Image

മനുഷ്യാ നീ മണ്ണാകും - ഫാദര്‍ജി

ഫാദര്‍ജി Published on 18 July, 2016
മനുഷ്യാ നീ മണ്ണാകും - ഫാദര്‍ജി
     നൂറ്റാണ്ടുകള്‍ പഴക്കമുള്ള തട്ടേമ്മേല്‍ പള്ളി സെമിത്തേരിയില്‍ ഒരു വന്ദ്യ വയോധികന്റെ അന്ത്യ യാത്രയയപ്പിന്റെ അവസാന രംഗമാണ്. അതിനിടയില്‍ കാലിലൊരു കടി. കര്‍ത്താവേ, ഇതെന്താണെന്നോര്‍ത്ത് താഴേക്കു നോക്കിയപ്പോള്‍ കട്ടുറുമ്പുകള്‍ കൂട്ടമായി ഇളകിയിരിക്കുന്നു.  അതിലൊരു ഭീകരന്‍ കാലില്‍ കയറിനിന്ന്, കാല്‍വറിയിലെ റോമന്‍ പടയാളിയെപ്പോലെ ആഞ്ഞു കുത്തുകയാണ്.   കുനിഞ്ഞ്, കാലില്‍ നിന്നവനെ പറിച്ചെടുത്തു. കറുപ്പും ചുവപ്പും നിറം കലര്‍ന്ന ശരീരത്തിന് അനുയോജ്യമല്ലാത്ത വലിയ തല, വട്ടം കറങ്ങുന്ന കണ്ണുകള്‍, സ്ലോമോഷനില്‍ സിഗ്‌നല്‍ പിടിച്ചെടുക്കുന്ന സെന്‍സര്‍ കാലുകള്‍… ശവം മണക്കുന്ന വികൃതജീവി കയ്യിലിരുന്നു കുതറുകയാണ്. 

'എന്തിനാ നീ എന്നെ കടിച്ചത്?'
'കര്‍ത്താവിന്റെ ജ്വാലി ചെയ്യാന്‍ സമ്മതിക്കില്ലെങ്കില്‍ ഞങ്ങള്‍ കടിക്കും'
'ഒരിഞ്ചു നീളമില്ലാത്ത നീയാണോ കര്‍ത്താവിന്റ ജോലി ചെയ്യുന്നത്?'
'നീളത്തിലും വണ്ണത്തിലുമല്ലല്ലോ കാര്യം.'മനുഷ്യാ നീ മണ്ണാകുന്നു, മണ്ണിലേക്കു ചേരു'മെന്ന് പാട്ടുംപാടിയിട്ട ് നിങ്ങളങ്ങുപോകും. മനുഷ്യനെ മണ്ണാക്കേണ്ട ചുമതല ഞങ്ങള്‍ക്കാ. ചില്ലറ പണിയാണോ.'

ഞാന്‍ ചിരിച്ചു. 
'ന്താ ങ്ങള് ചിരിക്കണെ? ങ്ങള്‍ മനുഷ്യര്‍ക്ക് മനുഷ്യനെ മണ്ണാക്കാനും മണ്ണിനെ മനുഷ്യനാക്കാനും പറ്റേ്വാ?' മണ്ണിന്റെ മക്കള്‍ എന്നൊക്കെ വീമ്പിളക്കുന്ന വലിയ അഭ്യാസികളെ മണ്ണാക്കാന്‍ ഞങ്ങളുവേണം. കര്‍ത്താവിനുവേണ്‍ി ആ പണി ചെയ്യുന്നവരാണ് ഞങ്ങള്‍'

'ആരൊക്കെയാണീ ഞങ്ങള്‍?'
'ദൃശ്യവും അദൃശ്യവുമായ ജീവികളും ബാക്ടീരിയന്‍സും ഉള്‍പ്പെടെ കോടിക്കണക്കിന് ജ്വാലിക്കാന്‍ 7/24 പണിയെടുത്തിട്ടാണ് ബാഡി മണ്ണാക്കുന്നത്.  കെമിക്കല്‍സും എന്‍സൈമും ഉപയോഗിച്ച് ഹൈടെക് പരിണാമ പദ്ധതി നടത്തുന്ന ഫാക്ടറിയാണിത്.  അതിനിടയ്ക്ക് നിങ്ങള്‍ വന്നു ശല്യപ്പെടുത്തിയാല്‍ ഞങ്ങള്‍ ജ്വാലിയെങ്ങനെ തീര്‍ക്കും?' 

'തീരുമ്പോള്‍ തീര്‍ന്നാപ്പോരെ?  എന്താ ഇത്ര ധൃതി?'
'ഓരോ ബാഡിയും ക്ലിപ്ത സമയത്തിനുള്ളില്‍ തീര്‍ക്കണമെന്നാണ് മരണദൂതന്‍ സാറ•ാരുടെ ഓര്‍ഡര്‍.  അപ്പോഴേക്കും അടുത്ത ബാഡി വരും. ദേ, ഈ കാര്‍ന്നോരുടെ അപ്പന്റെ പണി ഇനിയും തീര്‍ന്നിട്ടില്ല. അതിനിടയ്ക്കാണ് പള്ളി കുഴി വെട്ടി അവറാന്‍ വന്ന് എല്ലാം കൊത്തിമാന്തി മെസ്സപ്പാക്കിയത്. എങ്ങിനെ ദേഷ്യം വരാതിരിക്കും? ചട്ടപ്പടി പണിം സമരോം ഒന്നും ഇവിടില്ല. വര്‍ക്കിങ്ങ് ഹാര്‍ഡ്, മാന്‍'

'അപ്പോ ദഹിപ്പിക്കല്‍ പരിപാടി നിങ്ങള്‍ക്ക ് സഹായമാണല്ലെ?'

'ആര്‍ യു കിഡിങ്ങ് മാന്‍? കത്തിച്ചാലും ഫോസ്‌ഫേറ്റും കാല്‍സ്യവും സള്‍ഫേറ്റും പൊട്ടാസിയുമൊക്കെ മണ്ണാക്കി മാറ്റാന്‍ പണി ഡബിളാ.'
'അല്ല, എല്ലാ ബാഡിക്കും പണി ഒരേപോലാണോ?'

'രാഷ്ട്രീയക്കാരുടേം മതനേതാക്കന്‍മാരുടേം ബാഡിക്ക് ഡബിളാ വര്‍ക്ക്; കര്‍ത്താവേ, എന്തൊരു തൊലിക്കട്ടി! മരണവും മരുന്നും കണ്ട് മരവിച്ച ഹെല്‍ത്തു വര്‍ക്കേഴ്‌സിന്റെ ബാഡിയും ഹാര്‍ഡാ. എണ്പതു കഴിഞ്ഞ 'ബോണ്‍ ഇന്‍ദ സ്‌കിന്‍ബാഗും' കടുകട്ടിതന്നെ.' 

'എങ്ങനുണ്ട്' നിന്റെ ജ്വാലി?
'സമത്വ സുന്ദരക്ഷേമ രാഷ്ട്രമാണ് ഞങ്ങളുടെ ആറടി മണ്ണ്. വലിയവരും ചെറിയവരും, വീരനും വിദ്വാനും, ലാസറും ധനവാനും, അല്‍മേനിയും തിരുമേനിയും ഞങ്ങളുടെ മുമ്പില്‍ താളടിയായി വീണു കിടക്കുന്നത് ഒന്നു കാണണമിഷ്ടാ. മരിച്ചാലും മാപ്പു കൊടുക്കില്ലെന്നു ശഠിച്ചവരേയും ജീവിതകാലം മുഴുവന്‍ സിംഹാസനങ്ങളില്‍ ഇരുന്നു തഴമ്പു വന്നവരേയും, കണക്കില്ലാതെ കട്ടുവാരിക്കൂട്ടിയവരേയും, സ്വന്തം തൈവങ്ങള്‍ക്കുവേണ്ടി സഹോദരനെ വഴിപാടായി കൊന്നവരേയുമൊക്കെ കേവലം 12 ഇന്ത്യന്‍ റുപ്പീസിന്റെ മാര്‍ക്കറ്റ് വാല്യു മാത്രമുള്ള മണ്ണാക്കി മാറ്റുന്ന ഇതുപോലൊരു ഫാക്ടറി ലോകത്തെവിടുണ്ട്?  നൂറുനൂറായിരം രഹസ്യങ്ങളുമായി വരുന്നവരുടെ മെമ്മറി ഫയലുകള്‍ ഞങ്ങള്‍ അണ്‍ലോക്കു ചെയ്തു വായിക്കും.  പിന്നെ രഹസ്യങ്ങളില്ലകെട്ടോ'

'എന്നെ കടിച്ച നിന്നെ ഒരു ഞെക്കിന് വേണമെങ്കില്‍ എനിക്കുകൊല്ലാം. ഞാന്‍ ഈ പള്ളിയുടെ റവറെന്റ് വികാരിയാണ്.   ഈ മുഴുവന്‍ സെമിത്തേരിയുടേയും ചാര്‍ജ് എനിക്കാണ്. അതുകൊണ്ട് നീയും എന്റെ കീഴ്സ്ഥാനിയാണെന്നോര്‍ക്കണം. ഇവിടെ ആരെയൊക്കെ കബറടക്കണം, അവര്‍ ലക്ഷണമൊത്ത സത്യവിശ്വാസികളാണോ എന്നൊക്കെ തീരുമാനിക്കുന്ന അധികാരിയാണ് ഞാന്‍.  മനസ്സിലാകണണ്‌ടോ കട്ടുറുമ്പേ നെനക്ക്?

'കര്‍ത്താവിനുവേണ്ടി രാപ്പകല്‍ പണിയെടുക്കുന്ന ഞങ്ങളേപ്പോലുള്ള ചെറിയവരുടെമേല്‍ കടന്നുകയറുന്ന നിന്നെപ്പോലുള്ളവര്‍ ഒരിക്കല്‍ ഞങ്ങളുടെ മുമ്പില്‍ ഫ്‌ളാറ്റായി കിടക്കുമെന്നോര്‍ക്കണം. അന്ന് വികാരിയായ നിന്റെ വികാരമൊക്കെ എവിടെ പോകുമെന്നു കാണാം. റവറന്റേ, കൂടുതല്‍ കളിക്കല്ലേ -'
എന്റെ കയ്യൊന്നു വിറച്ചു. കട്ടുറുമ്പ് തലയും കുത്തി ശവക്കൂനക്കു മുകളില്‍ വീണു.  പിടഞ്ഞെഴുന്നേറ്റ്, എന്നെ രൂക്ഷമായൊന്നു നോക്കിയിട്ട്, ആറടിമണ്‍ സാമ്രാജ്യത്തിലേയ്ക്ക് നടന്നു നീങ്ങി.

ശേഷം കര്‍ത്താവില്‍ പ്രിയരെ,
''...അവന്‍ എന്നോടു കല്‍പ്പിച്ചതു: നീ ഈ അസ്ഥികളെക്കുറിച്ചു പ്രവചിച്ചു അവയോടു പറയേണ്ടതു: ഉണങ്ങിയ അസ്ഥികളേ, യഹോവയുടെ വചനം കേള്‍പ്പിന്‍!
യഹോവയായ കര്‍ത്താവു ഈ അസ്ഥികളോടു ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങള്‍ ജീവിക്കേണ്ടതിനു ഞാന്‍ നിങ്ങളില്‍ ശ്വാസം വരുത്തും. ഞാന്‍ നിങ്ങളുടെമേല്‍ ഞരമ്പുവച്ചു മാംസം പിടിപ്പിച്ചു നിങ്ങളെ ത്വക്കുകൊണ്ടു പൊതിഞ്ഞു നിങ്ങള്‍ ജീവിക്കേണ്ടതിനു നിങ്ങളില്‍ ശ്വാസം വരുത്തും;  ഞാന്‍ യഹോവ എന്നു നിങ്ങള്‍ അറിയും.

എന്നോടു കല്‍പിച്ചിതുപോലെ ഞാന്‍ പ്രവചിച്ചു; ഞാന്‍ പ്രവചിച്ചു കൊണ്ടിരിക്കുമ്പോള്‍ ഒരു മുഴക്കംകേട്ടു; ഉടനെ ഒരു ഭൂകമ്പം ഉണ്ടായി, അസ്ഥി അസ്ഥിയോടു വന്നുചേര്‍ന്നു. പിന്നെ ഞാന്‍ നോക്കി: അവയുടെമേല്‍ ഞരമ്പും മാംസവും വന്നതും അവയുടെമേല്‍ ത്വക്കു പൊതിഞ്ഞതും കണ്ടു…' (യെഹെസ്‌കേല്‍ 37 : 4 - 8).
- -fatherge@yahoo.com
- - fathergi.blogspot.com


മനുഷ്യാ നീ മണ്ണാകും - ഫാദര്‍ജി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക