Image

ആസ്തിബോധം (കാവ്യോത്സവം: പീറ്റര്‍ നീണ്ടൂര്‍)

Published on 19 July, 2016
ആസ്തിബോധം (കാവ്യോത്സവം: പീറ്റര്‍ നീണ്ടൂര്‍)
മുഷ്ടിക്കകത്താണുലോകം മുഴുവനെ-
ന്നിഷ്ടമായ് ചിന്തിച്ചുകാലം കഴിക്കവേ,
അഷ്ടിക്ക്മുട്ടുന്നമര്‍ത്ത്യരോ ചുറ്റിലും
നട്ടംതിരിയുന്നദ്രുശ്യമാണെങ്ങുമേ!

സ്രുഷ്ടിയില്‍ വന്ന പിഴവാണിതെങ്കിലും
സ്രുഷ്ടാവ് കുറ്റങ്ങള്‍മാറ്റാന്‍തുനിഞ്ഞീല;
ഉള്ളവര്‍ക്കെല്ലാം സമ്രുദ്ധമായേകിയി-
ട്ടുള്ളുമാത്രം കനിഞ്ഞീനിരാലം ബര്‍ക്ക്

പട്ടിണിമൂലം വലയുന്നവര്‍ക്കായി
വിട്ടുകൊടുക്കുന്നുമാറാത്തരോഗങ്ങള്‍;
രോഗവിമുക്തിക്ക്മാര്‍ഗ്ഗമില്ലാത്തവര്‍
വേഗമനയുന്നു കാലപുരിയിങ്കല്‍

സമ്പന്നതക്ക്‌നടുവില്‍വിലസുന്ന
വമ്പരോപോര്‍വിളിച്ചീടുന്നുശിഷ്ടരെ;
''ചിന്താമണി''ക്കായിമോഹം ജനിക്കുവോ-
രന്ത്യം വരേക്കുമലഞ്ഞുനടന്നിടും

അസ്തിത്വദുഃഖാലമര്‍ന്നുനീങ്ങാതെനീ
ആസ്തിബോധങ്ങളെ ചിത്തത്തിലേറ്റിയും
സ്വസ്ഥതയാര്‍ജ്ജിച്ചുമേകിയും മുമ്പോട്ടു
മസ്തിഷ്കശുദ്ധിവരുത്തിവാണീടുക.

********

പീറ്റര്‍ നീണ്ടൂര്‍ - ചെറുപ്പം മുതല്‍ കവിതയോടുള്ളഭ്രമം സ്വയം ഓരാന്നു കുത്തിക്കുറിക്കാന്‍ പ്രേരണനല്‍കി. കൂടാതെ കവിത പ്രേമിയായ പിതാവിന്റെ കാവ്യാലാപനങ്ങളും സ്വാധീനിച്ചു. വിദ്യാഭ്യാസത്തിനുശേഷം ജോലിയില്‍ പ്രവേശിച്ചപ്പോള്‍ കവിതാവാസനക്ക് അല്‍പ്പം മങ്ങലേറ്റുവെങ്കിലും വീണ്ടും അത് തളിര്‍ത്തുവന്നു. ഇപ്പോള്‍ ജോലിയില്‍ നിന്നുവിരമിച്ച് മുഴുവന്‍ സമയം സാഹിത്യപ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരിക്കുന്നു. കവി, സീരിയല്‍ നടന്‍, നാടന്‍ കലാരൂപങ്ങള്‍ക്ക് വീണ്ടും ജന്മം കൊടുക്കുന്നതില്‍വ്യാപ്രുതന്‍, പ്രാസംഗികന്‍,സംഘാടകന്‍,എന്നീനിലകളും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.ഇ മെയില്‍വിലാസം. vcpndrkavi@hotmail.com
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക