Image

വച്ചുപൊറുപ്പിക്കരുത് ഈ ക്രിമിനല്‍ അഭിഭാഷക തേര്‍വാഴ്ച (എ.എസ് ശ്രീകുമാര്‍)

Published on 21 July, 2016
വച്ചുപൊറുപ്പിക്കരുത് ഈ ക്രിമിനല്‍ അഭിഭാഷക തേര്‍വാഴ്ച (എ.എസ് ശ്രീകുമാര്‍)
ഇക്കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കേരള ഹൈക്കോടതി വളപ്പിലും തിരുവനന്തപുരം വഞ്ചിയൂര്‍ കോടതി വളപ്പിലും അഭിഭാഷകര്‍, വനിതകള്‍ ഉള്‍പ്പെടെയുള്ള മാധ്യമപ്രവര്‍ത്തകരെ വളഞ്ഞിട്ട് ആക്രമിച്ച അത്യന്തം ഗുരുതരമായ സംഭവത്തെ അപലപിക്കാന്‍ വാക്കുകളില്ല. ജനാധിപത്യത്തിന്റെ ബലവത്തായ നാല് തൂണുകളില്‍ രണ്ടെണ്ണമാണ് ജുഡീഷ്യറിയും പ്രസ്സും. ഈ രണ്ട് വിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷം മാധ്യമ സ്വാതതന്ത്ര്യത്തിനു നേരെ ഉള്ള അവഹേളനവും ഭീഷണിയുമായേ കണക്കാക്കാനാവൂ. അതിലുപരി ജനാധിപത്യ വിരുദ്ധവും...
നിയമത്തിന്റെ കാവല്‍ ഭടന്മാര്‍ അല്ലെങ്കില്‍ കാവല്‍ മാലാഖമാര്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന അഭിഭാഷക വൃന്ദം തങ്ങളുടെ കറുത്ത ഗൗണുമിട്ട് തെരുവുഗുണ്ടകളെപ്പോലെ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ അസഭ്യവര്‍ഷവുമായി ചീറിയടുക്കുന്ന കാഴ്ചകള്‍ ഇന്നലെയും ഇന്നുമായി നമുക്ക് കാണുവാന്‍ സാധിച്ചു. നീതി നടപ്പാക്കുന്ന, ന്യായാസനത്തിന്റെ മൂക്കിന്‍ തുമ്പത്താണ് ഈ കൊലവിളി നടന്നത് എന്നത് അഭിഭാഷക വൃത്തിയുടെ അന്തസിനെ, പവിത്രതയെ തന്നെ ചോദ്യം ചെയ്യുന്നതാണ്.

ഗവണ്‍മെന്റ് പ്ലീഡര്‍ അഡ്വ. ധനേഷ് മാത്യു മാഞ്ഞൂരാനെ, സ്ത്രീയെ അപമാനിച്ച കേസില്‍ അറസ്റ്റു ചെയ്ത സംഭവം വാര്‍ത്തയാക്കിയതിനെ ചൊല്ലിയുള്ള തര്‍ക്കത്തിന്റെ തുടര്‍ച്ചയായാണ് ജൂലൈ 20-ാം തീയതി ബുധനാഴ്ച ഹൈക്കോടതി പരിസരത്ത് സംഘര്‍ഷത്തില്‍ കലാശിച്ചത്. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ കൂക്കി വളിച്ചും അസഭ്യം പറഞ്ഞും ഇറക്കിവിട്ട ഒരു വിഭാഗം അഭിഭാഷകര്‍ മീഡിയ റൂം അടച്ചു പൂട്ടുകയും ചെയ്തു. വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെയും മോശപ്പെട്ട പ്രകോപനമുണ്ടായി. കൂട്ടമായെത്തിയ അഭിഭാഷകര്‍ ക്യാമറയും മൈക്രോഫോണും ഏന്തി നിന്നിരുന്ന മാധ്യമപ്രവര്‍ത്തകരെ ഓടിച്ചിട്ടു തൊഴിക്കുന്ന രംഗങ്ങളും പൊതുസമൂഹം ലൈവായി കണ്ടു. അത്യന്തം അപലപനീയമായ ഈ കാടത്തത്തെക്കുറിച്ച് ജൂഡീഷ്യല്‍ അന്വേഷണം നടത്താന്‍ ശുപാര്‍ശയുണ്ട്. കേരളത്തിലെ ജുഡീഷ്യല്‍ അന്വേഷണങ്ങളുടെ ചരിത്രം പരിശോധിച്ചാല്‍ മിക്കവാറും എല്ലാം ചവറ്റുകുട്ടയിലാണെന്നിരിക്കെ ഇതൊരു വഴിപാടായി മാത്രം കാണാനേ പറ്റൂ.

ഗവണ്‍മെന്റ് പ്ലീഡര്‍ യുവതിയെ കടന്നുപിടിച്ച കേസില്‍ അഡ്വ. ധനേഷ് മാത്യു മാഞ്ഞൂരാനെതിരായ കേസ് ആലുവ റൂറലിലെ സി.ഐ രാധാമണി അന്വേഷിക്കും. എറണാകുളം കോണ്‍വെന്റ് ജംങ്ഷനില്‍ വച്ച് ഞാറയ്ക്കല്‍ സ്വദേശിയായ യുവതിയോട് അപമര്യാദയായി പെരുമാറി എന്ന കേസില്‍ അഡ്വ. ധനേഷ് മാത്യു മാഞ്ഞൂരാനെ സെന്‍ട്രല്‍ പോലീസ് ജൂലൈ 14നാണ് അറസ്റ്റു ചെയ്തത്. അന്നേ ദിവസം വൈകിട്ട് ഏഴുമണിയോടെ ഉണ്ണിയാട്ട് ലെയിനില്‍ ധനേഷ് യുവതിയെ കടന്നു പിടിച്ചു എന്നാണ് പരാതി. യുവതി ബഹളം വെച്ചതോടെ ഓടിയെത്തിയ നാട്ടുകാരാണ് രക്ഷപ്പെടാന്‍ ശ്രമിച്ച ധനേഷിനെ പിടിച്ച് പോലീസില്‍ ഏല്‍പ്പിച്ചത്. യുവതിയുടെ പരാതിയില്‍ ഐ.പി.സി 354 പ്രകാരം ധനേഷിനെതിരെ കേസും രജിസ്റ്റര്‍ ചെയ്യുകയുണ്ടായി. ഈ സംഭവവും യുവതിയുടെ രഹസ്യമൊഴിയും വാര്‍ത്തയാക്കിയതാണ് ഒരു വിഭാഗം അഭിഭാഷകരെ പ്രകോപിതരാക്കിയത്. ഭൂലോക ചെറ്റത്തരം കാണിക്കാം. അത് റിപ്പോര്‍ട്ട് ചെയ്യുന്നതാണ് ഇവര്‍ക്ക് സഹിക്കാന്‍ പറ്റാത്തത്. മേല്‍പ്പറഞ്ഞ അഭിഭാഷക മാന്യനും പെരുമ്പാവൂരിലെ ജിഷയുടെ ഘാതകനും തമ്മില്‍ എന്തെങ്കിലും വ്യത്യാസമുണ്ടോയെന്ന് കൂടി പരിശോധിക്കേണ്ടതുണ്ട്.

മാധ്യമങ്ങള്‍ക്കു വേണ്ടി വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്യുന്ന ഏതാനും അഭിഭാഷകരും ഹൈക്കോടതിയിലുണ്ട്. ഇവരെയും മീഡിയ റൂമില്‍ പ്രവേശിക്കുവാന്‍ അനുവദിക്കാതെ പൂട്ടുകയായിരുന്നു. ഇതോടെ അഭിഭാഷകര്‍ രണ്ടു വിഭാഗങ്ങളായി ചേരി തിരിഞ്ഞു. ഹൈക്കോടതി വളപ്പിലുണ്ടായ സംഘര്‍ഷത്തില്‍ മീഡിയ വണ്‍ ക്യാമറ മാന്‍ മോനിഷ് മോഹന്‍, റിപ്പോര്‍ട്ടര്‍മാരായ ആതിര അഗസ്റ്റിന്‍, ലിജോ വര്‍ഗീസ്, എന്‍ജിനീയര്‍ ബാസില്‍ ഹൂസൈന്‍, ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ സലാം പി ഹൈദ്രോസ്, ക്യാമറാ മാന്‍ രാജേഷ് തകഴി എന്നിവര്‍ അഭിഭാഷകരുടെ മര്‍ദനത്തിനിരയായി. മാധ്യമപ്രവര്‍ത്തകരെ നാലാം ലിഗക്കാരെന്ന് വിളിച്ചായിരുന്നു അഭിഭാഷകരുടെ അഴിഞ്ഞാട്ടം. മീഡിയ റൂമില്‍ അവര്‍ 'ശൗചാലയം' എന്ന ബോര്‍ഡും വച്ച് തങ്ങളുടെ ഈടുറ്റ സംസ്‌കാരം വിളംബരം ചെയ്തു. ഹൈക്കോടതി വളപ്പിലെ സംഭവ പരമ്പരകളുടെ നഖചിത്രമിതാണ്. പിറ്റെ ദിവസം അതായത് ഇന്ന് (ജൂലൈ-21) അഭിഭാഷക അക്രമത്തിന്റെ തുടര്‍ച്ച തിരുവനന്തപുരം വഞ്ചിയൂര്‍ കോടതി പരിസരത്തുണ്ടായി. 

അവിടെ കല്ലേറില്‍ നിരവധി മാധ്യമപ്രവര്‍ത്തകര്‍ക്കും കോടതി ജീവനക്കാര്‍ക്കും ഏതാനും അഭിഭാഷകര്‍ക്കും പരിക്കേറ്റു. ഒട്ടേറെ വാഹനങ്ങളും തകര്‍ക്കപ്പെട്ടു. കോടതിയിലെ മീഡിയ റൂം പൂട്ടിയ അഭിഭാഷകര്‍ ഇവിടെയും 'നാലാം ലിംഗക്കാര്‍ക്ക് പ്രവേശനമില്ല...' എന്ന പോസ്റ്റര്‍ ഒട്ടിച്ചതോടെയാണ് തെരുവു യുദ്ധത്തിന് തുടക്കം. ചാനലുകളുടെ ഒ.ബി വാനിലും ഇവര്‍ ശൗചാലയം എന്ന പോസ്റ്റര്‍ പതിക്കുകയുണ്ടായി. ഇതേ തുടര്‍ന്നുള്ള വാക്കേറ്റവും പിടിവലിയും അടിപിടിയില്‍ കലാശിക്കുകയായിരുന്നു. കല്ലേറില്‍ ജീവന്‍ ടി.വി റിപ്പോര്‍ട്ടര്‍ അനില്‍ ലാലിന്റെ തലയ്ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു. ഹൈക്കോടതിയിലെ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ കൊച്ചിയില്‍ സമാധാന ചര്‍ച്ചകള്‍ നടക്കുന്നതിനിടയാണ് തിരുവനന്തപുരത്തും വക്കീല്‍ സംഘം ക്വട്ടേഷന്‍ സ്റ്റൈലില്‍ ഗുണ്ടാ വിളയാട്ടം നടത്തിയത്. ആസൂത്രിതമായാണ് അഭിഭാഷകര്‍ സംഘട്ടനമുണ്ടാക്കിയതെന്നും ഇന്ന് ഉച്ച മുതല്‍ തന്നെ അവര്‍ പ്രകോപനം സൃഷ്ടിക്കപ്പെടുന്നുണ്ടായിരുന്നു എന്നും   ആരോപിക്കപ്പെടുന്നു. 

വഞ്ചിയൂര്‍ കോടതിയിലെ അഭിഭാഷക അഴിഞ്ഞാട്ടത്തിലും ഹൈക്കോടതി വളപ്പിലെ കിരാത നടപടികളിലും കേരള ന്യൂസ്‌പേപ്പര്‍ എംപ്ലോയീസ് ഫെഡറേഷനും കെ.യു.ഡബ്ല്യൂ.ജെ സംസ്ഥാന സമിതിയും അതിശക്തമായി പ്രതിഷേധിച്ചു. സമൂഹത്തില്‍ നടമാടുന്ന അനീതികളും അക്രമങ്ങളും അസാന്മാര്‍ഗിക പ്രവര്‍ത്തികളും കൊടിയ കുറ്റങ്ങളും അഴിമതിയും പെണ്‍വാണിഭങ്ങളുമൊക്കെ സമൂഹമധ്യത്തില്‍ കൊണ്ടുവന്ന് കുറ്റവാളികള്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ വാങ്ങിക്കൊടുക്കുവാനുള്ള കൃത്യമായ ഇടപെടലുകള്‍ നടത്തുന്ന സമൂഹത്തിന്റെ നാലാം കണ്ണുകളായാണ് മാധ്യമപ്രവര്‍ത്തകര്‍ പ്രവര്‍ത്തിക്കുന്നത്. അവരെയാണ്  കറുത്ത ഗൗണിട്ട ചില അഭിഭാഷക പരിഷകള്‍ നാലാം ലിംഗക്കാര്‍ എന്ന് വിളിച്ച് അധിക്ഷേപിച്ചത്. മീഡിയാ റൂമിന്റെ പുറത്ത് 'ശൗചാലയം' എന്ന ബോര്‍ഡു പതിച്ച ഈ നിയമവെച്ചുവാണിഭക്കാരുടെ ഭാഷ ശൗചാലയത്തില്‍ ഫ്‌ളഷ് ചെയ്യേണ്ടതാണ്. 

കേരളം ഏറെ നിയമസാക്ഷതയും നീതിബോധവും ഉള്ള സംസ്ഥാനമാണ്. കൊച്ചിയിലും തിരുവനന്തപുരത്തും അരങ്ങേറിയ സംഭവങ്ങള്‍ യാതൊരൂ തരത്തിലും നീതിപീഠത്തിനു മുമ്പില്‍ ന്യായീകരിക്കാന്‍ കെല്‍പ്പുള്ളതല്ല. സ്വതന്ത്രമായി മാധ്യമപ്രവര്‍ത്തനം നടത്തുന്ന വ്യക്തികള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കും ഭീഷണി സൃഷ്ടിക്കുന്ന ഇത്തരം ദുഷ്ടശക്തികളെ താക്കീതു ചെയ്ത് നിലയ്ക്ക് നിര്‍ത്തേണ്ടതുണ്ട്. അല്ലാത്ത പക്ഷം ഇവിടെ നിയമവാഴ്ച തന്നെ കളങ്കപ്പെട്ടു പോകും...നീതിയുടെ തിരി അണഞ്ഞു പോകും...നമുക്കു വേണ്ടത്‌ അഭിഭാഷക ക്രിമിനലുകളെയല്ല...നീതിയുടെ നന്‍മയുള്ള കാവലാളുകളെയാണ്.  

വച്ചുപൊറുപ്പിക്കരുത് ഈ ക്രിമിനല്‍ അഭിഭാഷക തേര്‍വാഴ്ച (എ.എസ് ശ്രീകുമാര്‍)
Join WhatsApp News
ബിജു കുമാർ ആലക്കോട് 2016-07-22 09:25:42
ലോകത്തെ നിയന്ത്രിക്കുന്നത് തങ്ങളാണെന്ന് ധരിച്ചു വെച്ച തുത്തുകുണുക്കി പക്ഷികളായ മാധ്യമക്കാർ, അടിയുടെ നീർവീക്കം മാറുമ്പോൾ സ്വസ്ഥമായിരുന്നു ആലോചിക്കുക; ഇക്കണ്ട ചാനൽ ജഡ്ജിമാരും പത്രങ്ങളുമെല്ലാം തൊണ്ട കീറി വിളിച്ചിട്ടും, ജനങ്ങളുടെ മാധ്യമമായ സോഷ്യൽ മീഡിയ എന്തുകൊണ്ടാണ് നിങ്ങളെ അനുകൂലിയ്ക്കാത്തതെന്ന് . നിങ്ങൾക്ക് നാലു കിട്ടിയത് നന്നായെന്നും, കിട്ടിയത് പോരാ എന്നും അഭിപ്രായമുള്ളവരാണ് അധികം പേരും.

വക്കീലന്മാർ നല്ല ആൾക്കാരായതുകൊണ്ടൊന്നുമല്ല ഇത്. യാതൊരു മനസ്സാക്ഷിക്കുത്തുമില്ലാതെ മനുഷ്യനെ പിഴിയുന്നവരാണ് നല്ലൊരു പങ്കും. എന്നിട്ടും ഈ കേസിൽ അവർക്കാണ് ജനപിന്തുണ. എന്തുകൊണ്ടാവാം?

പല ചാനൽ ചർച്ചകളും കാണുമ്പോൾ ജനം കൈത്തരിപ്പ് തീർക്കുന്നത് സ്വന്തം തലയ്ക്കടിച്ചാണ്, TV തകർക്കാൻ പറ്റാത്തതു കൊണ്ട്. റിമോട്ടില്ലേ, ചാനൽ മാറ്റിക്കൂടെ എന്ന ന്യായം വേണ്ട. പെരുവഴിയിൽ മാലിന്യം തള്ളിയിട്ട് കണ്ണടച്ചു പൊയ്ക്കൂടെ എന്നു ചോദിക്കാൻ ജനാധിപത്യ രാജ്യത്ത് അവകാശമില്ല.

ആ ജിഷ വധക്കേസിൽ നിങ്ങൾ എഴുതിയും പറഞ്ഞും കൂട്ടിയതാക്കെ ഒന്നുടെ വായിച്ചാൽ വക്കീലൻമാരുടെ കൂടെ നിന്ന് ഉരുളൻ കല്ല് പെറുക്കി എറിയാൻ ഈ നാട്ടിലെ ഏതു സാധാരണക്കാരനും തോന്നും. (എനിയ്ക്ക് തോന്നുന്നുണ്ട്. )

Ibrahim CP 2016-07-23 17:56:55
കൊച്ചിയിലെയും തലസ്ഥാനത്തെയും കോടതിവളപ്പില്‍ കള്ളത്തരവും ചെറ്റത്തരവും തമ്മില്‍ ഏറ്റുമുട്ടിയ സംഭവത്തില്‍ ഏറ്റവും ശ്രദ്ധേയമായത് പൊതുസമൂഹത്തിന്‍റ അര്‍ത്ഥഗര്‍ഭമായ മൗനമാണ്.

മാധ്യമപ്രവര്‍ത്തകര്‍ക്ക് ഇത്ര ക്രൂരമായി അടികിട്ടിയിട്ടും ജനങ്ങള്‍ക്ക് കാര്യമായ പ്ര
തിഷേധങ്ങളൊന്നും ഇല്ലാത്തതിന്‍റെ കാരണം മറ്റൊന്നുമല്ല, മനുഷ്യാവകാശങ്ങള്‍ക്ക് ഒരു വിലയും കല്‍പിക്കാതെ ആരെയും വ്യക്തിഹത്യ ചെയ്തും കുറ്റവാളികളാക്കിയും വിചാരണ ചെയ്തും സര്‍വതന്ത്ര സ്വതന്ത്രരായി വിലസുന്ന ഈ മാധ്യമ വര്‍ഗ്ഗത്തെ നിയന്ത്രിക്കാന്‍ ഒരു സംവിധാനവും നിലവിലില്ലാത്തതിനാല്‍ ഏത് കള്ളന്‍റ കൈ കൊണ്ടാണെങ്കിലും ഈ നികൃഷ്ട ജീവികള്‍ക്ക് രണ്ട് കിട്ടട്ടെ എന്ന് പൊതുജനം ആഗ്രഹിക്കുന്നു എന്ന് തന്നെ വേണം കരുതാന്‍ !!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക