Image

ദേവി ഉണ്ണിമായ: ചക്കുളത്തുകാവിലമ്മ പ്രസാദിച്ച നടനതിലകത്തിന് പുരസ്‌കാരപ്പെരുമ( രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)

കുര്യന്‍ പാമ്പാടി Published on 18 July, 2016
ദേവി ഉണ്ണിമായ: ചക്കുളത്തുകാവിലമ്മ പ്രസാദിച്ച നടനതിലകത്തിന് പുരസ്‌കാരപ്പെരുമ(  രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)
ആലപ്പുഴ ജില്ലയില്‍ തിരുവല്ലയ്ക്കടുത്ത് നീരേറ്റുപുറത്ത് പമ്പയുടെയും മണിമലയാറിന്റെയും നടുവിലായി സ്ഥിതിചെയ്യുന്നു, ചക്കുളത്ത് ശ്രീഭഗവതീ ക്ഷേത്രം. ആയിരക്കണക്കിനു വര്‍ഷങ്ങളുടെ പാരമ്പര്യവും പേറി നില്‍ക്കുന്ന ക്ഷേത്രത്തിലെ പൊങ്കാലയ്ക്കും നാരീപൂജയ്ക്കും ലക്ഷക്കണക്കിനു ഭക്തജനങ്ങളാണ് എത്തിച്ചേരുന്നത്. അവിടെ ക്ഷേത്ര കാര്യദര്‍ശി മണിക്കുട്ടന്‍ നമ്പൂതിരിയുടെയും രാജി അന്തര്‍ജനത്തിന്റെയും ഏകപുത്രി ദേവി ഉണ്ണിമായ എന്ന സര്‍വകലാ വല്ലഭയ്ക്ക് മുന്‍ രാഷ്ട്രപതി ഡോ. അബ്ദുള്‍ കലാമിന്റെ പേരിലുള്ള പുരസ്‌കാരം ലഭിച്ചത് അടുത്ത നാളാണ്.

ചങ്ങനാശേരി ചെത്തിപ്പുഴ ക്രിസ്തുജ്യോതി കാമ്പസിലെ പ്ലാസിഡ് വിദ്യാവിഹാറില്‍ പ്ലസ്ടുവിനു പഠിക്കുന്നു പതിനേഴിലെത്തിയ ഉണ്ണിമായ. ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി തുടങ്ങി ഒട്ടേറെ നൃത്തരൂപങ്ങള്‍ക്ക് വാരിക്കൂട്ടിയ പുരസ്‌കാരങ്ങള്‍ നിരവധി. എന്നാല്‍, അവയ്‌ക്കൊപ്പം ലഭിക്കുന്ന സമ്മാനത്തുകകള്‍ അപ്പാടെ ശാരീരിക വൈകല്യങ്ങളുള്ള കുട്ടികള്‍ക്കു സമ്മാനിക്കുന്നു എന്നതാണ് ദേവി ഉണ്ണിമായുടെ സന്മനസ്.

അങ്കുശമില്ലാത്ത ദീനാനുകമ്പയുടെ അംഗീകാരമെന്ന നിലയിലാണ് അബ്ദുള്‍ കലാം ഫൗണ്ടേഷന്റെ പ്രഥമ യൂത്ത് ഐക്കണ്‍ അവാര്‍ഡ് അവള്‍ക്കു ലഭിച്ചത്. ഇന്‍ഫോസിസ് ഇന്ത്യന്‍ ഫൗണ്ടേഷനും ഒത്തുചേര്‍ന്ന് ബംഗളൂരുവില്‍ സംഘടിപ്പിച്ച ചടങ്ങില്‍വച്ച് ഫൗണ്ടേഷന്‍ അധ്യക്ഷയും കലാമിന്റെ സഹോദരിയുമായ ഡോ. നസീമ മരയ്ക്കാര്‍ പുരസ്‌കാരം സമ്മാനിച്ചു. സമ്മാനത്തുകയായ പതിനായിരം രൂപ ഉണ്ണിമായ ഭിന്നശേഷിയുള്ള ഒരു കുട്ടിയുടെ തബലപഠനത്തിനായി സംഭാവന ചെയ്തു.പ്പ
സി.എം.ഐ സഭ വക മുപ്പത്തിനാല് ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന ക്രിസ്തുജ്യോതി കാമ്പസിന്റെ പുതിയ തിലകമാണ് ദേവി ഉണ്ണിമായയെന്ന് പ്ലാസിഡ് വിദ്യാവിഹാര്‍ പ്രിന്‍സിപ്പല്‍ ഫാ. സ്‌കറിയ എതിരേറ്റ് പറയുന്നു. ചങ്ങനാശേരി ചെത്തിപ്പുഴയിലെ സ്‌കൂള്‍ ഓഫീസില്‍ ആവിപറക്കുന്ന ഒരു കപ്പ് കാപ്പി തന്നുകൊണ്ടായിരുന്നു സംഭാഷണത്തിന്റെ തുടക്കം. നൃത്തത്തിലും കഥകളിയിലും ശാസ്ത്രീയ സംഗീതത്തിലും ഒരുപോലെ പ്രാവീണ്യം കാട്ടുന്ന ഉണ്ണിമായ പഠനത്തിലും സമര്‍ഥയാണ്. പെരുമാറ്റത്തിലോ ഏഴായിരം വരുന്ന കാമ്പസ് സമൂഹത്തിന് അഭിമാനവും -ഫാ. എതിരേറ്റ് സാക്ഷ്യപ്പെടുത്തി.

കുട്ടനാട്ടുകാരാണ് ഗുരുവും ശിഷ്യയും. ചമ്പക്കുളത്തെ കര്‍ഷക കുടുംബത്തില്‍ ജനിച്ച ഫാ. സ്‌കറിയ എന്നും കുട്ടനാടന്‍ കര്‍ഷകന്റെ സാമ്പത്തിക സ്രോതസായ നെല്‍കൃഷിയെപ്പറ്റി വാതോരെ പറയാന്‍ വെമ്പി. എക്കണോമിക്‌സില്‍ മാസ്റ്റേഴ്‌സ് എടുത്തയാള്‍.' ഡോക്ടറല്‍ ഗവേഷണത്തിന് തയാറെടുക്കുന്നു. കുട്ടനാടിന്റെ ഹൃദയമാണ് ദേവി ഉണ്ണിമായയ്ക്ക് ഈ അപൂര്‍വസിദ്ധികള്‍ കൊണ്ടുവന്നതെന്ന് അദ്ദേഹം വിശ്വസിക്കുന്നു. സ്‌കൂളിലാകട്ടെ, തമിഴ്‌നാട്ടിലെ കൂടംകുളത്തുനിന്നു വരെയുള്ള വിദ്യാര്‍ഥികളുണ്ട്. സ്റ്റേറ്റ് സിലബസിലും സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സിലബസുകളിലും ക്ലാസുകള്‍. പുറമേ, കോളജ് ഓഫ് മാനേജ്‌മെന്റ് ആന്‍ഡ് ടെക്‌നോളജിയുമുണ്ട്. യു.കെ.ജി മുതല്‍ കോളജ് വരെ ഏഴായിരം കുട്ടികള്‍. എം.എ., എം.എഡ്, പിഎച്ച്.ഡിക്കാരായ അധ്യാപകര്‍ നൂറ്റിപ്പത്ത്.

കാമ്പസിലേക്കു കുട്ടികളെ ആകര്‍ഷിക്കുന്ന പ്രധാന ഘടകം മെഡിസിന്‍/എന്‍ജിനീയറിംഗ് പ്രവേശനപരീക്ഷയ്ക്ക് ഏറ്റവും കൂടുതല്‍ പേരെ ജയിപ്പിക്കുന്നു എന്നതാണ്. കാമ്പസിന്റെ മുഖ്യകവാടത്തിനെതിരേ ഇക്കൊല്ലം ജയിച്ച മിടുക്കന്മാരുടെയും മിടുക്കികളുടെയും ഫ്‌ളെക്‌സ് ബോര്‍ഡുകള്‍ കാണാന്‍ കഴിഞ്ഞു. ജ്വലിച്ചുയരുന്ന പ്രഭാതസൂര്യനെ പിന്നിലാക്കി ഫോട്ടോയ്ക്കു പോസ് ചെയ്യുമ്പോള്‍ ഉണ്ണിമായയ്‌ക്കൊപ്പം പ്രിയപ്പെട്ട കൂട്ടുകാരികളും അണിനിരന്നു - ഐബ മെറിന്‍ ജയ്‌മോന്‍, ലിനു ജോണി ആന്റണി, എമിലി തെരേസ ജോസ്, അമല ചാക്കോ, ആന്‍ മേരി മാത്യു. കുച്ചിപ്പുടിയിലും ഒപ്പനയിലും മാര്‍ഗംകളിയിലും ഈ കൂട്ടുകാര്‍ ഒത്തുചേരുന്നു. ഉണ്ണിമായയ്ക്ക് കഥകളിയിലെ കൃഷ്ണന്റെ വേഷമാണ് ഇഷ്ടം; നാടോടിനൃത്തത്തില്‍ കാക്കാത്തിയുടെയും.

ചക്കുളത്തമ്മയെ പരിചരിക്കുന്നതിന് അവകാശം സിദ്ധിച്ച അഞ്ചു നമ്പൂതിരിമാരില്‍ ഒരാള്‍ മാത്രം കടന്നുപോയി - ബാലകൃഷ്ണന്‍. രാധാകൃഷ്ണന്‍, ഉണ്ണിക്കൃഷ്ണന്‍, മണിക്കുട്ടന്‍, അശോകന്‍ എന്നീ സഹോദരന്മാരില്‍ മണിക്കുട്ടനാണ് കാര്യദര്‍ശി. ഉണ്ണിമായയുടെ പഠന-പാഠ്യേതര വിഷയങ്ങളില്‍ സജീവശ്രദ്ധയാണ് ഇന്ദിരാദേവി അന്തര്‍ജനം എന്ന രാജിക്ക്. കൊല്ലത്ത് ചെറുകര മഠത്തിലെ അംഗം. ദേവി നാലര വയസില്‍ നൃത്താഭ്യസനം ആരംഭിച്ചു. എന്നിട്ടും എസ്.എസ്.എല്‍.സിക്ക് 94 ശതമാനം മാര്‍ക്ക്. സ്‌കൂള്‍ കലോത്സവത്തിലും സി.ബി.എസ്.ഇ കലോത്സവത്തിലും വിവിധ നൃത്തരൂപങ്ങള്‍ക്കുള്ള എല്ലാ പുരസ്‌കാരങ്ങളും ദേവിയാണു വാരിക്കുട്ടിയത്. പെരുമ്പാവൂരിലെ ഗീതാ പത്മകുമാറാണ് കുച്ചിപ്പുടി പഠിപ്പിച്ചത്. കലാമണ്ഡലം കവിതാ കൃഷ്ണകുമാര്‍ മോഹനിയാട്ടവും തിരുവനന്തപുരത്തെ വിദ്യാമോള്‍ പ്രദീപ് ഭരതനാട്യവും.

വിദ്യാഭ്യാസവും കലയും രണ്ടും രണ്ടാണ്. കലയില്‍ കാലുറപ്പിക്കുമ്പോഴും പഠനത്തിനു മുന്‍തൂക്കം നല്‍കുന്നു. എന്നിരുന്നാലും ഒരുതവണ - ഒരേയൊരു തവണ - സിനിമയില്‍ അഭിനയിക്കണമെന്ന് ഉണ്ണിമായയ്ക്കു മോഹമുണ്ട്.
പത്തനംതിട്ട, ആലപ്പുഴ ജില്ലകളുടെ അതിര്‍ത്തിയിലാണ് ചക്കുളത്തുകാവ്. പമ്പയുടെ ഒരു കരയില്‍ പത്തനംതിട്ട ജില്ലയിലെ നീരേറ്റുപുറം. മറുകരയില്‍ ആലപ്പുഴ ജില്ലയിലെ ചക്കുളത്തുകാവ് ദേവീ ക്ഷേത്രം. കെ.ആര്‍. ഗൗരിയമ്മ വരെ അവിടെ നാരീപൂജയ്ക്ക് എത്തിയിട്ടുണ്ട്. സിനിമ-ടിവി താരങ്ങളും. നടി പാര്‍വതിക്കൊപ്പം ദേവിയും രാജിയും നില്‍ക്കുന്ന ചിത്രം അവരുടെ ആല്‍ബത്തിലെ ഒന്നാം പേജ് അലങ്കരിക്കുന്നു. പൊങ്കാലയ്ക്ക് ക്ഷേത്രം മുതല്‍ തിരുവല്ല വരെ മൈലുകളോളം സ്ത്രീജനങ്ങള്‍ അടുപ്പുകൂട്ടി നൈവേദ്യം അര്‍പ്പിക്കുന്നതായി ക്ഷേത്രകാര്യങ്ങളില്‍ മണിക്കുട്ടനൊപ്പം നില്‍ക്കുന്ന തലവടി പഞ്ചായത്ത് അംഗം അജിത് പിഷാരടി സാക്ഷ്യപ്പെടുത്തുന്നു. നാരീപൂജയ്ക്കും അങ്ങനെതന്നെ.

ക്ഷേത്രത്തോടു തൊട്ടുരുമ്മിയുള്ള തറവാട്ടില്‍നിന്ന് തൂശനിലയില്‍ ഓണത്തെ ഓര്‍മിപ്പിക്കുന്ന ഊണും പ്രഥമനും കഴിച്ചിറങ്ങുമ്പോള്‍ രാജിയെന്ന ദേവിയെ തൊഴുതുനില്‍ക്കുന്നു മുടി നരച്ച ഒരു ഭക്ത. കോരൂത്തോട്ടില്‍നിന്നു പന്ത്രണ്ടാം തവണ ക്ഷേത്രത്തിലെത്തിയതാണ് സരസമ്മ. തന്റെ എല്ലാ ഐശ്വര്യങ്ങള്‍ക്കും കാരണം ദേവിയാണെന്ന് വേട്ടുവ സമുദായാംഗമായ സരസമ്മ വിശ്വസിക്കുന്നു. ഭര്‍ത്താവ് പരമേശ്വരന്‍ മരിച്ചുവെങ്കിലും മകള്‍ പുഷ്പലതയും അവരുടെ നാലു കുട്ടികളുമായി സന്തുഷ്ടമായി കഴിയുന്നു, എഴുപതിലെത്തിയ ആയമ്മ.
എല്ലാം ദേവിയുടെ കൃപ.

      (സെലക്ട് ചിത്രങ്ങള്‍: റജിമോന്‍, അനന്യ, ആര്‍പ്പൂക്കര)


ചിത്രങ്ങള്‍:
1. ദേവി ഉണ്ണിമായ 
2. ഉണ്ണിമായ എന്ന നര്‍ത്തകി.
3. അവാര്‍ഡ് സമ്മാനിക്കുന്ന കലാമിന്റെ സഹോദരി ഡോ. നസീമ മരയ്ക്കാര്‍.
4. പുരസ്‌കാരദാന ചടങ്ങില്‍ എഴുത്തുകാരി അനിതാ നായര്‍.
5. കൂട്ടുകാരികള്‍ ഒന്നിച്ച് പ്രിന്‍സിപ്പല്‍ ഫാ. സ്‌കറിയ എതിരേറ്റിനൊപ്പം.
6. അച്ഛന്‍ മണിക്കുട്ടന്‍ നമ്പൂതിരി, അനുജന്‍ ദുര്‍ഗാദത്തന്‍, അമ്മ രാജി.
7. നടി പാര്‍വതിക്കൊപ്പം ദേവിയും രാജിയും.
8. ഡോ. നീന പ്രസാദിന് പൂര്‍ണകുംഭം.
9. ഗുരുവന്ദനം: ഭരതനാട്യം പഠിപ്പിച്ച വിദ്യാമോള്‍ പ്രദീപുമൊത്ത്.
10. ദേവീദര്‍ശനത്തിനെത്തിയ കോരൂത്തോട്ടിലെ സരസ്വതിക്കൊപ്പം രാജി.

ദേവി ഉണ്ണിമായ: ചക്കുളത്തുകാവിലമ്മ പ്രസാദിച്ച നടനതിലകത്തിന് പുരസ്‌കാരപ്പെരുമ(  രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)ദേവി ഉണ്ണിമായ: ചക്കുളത്തുകാവിലമ്മ പ്രസാദിച്ച നടനതിലകത്തിന് പുരസ്‌കാരപ്പെരുമ(  രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)ദേവി ഉണ്ണിമായ: ചക്കുളത്തുകാവിലമ്മ പ്രസാദിച്ച നടനതിലകത്തിന് പുരസ്‌കാരപ്പെരുമ(  രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)ദേവി ഉണ്ണിമായ: ചക്കുളത്തുകാവിലമ്മ പ്രസാദിച്ച നടനതിലകത്തിന് പുരസ്‌കാരപ്പെരുമ(  രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)ദേവി ഉണ്ണിമായ: ചക്കുളത്തുകാവിലമ്മ പ്രസാദിച്ച നടനതിലകത്തിന് പുരസ്‌കാരപ്പെരുമ(  രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)ദേവി ഉണ്ണിമായ: ചക്കുളത്തുകാവിലമ്മ പ്രസാദിച്ച നടനതിലകത്തിന് പുരസ്‌കാരപ്പെരുമ(  രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)ദേവി ഉണ്ണിമായ: ചക്കുളത്തുകാവിലമ്മ പ്രസാദിച്ച നടനതിലകത്തിന് പുരസ്‌കാരപ്പെരുമ(  രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)ദേവി ഉണ്ണിമായ: ചക്കുളത്തുകാവിലമ്മ പ്രസാദിച്ച നടനതിലകത്തിന് പുരസ്‌കാരപ്പെരുമ(  രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)ദേവി ഉണ്ണിമായ: ചക്കുളത്തുകാവിലമ്മ പ്രസാദിച്ച നടനതിലകത്തിന് പുരസ്‌കാരപ്പെരുമ(  രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)ദേവി ഉണ്ണിമായ: ചക്കുളത്തുകാവിലമ്മ പ്രസാദിച്ച നടനതിലകത്തിന് പുരസ്‌കാരപ്പെരുമ(  രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക