പ്രവീണ്‍ കാട്ടിലേക്കോടിയെന്നുമാണ് ബഥൂണ്‍ പറഞ്ഞത്.

ബഥൂണ്‍ സത്യം മുഴുവന്‍ പറഞ്ഞതായി കുടുംബം കരുതുന്നില്ല. കാണാതായി 5 ദിവസത്തിനുശേഷമാണ് പ്രവീണിന്റെ മൃതദേഹം കണ്ടെത്തുന്നത്. (2014 ഫെബ്രുവരി 18.) എട്ടുമണിക്ക് തെരച്ചില്‍ ആരംഭിച്ചു ഒമ്പതരയ്ക്ക് മൃതദേഹം കാണുകയും അതു നീക്കം ചെയ്യുകയും ചെയ്തു. കൃത്യമായി എങ്ങനെ സ്ഥലം കണ്ടെത്തി. തെരച്ചിലില്‍ ആരൊക്കെയുണ്ടായിരുന്നു. സമീപ സ്ഥലങ്ങളില്‍ സര്‍വേയ്‌ലന്‍സ് ക്യാമറ ഇല്ലായിരുന്നോ? പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് തങ്ങളോട് പറഞ്ഞത് ലവ്‌ലി കൗണ്‍സില്‍ യോഗത്തില്‍ ചൂണ്ടിക്കാട്ടി.

പ്രവീണിന്റെ രണ്ടാം ചരമവാര്‍ഷികത്തില്‍ കുടുംബാംഗങ്ങള്‍ സംഭവ സ്ഥലത്തെത്തുകയും പ്രാര്‍ത്ഥന നടത്തുകയും ചെയ്തു. സതേണ്‍ ഇല്ലിനോയി യൂണിവേഴ്‌സിറ്റി കാര്‍ബണ്‍ഡേയിലിലെ വിദ്യാര്‍ത്ഥികളും പങ്കെടുത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക