Image

അമേരിക്ക (നോവല്‍-20) മണ്ണിക്കരോട്ട്

മണ്ണിക്കരോട്ട് Published on 18 July, 2016
അമേരിക്ക (നോവല്‍-20) മണ്ണിക്കരോട്ട്
തങ്കച്ചന് അമേരിക്കയില്‍ വരാന്‍ സമയമായി. അയാള്‍ക്ക് സന്തോഷം. മോനിക്ക് സംഭ്രമം. ഈ തൊന്തരവിനൊന്നും പോകേണ്ടായിരുന്നെന്ന് അവള്‍ ചിന്തിച്ചു. 

അമേരിക്കനൈസ്ഡിന്റെ ലഹരിയില്‍ അവള്‍ മതിമയങ്ങി.

സര്‍വ്വസ്വാതന്ത്ര്യത്തിന്റെ സര്‍വ്വകലാശാലയിലെ വിളയാട്ടത്തിനിനി വിഘ്‌നമുണ്ടാകും. 

കാത്തിയുടെകൂടെ കഴിയാനൊക്കില്ല. പുതിയ അപ്പാര്‍ട്ടുമെന്റെടുക്കണം. സ്വതന്ത്രമായിട്ട് ഒന്നും ചെയ്യാനൊക്കില്ല. ഭര്‍ത്താവെന്നും പറഞ്ഞൊരുത്തന്‍ കാവലിരിക്കും. നാശം. 

ഈ ബന്ധം വേണ്ടെന്നുവച്ചാലോ...? അപ്പനും അമ്മയ്ക്കും വിഷമമാകും. സഹോദരങ്ങള്‍ക്ക് പഴിദോഷം. നാട്ടില്‍ ബഹളം. ആകെ വഷള്. പിന്നെന്തു ചെയ്യും....?
 
വിവരം കാത്തിയെ അറിയിച്ചു. അവള്‍ക്കതില്‍ കഴമ്പൊന്നും തോന്നിയില്ല. വരുന്നവര്‍ വരട്ടെ. അതുകൊണ്ട്....?

കാത്തിതന്നെ മോനിക്ക് അപ്പാര്‍ട്ട്‌മെന്റ് എടുത്തുകൊടുത്തു. അല്‍പം അകലെയാണ് കിട്ടിയത്. 
ഒരുമിച്ച് ജോലിക്കു പോകാന്‍ കഴിയാതെയായി. സായിപ്പ•ാരുടെ സഹവാസം കുറഞ്ഞു. മോനിക്ക് ഭ്രാന്തായി.

അപ്പോഴാണ് ഗുപ്തയുമായി കൊളുത്തിയത്. ഡോക്ടര്‍ ആര്‍.കെ.ഗുപ്ത. മോനിയുടെ വാര്‍ഡിലെ പുതിയ ഇന്ത്യന്‍ ഡോക്ടര്‍. ആറടി നീളം. ഒത്ത ശരീരം. സുമുഖന്‍. അവിവാഹിതന്‍.
അയാളെ ഒരു മദാമ്മ തള്ളിക്കളഞ്ഞിരുന്ന കാലം.

രണ്ടുപേരും പെട്ടെന്നടുത്തു. വളരെ അടുത്തു. അടുക്കാത്ത രാവുകള്‍ ചുരുക്കമായി.
തങ്കച്ചന്‍ വന്നു. ഗുപ്തയാണ് അയാളെ എയര്‍പോര്‍ട്ടില്‍ നിന്നു കൊണ്ടുവന്നത്.

മോനി ഭര്‍ത്താവിനോട് സ്‌നേഹം കാണിച്ചു. പതിവ്രത ചമഞ്ഞു. ശമ്പളം കൊണ്ടുവന്ന് തങ്കച്ചനെ ഏല്‍പ്പിക്കും. ഒരുമിച്ച് അക്കൗണ്ടും തുടങ്ങി.

ആഴ്ചകള്‍ കടന്നുപോയി.

മോനി ജോലി കഴിഞ്ഞ് താമസിച്ച് വീട്ടിലെത്തുക പതിവായി. കാരണം?
ഓവര്‍ടൈം ചെയ്യുകയാണ്.

അത് തരക്കേടില്ലെന്ന് തങ്കച്ചനും തോന്നി. ഡോളര്‍ കിട്ടുന്ന കാര്യമാണ്. തുടരട്ടെ ഓവര്‍ടൈം. കൊണ്ടുവരട്ടെ ഡോളര്‍. ഭാര്യയെ കാത്ത് വീട്ടില്‍ കുത്തിയിരുന്ന് മടുക്കുന്നതൊന്നും കാര്യമില്ല.
ശമ്പളം വന്നു. ഓവര്‍ടൈമിനനുസരിച്ച് ഡോളറില്ല. കാരണം...? അന്നൊക്കെ മീറ്റിംഗായിരുന്നു. 
എന്തു മീറ്റിംഗ.......?

ജോലിയിലങ്ങനെ പല മീറ്റിംഗുകളും കാണും. വെറുതെ വീട്ടിലിരിക്കുന്നവര്‍ക്ക് അതൊന്നും അറിഞ്ഞുകൂടാ. ശരിയാണ്. വീട്ടിലിരിക്കുന്ന അയാള്‍ ഭാര്യ, കാമുകന്റെ കിടക്കയില്‍ മീറ്റിംഗ് കൂടുന്നത് എങ്ങനെ അറിയാന്‍. മീറ്റിംഗ് പതിവായി. തങ്കച്ചന്‍ തനിയെ വീട്ടിലിരുന്ന് മടുത്തു. അമേരിക്കയില്‍ തനിക്കുള്ള അറിവ് പരിമിതം. എങ്കിലും ജോലിക്കു ശ്രമിച്ചു. ഭാര്യയില്‍ നിന്ന് യാതൊരു സഹായവും ലഭിച്ചില്ല. അയാള്‍ തൊഴില്‍ തേടി മടുത്തു. അപ്പോള്‍ അവളുടെ വകയായി.

ഇങ്ങേരിപ്പം പോയി എന്തോ ആനമൊട്ട കൊണ്ടുവരാനാ. കൂടി വന്നാ കിട്ടുന്നത് നക്കാപ്പിച്ച. അതിലും ഭേദം വല്ല വേദപുസ്തകോം വായിച്ചോണ്ടിവിടെങ്ങാനും കുത്തിയിരുന്നാട്ട്. പിന്നെ ഞആനീ ജോലീം മീറ്റുംഗും കഴിഞ്ഞ് വല്ലാതെ ക്ഷീണിച്ചാ ഇങ്ങോട്ട് വരുന്നത്. അപ്പോഴത്തേയ്ക്ക് ശരിക്കു വല്ലോം ഒണ്ടാക്കിവച്ചിരുന്നാ കൊള്ളാം. ഇന്നാരുന്നെങ്കില്‍ എനിക്കു നല്ല യൂണിഫോം പോലും ഇല്ലായിരുന്നു. എന്റെ യൂണിഫോമും മറ്റ് തുണികളുമൊക്കെ അങ്ങോട്ട് കഴുകിവച്ചാലെന്താ. 
തങ്കച്ചന്‍ മറുപടി പറയാതെ ഒരഭിപ്രായം തൊടുത്തുനോക്കി.

എല്ലാവര്‍ക്കും കാറുണ്ട്. തങ്ങള്‍ക്കും ഒരു കാറുണ്ടെങ്കില്‍ സ്വതന്ത്രമായി ദൂരെയൊക്കെപ്പോയി ജോലി അന്വേഷിക്കാമല്ലോ.

അതു വിലപ്പെട്ടില്ല. അയാളുണ്ടാക്കുന്ന കാശുകൂടെ അവള്‍ ഉണ്ടാക്കാമെന്നായി. വീണ്ടും വേദപുസ്തകം വായിച്ചിരിക്കാന്‍ ഉത്തരവായി. 

ഒന്നാം തിയതി പലതു കഴിഞ്ഞു.

തങ്കച്ചന്റെ അമ്മയ്ക്ക് സുഖമില്ല. പണത്തിന്റെ ആവശ്യമുണ്ടെന്ന് കത്തുവന്ന് ആഴ്ചകളായിട്ടും മോനിയത് കണ്ടെന്നുപോലും നടിച്ചില്ല.

വീണ്ടും കത്ത് വന്നു. തങ്കച്ചന്‍ ഒരു ചെക്കെഴുതി അമ്മയ്ക്കയച്ചു കൊടുത്തു. ജോയിന്റ് അക്കൗണ്ടായത് ഭാഗ്യമായി കരുതി. പണം അയച്ചു കഴിഞ്ഞപ്പോള്‍ ആശ്വാസം തോന്നി.
മോനി വിവരം അറിഞ്ഞു. അവളുടെ ഫണം വിടര്‍ന്നു.

പിന്നെ, നിങ്ങള്‍ ആരോടു ചോദിച്ചോണ്ടാ ചെക്കെഴുതിയത്. പണം ഞാനുണ്ടാക്കുന്നതാ. മനസ്സിലായോ...?

തങ്കച്ചന്റെ ആശ്വാസമെല്ലാം തീര്‍ന്നു. അയാള്‍ പറഞ്ഞു.

നീ നിന്റെ വീട്ടിലെപ്പോഴും അയയ്ക്കുമല്ലോ മോനീ.

ആങ്ഹാ, അതുകൊള്ളാം. പിന്നേ, ഞാനെന്റെ വീട്ടിലയ്ക്കുന്നെങ്കി നല്ലതുപോലെ കഷ്ടപ്പെട്ട് ജോലി ചെയ്തിട്ടാ. മനസ്സിലായോ? ആരുടേം വീട്ടുവക എടുത്തൊന്നും കൊടുക്കേണ്ടാ. ഞാന്‍ കൊണ്ടുവരുന്ന പണത്തിന് നിങ്ങളെന്തിനാ ഇത്ര കണക്ക് പറേന്നേ...-ങേ...-എനിക്കിഷ്ടമൊള്ളതുപോലെ ഞാന്‍ ചെയ്യും ഓ.കെ.

തങ്കച്ചന്‍ മൗനം. മോനി കലിയോടെ കാര്യം ഉത്തമസുഹൃത്തും ഉപദേഷ്ടാവുമായ കാത്തിയെ ധരിപ്പിച്ചു.

ഫ് മണ്ടിപ്പെണ്ണ്. കാത്തി ഉപദേശിക്കാന്‍ തുടങ്ങി. ഇത് അമേരിക്കയാണ്. സ്ത്രീക്കും പുരുഷനും തുല്യസ്വാതന്ത്ര്യമുള്ള രാജ്യം. വിവാഹം കഴിച്ചതുകൊണ്ട് അവരവരുടെ സ്വാതന്ത്ര്യമോ അവകാശമോ ആര്‍ക്കും നഷ്ടപ്പെടുന്നില്ല. അതുപോലെ വ്യക്തിസ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യാന്‍ ആര്‍ക്കും അവകാശമില്ല.

നിന്റെ ശമ്പളം ഭര്‍ത്താവിന്റെ കയ്യില്‍ കൊടുക്കുന്നതെന്തിന്? അത് നിന്റെ ഇഷ്ടംപോലെ ചെയ്യാനുള്ളതാണ്. മനസ്സിലായോ?

അതുകൊണ്ട് ഇനി മുതല്‍ നിന്റെ ശമ്പളം അയാള്‍ക്ക് കൊടുക്കരുത്. ഇന്ത്യന്‍സെല്ലാം അങ്ങനെയാണെന്ന് കേട്ടിട്ടുണ്ട്. അതു പാടില്ല. നിന്റെ ശമ്പളം അയാളെ കാണിക്കേണ്ട കാര്യം പോലുമില്ല. മനസ്സിലായല്ലോ. സ്വന്തം അക്കൗണ്ട് തുടങ്ങണം. പിന്നെ ഭര്‍ത്താവിന് ജോലിയില്ലെങ്കില്‍ 

പോക്കറ്റ് മണിക്ക് ചില്ലറ കൊടുക്കാം.

നീയിതുവരെ ശരിക്ക് അമേരിക്കനൈസ്ഡായിട്ടില്ല. അതാണ് ഇതിനെല്ലാം കാരണം. ഓ.കെ.

മോനിയുടെ അടുത്ത ശമ്പളം തങ്കച്ചന്‍ കണ്ടില്ല. ചോദിച്ചു.

പിന്നെ, ഇത് ഇന്ത്യയല്ല. അമേരിക്കയാ. മനസ്സീലായോ? അമേരിക്കയില്‍ വന്നാല്‍ ശരിക്ക് അമേരിക്കനൈസ്ഡാവണം. അപ്പോള്‍ മനസിലായിക്കൊള്ളും. ഓ.കെ....

ദിവസങ്ങള്‍ ഇഴഞ്ഞുനീങ്ങി. തങ്കച്ചന്റെ കാത്തിരിപ്പിന്റെ മണിക്കൂറുകള്‍ നീണ്ടുകൊണ്ടിരുന്നു. 
മോനി  യാതൊരു നിയന്ത്രണവുമില്ലാതെ സര്‍വ്വസ്വാതന്ത്ര്യത്തില്‍ തുടര്‍ന്നു. ഇടയ്ക്കിടയ്ക്ക് നൈറ്റ്ഡ്യൂട്ടിയും ഉണ്ടത്രേ. 

ഒരു ദിവസം കാത്തി മോനിയെ അടുത്ത ദിവസത്തേ ബാച്ചിലേഴ്‌സ് പാര്‍ട്ടിക്കു വിളിച്ചു. പാര്‍ട്ടിയെപ്പറ്റി കേട്ടപ്പോള്‍ മോനിക്ക് ധൃതിയായി.

രാത്രി മുഴുവനും നീണ്ടുനില്‍ക്കുന്ന പാര്‍ട്ടി. അവിവാഹിതര്‍ മാത്രം. നിബന്ധനകള്‍ പാലിക്കുന്ന വിവാഹിതര്‍ക്കും ചേരാം. ഒറ്റയ്ക്കും ജോഡിയായിട്ടും കൂടാം. പാര്‍ട്ടിയില്‍ എല്ലാവരും പൂര്‍ണ്ണനഗ്നരായിരിക്കും. കുടി, തീറ്റ, ഡാന്‍സ്, സെക്‌സ് ഇതാണ് പരിപാടികള്‍. പാര്‍ട്ടി തീരുന്നതുവരെ എല്ലാവരും പൊതുമുതലാണ്. ആര്‍ക്കും ആരോടും എപ്പോള്‍ വേണമെങ്കിലും എന്തും ചെയ്യാം.
ഇന്നെനിക്ക് നൈറ്റ് ഡ്യൂട്ടിയുണ്ട്. 

രാവിലെ മോനി തങ്കച്ചനോട് പറഞ്ഞു. 

നിന്റെ ഈ നൈറ്റ് ഡ്യൂട്ടി ഒന്നു നിര്‍ത്തണം.

തങ്കച്ചന് സംശയമായിരുന്നു.

പിന്നില്ലാതെ ഞാനിവിടിരുന്ന് എന്തോ ചെയ്യാനാ? സന്യസിക്കാനോ?

അപ്പോള്‍ ഞാനിവിടൊള്ളതോ....?

അതുകൊണ്ട് ഞാനും ഇവിടിരിക്കണമെന്നോ...? നിങ്ങള്‍ക്ക് കൊള്ളാം.

പിന്നെ നിനക്കോടീ....?

ഈ വേഷോം രൂപോം കാണിച്ചോണ്ട് ആണാണെന്നും പറഞ്ഞോണ്ടിരുന്നാമതിയല്ലോ. എന്തിന് കൊള്ളാം....?

എന്താടീ നീ പറഞ്ഞത്?

എന്താ പറഞ്ഞത് മനസ്സിലായില്ലിയോ? ആണാണെന്ന ഭാവത്തിലാണല്ലോ പെരുമാറ്റം. പിന്നെ ഈ എടീ പോടീ ഒന്നും ഇവിടെ വേണ്ടാ. ഇത് അമേരിക്കയാ മനസ്സിലായല്ലോ.
തങ്കച്ചന്റെ തൊണ്ട പെട്ടെന്ന് ഉണങ്ങിപ്പോയി. മുഖം വിളറി. ആള്‍ ശാന്തനായി. എന്നിട്ടു ചോദിച്ചു പോയി.

അതെന്താ മോനീ. നെനക്ക് ഞാന്‍ പോരായോ...?

അയ്യോ. എന്തോ ഇരുന്നിട്ടാ. അല്ലെങ്കില്‍ എന്തോ ചെയ്യാന്‍ കഴിഞ്ഞിട്ടാ പോരായോയെന്ന് ചോദിക്കുന്നത്....?

അയാള്‍ കത്തുന്ന കനലില്‍ ചവിട്ടിയപോലെയായി.
'... ...'

എന്താ ഒന്നും മിണ്ടാത്തത്...?

മോനീ, നമുക്കൊരു കുഞ്ഞുണ്ടാകാഞ്ഞാണ് നെനക്കങ്ങനെയൊക്കെ തോന്നുന്നത്. ഇനിമുതല്‍ നീ ദിവസവും കഴിക്കുന്ന ആ ഗുളികയങ്ങ് നിര്‍ത്തണം.

ഓ, ഹൊ ഹൊ. അത് കഴിച്ചില്ലെങ്കി, നിങ്ങളിപ്പഴങ്ങ് കൊച്ചിനെ ഒണ്ടാക്കും. അതിന് വല്ല കഴിവുള്ള ആണുങ്ങളും വേണം. എന്നെക്കൊണ്ട് കൂടുതലൊന്നും പറേപ്പിക്കാതിരിക്കുന്നതാ നല്ലത്. 

ഇങ്ങേരിവിടെങ്ങാനും ഇരുന്ന് സന്യസിച്ചാട്ട്, ഞാന്‍ പോകും. എനിക്കു തോന്നിയെടത്ത് പോകും.
എന്താടീ നീ പറഞ്ഞത്...?

തങ്കച്ചന്റെ പൗരുഷം ഉണര്‍ന്നു. അയാള്‍ ചാടിയെണീറ്റു. 

'എന്തിനാ വെറുതെ മേലനക്കുന്നത്. മേലനക്കാതെ ചുമ്മാതവിടെങ്ങാനും കുത്തിയിരിക്കുന്നതാ നല്ലത്.'

'നിന്നെ ഞാനിപ്പം ശരിയാക്കുമെടീ.'

അയാളുടെ പൗരുഷം കുറെക്കൂടി ഉണര്‍ന്നു കൈ ഉയര്‍ന്നു.

'ഓ.പിന്നെ പിന്നെ.' എന്നിട്ടും മോനിക്കു മാറ്റമില്ല. എല്ലാം നിസാരം. 'അതങ്ങ് മനസ്സിലിരിക്കത്തേയുള്ളൂ ഇത് തിരുവല്ലായല്ല. അമേരിക്കയാ. മനസ്സിലായോ. ഞാനിപ്പം പോലിസിനെ വിളിക്കും. അന്നേരം മനസ്സിലായിക്കൊള്ളും....'

തങ്കച്ചന്റെ പൊങ്ങിയ കൈ തനിയെ താഴെ വീണു. ഒപ്പം അയാളുടെ അഭിമാനവും.
ഈ നരകത്തില്‍ നിന്ന് എങ്ങനെയൊന്ന് കരകേറുമെന്ന് റോക്കിയെപ്പോലെ തങ്കച്ചന്റെയും മനം മന്ത്രിക്കുന്നുണ്ടായിരുന്നു.

ഈ അവസരത്തില്‍ പോളിന്റെ പുതിയ 'പുള്ളി' മിനിയുടെ കഥ കഷ്ടത്തിലായി. 

നേഴ്‌സുമാരെ കൊണ്ടുവരുന്ന അയാളുടെ കച്ചവടം നിലച്ചു. അപ്പാര്‍ട്ടുമെന്റുകള്‍ പൂട്ടി. നാട്ടില്‍ നിന്നുള്ള നേഴ്‌സുമാരുടെ വരവ് കുറഞ്ഞതാണ് കാരണം. ചുരുക്കമായി വരുന്നവരെ, ആദ്യമാദ്യം വന്നവര്‍ സ്‌പോണ്‍സര്‍ ചെയ്യും.

മിനി ആയിരുന്നു ബ്രോണ്‍സ് വ്യൂ അപ്പാര്‍ട്ടുമെന്റിലെ അവസാനത്തെ അന്തേവാസി. അവള്‍ക്ക് അയാള്‍ തന്നെ വേറെ അപ്പാര്‍ട്ടുമെന്റെടുത്തു കൊടുത്തു.

അവളുടെ മനസ്സിലിരിപ്പ് മറിച്ചായിരുന്നു. തന്നെ പോളിന്റെ ബ്ലൂഹെവന്‍ അപ്പാര്‍ട്ട്‌മെന്റില്‍ കൊണ്ടുപോകും. വിവാഹം ചെയ്യും.

അവള്‍ പുതിയ അപ്പാര്‍ട്ടുമെന്റില്‍ മാറിയിട്ടും പരസ്പരം കണ്ടുകൊണ്ടിരുന്നു. എന്നാല്‍ കുറച്ചു ദിവസങ്ങളായി പോളിന്റെ യാതൊരു വിവരങ്ങളുമില്ല. അയാള്‍ എങ്ങോ മുങ്ങിയിരിക്കുന്നു. 
മിനിക്ക് ആധിയായി. പലരോടും തിരക്കി.

അറിയാവുന്നവര്‍ പറഞ്ഞു. അയാള്‍ കാനഡായില്‍ കടന്നിരിക്കും. അവിടെയാണ് അയാളുടെ സ്ഥിരം കാമുകി.

മനി തലയടിച്ചു കരഞ്ഞു. എത്രയായിട്ടും സങ്കടം തീരുന്നില്ല. അയാളെ അത്രയ്ക്കും സ്‌നേഹിച്ചിരുന്നു. തനിക്കുള്ളതെല്ലാം അയാള്‍ക്കായി കാഴ്ചവെച്ചു. അയാളും സ്‌നേഹം കാണിച്ചു. അവളെ മാത്രമേ വിവാഹം കഴിക്കൂ എന്ന് പലപ്പോഴും പറഞ്ഞിരുന്നു.

കരഞ്ഞുകരഞ്ഞവള്‍ തളര്‍ന്നു. പല ദിവസം ജോലിക്കു പോയില്ല. 

അപ്പോഴാണ്  അവള്‍ക്ക് അയാളെപ്പറ്റി കൂടുതല്‍ മനസ്സിലാക്കാന്‍ കഴിഞ്ഞത്. പലരും പറഞ്ഞുകൊടുത്തു. മോനിയുടെ കാര്യം ഓര്‍മ്മിപ്പിച്ചു. അതുപോലെ എത്രയെത്ര മോനിമാര്‍. 

മറ്റുള്ളവര്‍ സമാധാനിപ്പിച്ചു. ധൈര്യം കൊടുത്തു. എന്തു ചെയ്യണമെന്ന് ഉപദേശിച്ചു. മോനി നാട്ടില്‍ പോയി കല്യാണം കഴിച്ചു. മിനിയും അങ്ങനെ ചെയ്താല്‍ മതി. എന്നാലും ഇത്രയെല്ലാം കഴിഞ്ഞിട്ട്...?

അതൊന്നും സാരമില്ല മിനി. ആരെ വേണം എങ്ങനെയുള്ളവരെ വേണം. അമേരിക്കയിലോട്ടൊന്ന് കാല് കുത്താന്‍ ചെറുപ്പക്കാര്‍ ക്യൂ നില്‍ക്കും.

ആ അഭിപ്രായത്തോട് മിനിക്കും യോജിപ്പ് തോന്നി.


(തുടരും.....)







അമേരിക്ക (നോവല്‍-20) മണ്ണിക്കരോട്ട്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക