Image

കോമണ്‍കോഡ് ­ഇന്ത്യയുടെ ബഹുസ്വരത നഷ്ടമാക്കും: ജോയ്­ ഇട്ടന്‍

Published on 17 July, 2016
കോമണ്‍കോഡ് ­ഇന്ത്യയുടെ ബഹുസ്വരത നഷ്ടമാക്കും: ജോയ്­ ഇട്ടന്‍
ഇന്ത്യന്‍സമൂഹത്തില്‍ പലതവണ ചര്‍ച്ചചെയ്യപ്പെട്ടതാണ് ഏകീകൃതസിവില്‍കോഡ് എന്ന ആശയം. എന്നിട്ടും ഇതിനൊരിക്കലും സമൂര്‍ത്തമായ രൂപ കൈവന്നിട്ടില്ല. ഇപ്പോഴുംഅതെന്താണ്, എന്തായിരിക്കണം എന്നതില്‍ ആര്‍ക്കും വ്യക്തതയില്ല. ഇന്ത്യയെ ഒറ്റ അച്ചില്‍ വാര്‍ക്കാനായി കോമണ്‍കോഡ് (യു.സി.സി) കൊണ്ടുവരാനുള്ള ശ്രമത്തിന്റെ ഭാഗമായി ലോ കമ്മിഷന്റെ ഭാഗത്തുനിന്നുള്ള നീക്കങ്ങള്‍ക്ക് ബി.ജെ.പി സര്‍ക്കാര്‍ നിര്‍ദേശം നല്‍കിക്കഴിഞ്ഞതിന്റെ പശ്ചാത്തലത്തിലാണ് "കോമണ്‍കോഡ്"എന്ന ആശയത്തെ നാം വിലയിരുത്തേണ്ടത് .ഇതിനു പിന്നില്‍ പിന്നില്‍ വലിയൊരു അപകടം നമുക്ക് കാണാതിരിക്കാനാകില്ല. ഇന്ത്യ, മതസാമൂഹിക വൈവിധ്യങ്ങള്‍ നിലനിര്‍ത്തിപ്പോകുന്നതിനെയാണ് സംഘ്പരിവാര്‍ ശക്തികള്‍ ഭയക്കുന്നതും മാറ്റാന്‍ ആഗ്രഹിക്കുന്നതും. ഇതുകൊണ്ടു തന്നെയാണ് ഇന്ത്യയുടെ വൈവിധ്യങ്ങള്‍ക്കിടയില്‍ ബലപ്രയോഗം നടത്തുന്ന ശക്തികള്‍ വലിയ പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകുന്നത്.

ബഹുസ്വരത ഒരു സൗന്ദര്യമായിരിക്കേ അവ മുഴുവന്‍ ഏകീകരിക്കാനുള്ള ശ്രമം അതിന്റെ സഹജപ്രകൃതിയെ സമഗ്രമായി അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. വൈവിധ്യങ്ങള്‍ വര്‍ണപുഷ്പങ്ങളെപ്പോലെ നിലനില്‍ക്കുകയും അവയുടെ ഉള്‍പ്പൊരുത്തം സമാധാനപൂര്‍ണമായ ഒരു സാമൂഹിക ഘടനയ്ക്ക് രൂപം നല്‍കുകയും ചെയ്ത അസാമാന്യ സവിശേഷതയാണ് ഇന്ത്യയ്ക്കുള്ളത്.

ഈ ബഹുസ്വരതയെ അക്ഷരാര്‍ഥത്തില്‍ ഉള്‍ക്കൊണ്ടാണ് ഇന്ത്യയുടെ ഭരണഘടന രൂപം കൊള്ളുന്നത്. ഭരണഘടനയുടെ മൂലക്കല്ലായി കാണുന്ന മൗലികാവകാശ തത്വങ്ങളുടെ അനുഛേദങ്ങള്‍ രാജ്യത്തിന്റെ വൈവിധ്യത്തിന്റെ യാഥാര്‍ഥ്യം ഉള്‍ക്കൊള്ളുന്നതാണ്. രാജ്യത്തിന്റെ സാമൂഹിക ക്രമങ്ങള്‍ക്കും ധാര്‍മിക സുസ്ഥിതിക്കും മറ്റു മൗലികാവകാശ തത്വങ്ങള്‍ക്കും വിധേയമാകും വിധം ഓരോ പൗരനും നല്‍കുന്ന മതാചാരത്തിനും പ്രചാരണ പ്രഘോഷണത്തിനുമുള്ള വിപുലമായ സ്വാതന്ത്ര്യമുണ്ട്.

മുസ്‌­ലിംസമൂഹത്തില്‍നിന്ന് ഈ ആശയത്തോട് ആദ്യംതന്നെ ശക്തമായ എതിര്‍പ്പ് ഉയര്‍ന്നിട്ടുണ്ട്. മുസ്‌­ലിംവ്യക്തിനിയമങ്ങള്‍ ശരീഅത്തിനെ അടിസ്ഥാനമാക്കിയുള്ളതാണ്. അതില്‍നിന്ന് ഒരുമാറ്റം ആ സമൂഹത്തിന്റെ അസ്ഥിത്വംതന്നെ ഇല്ലാതാക്കും.

അതുതന്നെയാണു സംഘ്പരവാറിന്റെ ലക്ഷ്യവും. ഇന്ത്യന്‍ മുസ്‌­ലിംകളുടെആന്തരികമായ സത്തയെചോര്‍ത്തിക്കളഞ്ഞ്, വിശ്വാസങ്ങളെ ഉടച്ചുവാര്‍ത്ത് നിലയില്ലാക്കയത്തിലാക്കുകയെന്നതന്ത്രമാണു സംഘ്പരിവാര്‍ പണിപ്പുരകളില്‍ നെയ്യപ്പെട്ടുകൊണ്ടരിക്കുന്നത്. എത്രയോ നൂറ്റാണ്ടുകളായി ഒരുസമൂഹം അവരുടെ ആത്മാവിന്റെഭാഗമായി കൊണ്ടുനടക്കുന്ന വിശ്വാസധാരകളെ ഒരു രാഷ്ട്രീയനീക്കത്തിലൂടെ ഇല്ലായ്മചെയ്ത് അവിടെ ഒട്ടുംപരിചതമല്ലാത്ത, ഉള്‍ക്കൊള്ളാന്‍ കഴിയാത്ത ചിലത് അടിച്ചേല്‍പ്പിക്കാനുള്ള ശ്രമമാണിത്. ഇതിനെ പ്രതിരോധിക്കാനുള്ള ഇന്ത്യന്‍ മുസ്‌­ലിംസമൂഹത്തിന്റെ പോരാട്ടത്തില്‍ ഈ രാജ്യത്തെ എല്ലാ മതേതരവിശ്വാസകളുടെയും സജീവപിന്തുണകൂടി ഉണ്ടാകേണ്ടതുണ്ട് .

രാജ്യത്തെ ഹൈന്ദവവിഭാഗങ്ങളെയും ഏകീകൃതസിവില്‍കോഡ് ദോഷകരമായി ബാധിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ഒരേജാതിയില്‍ത്തന്നെ വടക്കുംതെക്കുമുള്ളവരില്‍ പലകാര്യങ്ങളില്‍ വ്യത്യാസംകാണാം. ചിലര്‍ മക്കത്തായക്കാരും മറ്റുചിലര്‍ മരുമക്കത്തായക്കാരുമാണ്. ചിലരില്‍ ഇവ രണ്ടും ഇടകലര്‍ന്നും കാണാം. ഇതിനെല്ലാം ഒറ്റ നിയമത്തിലൂടെ പരിഹാരമുണ്ടാക്കിക്കളയാമെന്നു ധരിക്കുന്നതു വ്യര്‍ഥവും അപകടകരവുമാണ്. അല്ലെങ്കില്‍ത്തന്നെ ഇന്ത്യയിലെ ജനങ്ങള്‍ നേരിടുന്ന എല്ലാപ്രശ്‌­നങ്ങള്‍ക്കുമുള്ള ഒറ്റമൂലിയാണോ ഏകീകൃതസിവില്‍കോഡ്.

ഉത്തരേന്ത്യയിലെ ഹൈന്ദവരും കേരളമുള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ഹൈന്ദവരുംതമ്മില്‍ വ്യക്തിനിയമങ്ങളിലും വൈവാഹിക­സ്വത്തവകാശമുള്‍പ്പെടെയുള്ള ആചാരങ്ങളിലും വലിയവ്യത്യാസമുണ്ട്.

കേരളത്തില്‍പ്പോലും ബ്രാഹ്മണരെപ്പോലെയുള്ള ജാതിവിഭാഗങ്ങളില്‍ നിലനില്‍ക്കുന്ന വൈവാഹിക­സ്വത്തവകാശരീതിയല്ല മറ്റുസമുദായങ്ങളില്‍ നിലനില്‍ക്കുന്നത്.

അതുകൊണ്ട് ഏകീകൃതസിവില്‍കോഡ് എന്ന ആശയത്തെ നമ്മള്‍ എതിര്‍ക്കുകയും പരാജയപ്പെടുത്തുകയും ചെയ്യേണ്ടതുണ്ട്.

മതവിശ്വാസത്തോടൊപ്പം ന്യൂനപക്ഷ വിഭാഗങ്ങളുടെ സാംസ്­കാരിക സ്വാതന്ത്ര്യവും ഭരണഘടന ഉറപ്പുതരുന്നുണ്ട്. രാജ്യത്തെ മത­ഭാഷാ ന്യൂനപക്ഷങ്ങളുടെ ഭാഷയും സംസ്­കാരവും നിലനിര്‍ത്താനും അതിനുമേലുള്ള അധിനിവേശങ്ങളെ പ്രതിരോധിക്കാനും സാധിക്കും വിധമാണ് ഈ അവകാശങ്ങള്‍

ഭരണഘടനാപരമായ അവകാശങ്ങളുടെ ബലത്തില്‍ നില്‍ക്കുന്നതാണ് നമ്മുടെ വ്യക്തിനിയമങ്ങള്‍. വളരെ പരിമിതമായ കാര്യങ്ങളില്‍ മാത്രമൊതുങ്ങുന്ന വ്യക്തിനിയമങ്ങള്‍ മറ്റു സിവില്‍ നിയമങ്ങളെപ്പോലെ ഏകീകരിക്കുന്നതിനെയാണ് ഇപ്പോള്‍ ഉയര്‍ന്നു കേള്‍ക്കുന്ന യൂണിഫോം സിവില്‍കോഡ് എന്നതുകൊണ്ട് അര്‍ഥമാക്കുന്നത്. യഥാര്‍ഥത്തില്‍ ഇന്ത്യയില്‍ ഒരു ഏകീകൃത സിവില്‍ നിയമം നിലവിലുണ്ട്. സിവില്‍ പ്രസീഡര്‍ കോഡ് പ്രകാരമാണ് സിവില്‍ തര്‍ക്കപരിഹാരങ്ങള്‍ കോടതികള്‍ കാണുന്നത്.

ഇന്ത്യയുടെ അഭിമാനമായ ഈ സാംസ്­കാരിക വൈവിധ്യത്തെ അടിച്ചു ശരിപ്പെടുത്തി ഏകനിലം രൂപമാക്കാനുള്ള സംഘ്പരിവാര്‍ അജന്‍ഡയാണ് ഏകസിവില്‍കോഡ് എന്ന ഉട്ടോപ്യന്‍ സ്വപ്നം നടപ്പിലാക്കാന്‍ ധൃതികാണിക്കുന്നത് ആര്‍ക്കുവേണ്ടിയാണ്? വളരെ കരുതലോടെ ഈ നീക്കത്തിനെതിരേ മതേതര ജനാധിപത്യ കക്ഷികള്‍ പ്രതിരോധം തീര്‍ക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്.

അനേക സഹസ്രങ്ങളിലൂടെ ഇന്ത്യ ആര്‍ജ്ജിച്ചെടുത്ത വൈവിധ്യം ഇന്ത്യയുടെ തനതു സ്വഭാവമാണ്. ഹൈന്ദവസമൂഹത്തില്‍ വരെ അനേകായിരം വ്യത്യസ്ത ആചാരാനുഷ്ഠാനങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഇന്ത്യന്‍ സാംസ്­കാരിക പരിസരം ഇങ്ങനെ വിവിധ വര്‍ണങ്ങളാല്‍ അലങ്കൃതമായി തന്നെയാണ് നിലനില്‍ക്കേണ്ടത്. ഇന്ത്യന്‍ സാംസ്­കാരിക വൈവിധ്യം, അതിന്റെ ഭൂപരമായ വൈവിധ്യം പോലെ സമ്പന്നമാണ് എന്നു നാം തിരിച്ചറിയണം .
കോമണ്‍കോഡ് ­ഇന്ത്യയുടെ ബഹുസ്വരത നഷ്ടമാക്കും: ജോയ്­ ഇട്ടന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക