Image

കാഴ്ചക്കപ്പുറം, കാവ്യനൗക (രണ്ട് കവിതകള്‍- കാവ്യോത്സവം: വാസുദേവ് പുളിക്കല്‍)

Published on 19 July, 2016
കാഴ്ചക്കപ്പുറം, കാവ്യനൗക (രണ്ട് കവിതകള്‍- കാവ്യോത്സവം: വാസുദേവ് പുളിക്കല്‍)
കാഴ്ചക്കപ്പുറം

കണ്മുന്നില്‍ കാണുന്ന ഇത്തിരി "വട്ട'ത്തില്‍
എന്തെല്ലാം കാഴ്ചകള്‍ കാണ്മൂ നമ്മള്‍
സൂര്യനുദിക്കുന്നു, ചന്ദ്രനുദിക്കുന്നു
രാപ്പകല്‍മാറിമറഞ്ഞീടുന്നൂ
ഇന്നലെ കണ്ടവര്‍ ഇന്നില്ലലോകത്തില്‍
"ഇന്നോ,' നാളെയിന്നായിമാറീടുന്നു.
എത്ര കുറച്ച് നാം കാണുന്നു , അറിയുന്നു
പഞ്ചേന്ദ്രിയങ്ങളിലൂടെ നിത്യം
പരിധികളുണ്ടു, പരാധീനതയുണ്ട്
നരജന്മം ഒട്ടുമേ പൂര്‍ണ്ണമല്ല
അല്‍പ്പജ്ഞാനത്തിന്റെ ഠ വട്ടമല്ലാതെ
ഞാനെന്ന് ഭാവിക്കാന്‍ ഒന്നുമില്ല
നിത്യം കലഹിച്ചഹങ്കരിച്ചീ ജന്മം
പാഴാക്കുന്നല്ലോമനുഷ്യരെല്ലാം
കാഴ്ചകള്‍ കണ്ടു നാം മുന്നോട്ട്‌നീങ്ങുമ്പോള്‍
കാഴ്ചകള്‍പിന്നിലും മാറിപ്പോകും
ഒരു കൊച്ച് ജീവിതം ജീവിച്ചു തീര്‍ക്കുന്ന
മനുഷ്യനറിയുന്നതെത്രതുച്ഛം
എന്നിട്ടുമെല്ലാമറിയുന്നനാട്യവും
ഞാനെന്ന ഭാവവും എന്തിനാവോ?

**********************
കാവ്യനൗക

കാവ്യപ്രവാഹത്തിന്‍തീരത്തൊരുകൊച്ചു
പൂമരചോട്ടില്‍ ഞാന്‍ വിശ്രമിക്കേ...
ഒരു കൂട്ടം കുഞ്ഞാറ്റ കിളികള്‍വന്നിരുന്നൊരു
അനുരാഗ സംഗീതം മുഴക്കിപോയി.
അക്ഷരമാലകള്‍ കടലാസ്‌തോണികളായ്
അടുത്തുള്ളതടിനിയില്‍നിശ്ചലരായ്
ദളമര്‍മ്മരങ്ങളും നിലച്ചുപോയ്
കാറ്റിന്‍രാഗാര്‍ദ്രപല്ലവിമാത്രമായി
പൂവിതള്‍തുമ്പില്‍നിന്നൊരു ജലകണം വീണു
ഉടയാതെപുല്‍കൊടിയില്‍തിളങ്ങിനിന്നു
ഒരു വരിയെഴുതാന്‍ ഉള്‍പ്രേരണയായ്
കാവ്യനൗകകള്‍ ഒഴുകി വന്നു
കാറ്റിന്റെ ഈണത്തിലോ കിളി തന്‍ നാദത്തിലോ
കല്ലോലിനിയുടെ കൈ പിടിച്ചോ
കാവ്യസുഗന്ധം പൂശാനെത്തും
നാടന്‍ ശീലുകള്‍ചേര്‍ത്തുവല്ലോ?
എങ്ങനെ എഴുതണം കാവ്യനൗകകള്‍ക്കെന്‍
തൂലിക പങ്കായമായിടട്ടെ !

**********************
വാസുദേവ് പുളിക്കല്‍

പെരുമ്പാവൂരില്‍ ജനനം. ഫിസിക്‌സില്‍ എം.എസ്.സി, കോളേജ് അദ്ധ്യാപനായിരിക്കെ അമേരിക്കയില്‍ എത്തി ബാങ്ക്ഓഫീസറായി പെന്‍ഷന്‍പ്പറ്റി. ചെറുപ്പം മുതല്‍ കലയും സാഹിത്യവും ഇഷ്ടപെട്ട വിഷയങ്ങളായിരുന്നു. അന്നെ എന്തെങ്കിലും കുത്തിക്കുറിക്കുന്നശീലമുണ്ടായിരുന്നു. ആനുകാലിക പ്രശ്‌നങ്ങള്‍, മതസൗഹാര്‍ദ്ദം, ഗുരുദര്‍ശനം, അഭിമുഖം എന്ന പേരില്‍ സാഹിത്യാസ്വാദനം മുതലായവ എഴുതിക്കൊണ്ടിരുന്നപ്പോഴും താത്വികചിന്ത്കള്‍ കലര്‍ന്നതും സ്‌നേഹത്തിന്റെ മാഹാത്മ്യം തുളുമ്പുന്നതുമായ കാല്‍പ്പനിക കവിതകള്‍രചിക്കുന്നതില്‍ എനിക്ക് താല്‍പ്പര്യമായിരു­ന്നു
കാഴ്ചക്കപ്പുറം, കാവ്യനൗക (രണ്ട് കവിതകള്‍- കാവ്യോത്സവം: വാസുദേവ് പുളിക്കല്‍)
Join WhatsApp News
വിദ്യാധരൻ 2016-07-20 07:40:26
പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാന കാലഘട്ടത്തിൽ കലയിലും സാഹിത്യത്തിലും ആരംഭിച്ചതാണ് കാൽപ്പനിക പ്രസ്ഥാനം.  സങ്കൽപ്പങ്ങൾ ഭാവനകൾ വികാരതീവ്രവുമായ ചിന്താരീതി, ഗാംഭീര്യത്തിനോ വര്‍ണ്ണോജ്ജ്വലതയ്‌ക്കോ പ്രധാന്യം കൊടുക്കുന്ന സാഹിത്യശൈലി എന്നിവയൊക്കെ കാൽപ്പനിക പ്രസ്ഥാനത്തിന്റെ വേര് തേടിപോകുന്നവർക്ക് കാണാൻ കഴിയും.  ആവിഷ്കാര വിഷയവും, സമ്മുന്നതത്വവും തുല്യ പ്രാധ്യാന്യമുള്ളതെങ്കിലും ഇതിന്റെ ഗർഭപാത്രം എന്നു വിശേഷിപ്പിക്കാവുന്നത് ദിവ്യജ്ഞാനം ഒന്നു മാത്രമാണ് . 
കാഴ്ചക്കപ്പുറവും,  കാവ്യ നൗക എന്ന കവിതയെയും കാൽപ്പനിക കവിതകൾ എന്നു വിളിക്കുന്നതിൽ തെറ്റില്ല .  കാരണം കാര്യകാരണ സഹിതം നിർവചിക്കാൻ ശാസ്ത്രലോകവും , ദൈവശാസ്ത്രപണ്ഡിതരും പെടാപാടുപെടുന്ന ഇന്ദ്രിയഗോചരമല്ലാത്ത അവസ്ഥയെ കവി ഇവിടെ അവതരിപ്പിക്കാൻ ശ്രമിക്കുന്നു.  ആവിഷ്ക്കാര വിഷയങ്ങൾ രണ്ടും ശക്തം തന്നെ . സൂര്യോദയം, അസ്തമനം, ജനനം മരണം ഇവയെല്ലാം പിടികിട്ടാപുള്ളികളായി ഇന്നും നമ്മളുടെ മുന്നിൽ നിൽക്കുന്നു.  അപ്പോൾ വി.സി. ബാലകൃഷ്‌ണപിള്ള പാടിയതുപോലെ നാമും അറിയാതെ പാടും 

"അനന്തം അജ്ഞാതമവർണ്ണനീയം 
ഈ ലോകഗോളം തിരിയുന്ന മാർഗ്ഗം 
അതിങ്കലെങ്ങാണ്ടൊരിടത്തിരുന്നു 
നോക്കുന്ന മർത്യൻ കഥയെന്ത് കാണ്മൂ " (വിശ്വരൂപം)

വിവരിക്കാൻ കഴിയാത്ത ഒരവസ്ഥയിൽ നാം എല്ലാം കാൽപ്പനിക പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവായ ദിവ്യജ്ഞാനത്തിൽ ഊന്നി നിന്നു പരിമിതമായ വാക്കുകളിൽ കവിത കുറിക്കുന്നു .  ടാഗോറും കുമാരനാശാനും ഒക്കെ ഈ അവസ്ഥയിലൂടെ കടന്നു പോയിരിക്കുന്നു.  

പാടണം എന്നുണ്ടീരാഗത്തിൽ 
                   പാടാൻ സ്വരം ഇല്ലല്ലോ 
പറയണം എന്നുണ്ടെന്നാൽ 
                  പദം വരുന്നില്ലല്ലോ 
പ്രാണൻ ഉറക്കെ കേണീടുന്നു 
                    പ്രഭോ പരാജിതനിലയിൽ 
നിബദ്ധനിഹ ഞാൻ നിൻ ഗാനത്തിൻ
                   നിതാന്തമായ വലയിൽ  ( ഗീതാഞ്ജലി )

ഓമൽ പ്രഭാത രുചിയെങ്ങുംഉയർന്ന നീല 
വ്യോമസ്ഥലം സ്വായം എരിഞ്ഞെഴും അർക്ക ബിംബം 
ശ്രീമദ്ധരണിയെ പണിചെയ്ത കയ്യിൻ 
കേമത്തം ഓർത്തിവിന് നീർ കവിയുന്നു കണ്ണിൽ ( ഈശ്വരൻ -ആശാൻ )  എന്തിനു പറയുന്നു 'കണ്ണുകൾ കണ്ടിട്ടില്ലാത്തതും, ചെവി കേട്ടിട്ടില്ലാത്തതും, മനസ്സ് ഗ്രഹിച്ചിട്ടില്ലാത്തതുമായ'  അവസ്ഥയെക്കുറിച്ചു പറയുന്ന ക്രിസ്തു ദേവൻ പോലും അനുഭൂതി ദായകമായ ഈ ദിവ്യജ്ഞാനത്തിന്റെ പിടിയിൽ പെട്ടാണ് കവിത ആലപിക്കുന്നത്.  കവിതക്ക് നിർവചനം അന്വേഷിക്കുന്നവർ ഈ കവികളുടെ കവിതകളെ അനുധാവനം ചെയ്യതാൽ മതി.  'കാവ്യനൗക 'എന്ന കവിത, ഒരു കവിക്ക് തന്റെ ചുറ്റും കാണുന്ന സൂക്ഷമ വസ്തുക്കളിൽ സൗന്ദര്യം കണ്ടെത്താൻ കഴിയും എന്നുള്ളതിന്റെ തെളിവാണ് . അപ്പോൾ സൗന്ദര്യം എന്നത് എന്തെന്ന് നിർവചിക്കാൻ പറഞ്ഞാൽ അതും കാല്പനികം എന്നെ എനിക്കു പറയാൻ കഴിയും.  നിർവചിക്കൻ  പല ഘടകങ്ങൾ ചേർന്നതിന്റെ ആകെത്തുകയായിരിക്കാം സൗന്ദര്യം. പക്ഷെ ഇതു ദിവ്യജ്ഞാനത്തിന്റെ ഇരിപ്പാടമായ ബോധവുമായി ബന്ധിക്കപ്പെട്ടിരിക്കുന്നു . 

കവി ക്ഷണഭംഗുരമായ ജീവിതം, 'അതിരുകൾ ഇല്ലാതെ നിൽക്കുന്ന ബ്രഹ്മാണ്‌ഡം,  തുടങ്ങി കാവ്യ നൗകയെ തുഴയാൻ തൂലിക പങ്കായം ആക്കുന്ന സങ്കൽപ്പങ്ങൾ എല്ലാം ചേർത്ത് മനോഹരമായ രണ്ടു കാൽപ്പനിക കവിതകൾ രചിച്ചിരിക്കുന്നു .   കവിതക്ക് സമുന്നതത്വം നൽകുന്ന ഭാഷ ശക്തമല്ലെങ്കിൽ തന്നെ മഞ്ജരി വൃത്തം എന്ന ഉടയാടയിൽ അവളെ ഒരു മോഹിനിയാക്കി ക്ലിഷ്ടത (ക്ളിഷ്ടം ഒരു കാവ്യദോഷമാണ് - അമേരിക്കയിൽ ഇഷ്ടം, കുഷ്ഠം. പൃഷ്ഠം, അനിഷ്ടം, കുനിഷ്ടം തുടങ്ങിയുള്ള പദങ്ങളുമായി കാവ്യ നൗകയിൽ കയറി അവളെ മുക്കി കൊല്ലാൻ ശ്രമിക്കാറുണ്ട് ) ഒഴിവാക്കിയിരിക്കുന്നു. 

ഇന്ന് എഴുത്തുകാരെ ആകാമാനം ബാധിച്ചിരിക്കുന്ന ഒരു രോഗത്തിലേക്കും കവി വ്യംഗ്യമായി വിരൽ ചൂണ്ടിയിരിക്കുന്നു .  അതു മറ്റൊന്നുമല്ല.താൻ ഒരു നിസാരനാണ് എന്ന സത്യത്തെ അവഗണിച്ചു   ഒരു മഹാ കവിയാണെന്നോ , എഴുത്തുകാരനാണെന്നുള്ള ഭാവം .  ഈ രോഗം ഇത്ര മൂർച്ഛിക്കാൻ കാരണം അവാർഡ് ജ്വരമാണ്. സാഹിത്യലോകത്തെ മുടിപ്പിക്കാൻ ഇറങ്ങി പുറപ്പെട്ടിരിക്കുന്ന ചില ചണ്ഡാള സംഘാടനകൾ  കൊടുക്കുന്ന അവാർഡ് പൊക്കിപിടിച്ചു അതിന്റെ ബലത്തിൽ എഴുതി പിടിപ്പിക്കുന്ന ചപ്പു ചവറുകൾ മലയാള സാഹിത്യത്തെ നശിപ്പിക്കും എന്നതിൽ പക്ഷാന്തരമില്ല.) എന്നും എന്റെ മനസ്സിൽ ഉരുവിടുന്ന ആശാന്റെ ഒരു കവിതാ ശകലം ഉദ്ധരിച്ചു ഞാൻ എന്റെ അഭിപ്രായത്തെ ഉപസംഹരിക്കുന്നു.  അമേരിക്കയിൽ കവിതയെ സ്നേഹിക്കുന്ന വളരെ അതികം ശ്രെദ്ധിക്കപ്പെടാത്തവർ നിഷ്ക്കാമത്തോടെ അവരുടെ സപര്യ തുടരട്ടെ . കാവ്യദേവത തൃപ്‌തയായി നിങ്ങളെ കൂടുതൽ ശക്തരായ കവികളും എഴുത്തുകാരുമാക്കി മാറ്റട്ടേ അങ്ങനെ ഞങ്ങളെപ്പോലെയുള്ള വായനക്കാരും ആ ദിവ്യദർശനത്തിൽ തൃപ്‌തരാവട്ടെ 

'നെഞ്ചാളും വിനയമൊടെന്ന്യ പൗരഷത്താൽ 
നിൻഞ്ചാരു ദ്യുദി  കണികാണ്മതിലൊരാളും 
കൊഞ്ചൽത്തേൻ മൊഴിമണി നിത്യകന്യകേ നിൻ 
മഞ്ചത്തിൻ മണമറികില്ല മൂർത്തിമാരും "
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക