Image

നേഴ്‌സുമാര്‍ കുടിയേറ്റത്തിന്റെ വഴികാട്ടികള്‍: ബിനോയ് വിശ്വം

Published on 19 July, 2016
നേഴ്‌സുമാര്‍ കുടിയേറ്റത്തിന്റെ വഴികാട്ടികള്‍: ബിനോയ് വിശ്വം
മയാമി: അമേരിക്കന്‍ കുടിയേറ്റത്തിന്റെ വഴികാട്ടി ആര് എന്ന ചോദ്യത്തിനു നേഴ്‌സുമാര്‍ എന്നൊരു ഉത്തരമേയുള്ളൂ- ഫോമാ കണ്‍വന്‍ഷനിലെ നേഴ്‌സിംഗ് സെമിനാറില്‍ മുന്‍മന്ത്രി ബിനോയ് വിശ്വം പറഞ്ഞു. അതു മറന്നുള്ള അമേരിക്കന്‍ മലയാളി കുടിയേറ്റ ചരിത്രമില്ല. അറുപതുകളില്‍ തുടങ്ങിയ മഹായാനമായിരുന്നു അത്.

കൊളംബസ് തേടിയത് ഇന്ത്യയിലേക്കുള്ള പാതയായിരുന്നു. പുതിയ കാലത്തെ കൊളംബസുമാരായി നേഴ്‌സുമാര്‍ അമേരിക്കയെ തേടിയെത്തി. അന്നവര്‍ക്ക് കുടുംബമില്ല. ഏകാന്തതയില്‍ അവര്‍ ജീവിതം കെട്ടിപ്പെടുത്തു. വന്ന വഴികള്‍ നാം മറക്കരുത്. അവരുടെ മുന്നില്‍ നാം ആദരവോടെ തലകുനിക്കാം.

അമേരിക്കന്‍ മലയാളിയുടെ വിജയത്തിനു പിന്നില്‍ ഒരു സ്ത്രീയുണ്ട്. അവരാണ് നേഴ്‌സുമാര്‍. പഴയകാലത്ത് നേഴ്‌സിംഗ് എന്തോ തെറ്റായ കാര്യമായിരുന്നു. ഇന്നതല്ല സ്ഥിതി. അതിനു വഴിയൊരുക്കിയതും അമേരിക്കന്‍ നേഴ്‌സുമാരാണ്.

രണ്ടും മൂന്നും ജോലി ചെയ്ത് ആരോഗ്യം നഷ്ടപ്പെടുത്തി കുടുംബത്തിനുവേണ്ടി ത്യാഗം സഹിച്ചവരാണവര്‍- അദ്ദേഹം പറഞ്ഞു.

അമേരിക്കന്‍ മലയാളികളില്‍ ബഹുഭൂരിപക്ഷം ജോലി ചെയ്യുന്ന മഹനീയ കര്‍മ്മമേഖലയായ നേഴ്‌സിംഗ് ഇന്ന് മാറ്റങ്ങളിലൂടെ മുന്നേറുകയാണെന്ന് സെമിനാര്‍ കോര്‍ഡിനേറ്റര്‍ അലീഷ കുറ്റിയാനി ചൂണ്ടിക്കാട്ടി. അറുപതുകളില്‍ ബെഡ്‌സൈഡ് നഴ്‌സിംഗ് ആയിരുന്നുവെങ്കില്‍ ഇന്നത് ഹൈടെക് സ്വഭാവം കൈവരിച്ചു. അതുമൂലം പുതിയ അവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടു. കൂടുതല്‍ പേരെ ഈ രംഗത്തേയ്ക്ക് ആകര്‍ഷിച്ചു.

ലേബര്‍ സെന്‍സസ് പ്രകാരം 2020-ഓടെ 1.2 മില്യന്‍ നേഴ്‌സുമാരുടെ ഒഴിവുണ്ടാകും. ബഡ്‌സൈഡ് നേഴ്‌സുമാര്‍ മാത്രം പോര, മറിച്ച് നഴ്‌സ് പ്രാക്ടീഷണര്‍മാര്‍, നഴ്‌സ് അനസ്തറ്റിസ്റ്റ്, നഴ്‌സ് എഡ്യൂക്കേറ്റര്‍, ക്ലിനിക്കല്‍ നഴ്‌സ് ലീഡേഴ്‌സ്, നഴ്‌സ് അഡ്മിനിസ്‌ട്രേറ്റര്‍ തുടങ്ങി വിവിധ മേഖലകളില്‍ തൊഴിലവസരം ഉണ്ടാകുന്നു.

കഴിഞ്ഞ വര്‍ഷം മയാമി ഹെറാള്‍ഡ്,  ജാക്‌സണ്‍ ഹെല്‍ത്ത് സിസ്റ്റത്തിലെ ഏറ്റവും കൂടുതല്‍ ശമ്പളം പറ്റുന്ന 100 പേരുടെ പേരുകള്‍ പ്രസിദ്ധീകരിച്ചിരുന്നു. അതില്‍ ഒരു മലയാളി നഴ്‌സ് അനസ്തടിസ്റ്റും ഉണ്ടായിരുന്നു. അവര്‍ക്ക് നാലര ലക്ഷം ഡോളറായിരുന്നു വേതനം. ചുരുക്കത്തില്‍ ജോലിയിലുള്ള സംതൃപ്തി മാത്രമല്ല, ഉയര്‍ച്ചയ്ക്കും, ഉയര്‍ന്ന ശമ്പളത്തിനുമെല്ലാം നഴ്‌സിംഗ് രംഗം പ്രയോജനപ്പെടും- അലീഷ ചൂണ്ടിക്കാട്ടി.

വാര്‍ദ്ധക്യവും ആരോഗ്യസംരക്ഷണവും എന്ന വിഷയത്തെപ്പറ്റി പ്രൊഫ. ബോബി വര്‍ഗീസ്, ഡോ. ജോര്‍ജ് പീറ്റര്‍ എന്നിവര്‍ ക്ലാസ് എടുത്തു.

കണ്‍വന്‍ഷന്‍ കണ്‍വീനര്‍ ബാബു കല്ലിടുക്കില്‍, അലീഷ കുറ്റിയാനിയെ പരിചയപ്പെടുത്തി.
നേഴ്‌സുമാര്‍ കുടിയേറ്റത്തിന്റെ വഴികാട്ടികള്‍: ബിനോയ് വിശ്വം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക