Image

ജനകീയ പ്രശ്‌നങ്ങളില്‍ ഇനി സജീവം: ജിബി തോമസ് (അഭിമുഖം: അനില്‍ പെണ്ണുക്കര)

Published on 21 July, 2016
ജനകീയ പ്രശ്‌നങ്ങളില്‍ ഇനി സജീവം: ജിബി തോമസ്  (അഭിമുഖം: അനില്‍ പെണ്ണുക്കര)
അമേരിക്കന്‍ മലയാളികളുടെ പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെടലുകള്‍ നടത്തുവാന്‍ ഫോമാ തയ്യാറെടുക്കുന്നു. മലയാളി മനസുകളെ ഞെട്ടിച്ച പ്രവീണ്‍ വര്‍ഗീസ് വധക്കേസിന്റെ രണ്ടാം വട്ട സമരപരിപാടികള്‍ക്കു ജൂലൈ 29 നു ചിക്കാഗോയില്‍ തുടക്കമിടുമ്പോള്‍ ഫോമാ നിയുക്ത ജനറല്‍ സെക്രട്ടറി ജിബി തോമസ് ഏറെ കൃതാര്‍ത്ഥനാണ്. കാരണം പ്രവീണ്‍ വധം ജനകീയ ശ്രദ്ധയില്‍ കൊണ്ടു വരുവാന്‍ ജുടക്കമിട്ടത് ജിബി തോമസ് നടത്തിയ ഒരു കോണ്‍ഫ്രന്‍സ് കോളാണ്. അതു ഒരു വലിയ തുടക്കമായിരുന്നു. 500-ല്‍ പരം  മലയാളികള്‍, അമ്മമാര്‍, പ്രൊഫഷണലുകള്‍, ചെറുപ്പക്കാര്‍, ഡോക്ടര്‍മാര്‍, വക്കീലന്മാര്‍ തുടങ്ങി നിരവധി സുമനസുകള്‍ അന്ന് ഈ പ്രശനത്തില്‍ സജീവമായി ഇടപെട്ടു. അതുകൊണ്ടു വലിയ ഗുണമുണ്ടായി. ആ സംഘാടനം ഇന്ന് പ്രവീണ്‍ വര്‍ഗീസിന്റെ കുടുംബത്തിന് നീതി കിട്ടാനുള്ള തുടക്കമാകുന്നു. ഇത്തരം വിഷയങ്ങളില്‍ മലയാളി സംഘടനകള്‍ ഇടപെടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

ഫോമയുടെ സെക്രട്ടറി ജിബി തോമസ് ഫോമയുടെ നിലപാടുകള്‍ ഇ-മലയാളിയുമായി പങ്കു വയ്ക്കുന്നു....

ഫോമാ ജനകീയമാകുകയാണല്ലോ? എന്തെല്ലാമാണ് ഫോമയുടെ ഭാവി പദ്ധതികള്‍ ?

ഒക്ടോബര്‍ മാസമാണ് ഫോമയുടെ പുതിയ കമ്മിറ്റി ഔദ്യോഗികമായി ചാര്‍ജെടുക്കുന്നത്. എങ്കിലും ഇനിയുള്ള രണ്ടുമാസം മാനസികമായി പ്രവര്‍ത്തനങ്ങള്‍ക്കുള്ള തയ്യാറെടുപ്പിലാണ് ഞങ്ങള്‍. പന്ത്രണ്ടിന പരിപാടികളുമായാണ് ബെന്നി വാച്ചാച്ചിറയുടെ നേതൃത്വത്തിലുള്ള ഞങ്ങളുടെ നേതൃത്വം അധികാരത്തിലെത്തുന്നത്. നാളിതുവരെ അധികാരവും പ്രവര്‍ത്തനങ്ങളും ഒന്നോ രണ്ടോ അധികാര കേന്ദ്രങ്ങളില്‍ ഒതുങ്ങുന്ന രീതി ആയിരുന്നു. അതിനു വലിയ മാറ്റം ഉണ്ടാകുവാന്‍ പോകുന്നു. ഞങ്ങളുടെ പന്ത്രണ്ടിന പരിപാടികള്‍ക്ക് ഇനി പന്ത്രണ്ട് നേതൃത്വം ഉണ്ടാകും. പൂര്‍ണ്ണമായും അധികാരം വികേന്ദ്രീകരിച്ചു പ്രവര്‍ത്തനം നടത്തുകയും അതു വിലയിരുത്തുകയും, പോരായ്മകള്‍ പരിഹരിക്കുകയും ചെയ്യുന്ന രീതി ഫോമയില്‍ വരുന്നു. ഇനി എല്ലാം കൂട്ടായി നടക്കും. എക്‌സികുട്ടീവ് കമ്മിറ്റിയുടെ ശേഷി പൂര്‍ണ്ണമായും ഉപയോഗിക്കും.

റീജിയന്‍ ലെവലില്‍ നിന്നു പ്രവര്‍ത്തനങ്ങള്‍ തുടങ്ങും. അതു ഭംഗിയായി സംഘടിപ്പിക്കും. അവിടെ നിന്നു തുടങ്ങുന്ന യൂത്ത് ഫോറം, വിമന്‍സ് ഫോറം എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ നാഷണല്‍ ലെവലില്‍ വ്യാപിപ്പിക്കും. വ്യക്തമായ പരിപാടികളെന്നാണ് അമേരിക്കന്‍ മലയാളികളെ കാത്തിരിക്കുന്നത്.

ഇപ്പോള്‍ 65 അംഗ സംഘടനകള്‍ ഉള്ള ഫോമയിലേക്കു വീണ്ടും സംഘടനകള്‍ വരുന്നു. ഫൊക്കാനയില്‍ ഉണ്ടായ ചില പ്രശ്‌നങ്ങള്‍ കാരണം ഫൊക്കാനയിലെ ചില സംഘടനകള്‍ ഫോമയിലേക്കു വരുന്നു എന്നതും ഫോമയുടെ ജനകീയത വര്‍ധിപ്പിക്കുന്നു. വളരെ ജനകീയമായി തെരഞ്ഞെടുപ്പ് സംഘടിപ്പിച്ച ഫോമയ്ക്കു ലഭിക്കുന്ന അംഗീകാരം കൂടിയാണ് അത്. പ്രാദേശികമായി ഫോമയ്ക്കു പ്രതിനിധികള്‍ ഇല്ലാത്ത സ്ഥലങ്ങളില്‍ നിന്നു ഫോമയ്ക്കു അംഗ സംഘടനകള്‍ ഉണ്ടാകാന്‍ പോകുന്നു. ഇതെല്ലാം ഫോമയുടെ വളര്‍ച്ചയാണ് സൂചിപ്പിക്കുന്നത്. അതുകൊണ്ട് വളരെ ഭാരിച്ച ഉത്തരവാദിത്വമാണ് ഈ കമ്മിറ്റിക്ക് ഉള്ളത്.

ഫോമയുടെ തുടക്കം മുതല്‍ ഉള്ള ഒരു പരിപാടി ആയിരുന്നു 'ഭാഷയ്ക്കു ഒരു പിടി ഡോളര്‍ പദ്ധതി. ഇത്തരം പദ്ധതികള്‍ പല സംഘടനകളും മറന്നു പോകുന്ന അവസ്ഥയാണ് ഉള്ളത്. എന്താണ് ഫോമയുടെ പുതിയ കമ്മിറ്റിയുടെ നിലപാട്?

അമേരിക്കന്‍ മലയാളി സംഘടനകളുടെ രുപീകരണം തന്നെ മലയാള ഭാഷയുടെ പരിപോഷണത്തിനും കൂടിയാണ്. പക്ഷെ അടുത്ത കാലത്തായി ഇത്തരം കാര്യങ്ങളില്‍ ഫോമയുള്‍പ്പെടെയുള്ള പല സംഘടനകളും അത്ര ശ്രദ്ധിക്കുന്നില്ല എന്നൊരു അഭിപ്രായം എനിക്കു വ്യക്തിപരമായി ഉണ്ട്. ഇതിനെല്ലാം ഉള്ള പ്രധാന പ്രശ്‌നം ഒരു പരിധിവരെ സാമ്പത്തികം തന്നെ ആണ്. അപ്പോള്‍ ഒരു കണ്ടിന്‍ജന്‍സി ഫണ്ട് ഉണ്ടാകുക എന്നത് വളരെ പ്രധാനമാണ്. അതിനായി ഒരു ഫണ്ട് റേസിംഗ് പ്രോഗ്രാം ഞങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട്. തീര്‍ച്ചയായും മലയാള ഭാഷയുടെയും സാഹിത്യത്തിന്റെയും പരിപോഷണത്തിനായി ഫോമയും ഉണ്ടാകും. പക്ഷെ കൂടുതല്‍ ശ്രദ്ധ അമേരിക്കന്‍ മലയാളികളുടെ ജീവിത പ്രശ്ങ്ങളില്‍ ഇടപെടുക എന്നതാണ്. എന്നാല്‍ കേരളത്തിലെ നമ്മുടെ സഹജീവികളുടെ പ്രശ്‌നങ്ങളിലും നാം ഇടപെടേണ്ട? അതും ഉണ്ടാകും. ഉറപ്പ്.

ഫോമാ കണ്‍വന്‍ഷനുകള്‍ ഒരു ഡെലിഗേറ് കണ്‍വന്‍ഷനുകള്‍ ആയി മാറുന്നതായി പരക്കെ പരാതി ഉണ്ടല്ലോ. ഫ്‌ലോറിഡ കണ്‍വന്‍ഷന്‍ അത്തരം ഒരു കണ്‍വന്‍ഷന്‍ ആയിരുന്നതായി പല ഫോമാ നേതാക്കള്‍ തന്നെ അഭിപ്രായപ്പെട്ടിരുന്നു. ഈ രീതി മാറേണ്ട?

ഫോമയുടെ ചിക്കാഗോ കണ്‍വന്‍ഷന്‍ 2018 ഫാമിലി കണ്‍വന്‍ഷന്‍ ആയിരിക്കും. 5000 പേരെ പങ്കെടുപ്പിക്കാനാണ് പരിപാടി. അതിനുള്ള പിന്തുണ ഇന്ന് ഫോമയ്ക്കുണ്ട്. പ്രേത്യേകിച്ചു മലയാളികള്‍ കൂടുതലുള്ള ചിക്കാഗോ പോലെ ഉള്ള സ്ഥലത്ത് വളരെ ഭംഗിയായി ഫോമാ കണ്‍വന്‍ഷന്‍ നടത്തുവാന്‍ സാധിക്കും. മെമ്പര്‍ അസ്സോസിയേഷനുകളുമായി വേണ്ടത്ര ബന്ധം സ്ഥാപിക്കാന്‍ സാധിക്കാതെ പോയതാണ് ഫ്‌ലോറിഡാ കണ്‍വന്‍ഷന്‍ ഒരു പരിധിവരെ ഡെലിഗേറ്റ് കണ്‍വന്‍ഷന്‍ ആയി പോകാന്‍ കാരണം എന്നു തോന്നുന്നു. 2018 ലെ കണ്‍വന്‍ഷനു മുന്നൊരുക്കം എന്ന നിലയില്‍ യുവജനങ്ങള്‍ക്കായി 2017 ല്‍ ഒരു യുവജന കണ്‍വന്‍ഷനും മനസില്‍ ഉണ്ട്. എന്തായാലും ഫോമയുടെ ഇനിയുള്ള എല്ലാ പരിപാടികള്‍ക്കും കുടുംബങ്ങളുടെ ശക്തമായ പിന്തുണയും സാന്നിധ്യവും ഉറപ്പു വരുത്തും.

യുവാക്കളെ ഫോമയിലേക്കു ആകര്‍ഷിക്കുവാന്‍ എന്തെല്ലാം പരിപാടികളാണ് യൂത്ത് കണ്‍വന്‍ഷന്‍ അല്ലാതെ പ്‌ളാന്‍ ചെയ്യുന്നത്? താങ്കളുടേതായ എന്തെങ്കിലും ആശയങ്ങള്‍ ഇതിനായി നിര്‌ദേശിക്കാനുണ്ടോ?

അമേരിക്കന്‍ മലയാളി സംഘടനകള്‍ പലപ്പോഴും കേരള രാഷ്ട്രീയത്തിന്റെ പിറകെ ആണ്. ഈ ചിന്താഗതി മാറണം. അമേരിക്കന്‍ സ്പന്ദനങ്ങള്‍ തിരിച്ചറിയാന്‍ സംഘടനകള്‍ക്ക് സാധിക്കണം. ഈ രാജ്യത്തു ജീവിക്കുന്ന നാം ഇവിടുത്തെ ജനാധിപത്യ രീതികള്‍ തിരിച്ചറിയണം. അതുമായി സമരസപ്പെടാന്‍ തയാറാകണം. മലയാളികള്‍ അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യുവാന്‍ താല്പര്യം കാണിക്കുന്നില്ല. അതിനു മാറ്റം ഉണ്ടാകണം.

അസോസിയേഷന്‍ ലെവലില്‍ വോട്ടു രെജിസ്‌ട്രേഷന്‍ നടക്കണം. നമുക്ക് നിര്‍ണ്ണായക സ്വാധീനം ഉണ്ട് എന്നു തിരിച്ചറിയത്തക്ക തരത്തില്‍ രാഷ്ട്രീയം മാറണം. അതിനു സാധിക്കും. പുതിയ ചെറുപ്പക്കാരെ കമ്മ്യുണിറ്റിക്കു പ്രമോട്ട് ചെയ്യുവാന്‍ സാധിക്കണം. ഇവിടെ മലയാളികള്‍ നേരിടുന്ന വിഷയങ്ങളില്‍ ഇടപെടുവാനും അതിനു പരിഹാരമാര്‍ഗം കാണുവാനും സാധിക്കണം.

അത്തരത്തില്‍ ഒരു പ്രശ്‌നമാണല്ലോ ചിക്കാഗോയിലെ പ്രവീണ്‍ വര്‍ഗസിന്റെ കൊലപാതകം. താങ്കള്‍ നടത്തിയ ചില പരിശ്രമങ്ങള്‍ ആ വിഷയത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കുവാന്‍ സാധിച്ചു എന്നു കേട്ടിട്ടുണ്ട്?

നാം ഏതു സങ്കടവും സഹിക്കും. പക്ഷെ നമ്മുടെ അമ്മയുടെ സങ്കടം കാണുമ്പോള്‍ നമ്മുടെ കണ്ണു നനയില്ലെ? പ്രവീണിന്റെ അമ്മ നീതിക്കുവേണ്ടി അഭ്യര്‍ത്ഥിക്കുന്ന ഒരു വീഡിയോവില്‍ നിന്നാണു അതിന്റെ തുടക്കം. ഒരു മകന്‍ നഷ്ടപ്പെട്ട അമ്മയുടെ വേദന അമ്മയ്ക്ക് മാത്രമേ അറിയുവാന്‍ സാധിക്കു. ആ അമ്മ പറഞ്ഞ ചില വാക്കുകള്‍ പെട്ടന്ന് മനസ്സില്‍ തറയ്ക്കുകയും ഒരു വലിയ കോണ്‍ഫറന്‍സ് കോളിലേക്കു തിരിച്ചുവിടുകയുമാണ് ഞാന്‍ ചെയ്തത്. ഏതാണ്ട് 800 ല്‍ അധികം ആളുകള്‍ ആ കോളില്‍ അറ്റന്‍ഡ് ചെയ്തു. അതു നമ്മുടെ ഓരോ കുടുംബങ്ങളുടെയും പ്രശ്‌നമായി മാറി.

മകന്റെ കൊലപാതകത്തിന് 27 മാസത്തിനു ശേഷം ആണ് ആ അമ്മയ്ക്ക് പോലീസ് റിപ്പോര്‍ട്ട് ലഭിക്കുന്നത്. അതിനു കാരണം ഞങ്ങള്‍ തുടങ്ങി വച്ച ആ കോണ്‍ഫറന്‍സ് കോളാണ്. അന്ന് തുടങ്ങിയ ആ കോളുകളില്‍ നിന്നാണ് പ്രസ്തുത വിഷയത്തിന് ഒരു മാധ്യമ ശ്രദ്ധ ലഭിക്കുന്നത്. അതില്‍ പങ്കാളികള്‍ ആയവരുടെ പ്രവര്‍ത്തനങ്ങള്‍ ചെറുതായിരുന്നില്ല.

പ്രവീണിന്റെ മരണം ഒരു കൊലപാതകം ആണെന്ന് സംശയമന്യേ പറയുവാന്‍ സാധിക്കും. ഈ ജൂലൈ 29 ണ് പ്രവീണ്‍ ദിനമായി ആചരിച്ചു കൊണ്ടു ചിക്കാഗോയില്‍ ഗവര്‍ണര്‍ ഓഫീസിലേക്കും, അറ്റോര്‍ണി ജനറലിന്റെ ഓഫീസിലേക്കും റാലി സംഘടിപ്പിക്കുന്നു. ഈ ബഹുജന റാലിയുടെ മുഖ്യലക്ഷ്യം എല്ലാ ഇന്ത്യന്‍ കമ്മ്യുണിറ്റിയെയും ഇതില്‍ ബന്ധപ്പെടുത്തുക എന്നതാണ്.

കാരണം ഇങ്ങനെ ഒരു അവസ്ഥ നാളെ ആര്‍ക്കും ഉണ്ടാകുവാന്‍ പാടില്ല. ഇന്ത്യന്‍ സമൂഹത്തില്‍ നിന്നും ഒരു സപ്പോര്‍ട്ടിങ് സിസ്റ്റം ഉണ്ടാകണം. എത്രയോ ചെറുപ്പക്കാര്‍ വക്കീലമാരായും പോലിസായുമൊക്കെ ഇവിടെ ജോലി ചെയുന്നു. അവരെയൊക്കെ ഈ വിഷയം ധരിപ്പിക്കേണ്ടതുണ്ട്. ഈ ആവശ്യത്തിന് ജൂലൈ 29 ണ് വലിയ മുന്നേറ്റമാണ് ഫോമയുള്‍പ്പെടെയുള്ള സംഘടനകള്‍ നടത്തുവാന്‍ പോകുന്നത്. ഇതു ഫോമയുടെ പ്രവര്‍ത്തനമായി കാണാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല. നമ്മോടൊപ്പമുള്ള ഒരു അമ്മയുടെ കണ്ണുനീരിനു ഫലം ലഭിക്കണം. അതിനായി നാം ഒന്നിച്ചു നിന്നെ മതിയാകു. ചെറുപ്പക്കാര്‍ മുന്നോട്ടു വരണം. പ്രവര്‍ത്തിക്കണം. ഇനി ചുരുങ്ങിയ സമയം മാത്രമേയുള്ളു. സംഘടിതമായി നിന്നുവെങ്കില്‍ മാത്രമേ മലയാളി സമുഹത്തെ ഇവിടെ ഭരണകൂടം ശ്രദ്ധിക്കുകയുള്ളു .

ചെറുപ്പക്കാര്‍ അമേരിക്കന്‍ രാഷ്ട്രീയ വ്യവസ്ഥയുടെ ഭാഗമാകാന്‍ എന്തെല്ലാം പദ്ധതികളാണ് മനസിലുള്ളത്?

വിവിധ രംഗങ്ങളില്‍ ശോഭിക്കുന്നവരെ കണ്ടെത്തി അവരുടെ ഒരു ഡാറ്റാ ബാങ്ക് ഉണ്ടാക്കുകയാണ് ആദ്യം വേണ്ടത്. ഡോക്ടര്‍മാര്‍, പോലീസ് ഉദ്യോഗസ്ഥര്‍, വക്കീലന്മാര്‍, മനഃശാസ്ത്രജ്ഞര്‍, സോഷ്യല്‍ വര്‍ക്കേഴ്‌സ്, തുടങ്ങി മികച്ച ഒരു സംഘം ഉണ്ടാക്കണം. ഇത്തരം ഒരു സംഘത്തെ നമുക്ക് ഉണ്ടാക്കുവാന്‍ നേരത്തെ സാധിച്ചിരുന്നു എങ്കില്‍ പ്രവീണ്‍ ഇഷ്യു കുറേക്കൂടി സജീവമാക്കുവാന്‍ നമുക്ക് സാധിക്കുമായിരുന്നു.

യുവപ്രൊഫഷനുകളെ ഒന്നിപ്പിച്ചു ഒരു സപ്പൊട്ടിങ് സിസ്റ്റം ആക്കി മാറ്റണം. വോട്ടര്‍ രജിസ്റ്റര്‍ ഉള്‍പ്പെടെ അവരെ സജ്ജമാക്കണം. അവര്‍ക്കായി പ്രാദേശിക തലത്തിലും നാഷണല്‍ തലത്തിലും ഡിബേറ്റുകള്‍ സംഘടിപ്പിക്കണം. ചെറുപ്പക്കാരെ അമേരിക്കന്‍ രാഷ്ട്രീയത്തിന്റെ ഭാഗമാക്കുക എന്നത് നിസ്സാരമായും തോന്നുന്നില്ല. നമുക്ക് പ്രവര്‍ത്തിച്ചു തുടങ്ങാം. ഫോമപോലെയുള്ള സംഘടനകളുടെ 90%പ്രവര്‍ത്തനവും അമേരിക്കയില്‍ തന്നെ നടത്തണം എന്നാണ് എന്റെ അഭിപ്രായം.

ഫോമാ ഫാമിലി ഓറിയന്റഡ് സംഘടനയായി മാറ്റുവാന്‍ എന്തെല്ലാം പ്രവര്‍ത്തനങ്ങള്‍ ആണ് നടപ്പിലാക്കുക?

ഫോമായുടെ ദേശീയ കണ്‍വന്‍ഷനെ ഫാമിലി ദേശീയ കണ്‍വന്‍ഷന്‍ ആക്കി മാറ്റുകയാണ് ലക്ഷ്യം. ഫോമയുടെ പരിപാടികളില്‍ ഫാമിലിയുടെ വരവ് കുറഞ്ഞു എന്നതാണ്അതിനു കാരണം. പ്രോഗ്രാമുകള്‍ ഇല്ല. ഡെലിഗേറ്റുകള്‍ മാത്രം. അതുകൊണ്ടു ഞങ്ങളുടെ കമ്മിറ്റിയുടെ വ്യക്തിപരമായ ഒരു തീരുമാനം എക്‌സികുട്ടീവ് കമ്മിറ്റിയിലുള്ള 6 പേരും അടുത്ത തെരഞ്ഞെടുപ്പില്‍ മത്സരിക്കരുത് എന്നതാണ്. അപ്പോള്‍ കമ്മിറ്റിക്കു കണ്‍വന്‍ഷനില്‍ ശ്രദ്ധിക്കുവാന്‍ സാധിക്കും. അതുപോലെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു കഴ്ഞ്ഞാല്‍ പിന്നെ തെരഞ്ഞെടുപ്പ് നടത്തുന്ന എല്ലാ ഉത്തരവാദിത്തവും കമ്മിഷനായിരിക്കും. അതു ഒരു പ്രോസ്സസ് ആയി നടക്കും.

ഫോമാ കേരളാ കണ്‍വന്‍ഷന്‍ എങ്ങനെ ആയിരിക്കും സംഘടിപ്പിക്കുക എന്തെങ്കിലും പുതിയ അജണ്ടകള്‍ ഉണ്ടോ?

ഫോമാ കേരളാ കണ്‍വന്‍ഷന്‍ 'കാരുണ്യ സ്പര്‍ശം 'എന്ന പേരിലായിരിക്കും നടത്തുക. ഫോമയുടെ സിഗ്‌നേച്ചര്‍ ആയിരിക്കും അത്. കേരളത്തില്‍ ആര്‍ സി സി പ്രൊജക്‌റ്റോടെ വലിയ തുടക്കമാണ് ഫോമാ കേരളത്തിന്റെ ജീവകാരുണ്യ രംഗത്തു തുടങ്ങി വച്ചത്. അത് തുടരും. പിന്നെ സമയ ബന്ധിതമായി റീജിയനുകളുമായി ആലോചിച്ചു പുതിയ പദ്ധതികള്‍ക്ക് രൂപം നല്‍കും.

കേരള സര്‍ക്കാരിന്റെ നോര്‍ക്ക പോലെയുള്ള ബോര്‍ഡുകളില്‍ അമേരിക്കന്‍ മലയാളികള്‍ക്ക് വലിയ പ്രാധാന്യം ഉള്ളതായി കാണുന്നില്ല. പലപ്പോഴു അത് രാഷ്ട്രീയ നിയമനം ആയി മാറുന്നു. ഇതു കൊണ്ടു എന്തെങ്കിലും ഗുണം ഫോമയ്‌ക്കോ അമേരിക്കന്‍ മലയാളികള്‍ക്കോ ഉണ്ടായിട്ടുണ്ടോ?

ഗള്‍ഫ് മേഖലയ്ക്കാണ് നോര്‍ക്ക പോലെയുള്ള സ്ഥാപനങ്ങള്‍ കൊണ്ടു നേട്ടം ഉണ്ടായിട്ടുള്ളത്. പക്ഷെ പ്രവാസി പ്രോപ്പര്‍ട്ടി പ്രൊട്ടക്ഷന്‍ എന്ന പരിപാടിക്ക് ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെ കൊണ്ടു തുടക്കമിടുവാന്‍ നമുക്ക് സാധിച്ചിട്ടുണ്ട്. അത് തുടരണം. പ്രവാസി വകുപ്പ് കൈകാര്യം ചെയുന്ന മുഖ്യമന്ത്രിയെ തന്നെ കാണുകയും ഈ വിഷയത്തില്‍ ഒരു തീരുമാനം ഈ ഗവണ്മെന്റിനെ കൊണ്ടു

സോഷ്യല്‍ മീഡിയ വളരെ ശക്തി പ്രാപിച്ചു സമയമാണല്ലോ ഇതു. ഫോമയുടെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളില്‍ എത്തിക്കുവാന്‍ ഈ മീഡിയയെ എങ്ങനെ ഉപയോഗിക്കും?

ഫേസ് ബുക്കും ട്വിറ്ററുമൊക്കെ സജീവമായ ഈ കാലത്തു യുവജനങ്ങളെ ആകര്ഷിക്കുവാനും നമമുടെ പദ്ധതികളൂം പരിപാടികളുമൊക്കെ സോഷ്യല്‍ മീഡിയയുടെ സഹായത്താല്‍ സമൂഹ മാധ്യമങ്ങളില്‍ എത്തിക്കുവാന്‍ സാധിക്കുന്നു. അമേരിക്കന്‍ യുവസമൂഹത്തിന്റേതുള്‍പ്പെടെ ഒരുലക്ഷം ഇ-മെയില്‍ ഐഡികള്‍ ശേഖരിച്ചു ഒരു ഡാറ്റാ ബാങ്ക് ഉണ്ടാക്കും. അപ്‌ഡേറ്റായി കാര്യങ്ങള്‍ എല്ലാവരിലും എത്തിക്കുവാന്‍ ഇങ്ങനെ സാധിക്കും.

ഫോമയുടെ വളര്‍ച്ചയുടെ ആണിക്കല്ലാണല്ലോ വനിതാ പ്രാതിനിധ്യം. ഇതു നിലനിര്‍ത്തുവാന്‍ എന്തെല്ലാം പരിപാടികളാണ് ആലോചിക്കുന്നത്?


ദേശീയതലത്തില്‍ ഫോമയ്ക്കു ശക്തമായ വനിതാ പ്രാതിനിധ്യം എന്നത് ഫോമയുടെ വലിയ വളര്‍ച്ചയെ ആണ് സൂചിപ്പിക്കുന്നത്. പ്രവീണ്‍ ഇഷ്യുവുമായി ബന്ധപ്പെട്ടു ഞാന്‍ നേതൃത്വം നല്‍കിയ കോണ്‍ഫറന്‍സ് കോളില്‍ 80 ല്‍ അധികം സ്ത്രീകള്‍ പങ്കെടുക്കുകയുണ്ടായി. നമ്മുടെ കുടുംബങ്ങളാണ് നമ്മടെ ശക്തി. അവിടെ സ്ത്രീയ്ക്കു വലിയ പ്രാധാന്യമുണ്ട് . ആ തിരിച്ചറിവാണ് ഫോമയുടെ വനിതാ ശാക്തീകരണത്തിന്റെ വളര്‍ച്ചയുടെ കാരണം. ജൂലൈ 29 ആകുന്നതോടുകൂടി ഫോമയിലേക്കു വനിതകളുടെയും കുടുംബങ്ങളുടെയും ഒരു മുന്നേറ്റം തന്നെ ഉണ്ടാകും. സ്ത്രീകളെയോ കുടുംബങ്ങളെയോ ബാധിക്കുന്ന ഒരു പ്രോബ്ലം ഉണ്ടായാല്‍ അവര്‍ക്കുവേണ്ടി സംസാരിക്കുവാന്‍ ഫോമാ ഉണ്ട് എന്ന ഒരു തോന്നല്‍ ഉണ്ടാകണം. അവിടെയാണ് ഫോമയുടെ വിജയം.

കുട്ടികള്‍ക്കായി എന്തെങ്കിലും പദ്ധതി മനസില്‍ ഉണ്ടോ?

വളര്‍ന്നു വരുന്ന കുട്ടികളെ ഫോമയുടെ ബന്ധപ്പെടുത്തുന്നതിനു ഒരു 'അക്കാദമിക് കൗണ്‍സില്‍' വേണം. കുട്ടികള്‍ക്ക് എന്തു പഠിക്കണം ഏതു കോഴ്‌സ് തെരഞ്ഞെടുക്കണം എന്നറിയില്ല. പഠനം എക്‌സ്‌പെന്‍സീവാകുന്നു. അതിനൊക്കെ ഒരു ചെറിയ പരിഹാരം എന്ന നിലയിലാണ് 'അക്കാദമിക് കൗണ്‍സില്‍' എന്ന ആശയം ഉണ്ടാകാന്‍ കാരണം. അതിനായി ചില ഓറിയന്റേഷന്‍ ക്യാമ്പുകള്‍ ഒക്കെ ഫോമയ്ക്കു സംഘടിപ്പിക്കാനാകും. ചില യുണിവേഴ്‌സിറ്റികളുമായി ഫോമാ ഉണ്ടാക്കിയ ബന്ധം കുറെക്കൂടി പ്രയോജനകരമാക്കുവാന്‍ സാധിക്കും. അങ്ങനെ കുടുംബങ്ങള്‍ക്ക് മാക്‌സിമം ബെനിഫിറ്റ് നല്‍കാനാണ് ഫോമയുടെ പദ്ധതി.

ആശയങ്ങളുടെ ഒരു കലവറയാണ് ജിബി. അത് എങ്ങനെ നടപ്പാക്കണം എന്ന ധാരണ കൂടി ആകുമ്പോള്‍ ഒരു സംഘടനയുടെ തലപ്പത്തു ഇങ്ങനെ ഒരാള്‍ ഉണ്ടാകുന്നത് ആ സംഘടനയുടെ വളര്‍ച്ചയ്ക്ക് അനിവാര്യമാണെന്ന് തോന്നും. ഫോമയുടെ യംഗ് പ്രൊഫഷണല്‍ സമിറ്റിന്റെ സംഘാടനത്തിലൂടെ നിരവധി ചെറുപ്പക്കാര്‍ക്ക് ജോലി ഉള്‍പ്പെടെ ഉള്ള കാര്യങ്ങളില്‍ സഹായം എത്തിക്കുവാന്‍ സാധിച്ചതിന്റെ തുടക്കം ഫോമയുടെ സെക്രട്ടറി പദവിയിലേക്കുള്ള കാല്‍വയ്പ്പുകൂടി ആയിരുന്നു .

പുതിയതായി അമേരിക്കയില്‍ എത്തുന്ന ചെറുപ്പക്കാര്‍ക്കും ഇവിടെ ഉള്ളവര്‍ക്കും ജോലി-ബിസ്സിനസ്സ് മേഖലകളില്‍ സഹായം എത്തിക്കുന്ന ഒരു ബ്രഹത് പദ്ധതിക്ക് കൂടി രൂപം കൊടുക്കുവാന്‍ തയാറെടുക്കുകയാണ് ജിബി. അതിനായി ഒരു നെറ്റ്വര്‍ക്ക് തന്നെ ഉണ്ടാക്കാന്‍ പദ്ധതിയിടുന്നു. ചെറുപ്പക്കാര്‍ക്ക് പൊളിറ്റിക്കല്‍ ഫോറം ഒരു ചവിട്ടു പടിയാകുമ്പോള്‍ 60-70 വയസിനുള്ളിലുള്ളവര്‍ക്കു ഫോമയില്‍ സജീവമാകാന്‍ 'സീനിയര്‍ സിറ്റിസണ്‍ ഫോറവും 'ഉണ്ടാക്കും. സംഘടനാ പ്രവര്‍ത്തനത്തിലെ അന്തരം ഇല്ലാതാക്കുവാന്‍ ഇതുകുമൂലം സാധിക്കും .

ഫോമയ്ക്കു പുറമെ അമേരിക്കന്‍ രാഷ്ട്രീയ രംഗത്തും സജീവ പ്രവര്‍ത്തകനാണ് ജിബി. തൊട്ടതെല്ലാം പൊന്നാക്കുന്ന പ്രവര്‍ത്തനം തുടങ്ങിയത് ജന്മനാടായ കാഞ്ഞിരപ്പള്ളിയില്‍ വച്ചു തന്നെ. മൊളോപറമ്പില്‍ ബേബിച്ചന്റെയും എത്സമ്മയുടെയും മകന്‍. കോളേജ് പഠനകാലത്തു വ്യക്തമായ രാഷ്ട്രീയ പ്രവര്‍ത്തനം. അലഹബാദ്, പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റികളില്‍ നിന്നു എം ബി എയും ,തുടര്‍ പഠനവും, 2004 ല്‍ അമേരിക്കയിലെത്തി. ഭാര്യ മാര്‍ലി, മുന്നു മക്കള്‍. എലീറ്റ, ആരന്‍, 
ക്രിസ്റ്റ്യന്‍.

സ്വന്തമായി ബിസിനസ് നടത്തുന്നതിനാല്‍ സംഘടനാ പ്രവര്‍ത്തനം ജിബി തോമസിന് ഒരു മരീചികയല്ല. കുടുംബത്തിന്റെ പൂര്‍ണ്ണ പിന്തുണ കൂടി ആകുമ്പോള്‍ ഫോമയുടെ പദ്ധതികളൊക്കെ ചിട്ടയായി നടത്തുവാന്‍ ഒരു പ്രയാസവും ജിബിക്കു ഉണ്ടാകുകയില്ല. അതാണ് ഈ ചെറുപ്പക്കാരന്റെ ആത്മവിശ്വാസവും കരുത്തും.
ജനകീയ പ്രശ്‌നങ്ങളില്‍ ഇനി സജീവം: ജിബി തോമസ്  (അഭിമുഖം: അനില്‍ പെണ്ണുക്കര)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക